Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇന്ന് രാത്രിയിലേക്കുള്ള ഭക്ഷണം മാത്രമാണുള്ളത്... ഇനി ഭക്ഷണം ലഭിക്കണമെങ്കിൽ പുറത്തിറങ്ങണം... എന്നാൽ പുറത്തിറങ്ങാൻ പേടിയാണ്'; കൊറോണ വൈറസ് കാർന്നു തിന്നുന്ന ചൈനയിൽ നിന്ന് സഹായം അഭ്യർത്ഥിച്ച് മലയാളി വിദ്യാർത്ഥികൾ; ആറ് ദിവസമായി റൂമിൽ തന്നെയെന്നും വിദ്യാർത്ഥികൾ; ചൈനയിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾ അടങ്ങുന്ന സംഘത്തിനായി എയർ ഇന്ത്യാ വിമാനം ഉടൻ പുറപ്പെടും; കുടുങ്ങിയവരിൽ 25 ലധികം മലയാളികൾ; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ചൈനയിൽ നിന്ന് നാട്ടിലേക്ക് തിരികെയെത്താൻ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ച് മലയാളി വിദ്യാർത്ഥികൾ രംഗത്ത്. രാത്രിയിലത്തേക്ക് കഴിക്കുന്നതിനുള്ള ഭക്ഷണം മാത്രമാണ് ബാക്കിയുള്ളതെന്നും പുറത്തിങ്ങാനാവുന്നില്ലെന്നും വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് പറഞ്ഞു. ചൈനയിൽ വൈറസ് പടർന്നുപിടിച്ച് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്ത വുഹാനിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള യിച്ചാംഗ് എന്ന സ്ഥലത്തെ യൂണിവേഴ്സിറ്റിയിലാണ് വിദ്യാർത്ഥികളുള്ളത്.അഞ്ച് ദിവസത്തിനുള്ളിൽ പ്രദേശത്ത് 51 പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചതായി വിദ്യാർത്ഥിയായ ഷഹാസ് പറഞ്ഞു. ആറ് ദിവസമായി റൂമിന് പുറത്തിറങ്ങിയിട്ടില്ല. സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടപ്പോൾ രക്ഷിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

ഇന്ന് രാത്രിയിലേക്കുള്ള ഭക്ഷണം മാത്രമാണുള്ളത്. ഇനി ഭക്ഷണം ലഭിക്കണമെങ്കിൽ പുറത്തിറങ്ങണം. എന്നാൽ പുറത്തിറങ്ങാൻ പേടിയാണ്. യൂണിവേഴ്സിറ്റി ഒരു ക്യാന്റീൻ തുറന്നിട്ടുണ്ട്. എന്നാൽ ഇത് ദൂരെയാണ്. അവിടേക്ക് പോകാനാകില്ല. 25 ലധികം മലയാളികൾ അടക്കം 87 ഓളം ഇന്ത്യക്കാർ സ്ഥലത്തുണ്ട്. കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ളവരുണ്ട്. ഭക്ഷണം എത്തിക്കുന്നതിനുള്ള സൗകര്യമില്ല. ആകെ ഒരു കടമാത്രമേ സ്ഥലത്ത് തുറന്നിട്ടുള്ളു. അവിടെ തിരക്ക് അധികമാണ്. അതിനാൽ അവിടേക്കും പോകാനാകില്ലെന്നും വിദ്യാർത്ഥികൾ പറയുന്നത്.

സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമില്ല. കഴിഞ്ഞദിവസം ഒരു ആഫ്രിക്കൻ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. നാട്ടിലേക്ക് പോരുന്നതിനായി ഇന്ത്യൻ എംബസിയുടെ നമ്പരിലേക്ക് വിളിക്കുന്നുണ്ട്. ബുഹാനിലേക്ക് വിമാനം വരുന്നുണ്ടെന്ന് എംബസി അറിയിച്ചു. എന്നാൽ ഞങ്ങൾ താമസിക്കുന്നിടത്തുനിന്ന് ബുഹാനിലേക്ക് 300 കിലോമീറ്ററിലധികമുണ്ട്. അവിടേക്ക് എങ്ങനെ പോകുമെന്ന് ഒരു വിവരവുമില്ല. റോഡുകളൊക്കെ ബ്ലോക്കാണ്. എയർപോർട്ട് അടച്ചു. ട്രെയിൻ സർവീസ് ഇല്ല. ടാക്സികൾ ഒന്നുമില്ല. അതിനാൽ ഒരിടത്തേക്കും യാത്ര ചെയ്യാനാവില്ലെന്നും വിദ്യാർത്ഥികൾ പറയുന്നത്.

അതേ സമയം ചൈനയിലേക്ക് എയർ ഇന്ത്യ വിമാനം ഉടൻ പുറപ്പെടുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെടുക. വിമാനം ലാൻഡ് ചെയ്യുന്നതിനുള്ള അനുമതി ചൈന നൽകി.മടങ്ങിയെത്തുന്നവരെ പതിനാലുദിവസം ഐസലേഷൻ വാർഡുകളിൽ പാർപ്പിച്ച് നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ എത്തിക്കാൻ പ്രത്യേക വിമാനത്തിന് സിവിൽ ഏവിയേഷൻ അനുമതി നൽകിയതിൽ സംതൃപ്തി രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വുഹാനിലെ മലയാളികൾക്ക് എല്ലാവിധ സഹായവും എത്തിക്കുന്നത് ഉറപ്പാക്കാൻ നോർക്ക നിരന്തരം ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഒഴിപ്പിക്കൽ സാധ്യമല്ലെന്ന് ചൈന വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സാഹതര്യം അനുസരിച്ച് രാജ്യത്ത് നിന്ന് ആരേയും കുടിയൊഴിപ്പിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുൻ വെയിൻഡോങ് ട്വിറ്റ് ചെയ്തു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലെ വുഹാനിൽ നിന്നു വന്നവർ സ്വമേധയാ നിരീക്ഷണത്തിന് തയാറാകണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിലവിൽ ആരും പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും എല്ലാവരും നന്നായി ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിലഒള്ളത്. ലക്ഷണങ്ങളില്ലാത്തവരെ വീട്ടിൽ തന്നെ പാർപ്പിച്ചാണു നിരീക്ഷിക്കുന്നത്. അപൂർവം ചിലർ റിപ്പോർട്ട് ചെയ്യാതെ പോകാറുണ്ട്. അതു വലിയ ആപത്താണ്. അതിനാൽ ചൈനയിൽ പോയി വന്നവരുണ്ടെങ്കിൽ അടിയന്തരമായി അറിയിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ചൈന, തുടങ്ങിയ രോഗബാധിത പ്രദേശങ്ങളിൽനിന്നു മടങ്ങിവന്നവർ കുടുംബാംഗങ്ങൾ ഉൾപ്പെടെ മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ ആരോഗ്യവകുപ്പ് സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കൊറോണ രോഗബാധ കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽനിന്നു കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരാൻ സാധ്യതയുണ്ടെന്നു ചൈന മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി ഈ സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്.കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നു കേരളത്തിൽ എത്തിയവർ അടുത്ത 28 ദിവസം നിർബന്ധമായും വീടുകൾക്ക് ഉള്ളിൽ തന്നെ കഴിയേണ്ടതാണ്. വൈദ്യസഹായത്തിനുവേണ്ടി മാത്രമേ വീടുവിട്ടു പുറത്തുപോകാൻ പാടുള്ളു. ദിശ നന്പറിൽ വിളിച്ച് (04712552056) നിർദ്ദേശങ്ങൾ ലഭിച്ചതിനു ശേഷം മാത്രമേ പുറപ്പെടാവൂ.

* വീട്ടിലുള്ള മറ്റു കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക.
* ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയിൽ തന്നെ കഴിയേണ്ടതാണ്.
* പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
* തോർത്ത്, വസ്ത്രങ്ങൾ, കിടക്കവിരി മുതലായവ ബ്‌ളീച്ചിങ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ടിസ്പൂൺ ബ്‌ളീച്ചിങ് പൗഡർ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്.
* ചുമയ്ക്കാനോ തുമ്മാനോ തോന്നിയാൽ തൂവാല/തോർത്ത്/തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കേണ്ടതാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.
* സന്ദർശകരെ ഒരുകാരണവശാലും വീട്ടിൽ കയറാൻ അനുവദിക്കാതിരിക്കുക.
* വീട്ടിലുള്ള മറ്റുകുടുംബാംഗങ്ങൾ വേറെ മുറികളിൽ മാത്രം താമസിക്കാൻ ശ്രദ്ധിക്കുക.
* നിരീക്ഷണത്തിൽ ഉള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര മുതലായ സാമഗ്രികളും ബാത്ത്‌റൂം, കക്കൂസ് തുടങ്ങിയവയും ബ്‌ളീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.

എപ്പോഴെങ്കിലും പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണങ്കിൽ ഓരോ ജില്ലയിലും പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടശേഷം അതാത് ആശുപത്രികളിലേക്ക് പോകുക. ഓരോ ജില്ലയിലും മെഡിക്കൽ കോളജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ പ്രത്യേകം ഐസോലേഷൻ ചികിത്സാ സംവിധാനം കൊറോണ മുൻ ഒരുക്കങ്ങളുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.

ഓരോ ആശുപത്രിയിലും നോഡൽ ഓഫീസറിന്റെയും സൂപ്രണ്ടിന്റെയും ഐസോലേഷൻ സംവിധാനത്തിന്റെയും ഫോൺ നന്പർ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫോണിൽ ബദ്ധപ്പെട്ടതിനുശേഷം ഐസോലേഷൻ ചികിത്സാ സംവിധാനം ഏർപ്പെടുത്തിയ മുറിയിലേക്കു നേരിട്ടു പോകേണ്ടതാണ്. ഇതിനു വേണ്ടി ഇതര ഒപി, ക്യാഷ്വാലിറ്റി ഭാഗത്തേക്ക് പോകേണ്ട ആവശ്യം ഇല്ല.

എത്രയും പെട്ടന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും വേണ്ടിയാണ് ഈ ക്രമീകരണം.നിർദ്ദിഷ്ട വ്യക്തിയും, കൂടെ പോകുന്ന ആളും മാസ്‌ക് അല്ലങ്കിൽ തൂവാല കൊണ്ടു മുഖം മറയ്ക്കണം. പൊതു വാഹനങ്ങൾ യാത്രയ്ക്ക് ഒഴിവാക്കണം. ആശുപത്രി നന്പർ കൂടാതെ ദിശ നമ്പറിൽനിന്നു (0471 2552056) വേണ്ട മാർഗനിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP