Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

വന്ദേഭാരത് മിഷനിലെ ഫസ്റ്റ് ലൈൻ പ്രവർത്തകരായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് ക്യാബിൻ ക്രൂവിനോട് മാനേജ്‌മെന്റ് വിവേചനം; അഞ്ച് വർഷ കരാർ ഒരു വർഷമായി വെട്ടിച്ചുരുക്കി; മറ്റെല്ലാ വിഭാഗങ്ങൾക്കും അഞ്ച് വർഷ കരാർ നിൽക്കുമ്പോൾ ക്യാബിൻ ക്രൂവിനോട് മാത്രം അവഗണനയെന്ന് പരാതി; ജീവനക്കാരുടെ സംഘടന അനിശ്ചിതകാല സമരത്തിലേയ്ക്ക്

വന്ദേഭാരത് മിഷനിലെ ഫസ്റ്റ് ലൈൻ പ്രവർത്തകരായിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് ക്യാബിൻ ക്രൂവിനോട് മാനേജ്‌മെന്റ് വിവേചനം; അഞ്ച് വർഷ കരാർ ഒരു വർഷമായി വെട്ടിച്ചുരുക്കി;  മറ്റെല്ലാ വിഭാഗങ്ങൾക്കും അഞ്ച് വർഷ കരാർ നിൽക്കുമ്പോൾ ക്യാബിൻ ക്രൂവിനോട് മാത്രം അവഗണനയെന്ന് പരാതി; ജീവനക്കാരുടെ സംഘടന അനിശ്ചിതകാല സമരത്തിലേയ്ക്ക്

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്‌പ്രസ് ക്യാബിൻ ക്രൂവിനോട് മാനേജ്‌മെന്റിന്റെ വിവേചനമെന്ന് പരാതി.. അഞ്ച് വർഷത്തെ നിയമനകാർ ഒരു വർഷമായി വെട്ടിച്ചുരുക്കിയ മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ ജീവനക്കാർ രംഗത്തെത്തി. മുന്നൂറോളം ജീവനക്കാർ ഇന്നലെ എയർ ഇന്ത്യ എക്സ്‌പ്രസ് ഓഫീസിന് മുന്നിൽ ധർണ നടത്തി. തീരുമാനം തിരുത്തിയില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള പ്രതിഷേധങ്ങളിലേയ്ക്ക് നീങ്ങുമെന്നും എയർ ഇന്ത്യ എക്സ്‌പ്രസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചു.

വന്ദേഭാരത് മിഷന് തുടക്കം കുറിച്ച എയർ ഇന്ത്യ എക്സ്‌പ്രസിൽ ഫസ്റ്റ് ലൈൻ പ്രവർത്തകരായി പ്രവർത്തിച്ച ക്രൂ മെമ്പേഴ്‌സാണ് ഇപ്പോൾ മാനേജ്‌മെന്റ് തീരുമാനത്തിൽ വലയുന്നത്.
അഞ്ച് വർഷത്തേക്ക് തൊഴിൽ കരാർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, മുൻകൂർ അറിയിപ്പില്ലാതെ കരാർ കാലാവധി അഞ്ച് വർഷത്തിന് പകരം ഒരു വർഷമായി വെട്ടിക്കുറയ്ക്കാനുള്ള പെട്ടെന്നുള്ള തീരുമാനം ശക്തമായ ആശങ്ക ഉയർത്തിയിട്ടുണ്ട്.

വന്ദേഭാരത് ദൗത്യത്തെ വിജയകരമാക്കുന്നതിൽ തങ്ങളുടെ രക്തവും വിയർപ്പും ചൊരിഞ്ഞ മഹാമാരിയുടെ കാലത്ത് രാഷ്ട്രത്തിനുവേണ്ടി അർപ്പണബോധത്തോടെ സേവനമനുഷ്ഠിച്ചിട്ടും ക്യാബിൻ ക്രൂവിന് ഇത്തവണ 5 വർഷത്തെ കരാർ ഓഫർ നിരസിക്കപ്പെട്ടത് അവഗണനയാണ്. വന്ദേഭാരത് മിഷനിൽ സേവനമനുഷ്ടിച്ച മുഴുവൻ ക്രൂ മെമ്പേഴ്‌സിനും കോവിഡ് ബാധിച്ചിരുന്നു. എയർ ഇന്ത്യ എക്സ്‌പ്രസിൽ ഓപ്പറേഷൻ ഫിനാൻസ്, എയർപോർട്ട് സർവീസ് എന്നീ വിഭാഗങ്ങളിൽ ജീവനക്കാർക്ക് അഞ്ച് വർഷത്തെ നിയമന കരാർ കാലാവധി നിലനിർത്തിയെങ്കിലും ക്യാബിൻ ക്രൂവിന്റെ അഞ്ചുവർഷത്തെ നിയമന കരാർ മാത്രം ഒരു വർഷമായി വെട്ടിക്കുറക്കുകയായിരുന്നു. ഇതിന് പുറമെ ഡ്യൂട്ടിക്കിടയിൽ അംഗവൈകല്യം സംഭവിച്ച ക്യാബിൻ ക്രൂ ജീവനക്കാരനെ ഗ്രൗണ്ട് സ്റ്റാഫിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് നിലനിൽക്കുമ്പോൾ തന്നെ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ലെന്നും ജീവനക്കാർ പറയുന്നു.

പാൻഡെമിക് സമയത്തെ ഏറ്റവും കുറഞ്ഞ ഫ്‌ളൈയിങ് ഡ്യൂട്ടി ക്യാബിൻ ക്രൂവിനെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. അവരുടെ ശമ്പളം പ്രധാനമായും ഫ്ളൈയിങ് അലവൻസിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ ഫ്‌ളൈറ്റ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് മുലമുള്ള ശമ്പളനിയന്ത്രണം ക്രൂമെമ്പേഴ്‌സിനെ സാമ്പത്തികമായി തകർത്തു. മാത്രമല്ല, നിയമന കരാർ ഒരു വർഷമായി കുറയ്ക്കുമ്പോൾ ഓരോ വർഷവും എയർപോർട്ട് എൻട്രി പാസും മറ്റ് ലൈസൻസുകളും പുതുക്കുന്നതിനുള്ള അപേക്ഷയ്ക്കായി ക്യാബിൻ ക്രൂ ജീവനക്കാർക്ക് ജോലിയിൽ നിന്നും ഒരുമാസത്തോളം മാറിനിൽക്കേണ്ടി വരും. ആ കാലയളവിൽ ജീവനക്കാർക്ക് ഫ്‌ളൈയിങ് ഡ്യൂട്ടി നഷ്ടപ്പെടുകയും വരുമാനമില്ലാതാകുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്.

ജീവനക്കാർക്ക് തൊഴിൽ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാകുകയും മാനേജ്‌മെന്റിന് യാതൊരുവിധ ലാഭവും ഉണ്ടാകാത്ത പരിഷ്‌കരണമാണിതെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് എംപ്ലോയീസ് യൂണിയൻ ആരോപിക്കുന്നു. കോവിഡ് ഭീഷണിയിൽ ഇപ്പോഴും പിപിഇ കിറ്റുകൾ ധരിച്ച് പ്രവർത്തിക്കുന്ന ഈ വിഭാഗത്തെ അംഗീകരിക്കുന്നതിന് പകരം ഉപദ്രവിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. പുതിയ നിയമനത്തിൽ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള സമീപനം ഏകപക്ഷീയമാണ്. മാനേജ്‌മെന്റ് ഇഷ്ടക്കാരെ യോഗ്യതാ മാനദണ്ഡവും പ്രായപരിധിയും മറികടന്ന് നിയമിക്കുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുവാൻ മാനേജ്‌മെന്റ് ഇനിയും തയ്യാറായിട്ടില്ല.

തുടർസമരം ജനുവരി 15 മുതൽ ആരംഭിക്കും. ഡ്യൂട്ടിക്കിടയിൽ അംഗവൈകല്യം ഉണ്ടായ ക്യാബിൻ ക്രൂവിനോട് നീതി പാലിക്കുക, ക്യാബിൻ ക്രൂവിന്റെ അഞ്ചുവർഷത്തെ നിയമന കരാർ ഒരുവർഷമായി വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുക, നിയമന അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

300 ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുക. ഏകദേശം 86 വിമാന സർവ്വീസുകളാണ് ഓരോ ആഴ്‌ച്ചയും കേരളത്തിൽ നിന്ന് സർവ്വീസ് നടത്തുന്നത്. അനിശ്ചിതകാല സമരപരിപാടികളുമായി യൂണിയൻ മുന്നോട്ടു പോയാൽ കേരളത്തിൽ നിന്നുള്ള വിമാന സർവീസിനെ കാര്യമായി ബാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP