Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞു പിറന്ന സംഭവം; രക്ഷാ ദൗത്യത്തിനു പുതിയ അവകാശികൾ; ആരോഗ്യ പ്രവർത്തകർക്ക് മൊത്തം അപമാനമെന്ന് യഥാർത്ഥ രക്ഷകർ; എൻഎച്ച്എസ് ട്രസ്റ്റുകളെ തെറ്റിദ്ധരിപ്പിച്ചു പുരസ്‌കാരം സ്വന്തമാക്കാനുള്ള നീക്കമെന്നും ആക്ഷേപം; വിവാദം ഒന്നുമറിയാതെ കുഞ്ഞും മാതാപിതാക്കളും

എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞു പിറന്ന സംഭവം; രക്ഷാ ദൗത്യത്തിനു പുതിയ അവകാശികൾ; ആരോഗ്യ പ്രവർത്തകർക്ക് മൊത്തം അപമാനമെന്ന് യഥാർത്ഥ രക്ഷകർ; എൻഎച്ച്എസ് ട്രസ്റ്റുകളെ തെറ്റിദ്ധരിപ്പിച്ചു പുരസ്‌കാരം സ്വന്തമാക്കാനുള്ള നീക്കമെന്നും ആക്ഷേപം; വിവാദം ഒന്നുമറിയാതെ കുഞ്ഞും മാതാപിതാക്കളും

കെ ആർ ഷൈജുമോൻ, ലണ്ടൻ

കവൻട്രി: എട്ടുകാലി മമ്മൂഞ്ഞിനെ അറിയാത്ത മലയാളികൾ വിരളം ആയിരിക്കും. നാട്ടിലെ ഏതൊരു സംഭവത്തിനും അവകാശി ആയി പ്രത്യക്ഷപ്പെടുന്ന ഇതിഹാസ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കിടിലൻ കഥാപാത്രം. തനിക്കു യാതൊരു റോൾ ഇല്ലെങ്കിലും മമ്മൂഞ്ഞു ഒന്ന് തല കാണിക്കാൻ അവസരം ലഭിച്ചാൽ ആ സംഭവം തന്റെ പേരിൽ ചേർത്ത് വയ്ക്കും. ബഷീർ കഥാപാത്രത്തെ സൃഷ്ടിച്ചു കടന്നു പോയെങ്കിലും മമ്മൂഞ്ഞിന്റെ സ്വഭാവമുള്ളവരെ തേച്ചൊട്ടിക്കാൻ ഇന്നും മലയാളികൾക്ക് ഏറെയിഷ്ടം എട്ടുകാലി മമ്മൂഞ്ഞിനോടു ഉപമിക്കാൻ തന്നെയാണ്. ഇത്തരത്തിൽ പൊതുവേയുള്ളതു രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവർത്തകരും സംഘടനാ നേതാക്കളും ഒക്കെ ആണെങ്കിലും യുകെ മലയാളികൾക്കിടയിലെ ആരോഗ്യ പ്രവർത്തകരിലും എട്ടുകാലി മമ്മൂഞ്ഞിനു സമാന സ്വഭാവം ഉള്ളവർ ഉണ്ടെന്നു തെളിഞ്ഞു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ മാസം ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ ഏഴു മാസം ഗർഭിണിയായ യുകെ മലയാളി യുവതി കുഞ്ഞിന് ജന്മം നൽകിയ സംഭവമാണ് ഇപ്പോൾ യഥാർത്ഥ രക്ഷ ദൗത്യം ഏറ്റെടുത്തവരെ തള്ളിമാറ്റി പുത്തൻ അവകാശികൾ എത്തിക്കൊണ്ടിരിക്കുന്നത് .സംഭവം നടന്ന ഉടൻ തന്നെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച വാർത്തയിൽ പ്രസവ ശുശ്രൂഷയ്ക്കു നേതൃത്വം നൽകിയ ഡോ ഇർഷാദ്, ഡോ റിച്ചു , സൗത്താംപ്ടണിലെ സീനിയർ നഴ്സ് ആയ ലീല ബേബി എന്നിവരുടെയൊക്കെ പേര് സഹിതം വാർത്ത നൽകിയത് പിന്നീട് ലോകമൊട്ടാകെ വാർത്ത മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വായനക്കാരിൽ എത്തിക്കുക ആയിരുന്നു. വ്യോമയാന രംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വെബ്‌സൈറ്റുകളിലും സംഭവം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

ഈ വാർത്തകളിൽ ഒക്കെ പേര് നൽകിയ രണ്ടു ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും ധീരതയാണ് വാഴ്‌ത്തുന്നത്. കാരണം മുഴുവൻ ആശുപത്രി സംവിധാനം ഉപയോഗിച്ചാൽ പോലും വലിയ അപകട സാധ്യതയുള്ള പ്രസവം ഒരു കൊച്ചു കത്രിക പോലും ലഭിക്കാൻ പ്രയാസം നേരിട്ട ഘട്ടത്തിൽ നിർണായക തീരുമാനത്തിലൂടെ സധൈര്യം നേരിട്ട മെഡിക്കൽ പ്രൊഫഷനുകളുടെ ഇച്ഛാശക്തിയെ നിശ്ശേഷം അപകീർത്തിപ്പെടുത്തും വിധമാണ് യുകെ മലയാളികളായ അതേ വിമാനത്തിൽ യാത്ര ചെയ്തു എന്ന് അവകാശപ്പെടാൻ മാത്രം യോഗ്യതയുള്ള സ്റ്റോക് ഓൺ ട്രെന്റിലെ മിഡ്ലാൻഡ്സ് ഹോസ്പിറ്റലിൽ ജോലി ചെയുന്ന ഒരു വനിതാ ഡോക്ടറും ഓക്സ്ഫോർഡ് എൻഎച്എസ് ഹോസ്പിറ്റലിലെ ഒരു നേഴ്‌സും തങ്ങളുടെ വീര കൃത്യമായി യുകെയിൽ മടങ്ങി എത്തിയപ്പോൾ അവതരിപ്പിക്കുന്നത്. എന്നാൽ ഇവർ പറയും പോലെയാണ് കാര്യങ്ങൾ എങ്കിൽ ലോകമൊട്ടാകെ എത്തിയ വാർത്തകളിൽ എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം പരാമർശിക്കുന്നില്ല എന്ന ചോദ്യത്തിൽ തന്നെ ഈ പുതിയ അവകാശവാദം സംബന്ധിച്ചു കാര്യമായ സംശയം ഉയരുകയാണ്.

മാത്രമല്ല എയർ ഇന്ത്യയും നെടുമ്പാശേരി വിമാനത്താവള അധികൃതരും ഒക്കെ ഡോ ഇർഷാദ്, ഡോ റിച്ചു, ലീല ബേബി എന്നിവരുടെയൊക്കെ പേരുകൾ പറയുമ്പോൾ ഇപ്പോൾ രംഗത്തുള്ളവരുടെ പേരുകൾ ഒന്നും ആ ലിസ്റ്റിൽ ലഭ്യമല്ല. വാർത്ത എത്തി രണ്ടു നാൾ കഴിഞ്ഞാണ് കേരളത്തിൽ പാർട്ടി പ്രവർത്തകനായ അച്ഛന്റെ സ്വാധീനം ഉപയോഗിച്ച് ഓക്സ്ഫോർഡ് മലയാളിയായ നഴ്സ് കേരളത്തിലെ ഒരു പാർട്ടി പത്രത്തിൽ സ്വന്തം പേരുമാത്രം വച്ച് വാർത്ത നൽകിയത്. മറ്റെല്ലാ മാധ്യമങ്ങളും രക്ഷാ ദൗത്യം ഏറ്റെടുത്ത സംഘത്തിന്റെ ചിത്രങ്ങൾ സഹിതം വാർത്ത നൽകിയപ്പോൾ പാർട്ടി പത്രത്തിന് അതൊരു നഴ്‌സിന്റെ മാത്രം വീരകൃത്യമായി മാറുകയായിരുന്നു .

കുറച്ചുകൂടി കടന്ന കയ്യായിപ്പോയി കഴിഞ്ഞ ദിവസം സ്റ്റോക് ഓൺ ട്രെന്റിൽ സംഭവിച്ചത്. അവധി കഴിഞ്ഞു യുകെയിൽ മടങ്ങിയെത്തിയ മലയാളി ഡോക്ടർ ഇനി വാർത്ത മാധ്യമങ്ങളെ സത്കീർത്തിക്കു വേണ്ടി സമീപിക്കുന്നതിൽ കഥയിലെന്നു മനസിലാക്കി നേരെ എൻഎച്എസിന്റെ മുന്നിലാണ് എത്തിയത് .രണ്ടു മാസമായ സംഭവം മിഡ്‌ലാൻഡ്‌സ് ഹോസ്പിറ്റൽ ട്രസ്റ് തങ്ങളുടെ വെബ്‌സൈറ്റ് പേജിലൂടെയാണ് ലോകത്തോട് വിളംബരം ചെയ്യുന്നത്. എന്തായാലും ട്രസ്റ്റ് നൽകിയ വാർത്താ വിവരണത്തിൽ പ്രസ്തുത ഡോക്ടറുടെ പേരാണ് മുഴച്ചു നില്കുന്നതെങ്കിലും പ്രസവ ശുശ്രൂഷ നൽകിയ മുഴുവൻ ടീമും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ പ്രസിദ്ധീകരിക്കാൻ ഉള്ള സാമാന്യ മര്യാദ കാണിച്ചിട്ടുണ്ട്. മാത്രമല്ല താനൊറ്റയ്ക്കാണ് ഇക്കാര്യം ഒക്കെ ചെയ്തതെന്നും കുമരകം നഴ്‌സിനെ പോലെ അവകാശവാദം ഉന്നയിച്ചിട്ടുമില്ല.

എന്നാൽ ഈ രണ്ടു സംഭവങ്ങളും യുകെ മലയാളികൾക്കിടയിൽ സാമൂഹ്യ മാധ്യമങ്ങളിലും വൻപ്രചാരണം നേടിയ നിലയ്ക്ക് വിമാനത്തിലെ മറ്റു യാത്രക്കാരും ഇനി അവകാശവാദവും ആയി എത്തുമോ എന്നാണ് പലരും സംശയം പങ്കിടുന്നത്. എന്നാൽ വിമാനത്തിൽ പ്രസവിച്ച യുവതിയും ഭർത്താവും ഈ കോലാഹലം ഒന്നും അറിയുന്നില്ല എന്ന് മാത്രമല്ല അടിയന്തിരമായി ജർമനിയിൽ ചികിത്സ തേടേണ്ടി വന്നതിന്റെ ഭാരിച്ച ചെലവ് എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലും. പുത്തൻ അവകാശവാദക്കാരാകട്ടെ അത്തരം കാര്യങ്ങൾ ഒന്നും അറിയുന്നു പോലുമില്ല. മാത്രമല്ല, സംഭവത്തെ തുടർന്ന് താൽക്കാലികമായി രൂപം നൽകിയ രക്ഷാപ്രവർത്തകരുടെ വാട്സാപ്പ് കൂട്ടായ്മയിലും ഇവരുടെ സാന്നിധ്യം ഉണ്ടായിട്ടില്ല.

സാമൂഹ്യ മാധ്യമങ്ങളിലും വാർത്ത മാധ്യമങ്ങളിലും ഇത്ര പ്രാധാന്യം ലഭിച്ച സംഭവം സ്വന്തം സത്കീർത്തിക്കു വേണ്ടി ഒട്ടിച്ചു വയ്ക്കാൻ തയ്യാറെടുക്കുന്നവർ എൻഎച്എസിൽ സമ്മർദം ചെലുത്തി രാജ്യത്തെ പ്രധാന പുരസ്‌കാരങ്ങൾ സംഘടിപ്പിച്ചെടുക്കാനുള്ള ശ്രമം ആണെന്നും ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഇതോടെ പ്രസ്തുത എൻഎച്എസ് ട്രസ്റ്റിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന ജീവനക്കാർക്കെതിരെ പരാതിയും യഥാർത്ഥ വസ്തുതയും അറിയിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചു ആത്മാർത്ഥ ജോലി ചെയ്യുന്നതിന് അനവധി പുരസ്‌കാരം നേടിയിട്ടുള്ള യുകെ മലയാളികൾക്കിടയിൽ കറുത്ത പാടായി ആരൊക്കെ ഇനി ഉയർത്തെഴുന്നേൽക്കും എന്ന ചോദ്യം കൂടിയാണ് ഓക്സ്ഫോർഡിലും സ്റ്റോക് ഓൺ ട്രെന്റ് ഹോസ്പിറ്റൽ ട്രസ്റ്റിനും മുന്നിൽ എത്താനിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP