Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ടു പഠിക്കണം പ്രവാസികളുടെ ഈ കരുതൽ! ക്യാൻസർ മൂലം അവശനിലയിലായ യുകെയിലെ മലയാളി ടെക്കിയുടെ ആഗ്രഹം എങ്ങനെയും കേരളത്തിൽ എത്തണമെന്ന്; രോഗം കലശലെങ്കിലും പാച്ചുവിനെ കേരളത്തിലേക്ക് എയർ ആംബുലൻസിൽ എത്തിക്കാൻ കൈകോർത്തത് അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രവാസി സമൂഹം; ഒറ്റദിവസം കൊണ്ടു ഇരുരാജ്യങ്ങളിൽ നിന്നും പിരിച്ചെടുത്തത് 80 ലക്ഷം; ഇത് സമാനതകൾ ഇല്ലാത്ത മലയാളികളുടെ കാരുണ്യസ്പർശം; യുഎസ്‌ടി ഗ്ലോബലിലെ ജീവനക്കാരനായ പാച്ചുവിന് വേണ്ടി കൈകോർത്ത് ആയിരങ്ങൾ

കണ്ടു പഠിക്കണം പ്രവാസികളുടെ ഈ കരുതൽ! ക്യാൻസർ മൂലം അവശനിലയിലായ യുകെയിലെ മലയാളി ടെക്കിയുടെ ആഗ്രഹം എങ്ങനെയും കേരളത്തിൽ എത്തണമെന്ന്; രോഗം കലശലെങ്കിലും പാച്ചുവിനെ കേരളത്തിലേക്ക് എയർ ആംബുലൻസിൽ എത്തിക്കാൻ കൈകോർത്തത് അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രവാസി സമൂഹം; ഒറ്റദിവസം കൊണ്ടു ഇരുരാജ്യങ്ങളിൽ നിന്നും പിരിച്ചെടുത്തത് 80 ലക്ഷം; ഇത് സമാനതകൾ ഇല്ലാത്ത മലയാളികളുടെ കാരുണ്യസ്പർശം; യുഎസ്‌ടി ഗ്ലോബലിലെ ജീവനക്കാരനായ പാച്ചുവിന് വേണ്ടി കൈകോർത്ത് ആയിരങ്ങൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കോവിഡ് രോഗബാധയോട് പടപൊരുതുകയാണ് ലോകം മുഴുവനും. രോഗത്തിനെതിരെ പോരാട്ടുന്നവരിൽ ലോകത്തിന്റെ പല കോണിലും മലയാളി സമൂഹമാണ് മുന്നിൽ നിൽക്കുന്നത്. കോവിഡിൽ തരിച്ചു നിൽക്കുന്ന ബ്രിട്ടനിലെ ഒരാശുപത്രിയിലും മറ്റു രോഗികൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ല എന്ന വാർത്തകളും പുറത്തുവരുന്നതു.  ഒരു മലയാളി യുവാവ് ക്യാൻസറിന്റെ കെടുതിയിൽ അവസാന നാളുകളിൽ വലയുമ്പോൾ എത്രയും വേഗം രോഗിയെ എയർലിഫ്റ്റ് ചെയ്യാൻ യുകെയിലെയും അമേരിക്കയിലെയും മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യക്കാർ ഒരുമിച്ച് വാർത്ത പ്രവാസികളുടെ കരുതലിന് ഉത്തമ മാതൃകയായി മാറുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട യുവാവിനെ കേരളത്തിലേക്ക് ചികിത്സക്കായി എത്തിക്കാൻ വേണ്ടി സുഹൃത്തുക്കളും ഇന്ത്യൻ സമൂഹവും കൈകോർത്തപ്പോൾ അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും ഒറ്റ ദിവസം കൊണ്ടു പിരിഞ്ഞു കിട്ടിയത് 80 ലക്ഷത്തോളം രൂപയാണ്.

ഒരു പക്ഷെ ഇത്തരം ഒരു ശ്രമത്തിൽ ഒറ്റ ദിവസം കൊണ്ട് ആവശ്യമായ 85000 പൗണ്ടിന്റെ തുക കണ്ടെത്താൻ കഴിയുന്നതും മലയാളി പ്രവാസി ചരിത്രത്തിൽ തന്നെ ആദ്യ സംഭവം ആയി മാറിയേക്കാം. കോവിഡ് കാലത്തേ മുഴുവൻ ദുരിതവും മാറ്റിവച്ചു മലയാളി പ്രവാസി ചരിത്രത്തിലെ അത്യപൂർവമായ ഒരു സാഹസത്തിനു മലയാളികൾക്കൊപ്പം യുകെയിലെയും അമേരിക്കയിലെയും ഇന്ത്യൻ സമൂഹം കൈകോർക്കുന്നത്.

ഒറ്റ കേൾവിയിൽ സാധ്യത ഇല്ലാത്ത കാര്യം എന്ന് തോന്നുമ്പോഴും യുവാക്കളായ ടെക്കികളുടെ നിശ്ചയദാർഢ്യം കൊണ്ട് ആ ആശയം സാധ്യമായേക്കാവുന്ന വിധത്തിൽ പണം ഒഴുകിയെത്തുകയാണ്. ഇന്നലെ രാവിലെ പ്രസാദിന്റെ സുഹൃത്തുക്കൾ മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയിൽ ബന്ധപ്പെട്ടു സഹായം ആവശ്യപ്പെട്ടപ്പോൾ യുകെയിൽ ഫണ്ട് റൈസിങ് ആരംഭിച്ചിരുന്നില്ല. മാധ്യമ സഹായം ഉറപ്പു നൽകി മണിക്കൂറുകൾക്കകം ആരംഭിച്ച ക്രൗഡ് ഫണ്ടിങ്ങിൽ ഒരു പകൽ അവസാനിപ്പിച്ചപ്പോഴേക്കും 31000 പൗണ്ട് എത്തിക്കഴിഞ്ഞു. തികച്ചും അവിശ്വസനീയമായ തരത്തിലാണ് പ്രസാദിന്റെ എയർ ആംബുലൻസ് ചെലവിലേക്കായി മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം പണം നിക്ഷേപിക്കുന്നത്. ഇത്തരത്തിൽ വലിയ തുക സ്വരൂപിക്കപ്പെടുന്നതും അവശനിലയിലായ ഒരാളെ എയർ ആംബുലൻസ് തയാറാക്കി യൂറോപ്പിൽ നിന്നും കേരളത്തിൽ എത്തിക്കുന്നതും ആദ്യമായാണെന്നു കരുതപ്പെടുന്നു.

കോവിഡ് നിയന്ത്രണം ചൂണ്ടിക്കാട്ടി പ്രസാദിന്റെ ഭാര്യയ്ക്കും കുഞ്ഞിനും പോലും സന്ദർശനാനുമതി നൽകുന്നില്ലെന്ന പരാതിയും സുഹൃത്തുക്കൾ പങ്കിടുന്നു. മാത്രമല്ല ചെറുകുടലിൽ ക്യാൻസർ ബാധിച്ച പ്രസാദിന് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തിയാൽ കുറച്ചു കാലം കൂടി ജീവിച്ചിരിക്കാൻ ഉള്ള സാധ്യതയും ഡോക്ടർമാർ തന്നെ പറയുന്നു. എന്നാൽ അത്തരം ശസ്ത്രക്രിയ ഇനി ആവശ്യമില്ലെന്ന നിലപാടാണ് എൻഎച്ച്എസ് സ്വീകരിച്ചിരിക്കുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രസാദിനെ കുടുംബത്തിനൊപ്പം മെച്ചപ്പെട്ട ചികിത്സ കിട്ടാൻ വേണ്ടി
അടിയന്തരമായി നാട്ടിൽ എത്തിക്കാൻ ഉള്ള വഴി കൂടെ ജോലി ചെയ്യുന്നവരും മറ്റും ആലോചിച്ചത്. വളരെ ഭരിച്ച തുക വേണ്ടിവരും എന്നറിഞ്ഞിട്ടും ഉറ്റ സുഹൃത്തുക്കൾ തങ്ങളുടെ ഉദ്യമത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. ഏകദേശം 85000 പൗണ്ട് വാടകയിലാണ് പ്രസാദിനെ നാട്ടിൽ എത്തിക്കാൻ ഉള്ള ചാർട്ടർ വിമാനം കരാറായിരിക്കുന്നതെന്നു സൂചനയുണ്ട്. വിമാനത്താവളങ്ങൾ അടച്ചിരിക്കുക ആണെങ്കിലും അടിയന്തിര സേവനം എന്ന നിലയിൽ ഇത്തരം അവസരങ്ങളിൽ നിയമത്തിന്റെ നൂലാമാലകൾ മറികടക്കാൻ കഴിയും എന്നാണ് ഏവരുടെയും പ്രതീക്ഷ.

പ്രസാദിന് വേണ്ടി സുഹൃത്തുക്കൾ കണ്ടെത്തിയ മാർഗത്തിനു ഉറ്റ സുഹൃത്ത് ഷമീജ് ആണ് നേതൃത്വം നൽകുന്നത്. അമേരിക്കയിൽ നിന്നും പ്രസാദിന്റെ സഹോദരൻ കൂടിയായ പ്രജീഷ് ദാസിന്റെ അഭ്യർത്ഥനയിൽ രാകേഷ് കെ എന്ന സുഹൃത്തുമാണ് ഫണ്ട് റൈസിങ് നടത്തുന്നത്. പ്രസാദും പ്രജീഷും ജോലി ചെയുന്ന യുഎസ് ടി വലിയൊരു തുക സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെയുള്ള തുകയാണ് അമേരിക്കൻ മലയാളികളും യുകെ മലയാളികളും അടക്കമുള്ള ഇന്ത്യൻ സമൂഹം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. ഏകദേശം 85000 പൗണ്ട് വാടകയിലാണ് സ്വകാര്യ ജെറ്റ് വിമാനം എയർ ആംബുലൻസ് സൗകര്യത്തിൽ പ്രസാദിനെയും കൊണ്ട് പറക്കാൻ തയാറാകുന്നത്.

ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ എംബസിയും നോർക്കയും കേരള സർക്കാരും ഒക്കെ കൂടെയുണ്ടെന്നാണ് ലഭ്യമായ വിവരം. യുകെയിലെ ലോക് കേരള സഭ അംഗമായ ടി ഹരിദാസും ആവശ്യമായ സഹായ നിർദ്ദേശങ്ങളുമായി പ്രസാദിന്റെ കുടുംബത്തെ സഹായിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് രേഖകളും മറ്റും അതിവേഗത്തിൽ തയാറായിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാവശ്യമായ ഇൻഷുറൻസ് അടക്കമുള്ള രേഖകളും ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രസാദിന്റെ പത്നിയെ ഏൽപ്പിക്കാൻ ഉള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കുകയാണ്.

ത്രില്ലർ സിനിമകളെ വെല്ലും വിധമാണ് മലയാളികളുടെ മനസാക്ഷി അത്യപ്പൂർവ്വമായ ഒരു ജീവകാരുണ്യത്തിന്റെ കൈപിടിച്ച് പ്രസാദിനെ ജീവനോടെ പിറന്ന നാട്ടിൽ എത്തിക്കാൻ തയാറാകുന്നത്. തന്റെ ജീവിതത്തിൽ ഇനി അധികനാളുകൾ ബാക്കിയില്ലെന്നു പ്രസാദ് തിരിച്ചറിഞ്ഞ വേളയിലാണ് കോവിഡ് നിയന്ത്രങ്ങൾ ലോകമെങ്ങും ശക്തമായത്. ഇതോടെ അവസാന നാളുകൾ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും അടുത്തകണാമെന്ന ഈ യുവാവിന്റെ മോഹത്തിനും കരിനിഴൽ വീഴുക ആയിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞ സുഹൃത്തുക്കളാണ് ഏതു വിധേനെയും പ്രസാദിനെ ജന്മനാട്ടിൽ തിരിച്ചെത്തിക്കണം എന്ന് ദൃഢ നിശ്ചയം ചെയ്തത്. സി ഇ ഓ അടക്കം ഇന്ത്യക്കാരനായ യുഎസ് ടി ഗ്ലോബലിലെ 24000 ജീവനക്കാരുടെ സാന്നിധ്യവും ഈ ഉദ്യമത്തിന് ശരവേഗത്തിൽ ഫലപ്രാപ്തി ഉണ്ടക്കാൻ സഹായകമായി. തുടക്കത്തിൽ ഫണ്ട് കണ്ടെത്താനുള്ള പ്രയാസം പലരും ചൂൺടികാട്ടിയെങ്കിലും പ്രസാദിന്റെ സുഹൃത്തുക്കളും മറ്റും നൂറിന്റെ ഗുണിതങ്ങളായി തുക കൈമാറിയതോടെ ഓരോ നിമിഷത്തിലും പണം പെരുകി കയറുകയായിരുന്നു.

ആയിരം പൗണ്ട് വരെ നൽകിയവരും കൂട്ടത്തിലുണ്ട്. അമേരിക്കയിൽ നിന്നും പാതി തുക കണ്ടെത്താം എന്നാണ് കരുതിയതെങ്കിലും അതിനേക്കാൾ കൂടുതൽ തുകയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം യുകെയിൽ കോവിഡ് രോഗം മൂലം മരിച്ച റെഡ് ഹിൽ മലയാളി സിന്റോക്ക് വേണ്ടി 70000 പൗണ്ടോളം നൽകിയ യുകെ മലയാളികളെ വീണ്ടും ഞെട്ടിച്ചാണ് ദിവസങ്ങളുടെ അകാലത്തിൽ വീണ്ടും 30000 പൗണ്ടിലേറെ ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചു വീണ്ടും പ്രവാസി ലോകത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്.

പ്രവാസിക്ക് ഒരു ദുരിതം സംഭവിച്ചാൽ അതിനെ താങ്ങിയെടുക്കാൻ മറ്റാരും വേണ്ട, പ്രവാസി തന്നെ മതിയാകും എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പ്രസാദിന്റെ ജീവന് തുണയായി മാറുന്ന യുകെയിലെയും അമേരിക്കയിലെയും പ്രവാസി സമൂഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP