Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

അദ്ധ്യാപക-ലക്ചർ പോസ്റ്റുകൾക്ക് വാങ്ങുന്നത് 40 ലക്ഷം മുതൽ ഒരു കോടി വരെ; എയിഡഡ് മേഖലയിൽ ശമ്പളം നൽകാനായി പൊടിക്കുന്നത് പതിമൂവായിരം കോടി; കോഴ വാങ്ങി അതിസമ്പന്നരായ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് തടയിടാൻ നിയമനങ്ങൾ പിഎസ് സിക്ക് വിടണം എന്നാവശ്യപ്പെട്ടത് നിയമസഭാ സമിതി; റിപ്പോർട്ട് പൂഴ്‌ത്തി ഹൈക്കോടതിയിൽ പറഞ്ഞത് നിയമനങ്ങൾ പിഎസ് സിക്ക് വിടേണ്ടതില്ലെന്നും; ശമ്പളയിനത്തിൽ വൻ ബാധ്യത വന്നിട്ടും നിയമന കാര്യത്തിൽ തുടരുന്നത് സർക്കാർ-മാനേജ്‌മെന്റ് ഒത്തുകളികൾ

അദ്ധ്യാപക-ലക്ചർ പോസ്റ്റുകൾക്ക് വാങ്ങുന്നത് 40 ലക്ഷം മുതൽ ഒരു കോടി വരെ; എയിഡഡ് മേഖലയിൽ ശമ്പളം നൽകാനായി പൊടിക്കുന്നത് പതിമൂവായിരം കോടി; കോഴ വാങ്ങി അതിസമ്പന്നരായ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് തടയിടാൻ നിയമനങ്ങൾ പിഎസ് സിക്ക് വിടണം എന്നാവശ്യപ്പെട്ടത് നിയമസഭാ സമിതി; റിപ്പോർട്ട് പൂഴ്‌ത്തി ഹൈക്കോടതിയിൽ പറഞ്ഞത് നിയമനങ്ങൾ പിഎസ് സിക്ക് വിടേണ്ടതില്ലെന്നും; ശമ്പളയിനത്തിൽ വൻ ബാധ്യത വന്നിട്ടും നിയമന കാര്യത്തിൽ തുടരുന്നത് സർക്കാർ-മാനേജ്‌മെന്റ് ഒത്തുകളികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: എയിഡഡ് സ്‌കൂൾ-കോളേജ് നിയമനങ്ങൾ സ്വകാര്യ മാനെജ്‌മെന്റിന് വിട്ടു കൊടുത്ത് സർക്കാർ തുടരുന്നത് കള്ളക്കളി തന്നെ. ഈ കൊറോണ കാലത്തും പുരോഗമിക്കുന്നത് ഈ കള്ളകളിയാണ്. ഭാരിച്ച ശമ്പളമാണ് ജീവനക്കാർക്ക് ശമ്പളയിനത്തിൽ വേണ്ടതെന്ന് സർക്കാർ നാഴികയ്ക്ക് നൂറു വട്ടം പറഞ്ഞു സാലറി ചാലഞ്ചുകൾ പതിവാക്കുന്നുണ്ടെങ്കിലും നിയമനങ്ങൾ മാനെജ്‌മെന്റിന് വിട്ടുകൊടുത്തുള്ള കള്ളക്കളികൾ പഴയ രീതിയിൽ തന്നെ മുന്നോട്ടു പോവുകയാണ്. സ്വകാര്യ സ്‌കൂൾ കോളേജുകളിൽ നിയമനങ്ങൾ നടത്താനുള്ള അവകാശം സർക്കാർ വിട്ടു നൽകിയിരിക്കുന്നത് മാനെജ്‌മെന്റുകൾക്കാണ്. എന്നാൽ ശമ്പളം സർക്കാർ നൽകുകയും ചെയ്യും. സർക്കാർ ശമ്പളം നൽകുന്നതിന്റെ മറവിൽ നിയമനം നടത്തുന്ന മാനേജ്‌മെന്റുകൾ ലക്ഷങ്ങൾ കോഴ വാങ്ങി തടിച്ചു കൊഴുക്കുകയാണ്. കൊറോണ കാലത്ത് സർക്കാരിനു കടുത്ത സാമ്പത്തിക ബാധ്യത നേരിട്ടിരിക്കെ പോലും നിയമനങ്ങൾ നടത്താനുള്ള അധികാരം ഏറ്റെടുക്കാനുള്ള ഒരു നീക്കവും സർക്കാർ നടത്തുന്നില്ല. നിയമനകാര്യത്തിലുള്ള സർക്കാർ നിലപാടിന്റെ മറവിൽ പണമുണ്ടാക്കുന്നത് സ്വകാര്യ മാനെജ്‌മെന്റുകളാണ്.

സ്‌കൂൾ-കോളേജ് നടത്തി കോടീശ്വരന്മാരായവർ പിന്നെയും പിന്നെയും അതിസമ്പന്നരായിക്കൊണ്ടിരിക്കുകയാണ്. നാല്പത് ലക്ഷം വരെ അദ്ധ്യാപക നിയമനങ്ങൾക്ക് സ്വകാര്യ മാനേജ്‌മെന്റുകൾ കോഴ കൈപ്പറ്റുന്നുണ്ട്. കോളേജ് അദ്ധ്യാപക നിയമനങ്ങൾക്ക് അറുപത് ലക്ഷം വരെയും കോഴ ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. മാനെജ്‌മെന്റ് ക്വാട്ടയിൽ പ്രവേശിപ്പിക്കാൻ കുട്ടികളിൽ നിന്ന് ഈടാക്കുന്ന ലക്ഷങ്ങൾ വേറെയും. സർക്കാർ നൽകുന്ന ശമ്പളത്തിന്റെ ബലത്തിലാണ് മാനെജ്‌മെന്റുകൾക്ക് ഈ വിലപേശൽ ശക്തി വരുന്നത്. ഇത് മാത്രമല്ല ഏതൊക്കെ രീതിയിൽ നിയമനങ്ങൾക്ക് സാധ്യതയുണ്ടോ എന്ന് നോക്കി ആ രീതിയിൽ നിയമനങ്ങൾക്ക് കോപ്പ് കൂട്ടുന്നവർകൂടിയാണ് സ്വകാര്യ മാനേജ്‌മെന്റുകൾ. ഇതിനൊക്കെയുള്ള ഒത്താശയും സർക്കാർ തലത്തിൽ വരുന്നുണ്ട്. ഏതു പോസ്റ്റിൽ നിയമനം നടത്തിയാലും വൻ സാമ്പത്തിക ബാധ്യത വന്നുചേരുന്നത് സർക്കാരിനു തന്നെയാണ്. പക്ഷെ സർക്കാരുകളുടെ ബലത്തിൽ മാനേജ്‌മെന്റുകൾ സമ്പന്നതയിൽ നിന്നും അതിസമ്പന്നതയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെങ്കിലും ഇതിനു മൂക്കു കയർ ഇടാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി വന്നിട്ടുള്ള കൊറോണ കാലത്ത് പോലും സർക്കാർ തയ്യാറല്ല.

എയ്ഡഡ് സ്‌കൂൾ കോളേജ് അദ്ധ്യാപകർക്ക് ശമ്പളം നൽകാൻ വലിയ ബജറ്റ് വിഹിതമാണ് സർക്കാർ നീക്കിവയ്ക്കുന്നത്. 2019-20 വർഷത്തെ ബജറ്റിൽ സ്വകാര്യ മാനേജ്‌മെന്റ് നിയമിച്ച സ്‌കൂൾ കോളേജ് അദ്ധ്യാപകർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകാനായി മാറ്റി വച്ച തുക 12365 കോടി രൂപയാണ്. പ്രൈമറി അദ്ധ്യാപകർക്ക് 4071 കോടി, സെക്കന്ററി 2572 കോടി രൂപ, പ്ലസ് ടു തലത്തിൽ 1575 കോടി രൂപ, കോളേജ് 1177 കോടി, പെൻഷൻ 2970 കോടി രൂപ ആകെ വരുമ്പോൾ 12365 കോടി രൂപയോളം വരും. എക്കണോമിക് റിവ്യൂ പ്രകാരം കേരളത്തിൽ 78 ലക്ഷം കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ 11 ശതമാനം ദരിദ്രരാണ്. ഏകദേശം 8.6 ലക്ഷം ദരിദ്ര കുടുംബങ്ങൾ കേരളത്തിലുണ്ട്. ഒരു കുടുംബത്തിന് മാസം 12000 രൂപ എന്ന രീതിയിൽ മിനിമം വരുമാനം ഉറപ്പു വരുത്താൻ സർക്കാരിന് പരമാവധി വേണ്ടത് വേണ്ടത് 12400 കോടി രൂപ. കേരളത്തിൽ ദാരിദ്യനിർമ്മാർജ്ജനത്തിനു വേണ്ടി വരുന്ന തുക തന്നെയാണ് സ്വകാര്യ മാനേജ്മെന്റുകൾ നിയമിച്ച അദ്ധ്യാപകർക്ക് വേണ്ടി സർക്കാർ മുടക്കുന്നത്. എന്നാൽ സ്വകാര്യ മാനേജ്‌മെന്റുകൾക്ക് കോടികൾ സമ്പാദിക്കാൻ കഴിയുന്ന നിയമനകാര്യത്തിൽ പൂർണ അധികാരം സർക്കാർ മാനേജ്‌മെന്റുകൾക്ക് വിട്ടു നൽകിയിരിക്കുകയാണ്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ എല്ലാ നിയമനങ്ങൾക്കും ഒരു പൊതുനിയമം വേണം. അതിനു നിയമനങ്ങൾ പിഎസ് സിക്ക് വിടണം സർക്കാർ ശമ്പളം നൽകുന്നുണ്ടെങ്കിൽ നിയമനവും സർക്കാർ തന്നെ നടത്തണം. ഈ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യരുത്. എയിഡഡ് സ്‌കൂൾ-കോളേജ് അദ്ധ്യാപക-നിയമനങ്ങൾ പിഎസ്‌സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇടത് എംഎൽഎ ടിവി രാജേഷ് അധ്യക്ഷനായ നിയമസഭാ സമിതിയാണ് സർക്കാരിനു റിപ്പോർട്ട് നൽകിയത്. രണ്ടു വർഷം മുൻപ് സർക്കാരിനു നൽകിയ റിപ്പോർട്ടിലാണ് ഈ കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ റിപ്പോർട്ട് മുന്നിൽ നിൽക്കെയാണ് ഇത് പൂഴ്‌ത്തിവെച്ച് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തത്. എയിഡഡ് സ്‌കൂൾ-കോളെജ് നിയമനങ്ങൾ പിഎഎസ്സിക്ക് വിടാൻ തയ്യാറല്ലെന്നാണ് ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. സ്വകാര്യ സ്‌കൂൾ-കോളേജ് മാനേജ്‌മെന്റുകളെ വെള്ളപൂശാൻ നടത്തിയ നീക്കമായിരുന്നു ഹൈക്കോടതിയിലേത്. മാനെജ്‌മെന്റുകളെ പ്രീണിപ്പിക്കാനും നെറികെട്ട രാഷ്ട്രീയ കളികൾക്കുമാണ് സത്യവാങ്മൂലം സർക്കാർ പ്രയോജനപ്പെടുത്തിയത്. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ടു നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത് ജീവനക്കാരുടെ ശമ്പളം ഭാരിച്ചതാണ് എന്നാണ്. കൊറോണകാലത്ത് വരുമാനം നിലച്ചതിനാൽ സാലറി ചാലഞ്ച് നിർബന്ധമാണ് എന്നാണ് ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കിയത്. ശമ്പളം ഭാരിച്ചതാണ് എന്ന് പറയുകയും സാലറി ചാലഞ്ച് ഏർപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ തന്നെയാണ് നിയമനങ്ങൾ നടത്താനുള്ള പൂർണ്ണ അധികാരം സ്വകാര്യ മാനേജ്‌മെന്റുകൾക്ക് വിട്ടു നൽകിയിരിക്കുകയാണ്. കേരളാ എജ്യുക്കേഷൻ ആക്റ്റ് പ്രകാരം ഇത്തരം നിയമനങ്ങൾ നടത്തുന്നതിനു സ്വകാര്യ മാനേജ്മെന്റുകൾക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ അറുപത് വർഷമായി തുടരുന്ന പാരമ്പര്യമാണിത്. ഈ പാരമ്പര്യമോ നിയമമോ മാറ്റാൻ സർക്കാരിനു പദ്ധതിയില്ല. സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് സർക്കാരിനു വേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്. പിഎസ്‌സി അല്ല നിയമനം നടത്തുന്നതെങ്കിലും എല്ലാ സർക്കാർ നിയമങ്ങളും പാലിച്ചു കൊണ്ടാണ് എയിഡഡ് സ്‌കൂൾ-കോളെജുകളിൽ മാനെജ്മെന്റ് നിയമനം നടത്തുന്നത്. എയിഡഡ് സ്‌കൂൾ-കോളേജുകളിൽ നിയമനം നടത്തുന്നതിനു മാനേജ്മെന്റിന് സർക്കാർ അധികാരം നൽകിയിട്ടുണ്ട്. മാനേജ്മെന്റുകൾ തെറ്റായ തീരുമാനം എടുത്താൽ തിരുത്താൻ സർക്കാരിനു അധികാരമുണ്ട്. ഇതൊക്കെ പരിശോധിക്കാൻ താഴെ തലം മുതൽ സർക്കാർ സംവിധാനമുണ്ട്- സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

കേരളാ എജ്യുക്കേഷൻ ആക്റ്റ് പ്രകാരം ഇത്തരം നിയമനങ്ങൾ നടത്തുന്നതിനു സ്വകാര്യ മാനേജ്മെന്റുകൾക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ അറുപത് വർഷമായി തുടരുന്ന പാരമ്പര്യമാണിത്. ഈ പാരമ്പര്യമോ നിയമമോ മാറ്റാൻ സർക്കാരിനു പദ്ധതിയില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാനാണ് സർക്കാരിനു വേണ്ടി സത്യവാങ്മൂലം ഫയൽ ചെയ്തത്. പിഎസ്‌സി അല്ല നിയമനം നടത്തുന്നതെങ്കിലും എല്ലാ സർക്കാർ നിയമങ്ങളും പാലിച്ചു കൊണ്ടാണ് എയിഡഡ് സ്‌കൂൾ-കോളെജുകളിൽ മാനെജ്മെന്റ് നിയമനം നടത്തുന്നത്. എയിഡഡ് സ്‌കൂൾ-കോളേജുകളിൽ നിയമനം നടത്തുന്നതിനു മാനേജ്മെന്റിന് സർക്കാർ അധികാരം നൽകിയിട്ടുണ്ട്. മാനേജ്മെന്റുകൾ തെറ്റായ തീരുമാനം എടുത്താൽ തിരുത്താൻ സർക്കാരിനു അധികാരമുണ്ട്. ഇതൊക്കെ പരിശോധിക്കാൻ താഴെ തലം മുതൽ സർക്കാർ സംവിധാനമുണ്ട്- സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ മിഷന്റെ പേരിൽ വിവരാവകാശ പ്രവർത്തകനായ സലിം ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിക്ക് മറുപടിയായാണ് സർക്കാർ ഈ കാര്യം വ്യക്തമാക്കിയത്. സർക്കാർ ശമ്പളം നൽകുകയും നിയമനം കോഴ വാങ്ങി മാനേജ്മെന്റുകൾ നടത്തുകയും ചെയ്യുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്താണ് സലിം ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിൽ വന്ന ഹർജിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കഴിയാതെ സർക്കാർ ഒളിച്ചുകളി തുടരുകയായിരുന്നു. ഒടുവിൽ ഹൈക്കോടതിയിൽ നിന്ന് നടപടി വരും എന്ന് മനസിലാക്കിയാണ് മനസില്ലാ മനസോടെ സർക്കാർ സത്യവാങ്മൂലത്തിനു തയ്യാറായത്. ഒരു വർഷം മുൻപ് ഫയൽ ചെയ്യപ്പെട്ട ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തത്. എയിഡഡ് സ്‌കൂൾ-കോളെജ് നിയമനങ്ങളുടെ കാര്യത്തിൽ സർക്കാർ മാനേജ്മെന്റുകൾക്ക് അരുനിൽക്കുകയാണെന്നാണ് പുതിയ സത്യവാങ്മൂലത്തിലൂടെ തെളിയുന്നത്. സർക്കാർ നിലപാട് ആർട്ടിക്കിൾ പതിനാറിന്റെ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാർ പണം നൽകുന്ന സ്ഥാപനങ്ങളിൽ തുല്യനീതി വേണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എയിഡഡ് മാനേജ്മെന്റുകൾ പണം വാങ്ങി നിയമനം നൽകുമ്പോൾ അർഹതയുള്ള ഉദ്യോഗാർത്ഥികൾ പണം കൊടുക്കാൻ കഴിയില്ലെന്ന കാര്യം കൊണ്ട് നിയമനങ്ങളിൽ പിന്നോട്ട് പോവുകയാണ് ചെയ്യുന്നത്. ഇതിനു സർക്കാർ നൽകുന്ന മൗനമായ ഒത്താശയായി മാറി ഈ സത്യവാങ്മൂലം.

ആര് നിയമനം നടത്തുന്നു എന്നതിലല്ല കാര്യം. പിഎസ് സിക്ക് വിടുന്നത് ഒരു നിർദ്ദേശമാണ്. ജില്ലാ ബാങ്ക് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടിട്ട് ആളുകളെ ലഭിക്കുന്നില്ല. ഇതും കണക്കിലെടുക്കണം. അഡ്‌മിഷൻ പിഎസ്‌സിക്ക് വിടാൻ കഴിയില്ലല്ലോ. പക്ഷെ സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനത്തിൽ കൂടുതൽ യുക്തിസഹമായ ഇടപെടലുകൾ സർക്കാർ നടത്തണം. സർക്കാർ ശമ്പളം നടക്കുന്ന സ്ഥാപനങ്ങളിൽ അഴിമതി നടക്കരുത്. എയിഡഡ് കോളെജ്-സ്‌കൂളുകളിൽ അദ്ധ്യാപക നിയമനങ്ങൾക്ക് നിയമനത്തിനു കോഴ വാങ്ങരുത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഈ കോഴ വാങ്ങൽ അശ്രീകരമായ സംഭവമാണ്. ഇത് അങ്ങേയറ്റം ദുഷിച്ചതാണ്. ബി കോമിനു പ്രവേശനത്തിനായി രണ്ടു മുതൽ മൂന്നു ലക്ഷം രൂപവരെ എയിഡഡ് മേഖലയിൽ കോഴ വാങ്ങുന്നുണ്ട്. ഇതൊന്നും മറ്റു സംസ്ഥാനങ്ങളിലില്ല. ഈ കാര്യത്തിൽ സ്വകാര്യ-സ്‌കൂൾ കോളേജുകൾ പുനർവിചിന്തനത്തിനു തയ്യാറാകണം-മുൻ പ്ലാനിങ് ബോർഡ് അംഗവും സിഎംപി ജനറൽ സെക്രട്ടറിയുമായ സി.പി.ജോൺ മറുനാടനോട്പറഞ്ഞു. .

സർക്കാർ സ്‌കൂളുകളിൽ എംപി-എംഎൽഎ ഫണ്ട് വഴി വൻ തുകകൾ മെയിന്റൻസിന് മുടക്കുന്നുണ്ട്. പക്ഷെ ഈ തുകകൾ എയിഡഡ്‌സ്‌കൂളുകൾക്ക് കിട്ടുന്നില്ല. ഈ കാര്യവും പരിഗണിക്കണം. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ പങ്കാളിത്തം തന്നെയാണ് കൂടുതൽ ഉള്ളത്. സർക്കാർ പങ്കാളിത്തം വളരെ കുറവാണ്. ആലപ്പുഴ ജില്ല വിപ്ലവകാരികളുടെ ജില്ലയാണ്. ഇവിടെ ഒരു സർക്കാർ കോളേജുപോലുമില്ല. മെഡിക്കൽ കോളേജ് തന്നെ സ്വകാര്യ മേഖലയിൽ തുടങ്ങി പിന്നീട് സർക്കാർ ഏറ്റെടുത്തതാണ്. പക്ഷെ എന്തായാലും രഹസ്യമായി നിയമനങ്ങൾക്ക് ലക്ഷങ്ങൾ കോഴ വാങ്ങുന്നതിനോട് ഞാൻ യോജിക്കുന്നില്ല. ഈ കാര്യത്തിൽ മാനേജ്‌മെന്റുകൾ പുനർവിചിന്തനം നടത്തണം. നഷ്ടമില്ലാതെ മാനേജ്‌മെന്റുകൾ ഇത് എങ്ങിനെ നടത്തിക്കൊണ്ടു പോകാൻ കഴിയും എന്ന കാര്യത്തിൽ ചർച്ച ആവശ്യമാണ്. പിഎസ് സി വഴി നിയമനം നടത്താൻ നോക്കിയാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആളെ ലഭിക്കാൻ കാലതാമസം വരും. പക്ഷെ നിയമനങ്ങൾക്കും അഡ്‌മിഷനും കൈക്കൂലി വാങ്ങിക്കുന്നില്ലെന്നു മാനേജ്‌മെന്റുകൾ സ്വയം പറയണം. സ്‌കൂൾ അലുമിനികൾ സഹകരണ സൊസൈറ്റിയായി ഇവർക്ക് മാറ്റാം. പല വരുമാനവും ഈ സൊസൈറ്റി വഴി സ്‌കൂൾ-കോളേജുകൾക്ക് ലഭിക്കും. സ്‌കൂൾ കോളേജ് നടത്തിപ്പ് സർക്കാരിനു ഏറ്റെടുക്കാൻ കഴിയില്ല. സ്‌കൂൾ-കോളേജ് മാനേജ്‌മെന്റുകൾക്ക് ഒരു വരുമാന ശ്രോതസ് ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ കോഴവാങ്ങൽ സമ്പ്രദായം അവസാനിപ്പിക്കുകയാണു വേണ്ടത്-സി.പി.ജോൺ പറയുന്നു.

സർക്കാർ ശമ്പളം നൽകുമ്പോൾ നിയമനവും പിഎസ് സിക്ക് തന്നെ നൽകണം-ധനകാര്യ വിദഗ്ദ മേരി ജോർജ് ചൂണ്ടിക്കാട്ടുന്നു. സ്‌കൂൾ-കോളേജ് അദ്ധ്യാപക നിയമനങ്ങൾക്കുള്ള കോഴ തുക വളരെ ഉയർന്നതാണ്. ഒരു കോടി രൂപവരെ കോളെജ് അദ്ധ്യാപക നിയമനങ്ങൾക്ക് കൈമറിയുന്നുണ്ട്. പക്ഷെ ബാധ്യത സർക്കാരിനാണ്. കോടികളാണ് ഈ നിയമനങ്ങൾക്ക്‌സർക്കാരിനു വകയിരുത്തെണ്ടി വരുന്നത്. പെൻഷൻ അടക്കമുള്ള തുക കൂടി ചേർത്താണ് ഞാനിത് പറയുന്നത്. ഇതിലുള്ള വലിയ അപകടം മാനേജ്‌മെന്റിനെ സ്വാധീനിക്കാൻ കഴിയുന്ന എതു കഴിവ് കുറഞ്ഞവനും അദ്ധ്യാപകനാകാൻ കഴിയും. പക്ഷെ അതേ സമയത്ത് പിഎസ് സി വഴിയാണെങ്കിൽ ഈ ദുരന്തം സംഭവിക്കില്ല. ക്വാളിറ്റിയുള്ളവർക്ക് തന്നെയേ അദ്ധ്യാപകരാകാൻ കഴിയൂ. ക്വാണ്ടം ഓഫ് എഡ്യുക്കേഷൻ, ക്വാണ്ടം ഓഫ് ഹെൽത്ത് കെയർ ഇതെല്ലാം നമുക്ക് വളരെ കൂടുതലാണ് ഈ രീതിയിൽ എയിഡഡ് മേഖല ഉള്ളതിനാൽ. പക്ഷെ ക്വാളിറ്റി തുലോം കുറവാണ്. ലോകനിലവാരമുള്ള ഒരു യൂണിവേഴ്‌സിറ്റിയോ കോളെജോ കേരളത്തിലില്ല. കേരളത്തിലില്ല, ഇന്ത്യയിൽ ഉണ്ട് എന്ന് പറയുന്നതിൽ അർത്ഥവും ഇല്ല. ക്വാളിറ്റി വേണമെങ്കിൽ പിഎസ് സി വരണം. രണ്ടാമത് സർക്കാർ ആണ് ശമ്പളം നൽകുന്നത്. അപ്പോൾ സർക്കാരിനു നിയമനങ്ങളിൽ അധികാരം വേണം. ഇത് നടപ്പിലാക്കണം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പബ്ലിക് റിവ്യൂ എക്‌സ്‌പെൻഡിച്ചർ കമ്മറ്റി അംഗമായിരുന്നു ഞാൻ. അന്നത്തെ പബ്ലിക് റിവ്യൂ എക്‌സ്‌പെൻഡിച്ചർ കമ്മറ്റി ഈ കാര്യം മുന്നോട്ടു വെച്ചിട്ടുണ്ട്. നാല് കമ്മറ്റി റിപ്പോർട്ടുകൾ നൽകിയതിൽ നാളിലും ഇത് ഹൈലറ്റ് ചെയ്തിട്ടുണ്ട്. എയിഡഡ് സ്‌കൂൾ-കോളേജ് നിയമനങ്ങൾ പിഎസ് സി തന്നെ നടത്തണം എന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഈ അധികാരം മാനേജ്‌മെന്റിൽ നിന്നും എടുത്ത് മാറ്റണം എന്നാണ് ഞങ്ങൾ റിപ്പോർട്ട് നൽകിയത്-മേരി ജോർജ് പറയുന്നു.

കേരളത്തിലെ സ്വകാര്യ കോളേജ്-സ്‌കൂൾ അദ്ധ്യാപക നിയമനങ്ങൾ പിഎസ്‌സിക്ക് വിടുമെന്ന തീരുമാനമെടുത്തത് ആദ്യത്തെ ഇഎംഎസ് മന്ത്രിസഭയാണ്. അന്നത്തെ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. തുടർന്ന് വന്ന പട്ടം താണുപിള്ള മന്ത്രിസഭയാണ് ഈ തീരുമാനം അട്ടിമറിച്ച് നിയമനം മാനേജ്മെന്റുകൾക്ക് തന്നെ കൈമാറിയത്. കോൺഗ്രസ് സർക്കാർ കൈക്കൊണ്ട നയത്തിൽ നിന്ന് ഒരു മാറ്റവും കേരളത്തിൽ അധികാരത്തിൽ വന്ന സർക്കാരുകൾ നടത്തിയില്ല. ഇപ്പോൾ പിണറായി സർക്കാരും പിന്തുടരുന്നത് പഴയ ഇഎംഎസ് മന്ത്രിസഭയുടെ നയമല്ല, പട്ടം താണുപ്പിള്ളയുടെ കോൺഗ്രസ് സർക്കാർ വരുത്തിയ നയം തന്നെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP