Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൻകോട് മലയിലെ ചെങ്കൽ ക്വാറി: ഉരുൾപൊട്ടി ജീവൻ നഷ്ടമായാലും മാറില്ലെന്ന നിലപാടുമായി താമസക്കാർ; ക്വാറിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തണമെന്ന് നാട്ടുകാർ; ജിയോളജി വകുപ്പും റവന്യു അധികൃതരും വേട്ടക്കാർക്ക് ഒപ്പമെന്ന് ആക്ഷേപം

കണ്ണൻകോട് മലയിലെ ചെങ്കൽ ക്വാറി: ഉരുൾപൊട്ടി ജീവൻ നഷ്ടമായാലും മാറില്ലെന്ന നിലപാടുമായി താമസക്കാർ; ക്വാറിയുടെ പ്രവർത്തനം അടിയന്തരമായി നിർത്തണമെന്ന് നാട്ടുകാർ; ജിയോളജി വകുപ്പും റവന്യു അധികൃതരും വേട്ടക്കാർക്ക് ഒപ്പമെന്ന് ആക്ഷേപം

എം എ എ റഹ്മാൻ

 കോഴിക്കോട്: കണ്ണൻകോട് മലയിൽ ചെങ്കൽ ക്വാറിക്കായി മലതുരന്ന് വെട്ടിത്താഴ്‌ത്തിയതിനാൽ ഏതു നിമിഷവും ഉരുൾപ്പൊട്ടൽ സംഭവിക്കുമെന്ന് അധികൃതർ. എന്നാൽ ക്വാറിയുടെ പ്രവർത്തനം നിർത്താൻ നടപടിയെടുക്കാതെ താമസക്കാരെ മാറ്റിപ്പാർപ്പിച്ച് ചെങ്കൽ ഖനനത്തിന് ഒത്താശ ചെയ്യാനാണ് അധികൃതർ ശ്രമിക്കുന്നതെങ്കിൽ മരിക്കേണ്ടി വന്നാലും മാറി താമസിക്കില്ലെന്നു ഇവിടുത്തെ കുടുംബങ്ങൾ. വില്ലേജ് ഓഫിസർ കഴിഞ്ഞ ദിവസം പ്രദേശത്തെത്തി ഇന്നു തന്നെ താമസം മാറണമെന്നും റെഡ് അലേർട്ട് നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടലുൾപ്പെടെയുള്ളവക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിരുന്നു.

വർഷങ്ങളായി ചെങ്കല്ലുവെട്ടി ഓമശേരി കണ്ണൻകോട് മല തുരന്നു താഴ്‌ത്തിയിട്ടും അവിടെ ക്വാറിയുടെ പ്രവർത്തനം നിർത്താൻ സ്റ്റോപ് മെമോ കൊടുക്കേണ്ടതിനു പകരം താമസക്കാർ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന നിലപാടിനെതിരേ പ്രദേശത്ത് വൻ ജനരോഷമാണ് ഉണ്ടായിരിക്കുന്നത്. ക്വാറി നടത്തുന്നവരുടെ രാഷ്ട്രീയ മാഫിയാ ബന്ധങ്ങളാണ് റവന്യൂ, ജിയോളജി അധികൃതർ ഇത്തരത്തിൽ വിചിത്രമായ ഉത്തരവിന് ഇടയാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മിക്കപ്പോഴും വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും ഇവിടുത്തെ ആളുകൾ പറയുന്നു.

പരമാവധി ഇന്നു തന്നെ വീടു മാറണമെന്നു ദിവസങ്ങൾക്ക് മുൻപ് വില്ലേജ് ഓഫിസർ പറഞ്ഞതായി സ്ഥലവാസിയായ വീട്ടമ്മ വ്യക്തമാക്കി. ജിയോളജി വകുപ്പ് വന്ന് പഠനം നടത്തിയിട്ടുണ്ടെന്നും പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമായെന്നുമാണ് വില്ലേജ് ഓഫിസർ പറഞ്ഞിരുന്നത്. റെഡ് അലേർട്ട് വരുമ്പോൾ നമ്മൾ മാറണം. ഇനിയും റെഡ് അലേർട്ട് ഉണ്ടാവില്ലെ അപ്പോഴെല്ലാം താമസിക്കുന്നവർ മാറേണ്ടുന്ന സാഹചര്യം വരുമെന്നതിനാൽ എവിടേക്കാണ് മറ്റൊരു കിടപ്പാടമില്ലാത്തവർ മാറുകയെന്നും ഇവർ ചോദിച്ചു. ഈ പഠനം നടത്തിയ ജിയോളജി വകുപ്പ് തന്നെയാണല്ലോ ക്വാറിക്ക് പ്രവർത്തനാനുമതി നൽകുന്നതെന്ന ഈ വീട്ടമ്മയുടെ ചോദ്യത്തിനും അധികൃതരിൽനിന്ന് ഒരു ഉത്തരവുമില്ല. സമീപത്തെ പുത്തൂരിലുള്ള സ്‌കൂളിലേക്കു മാറാനാണ് അധികൃതർ ഇരുപതോളം കുടുംബങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ജീവൻ പോയാലും ഇവിടെ തന്നെ തുടരുമെന്ന നിലപാടിലാണ് ഇവിടെയുള്ള കുടുംബങ്ങൾ.

പത്തു വർഷത്തിലധികമായി ഇവിടെ ക്വാറി പ്രവർത്തിക്കുകയാണ്. മലയുടെ നല്ലൊരുഭാഗം ഏക്കറുകളോളം കുളംപോലെ ഖനനം നടത്തി താഴ് ത്തിയിട്ടുണ്ട്. ഇനിയും ഇവിടെ കൂടുതൽ ഖനനം നടത്തിയാൽ മലയുടെ ബാക്കിയായ ഭാഗങ്ങളും അരികിലുള്ള കൂറ്റൻ പാറക്കെട്ടുകളുമെല്ലാം ഇടിഞ്ഞുവീണ് തൊട്ടുതാഴെയുള്ള വീടും മനുഷ്യരുടെ ജീവിതവുമെല്ലാം ഇല്ലാതാവുന്ന സ്ഥിതിയിലേക്കാണ് എത്തിയിരിക്കുന്നതെന്ന വാർഡ് മെംബർ പങ്കജാക്ഷി ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നു.

ഓമശേരി ടൗണിനോടു ചേന്നാണ് കണ്ണൻകോട് മലയുടെ സ്ഥാനം. മലയുടെ നാലുഭാഗത്തും താമസിക്കുന്നവർ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന നിർദ്ദേശമാണ് റവന്യു വകുപ്പ് അധികൃതർ താമസക്കാർക്ക് ആഴ്ചകൾക്ക് മുൻപ് നൽകിയിരിക്കുന്നത്. വൻതോതിൽ ഖനനം നടക്കുന്ന ഇവിടെ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ തന്നെ മുന്നറിയിപ്പ് നൽകുമ്പോൾ ക്വാറിയാണോ, മനുഷ്യന്റെ ജീവനാണോ സർക്കാരിനും അധികാരികൾക്കും വലുതെന്ന ചോദ്യമാണ് ഉയരുന്നത്. ഒരു ഭാഗത്തെ കല്ലു തീരുമ്പോൾ പതിയ ഭാഗത്ത് ഖനനം തുടങ്ങുതാണ് ഇവിടുത്തെ പ്രവർത്തന രീതി.

മണ്ണിന്റെ മുകൾ ഭാഗത്തെ ഉറപ്പുള്ള ചെങ്കൽ പാറകൾ യാതൊരു മാനദണ്ഡവും പാലിക്കാതെ വെട്ടിക്കടത്തുന്നതിനാൽ അടിഭാഗത്തുള്ള ഉറപ്പു കുറഞ്ഞ മണ്ണിൽ പെയ്യുന്ന മഴ മുഴുവൻ സ്പോഞ്ചിലെന്നപോലെ വലിച്ചെടുക്കപ്പെടുകയും ജലത്തിന്റെ മർദം പാരമ്യത്തിലെത്തുന്നതോടെ മല ഒന്നാകെ താഴോട്ടു പൊട്ടിച്ചിതറുന്നതുമായ ഭയാനകമായ അവസ്ഥയാവും സംജാതമാവുക. 5, 17 വാർഡുകളിലെ നൂറോളം കുടുംബങ്ങളാണ് ഇവിടെ ഭീതിയോടെ കഴിയുന്നത്. 10 വർഷം മുൻപ് പഞ്ചായത്തിലും മറ്റും പരാതി നൽകി ക്വാറി ആരംഭിച്ചപ്പോൾ പ്രവർത്തനം നിർത്തിവപ്പിച്ചിരുന്നു. പിന്നീട് അധികൃതരുടെ ഒത്താശയോടെ അധികം വൈകാതെ കൂടുതൽ ശക്തമായി ക്വാറിയുടെ പ്രവർത്തനം നടത്തിപ്പുകാർ പുനരാരംഭിക്കുകയായിരുന്നു. ദിനേനേ നിരവധി ലോറികളാണ് ഈ മലമുകളിൽനിന്നു ചെങ്കല്ലുമായി വിവിധ ഇടങ്ങളിലേക്കു പോകുന്നത്.

മങ്ങാട്, കായലുംപാറ, നായാട്ടുപാറ, അമ്പലത്തിങ്ങൽ, കാട്ടുമുണ്ട തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ക്വാറി ഭീഷണിയാവുന്നത്. ഗ്രാമപഞ്ചായത്ത് ഭരണ സമിതി വിഷയം ചർച്ച ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ല. ഇതിന് കാരണം ക്വാറി നടത്തുന്നവരുടെ രാഷ്ട്രീയ സ്വാധീനമാണെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്. മൂന്നു കുടുംബങ്ങൾ ഇവിടെ നിന്ന് ഭീതി കാരണം വീടു വിറ്റുപോയി. ഇവിടെ മറ്റൊരു ക്വാറിക്കുകൂടി അനുമതി നൽകാനുള്ള നീക്കങ്ങൾ അധികൃതർ ആരംഭിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP