Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

'ശ്രീകൃഷ്ണൻ ജനിച്ചത് യുപിയിലെ മഥുരയിലുള്ള ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നിടത്ത്; മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം തകർത്തത് മുഗൾ ആക്രമണകാരിയായിരുന്ന ഔറംഗസീബ്; ശ്രീകൃഷ്ണ ജന്മഭൂമിയിലെ മുസ്ലിം പള്ളി നീക്കം ചെയ്യണം'; ഹർജി തള്ളി മഥുര സിവിൽ കോടതി; ബാബറി മസ്ജിദ് തകർത്ത കേസിന്റെ വിധി വന്ന അന്നുതന്ന ഈ വിധിയുമെന്നത് ചരിത്രത്തിന്റെ കാവ്യനീതി; രാമജന്മഭൂമി പ്രശ്നത്തിനുശേഷം സംഘപരിവാർ ശ്രദ്ധ ശ്രീകൃഷ്ണ ജന്മഭൂമിയിലേക്കോ?

'ശ്രീകൃഷ്ണൻ ജനിച്ചത് യുപിയിലെ മഥുരയിലുള്ള ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നിടത്ത്; മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം തകർത്തത് മുഗൾ ആക്രമണകാരിയായിരുന്ന ഔറംഗസീബ്; ശ്രീകൃഷ്ണ ജന്മഭൂമിയിലെ മുസ്ലിം പള്ളി നീക്കം ചെയ്യണം'; ഹർജി തള്ളി മഥുര സിവിൽ കോടതി; ബാബറി മസ്ജിദ് തകർത്ത കേസിന്റെ വിധി വന്ന അന്നുതന്ന ഈ വിധിയുമെന്നത് ചരിത്രത്തിന്റെ കാവ്യനീതി; രാമജന്മഭൂമി പ്രശ്നത്തിനുശേഷം സംഘപരിവാർ ശ്രദ്ധ ശ്രീകൃഷ്ണ ജന്മഭൂമിയിലേക്കോ?

എം മാധവദാസ്

ന്യൂഡൽഹി: മതകാലുഷ്യങ്ങൾകൊണ്ട് ഏറെ ചോര വീണ മണ്ണാണ് ഇന്ത്യയുടേത്. രാമജന്മഭൂമി പ്രശ്നത്തിന്റെ പേരിൽ ചെറുതു വലുതുമായ നാൽപ്പതോളം കലാപങ്ങളിൽ രണ്ടായിരത്തോളം പേരുടെ ജീവനാണ് ഈ നാട്ടിൽ നഷ്ടമായത്. ഇപ്പോൾ ബാബറി മസ്ജിദ് പൊളിച്ച കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി വന്ന അതേ ദിവസം തന്നെ, ചരിത്രത്തിന്റെ കാവ്യ നീതിപോലെ ഉത്തർ പ്രദേശിലെ മഥുരയിൽനിന്നും മറ്റൊരു വിധി വന്നു. ഇവിടുത്തെ ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേർന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് മഥുര സിവിൽ കോടതി തള്ളിയത്. കഴിഞ്ഞ ആഴ്ചയാണ് പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ 13.37 ഏക്കർ സ്ഥലത്താണ് മസ്ജിദ് ഉള്ളതെന്നാണ് ഹരജിയിൽ ഉന്നയിക്കുന്ന അവകാശവാദം.

മഥുരയിലെ കൃഷ്ണ ക്ഷേത്രം തകർത്തത് 'മുഗൾ ആക്രമണകാരി'യായിരുന്ന ഔറംഗസീബാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.ചില മുസ്ലിങ്ങളുടെ സഹായത്തോടെ ശ്രീകൃഷ്ണ ജനമാസ്താൻ ട്രസ്റ്റിന്റെയും 'ദേവന്റെ'യും ഭൂമി കൈയേറ്റം ചെയ്യുകയും മസ്ജിദ് പണിയുകയും ചെയ്തുവെന്ന് ഹരജിയിൽ അവകാശപ്പെടുന്നു. ഹരജിക്കാർക്ക് ചില സംഘപരിവാർ നേതാക്കളുടെയും തീവ്രഹിന്ദുത്വവാദികളുടെയും പിന്തുണയും ഉണ്ട്. എന്നാൽ ജനങ്ങൾ ഈ നീക്കത്തിന് എതിരാണ്. ഹരജിയ്‌ക്കെതിരെ മഥുരയിലെ പുരോഹിത സംഘം രംഗത്തെത്തിയിരിക്കുകയാണ്. മഥുരയിലെ സമാധാനം തകർക്കാൻ പുറത്തുനിന്നും ചിലർ ശ്രമിക്കുന്നുവെന്നാണ് അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ അധ്യക്ഷൻ മഹേഷ് പഥക് പറഞ്ഞത്. ക്ഷേത്രവും പള്ളിയും സംബന്ധിച്ച് യാതൊരു തർക്കവും നിലവിൽ മഥുരയിൽ നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇതുസംബന്ധിച്ച ഒത്തുതീർപ്പുകൾ നടന്നിരുന്നതാണ്. ഇപ്പോൾ ഉന്നയിക്കുന്ന തർക്കം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകൾ ഈ വിഷയം നേരത്തെ ഉന്നയിച്ചതാണ്. രാമജൻഭൂമിക്ക് ശേഷം കൃഷ്ണ ജന്മഭൂമി അടുത്ത വിഷയമായി ഇവർ ഉയർത്തുമോ എന്ന ആശങ്കയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 17ാം നൂറ്റാണ്ടിലാണ് ഈദ്ഗാഹ് പള്ളി നിർമ്മിച്ചത്. മഥുരയിലുള്ള ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നിടത്താണ് കൃഷ്ണൻ ജനിച്ചതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അഡീഷണൽ ജില്ലാ ജഡ്ജ് ഛയ്യ ശർമയാണ് ഹരജി പരിഗണിച്ചത്.മഥുരയിലെ കത്ര കേശവ് ദേവ് ക്ഷേത്രവും ഈദ്ഗാഹ് പള്ളിയും തൊട്ടടുത്താണ്. പള്ളി നീക്കി ഈ സ്ഥലം പൂർണമായും അമ്പലത്തിന് കൈമാറണമെന്നാണ് ആവശ്യം. സമാനമായ ചില വാദങ്ങൾ ഉയർന്ന 1960കളിൽ അന്ന് പള്ളി-ക്ഷേത്ര ഭാരവാഹികൾ ചർച്ച നടത്തുകയും നിലവിലുള്ള സ്ഥിതി തുടരാമെന്ന് കരാറുണ്ടാക്കുകയും ചെയ്തു. ഈ കരാറിന് മഥുര കോടതി 1968ൽ അംഗീകാരം നൽകിയിരുന്നു. ചരിത്രപരമായും മറ്റും ഇത്തരം കാര്യങ്ങൾക്ക് യാതൊരു തെളിവുമില്ലെന്നാണ് ആർക്കിയോളിക്കൽ വിദഗ്ദ്ധർ പറയുന്നത്. പക്ഷേ ഇതിന്റെ പേരിൽ ഇന്ത്യ അടുത്ത സംഘർഷത്തിന് വേദിയാവുമോ എന്ന് ആശങ്കയുണ്ടെന്ന് പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കാശിയും മഥുരയും ബാക്കിയാണെന്ന് സംഘ്പരിവാർ

.രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു മുദ്രാവാക്യം അവസാനിച്ചത് 'കാശിയും മഥുരയും ബാക്കിയാണ്' എന്നു പറഞ്ഞുകൊണ്ടാണ്. അടിയന്തരമായി തിരിച്ചുപിടിക്കേണ്ട ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ വിഎച്ച്പി ഈപ്രശ്നവും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
അയോധ്യയിൽ ബാബറി മസ്ജിദ് തകർത്ത് രാമ ക്ഷേത്ര നിർമ്മാണം തുടങ്ങിയതിന്റെ ആവേശത്തിൽ വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും മഥുരയിലെ കൃഷ്ണ ജന്മഭൂമിയും'മോചിപ്പി'ക്കുന്നതിന് പ്രചാരണ, നിയമ പ്രവർത്തനങ്ങൾ തുടങ്ങാൻ ഹിന്ദുത്വ സംഘടനകൾ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞമാസം പ്രയാഗ്ിൽ ചേർന്ന അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ യോഗത്തിലാണ് ഈ വിഷയങ്ങൾ ഉന്നയിച്ച് പ്രചാരണം സജീവമാക്കാൻ തീരുമാനിച്ചത്.

രാമക്ഷേത്ര നിർമ്മാണത്തിനുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നും ഇനി കാശി, മഥുര മോചനത്തിനുള്ള സമയമാണിതെന്ന് അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര സിങ് പറഞ്ഞത്. വാരണസിയിലെ ഗ്യാൻ വ്യാപി പള്ളിയും മഥുര ഈദ്ഗാഹും വിട്ടുനൽകണമെന്നാണ് പരിഷത്തിന്റെ ആവശ്യം. മുസ്ലിം സംഘടനകളുമായി ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമോ എന്ന് ശ്രമിക്കും പരിഹാരമുണ്ടായില്ലെങ്കിൽ നിയമപരമായി നീങ്ങാനാണ് തീരുമാനം. ആർഎസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പിന്തുണയും തേടുന്നുണ്ട്.കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മതിലിനോട് ചേർന്നാണ് ഗ്യാൻവാപി മോസ്‌കിന്റെ മതിൽ. മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെ സമീപത്താണ് ഷാഹി ഇദ്ഗാഹ് പള്ളി. രണ്ടും പൊളിച്ചുമാറ്റണമെന്നാണ് സന്യാസ സംഘടനയുടെ ആവശ്യം

.

മഥുര ക്ഷേത്രത്തിന് സമീപത്തെ മുസ്ലിം പള്ളി നീക്കം ചെയ്യണമെന്ന് 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 80 ഹിന്ദു സന്യാസിമാരുടെ കഴിഞ്ഞ മാസം നടന്ന യോഗം ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിനായി നിർമ്മിച്ച ട്രസ്റ്റിന്റെ മാതൃകയിൽ ശ്രീകൃഷ്ണ ജന്മഭൂമി ന്യാസ് രൂപീകരിക്കാനും തീരുമാനിച്ചിരുന്നു. ആർഎസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും പിന്തുണയോടെയാണ് കാശി മഥുര മോചന പ്രചാരണ നീക്കം. അയോധ്യക്ക് പിന്നാലെ കാശി, മഥുര മോചനത്തിനായി പ്രചാരണം തുടങ്ങുമെന്ന് വിഎച്ച്പി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിൽ നരേന്ദ്ര മോദിയും ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥും ഭരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ നീക്കം എളുപ്പത്തിൽ വിജയിക്കുമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ പ്രതീക്ഷ. പക്ഷേ അതിന് രാജ്യം എത്ര മനുഷ്യരെ
കുരുതി കൊടുക്കേണ്ടി വരുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP