Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനേക്കാൾ വലിയ രോഗം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണെന്ന് പറഞ്ഞ് ഇന്ത്യയ്‌ക്കെതിരെ അഫ്രീദി ഉയർത്തിയത് നിരന്തര ആക്ഷേപം; ഇപ്പോൾ ഏറ്റവും വേഗത്തിൽ രോഗമുക്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലും; അഫ്രീദി രോഗ കിടക്കയിലാകുമ്പോൾ രാഷ്ട്രീയം പറയാതെ എത്രയും വേഗം സുഖം പ്രാപിക്കട്ടേ എന്ന് ആശംസിച്ച് ഡൽഹിയിലെ ലോക്‌സഭാ അംഗവും; ഇന്ത്യാ വിരുദ്ധത പ്രചരിപ്പിച്ച് നടന്ന അഫ്രീദിക്കും മഹാമാരി; വൈറലായി ഗൗതം ഗംഭീറിന്റെ വാക്കുകളും

ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനേക്കാൾ വലിയ രോഗം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണെന്ന് പറഞ്ഞ് ഇന്ത്യയ്‌ക്കെതിരെ അഫ്രീദി ഉയർത്തിയത് നിരന്തര ആക്ഷേപം; ഇപ്പോൾ ഏറ്റവും വേഗത്തിൽ രോഗമുക്തിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലും; അഫ്രീദി രോഗ കിടക്കയിലാകുമ്പോൾ രാഷ്ട്രീയം പറയാതെ എത്രയും വേഗം സുഖം പ്രാപിക്കട്ടേ എന്ന് ആശംസിച്ച് ഡൽഹിയിലെ ലോക്‌സഭാ അംഗവും; ഇന്ത്യാ വിരുദ്ധത പ്രചരിപ്പിച്ച് നടന്ന അഫ്രീദിക്കും മഹാമാരി; വൈറലായി ഗൗതം ഗംഭീറിന്റെ വാക്കുകളും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ നിരന്തര ആക്ഷേപങ്ങളാണ് ഷാഹിദ് അഫ്രീദി എന്ന ക്രിക്കറ്റർ ഈ അടുത്ത കാലത്ത് ഉന്നയിച്ചു പോന്നത്. എല്ലാ കാര്യത്തിലും ഇന്ത്യയെ കുറ്റപ്പെടുത്താനെത്തിയ പാക്കിസ്ഥാനി. എല്ലാത്തിനും ഉരുളയ്ക്കുപ്പേരി പോലെ മറുപടിയും കിട്ടി. 'ലോകം മുഴുവൻ വ്യാപിച്ച കൊറോണ വൈറസിനേക്കാൾ വലിയ രോഗം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സിലാണ്' പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ഇങ്ങനെ പോലും പറഞ്ഞു വച്ചു. ദിവസങ്ങൾ മാത്രം പിന്നിട്ടുകഴിഞ്ഞപ്പോൾ അതേ അഫ്രീദി തന്നെ ഈ മഹാമാരിയുടെ പിടിയിലായി. ശനിയാഴ്ച ട്വിറ്ററിലെ പോസ്റ്റിൽ അഫ്രീദി തന്നെയാണ് തന്റെ രോഗവിവരം പുറംലോകത്തെ അറിയിച്ചത്.

ലോക്ഡൗൺ കാലത്ത് പാക്ക് അധീന കശ്മീരിൽവച്ചാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അധിക്ഷേപിച്ച് ഷാഹിദ് അഫ്രീദി വിവാദം സൃഷ്ടിച്ചത്. 'ഇന്നിതാ ഞാൻ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്ന് ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. ഈ ലോകമിന്ന് ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. എന്നാൽ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ മാത്രം വിന്യസിച്ചത്.' - അഫ്രീദി പറഞ്ഞു. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അഫ്രീദി അവകാശപ്പെട്ടിരുന്നു. അങ്ങനെ പാക് സൈന്യത്തെ സുഖിപ്പിച്ച് പാക്കിസ്ഥാനിൽ താരമാകാൻ ശ്രമിക്കുകയായിരുന്നു അഫ്രീദി. രാഷ്ട്രീയ മോഹങ്ങളോടെ ഇടപെട്ട ക്രിക്കറ്റർ.

അഫ്രീദിക്ക് ചുട്ട മറുപടി നൽകിയതിൽ പ്രമുഖനായിരുന്നു ഇന്ത്യയുടെ മുൻ ക്രിക്കറ്റർ ഗൗതം ഗംഭീർ. ക്രിക്കറ്റ് വിട്ടശേഷം ഗംഭീർ ബിജെപിയിൽ ചേർന്ന് ലോക്‌സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി ചർച്ചകളിൽ ഇടം നേടുകയും ചെയ്തു. അഫ്രീദി പറഞ്ഞതിനെല്ലാം കൃത്യമായി ഗംഭീർ മറുപടി നൽകി. . അതുകൊണ്ടുതന്നെ, ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ ഗംഭീറിന്റെ പ്രതികരണം ഏവരും പ്രതീക്ഷിച്ചു.

് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ച വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീർ. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗംഭീർ, അഫ്രീദി രോഗത്തിൽനിന്ന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. 'സലാം ക്രിക്കറ്റ് 2020' എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അഫ്രീദിയുടെ രോഗവിഷയത്തിൽ ഗംഭീർ പ്രതികരിച്ചത്. 'ഈ വൈറസ് ആർക്കും ബാധിക്കാതിരിക്കട്ടെ. ഷാഹിദ് അഫ്രീദിയുമായി എനിക്ക് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നത് ശരിയാണ്. എങ്കിലും അദ്ദേഹം എത്രയും വേഗം രോഗമുക്തനായി കാണാനാണ് എനിക്കിഷ്ടം. ഇന്ത്യയിലും കോവിഡ് ബാധിച്ചവർ എത്രയും വേഗം സുഖപ്പെടട്ടെ' ഗംഭീർ വ്യക്തമാക്കി.

'എനിക്ക് ഈ രാജ്യത്തെ ആളുകളെക്കുറിച്ചും ആശങ്കയുണ്ട്. പാക്കിസ്ഥാൻ ഇന്ത്യയെ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആദ്യം അവർ അവരുടെ സ്വന്തം ആളുകളെ സഹായിക്കട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അവർ സഹായം വാഗ്ദാനം ചെയ്തതൊക്കെ നല്ല കാര്യം. അതിൽ എനിക്ക് നന്ദിയുമുണ്ട്. പക്ഷേ, ആദ്യം അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം' ഗംഭീർ പറഞ്ഞു. അങ്ങനെ അഫ്രീദിക്ക് രോഗ ശാന്തി നേർന്നും ഗംഭീർ താരമായി.

പാക്ക് അധീന കശ്മീരിൽ അഫ്രീദി നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്താവനയിൽ പ്രതിസന്ധിയിലായത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങുമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ പാക്കിസ്ഥാനിൽ സാധാരണക്കാർക്കു സഹായമെത്തിക്കുന്നതിനായി സജീവ പ്രവർത്തനങ്ങളിലായിരുന്നു അഫ്രീദിയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും. ഈ പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ചും സഹായിക്കാൻ മറ്റുള്ളവരെ ആഹ്വാനം ചെയ്തും രംഗത്തെത്തിയതാണ് യുവരാജിനും ഹർഭജനും വിനയായത്. മോദി വിരുദ്ധ പരാമർശത്തോടെ യുവരാജും ഹർഭജനും അഫ്രീദിയെ തള്ളി പറഞ്ഞു.

യുവരാജും ഹർഭജനും മാനവസ്‌നേഹം ഉയർത്തി ഈ സന്നദ്ധപ്രഖ്യാപനം ന്യായീകരിച്ച് പിടിച്ചുനിൽക്കുമ്പോഴായിരുന്നു അഫ്രീദിയുടെ പാക്ക് അധീന കശ്മീർ സന്ദർശനവും വിവാദ പ്രസ്താവനയും. ഇതോടെ ഇരുവരും അഫ്രീദിയെ തള്ളിപ്പറയുകയും അഫ്രീദിയുമായി ഇനിമുതൽ യാതൊരുവിധ സഹകരണത്തിനുമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ശിഖർ ധവാനും അന്ന് അഫ്രീദിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

നേരത്തെ, ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച വിവരം അഫ്രീദി വെളിപ്പെടുത്തിയത്. 'വ്യാഴാഴ്ച മുതൽ എനിക്ക് നല്ല സുഖമില്ലായിരുന്നു. ശരീരത്തിന് നല്ല വേദനയുണ്ടായിരുന്നു. തുടർന്ന് ഞാൻ പരിശോധനയ്ക്ക് വിധേയനായി. നിർഭാഗ്യവശാൽ കോവിഡ് 19 സ്ഥിരീകരിച്ചു. ഏറ്റവും വേഗത്തിൽ രോഗമുക്തി നേടുന്നതിന് എല്ലാവരും പ്രാർത്ഥിക്കണം. ഇൻഷാ അള്ളാ.. #COVID19 #pandemic #hopenotout #staysafe #stayhome എന്നീ ഹാഷ്ടാഗുകൾ സഹിതം അഫ്രീദി കുറിച്ചു. ഇതിനു പിന്നാലെ ഒട്ടേറെ കായികതാരങ്ങളാണ് സൗഖ്യം ആശംസിച്ച് രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP