Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

അച്ഛനും അമ്മയും വെടിയേറ്റ് വീണതോടെ അനുജനെ ചേർത്ത് പിടിച്ച് എകെ 47 കയ്യിലെടുത്തു; മാതാപിതാക്കളുടെ ജീവന് പകരം പതിനാറുകാരി കൊന്നുതള്ളിയത് മൂന്ന് താലിബാൻ ഭീകരരെ; അഫ്​ഗാനിസ്ഥാനിലെ ഖമർ ഗുൽ എന്ന പെൺകുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ച് സൈബർ ലോകം

അച്ഛനും അമ്മയും വെടിയേറ്റ് വീണതോടെ അനുജനെ ചേർത്ത് പിടിച്ച് എകെ 47 കയ്യിലെടുത്തു; മാതാപിതാക്കളുടെ ജീവന് പകരം പതിനാറുകാരി കൊന്നുതള്ളിയത് മൂന്ന് താലിബാൻ ഭീകരരെ; അഫ്​ഗാനിസ്ഥാനിലെ ഖമർ ഗുൽ എന്ന പെൺകുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ച് സൈബർ ലോകം

മറുനാടൻ ഡെസ്‌ക്‌

കാബൂൾ: മാതാപിതാക്കളെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വെടിവെച്ച് കൊന്ന 16-കാരിക്ക് ലോകത്തിന്റെ അഭിനന്ദനപ്രവാഹം. കൺമുന്നിൽ വെച്ച് സ്വന്തം അച്ഛനെയും അമ്മയേയും താലിബാൻ ഭീകരർ വെടിവെച്ച് കൊല്ലുന്നത് കണ്ടതോടെയാണ് അനുജനെ അടുക്കിപ്പിടിച്ച് പതിനാറുകാരി തോക്കെടുത്ത് അക്രമികളെ വകവരുത്തിയത്. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം. ഖമർ ഗുൽ എന്ന പെൺകുട്ടിയാണ് താലിബാൻ ഭീകരർക്കെതിരേ ഒറ്റയ്ക്ക് പോരാടിയത്. എകെ-47 തോക്കുമായി ഭീകരരെ നേരിട്ട പെൺകുട്ടി മൂന്ന് ഭീകരരെയാണ് വധിച്ചത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഖമർ ​ഗുൽ ആണ് താരം.

സർക്കാർ അനുകൂലിയായ പിതാവിനെ തിരഞ്ഞാണ് ആയുധധാരികളായ താലിബാൻ സംഘം ജൂലായ് 17-ന് രാത്രി ഖമറിന്റെ വീട്ടിലെത്തിയത്. അന്ന് രാത്രി സംഭവിച്ച കാര്യങ്ങൾ പ്രവിശ്യ ഗവർണറുടെ വക്താവ് മുഹമ്മദ് ആരിഫ് അബീർ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. രാത്രി ഒരു മണിയോടെയാണ് താലിബാൻ സംഘം ഖമറിന്റെ പിതാവിനെ തിരഞ്ഞ് വീട്ടിലെത്തിയത്. ആരാണ് വാതിലിൽ മുട്ടുന്നതെന്ന് നോക്കിയപ്പോൾ ആയുധധാരികളെയാണ് ഖമറിന്റെ മാതാവ് കണ്ടത്. അവർ വാതിൽ തുറക്കാൻ വിസമ്മതിച്ചു. എന്നാൽ നിമിഷങ്ങൾക്കകം ഖമറിന്റെ മാതാവിനെ വെടിവെച്ച് കൊന്ന് അവർ വീടിനകത്തേക്ക് കയറി.

വീട്ടിൽ കയറിയതിന് പിന്നാലെ പിതാവിനെയും വെടിവെച്ചു കൊന്നു. ഖമറിന്റെ കൺമുന്നിലാണ് രണ്ടുപേരും വെടിയേറ്റ് വീണത്. എന്നാൽ ഖമർ തളർന്നില്ല. പിതാവിന്റെ കൈവശമുണ്ടായിരുന്ന എകെ-47 തോക്ക് കൈയിലെടുത്ത് അവൾ ഭീകരർക്ക് നേരേ നിറയൊഴിച്ചു. വീട്ടിലുണ്ടായിരുന്ന 12-കാരനായ അനിയൻ ഹബീബുള്ളയെ ഒപ്പംചേർത്തുനിർത്തി സംരക്ഷിച്ചായിരുന്നു അവൾ പോരാടിയത്. മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.

“വീടിനുള്ളിലുണ്ടായിരുന്ന ഖമർ ഗുൽ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന എകെ 47 തോക്ക് എടുത്ത് മാതാപിതാക്കളെ കൊന്ന രണ്ട് താലിബാൻ തീവ്രവാദികളെ ആദ്യം വെടിവച്ചു കൊന്നു, തുടർന്ന് കുറച്ച് പേർക്ക് പരിക്കേറ്റു,” ലോക്കൽ പൊലീസ് മേധാവി ഹബീബുരഹ്മാൻ മാലെക്സഡ പറഞ്ഞു. വെടിവെപ്പ് കണ്ട് പുറത്തുണ്ടായിരുന്ന താലിബാൻ ഭീകരരും ആക്രമണത്തിനിറങ്ങി. എന്നാൽ സംഭവമറിഞ്ഞെത്തി ഗ്രാമവാസികളും സർക്കാർ അനുകൂല സേനയും ഇവരെ തുരത്തി. ഒരു മണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിന് ശേഷം ഖമറിനെയും സഹോദരനെയും സർക്കാർ അധികൃതർ പ്രവിശ്യയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആദ്യത്തെ രണ്ട് ദിവസം ഇരുവരും അധികം സംസാരിച്ചില്ലെന്നും ഞെട്ടൽ മാറിയിട്ടുണ്ടായിരുന്നില്ലെന്നും ഗവർണറുടെ വക്താവ് വ്യക്തമാക്കി. പക്ഷേ, ഇപ്പോൾ കുട്ടികൾ രണ്ടുപേരും എല്ലാം തരണംചെയ്തെന്നും അവരുടെ മാനസികനില മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാതാപിതാക്കളെ കൊന്ന ഭീകരരെ വധിച്ച ഖമർ ഗുലിനെ അഭിനന്ദിച്ച് സാമൂഹികമാധ്യമങ്ങളിലടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഖമർ തോക്കുമായി നിൽക്കുന്ന ചിത്രവും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഖമറിന്റെ ധീരതയെ അഫ്ഗാൻ സർക്കാരും പ്രശംസിച്ചു. ഖമറിനെയും സഹോദരനെയും പ്രസിഡന്റ് അഷ്റഫ് ഗനി അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഗുൽ 14 നും 16 നും ഇടയിൽ പ്രായമുള്ളയാളാണെന്ന് വിവിധ ഉദ്യോഗസ്ഥർ പറയുന്നു. പല അഫ്ഗാനികൾക്കും അവരുടെ കൃത്യമായ പ്രായം അറിയാതിരിക്കുന്നത് സാധാരണമാണ്. സംഭവത്തിന് ശേഷം നിരവധി താലിബാൻ തീവ്രവാദികൾ പിന്നീട് അവളുടെ വീടിനെ ആക്രമിക്കാൻ എത്തി. എന്നാൽ ചില ഗ്രാമീണരും സർക്കാർ അനുകൂല സൈനികരും അവരെ തുരത്തി ഓടിച്ചു. കാബൂളുമായുള്ള സമാധാന ചർച്ചയ്ക്ക് സമ്മതിച്ചിട്ടും സുരക്ഷാ സേനയ്‌ക്കെതിരെ തീവ്രവാദികൾ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. സർക്കാരിനോ സുരക്ഷാ സേനയ്‌ക്കോ വിവരങ്ങൽ കൈമാറുന്നവർഎന്ന് സംശയിക്കുന്ന ഗ്രാമീണരെ താലിബാൻ ഭീകരർ പതിവായി കൊല്ലുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP