Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാദ്ധ്യമങ്ങൾ മാപ്പെഴുതി പ്രസിദ്ധീകരിക്കണം; ചർച്ചകളിൽ എഡിറ്റർമാർ പങ്കെടുക്കണം; പ്രശ്‌നക്കാരായ അഞ്ചുപേർക്കെതിരെ നടപടിവേണം; പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിഫലമാക്കി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അഭിഭാഷകർ

മാദ്ധ്യമങ്ങൾ മാപ്പെഴുതി പ്രസിദ്ധീകരിക്കണം; ചർച്ചകളിൽ എഡിറ്റർമാർ പങ്കെടുക്കണം; പ്രശ്‌നക്കാരായ അഞ്ചുപേർക്കെതിരെ നടപടിവേണം; പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിഫലമാക്കി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അഭിഭാഷകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭിഭാഷക- മാദ്ധ്യമ തർക്കം പരിഹരിക്കുന്നതിന് ശ്രമങ്ങൾ തുടരുന്നതിനിടെ കടുത്ത നിലപാടുമായി ഹൈക്കോടതി അഡ്വക്കെറ്റ്‌സ് അസോസിയേഷൻ രംഗത്തെത്തി. തർക്കപരിഹാരം കാണുന്നതിന് നാളെ അഡ്വ.ജനറലിന്റെ നേതൃത്വത്തിൽ യോഗം ചേരാനിരിക്കെ ഇന്നു ചേർന്ന അസോസിയേഷൻ ജനറൽ ബോഡി യോഗമാണ് മാദ്ധ്യമപ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകണമെന്നും മറ്റുമുള്ള കർശന ഉപാധികൾ നാളത്തെ യോഗത്തിൽ മുന്നോട്ടുവയ്ക്കാൻ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയത്.

മാദ്ധ്യമ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിനെ കൂടി ചർച്ചയിൽ പങ്കെടുപ്പിച്ചാലേ പ്രശ്‌നപരിഹാരത്തിനായി സഹകരിക്കേണ്ടതുള്ളൂ എന്നാണ് അസോസിയേഷന്റെ തീരുമാനം. ഇത്തരത്തിൽ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ മാത്രമേ തൽസ്ഥിതി മാറേണ്ടതുണ്ടോയെന്ന കാര്യം അഭിഭാഷകർ പരിഗണിക്കുകപോലും ചെയ്യുകയുള്ളൂ.

മാദ്ധ്യമപ്രവർത്തകരെ നിലയ്ക്കുനിറുത്തുമെന്ന ഉറപ്പ് മാനേജ്‌മെന്റുകളിൽ നിന്ന് വാങ്ങേണ്ടതുണ്ടെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മുതലാളിമാർ പറയുന്നതിന് അപ്പുറത്തേക്ക് മാദ്ധ്യമപ്രവർത്തകർ നീങ്ങില്ലെന്ന് അഭിഭാഷകർ കണക്കുകൂട്ടുന്നു. മാത്രമല്ല, ചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികൾ ഉണ്ടെങ്കിൽ ചർച്ചയിൽ മാദ്ധ്യമപ്രവർത്തകരുടെ നാവ് പൊങ്ങില്ലെന്നും കണക്കുകൂട്ടിയാണ് തന്ത്രപരമായ ഇത്തരമൊരു നീക്കം. മാനേജ്‌മെന്റ് പ്രതിനിധികളോ കഴിയുമെങ്കിൽ ചീഫ് എഡിറ്ററെ തന്നെയോ യോഗത്തിൽ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെടും.

രണ്ടാമതായി, പ്രശ്‌നക്കാരായി അസോസിയേഷൻ കണക്കാക്കുന്ന അഞ്ച് മാദ്ധ്യമപ്രവർത്തകർക്കെതിരെ നടപടിയും ആവശ്യപ്പെടും. ഒന്നുകിൽ നിയമനടപടി ഇവർക്കെതിരെ ഉണ്ടാകണമെന്നും അല്ലെങ്കിൽ മാനേജ്‌മെന്റുകൾ നടപടിയെടുക്കണമെന്നുമായിരിക്കും ആവശ്യമുന്നയിക്കുക. ഇതിനായി അഞ്ചുപേരുടെ പേരും അഡ്രസും യോഗത്തിൽ വെളിപ്പെടുത്തി. കോടതിക്കുമുന്നിൽ സമരം നടത്തിയതും അഭിഭാഷകരെ ആക്രമിച്ചതുമെല്ലാം തെറ്റായെന്ന് എഴുതി മാദ്ധ്യമങ്ങളിൽ മാപ്പെഴുതി പ്രസിദ്ധീകരിക്കണമെന്നതാണ് മറ്റൊരു ആവശ്യം.

അതേസമയം ഇത്തരം ആവശ്യങ്ങളിൽ ഒന്നുപോലും നടക്കാൻ സാധ്യതയില്ലെന്നിരിക്കെ നാളെ അഡ്വ. ജനറലിന്റെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന ചർച്ച വിഫലമാകാനാണ് സാധ്യത. മാനേജ്‌മെന്റ് പ്രതിനിധികൾക്കുപകരം പത്രപ്രവർത്തക യൂണിയൻ പ്രതിനിധികളേ ചർച്ചയ്‌ക്കെത്തൂ എന്നിരിക്കെ തുടക്കത്തിൽത്തന്നെ ചർച്ച വഴിമാറിയപ്പോയേക്കും. മാദ്ധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നതും തെറ്റുസംഭവിച്ചതായി മാപ്പെഴുതി പ്രസിദ്ധീകരിക്കണമെന്നതും മാദ്ധ്യമപ്രവർത്തകർ അംഗീകരിക്കില്ലെന്നും ഉറപ്പാണ്.

ഇത്തരത്തിൽ നടക്കാത്ത ആവശ്യങ്ങളുമായി അഭിഭാഷകരും കോടതിറിപ്പോർട്ടിംഗിന് മീഡിയാറൂം തുറന്നുകൊടുക്കുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തകരും കടുംപിടിത്തത്തിൽ തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ മഞ്ഞുരുകാനുള്ള സാധ്യതകൾ മങ്ങുകയാണ്. ഇരുകൂട്ടരും തമ്മിൽത്തല്ലിയ വിഷയത്തിൽ പരസ്പരമുള്ള കേസുകൾ ഒഴിവാക്കാനും മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും മാത്രമേ സാധ്യതയുള്ളൂ എന്നാണ് സൂചനകൾ.

ജൂലൈ 19നായിരുന്നു ഹൈക്കോടതിയിൽ മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ സംഘർഷമുണ്ടായത്. ഗവ. പഌഡറെ സ്ത്രീ പീഡന കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് അഭിഭാഷകർക്കിടയിൽ ചേരിതിരിവ് എന്ന രൂപത്തിൽ വന്ന വാർത്തയെ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷം കയ്യാങ്കളിയിലെത്തിയതോടെ ഹൈക്കോടതിയിലെ മീഡിയാ റൂം പൂട്ടുകയും കോടതി റിപ്പോർട്ടിങ് നിലയ്ക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും ഇതേച്ചൊല്ലി സംഘർഷമുണ്ടായി. സംഘർഷം തെരുവിലേക്ക് നീണ്ടതോടെ ഇരുവിഭാഗത്തും നിരവധിപേർക്ക് പരിക്കേറ്റു.

ഇതിനു പിന്നാലെ കൊല്ലം സെഷൻസ് കോടതിയിലും എറണാകുളം ജില്ലാ കോടതിയിലും മാദ്ധ്യമ പ്രവർത്തകർ പ്രവേശിക്കുന്നത് ഒരു വിഭാഗം അഭിഭാഷകർ തടയുകയും ചെയ്തു. ഇതിനു തുടർച്ചയായി കോഴിക്കോട് ഏഷ്യാനെറ്റിന്റെ വാഹനം കോടതി കോമ്പൗണ്ടിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പൊലീസ് ഇടപെടലുണ്ടായതും വിവാദമായി. മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ച് തടങ്കലിൽ വച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്ന ടൗൺ എസ്‌ഐ വിമോദിനെ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

മാദ്ധ്യമപ്രവർത്തകരും അഭിഭാകരും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ മുഖ്യമന്ത്രിയടക്കം ഇടപെട്ട് ഉണ്ടാക്കിയ ധാരണപ്രകാരം എല്ലാ ജില്ലകളിലും അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും പൊലീസുദ്യോഗസ്ഥരുമടങ്ങിയ സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നൽകിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് അഡ്വക്കേറ്റ് ജനറലിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ഇരുവിഭാഗവും തമ്മിലുള്ള ചർച്ച നടത്തുന്നത്. ഹൈക്കോടതിയിലെ അടച്ചിട്ട മീഡിയാ റും തുറക്കുന്നതിനും കോടതി റിപ്പോർട്ടിങ് പഴയപടിയാക്കുന്നതിന് അവസരമൊരുക്കുന്നതിനും നടപടി സ്വീകരിക്കലാണ് യോഗത്തിലെ പ്രധാന അജണ്ട. ഇരുവിഭാഗവും കടുത്ത നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ നാളത്തെ ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടാകാനിടയില്ലെന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP