Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദാ ഇപ്പം പൊളിക്കും, ദേ പൊളിക്കാൻ പോകുന്നു; പറയാൻ തുടങ്ങിയിട്ട് ഒമ്പതു വർഷം; മരടിലെ ഫ്ളാറ്റു പൊളിക്കുന്ന സർക്കാരിന് അഭിഭാഷകന്റെ കൈയേറ്റം പൊളിക്കാൻ പേടിയോ? കൈയേറ്റം സംരക്ഷിക്കാൻ ഒത്താശ ചെയ്തതിന് പണി കിട്ടിയത് നാലു ഉദ്യോഗസ്ഥർക്ക്; എന്നിട്ടും സുരേഷ് കുറത്തികാടിന്റെ നിർമ്മാണം സുരക്ഷിതം; അഭിഭാഷകനെതിരേ നിയമയുദ്ധം നടത്തിയ കാർഗിൽ യുദ്ധഭടന്റെ ജീവന് ഭീഷണിയും

ദാ ഇപ്പം പൊളിക്കും, ദേ പൊളിക്കാൻ പോകുന്നു; പറയാൻ തുടങ്ങിയിട്ട് ഒമ്പതു വർഷം; മരടിലെ ഫ്ളാറ്റു പൊളിക്കുന്ന സർക്കാരിന് അഭിഭാഷകന്റെ കൈയേറ്റം പൊളിക്കാൻ പേടിയോ? കൈയേറ്റം സംരക്ഷിക്കാൻ ഒത്താശ ചെയ്തതിന് പണി കിട്ടിയത് നാലു ഉദ്യോഗസ്ഥർക്ക്; എന്നിട്ടും സുരേഷ് കുറത്തികാടിന്റെ നിർമ്മാണം സുരക്ഷിതം; അഭിഭാഷകനെതിരേ നിയമയുദ്ധം നടത്തിയ കാർഗിൽ യുദ്ധഭടന്റെ ജീവന് ഭീഷണിയും

ശ്രീലാൽ വാസുദേവൻ

മാവേലിക്കര: ആദ്യം അതൊരു കാർ പോർച്ചായിരുന്നു. കുറേ നാൾ കഴിഞ്ഞപ്പോൾ അതൊരു ഇരുനിലക്കെട്ടിടമായി. മേജർ ജില്ലാ റോഡിൽ നിന്ന് ഒരു മീറ്റർ പോലും ദൂരപരിധിയില്ലാതെ പണിതുയർത്തിയ കെട്ടിടത്തിനെതിരേ നിയമയുദ്ധം നടത്തിയത് കാർഗിൽ യുദ്ധഭടനാണ്. നിയമസംവിധാനങ്ങളെല്ലാം കെട്ടിടം പൊളിച്ചു നീക്കാൻ ഉത്തരവിട്ടു. ഒൻപതു വർഷം കഴിഞ്ഞിട്ടും കെട്ടിടത്തിന് ഒരു അനക്കവുമില്ല. പരാതി നൽകിയ വിമുക്ത ഭടന് ജീവൻ ഭീഷണി നേരിടുന്നു. കൈയേറ്റം സംരക്ഷിക്കാൻ ഒത്താശ ചെയ്ത് നാല് ഉദ്യോഗസ്ഥർക്ക് വകുപ്പു തല നടപടിയും നേരിടേണ്ടി വരുന്നു. കൈയേറ്റം നടത്തിയത് അഭിഭാഷകനായതു കൊണ്ട് മാത്രം പൊളിച്ചു നീക്കാൻ പഞ്ചായത്തിനും പേടി.

മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ മാവേലിക്കര-കറ്റാനം റോഡ് അരികിൽ കുറത്തികാട് ജങ്ഷന് സമീപമായി കുറത്തികാട് കോയിക്കൽ തെക്കേതിൽ അഡ്വ സുരേഷ്‌കുമാറാണ് അനധികൃത നിർമ്മാണം നടത്തിയത്. ആദ്യം താൽകാലിക ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്. അത് പൊളിച്ചു നീക്കിയ ശേഷം ഘട്ടംഘട്ടമായിട്ടായിരുന്നു അനധികൃത നിർമ്മാണം. കാർഗിൽ യുദ്ധഭടനും സാമൂഹിക പ്രവർത്തകനുമായ കുമ്പളൂർ പടീറ്റതിൽ വി ഷാജിയാണ് ഇതു സംബന്ധിച്ച് 2011 ൽ മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ പരാതി നൽകിയത്. പഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം നിർത്തി വയ്ക്കാൻ 2012 ഏപ്രിൽ 25 ന് സെക്രട്ടറി നോട്ടീസ് നൽകി. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2011 ലെ 27(3), 27(4), 27(5) എന്നിവയുടെ ലംഘനമാകയാൽ പഞ്ചായത്ത് രാജ് ആക്ട് 1994, 235 ഡബ്ല്യു(1) വകുപ്പ് അനുസരിച്ചാണ് നോട്ടീസ് നൽകിയത്.

ഇതിന് മറുപടിയായി മെയ്‌ അഞ്ചിന് അഡ്വ കുറത്തികാട് സുരേഷ് നൽകിയ കത്ത് പഞ്ചായത്തിന്റെ അവകാശവാദങ്ങളെല്ലാം തള്ളിക്കൊണ്ടുള്ളതായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നായിരുന്നു സുരേഷിന്റെ വാദം. താൻ താമസിക്കുന്ന കെട്ടിടം 40 വർഷം മുമ്പ് നിർമ്മിച്ചതാണെന്നും പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് 1994 ൽ മാത്രമാണെന്നും അതിന് മുൻപ് നിർമ്മിച്ച കെട്ടിടത്തിൽ കൂട്ടിച്ചേർക്കൽ വരുത്തുന്നതിന് യാതൊരു നിയമതടസവും ഇല്ലെന്നും സുരേഷ് മറുപടിയിൽ വിശദീകരിച്ചിരുന്നു. 1990 ലാണ് കെട്ടിട നിർമ്മാണം തുടങ്ങിയതെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഘട്ടം ഘട്ടമായിട്ടാണ് പൂർത്തീകരിച്ചതെന്നും ആ നിലയ്ക്ക് 2011 ൽ നിലവിൽ വന്ന കെപിബിആർ ചട്ടം ഇതിന് ബാധകമല്ലെന്നും സുരേഷ് ചൂണ്ടിക്കാട്ടി. എന്നാൽ, സുരേഷിന്റെ വാദമുഖങ്ങൾ പഞ്ചായത്ത് സെക്രട്ടറി തള്ളുകയാണുണ്ടായത്.

വീടിനോട് ചേർന്ന് നിർമ്മാണം നടത്തിയതായി ബോധ്യപ്പെട്ട സമയത്ത് അത് നിർത്തി വയക്കാൻ അറിയിപ്പ് നൽകിയിരുന്നുവെന്നും കെട്ടിടത്തിനോട് ചേർന്ന് വസ്തു നികുതി നിർണയ രജിസ്റ്റർ പ്രകാരമുള്ള ഷെഡ് പൊളിച്ചു നീക്കിയാണ് നിർമ്മാണം നടത്തിയതെന്നും അത് കെപിബിആറിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയ സെക്രട്ടറി അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ ജൂൺ 28 ന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേ സുരേഷ് തദ്ദേശസ്ഥാപനങ്ങളിലെ പരാതി പരിഹരിക്കുന്നതിനുള്ള ട്രിബ്യൂണലിനെ സമീപിച്ചു. പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നൽകി കെട്ടിടം ക്രമവൽക്കരിക്കാനായിരുന്നു ട്രിബ്യൂണലിന്റെ 2013 ജനുവരി മൂന്നിലെ ഉത്തരവ്. ഇതിൻ പ്രകാരം നിർമ്മാണം ക്രമവൽക്കരിച്ച് കിട്ടുന്നതിന് ഫെബ്രുവരി രണ്ടിന് സുരേഷ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകി. അനധികൃത നിർമ്മാണം ആയതിനാൽ ക്രമവൽക്കരിക്കാൻ സാധിക്കില്ലെന്ന് ഫെബ്രുവരി 23 ന് സെക്രട്ടറി അറിയിച്ചു.

സെക്രട്ടറിയുടെ നടപടിക്ക് എതിരേ സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. നിയമാനുസൃതമായ നടപടി പൂർത്തീകരിക്കുവാൻ അവേശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 26 ന് സുരേഷിന്റെ റിട്ട് പെറ്റീഷൻ ഹൈക്കോടതി തീർപ്പാക്കി. പന്ത് വീണ്ടും പഞ്ചായത്തിന്റെ കോർട്ടിൽ എത്തിയെങ്കിലും തുടർ നടപടി വൈകി. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുകയാണ് പഞ്ചായത്ത് സെക്രട്ടറി ചെയ്തത്. വിവിധ വകുപ്പുകൾ ഏകോപിച്ച് വേണം പൊളിക്കൽ നടത്താനെന്നുള്ളതിനാൽ ആ വഴിക്കും താമസം വരുത്തി. പരാതിക്കാരനായ ഷാജി ഈ സമയം വെറുതെ ഇരുന്നില്ല. അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് ജീവനക്കാർക്കെതിരേ അദ്ദേഹം തദ്ദേശസ്ഥാപന ഓംബുഡ്സ്മാനും വിജിലൻസിനും പരാതി നൽകി. വിജലൻസ് പഞ്ചായത്തിൽ മിന്നൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തി. സെക്രട്ടറിമാരായിരുന്ന ജി ജവഹർ, പ്രശാന്ത് ബാബു, ഹെഡ് ക്ലർക്ക് കെ ജയകുമാർ, യുഡി ക്ലാർക്ക് എസ് ബിന്ദു എന്നിവർക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തു. അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്തുവെന്നതായിരുന്നു പരാതി. ഈ ജീവനക്കാരുടെ പ്രമോഷനും ശമ്പള വർധനവും തടയുകയുണ്ടായി.

2013 മുതൽ സുരേഷിന്റെ അനധികൃത നിർമ്മാണം പൊളിക്കുന്നത് ഉദ്യോഗസ്ഥർ വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും വഴിപാട് പോലെ ഒരു നോട്ടീസ് സുരേഷിനും വില്ലേജ്, റവന്യൂ, പിഡബ്ല്യുഡി അധികൃതർക്കും നൽകും. അവർ വന്ന് പരിശോധിച്ച് പൊളിക്കലിന് അനുകൂലമായി റിപ്പോർട്ട് നൽകും. പിന്നീട് ഒന്നും സംഭവിക്കില്ല. പരാതിക്കാരനായ ഷാജി വിവരാവകാശം കൊടുക്കുമ്പോൾ മാത്രമാണ് ഈ നടപടി ക്രമങ്ങൾ ആവർത്തിക്കുന്നത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ നവംബർ മൂന്നിനാണ് പൊളിച്ചു നീക്കൽ സംബന്ധിച്ച് കെട്ടിടം ഉടമ സുരേഷിന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കുമെന്നും അതിനുള്ള ചെലവ് ഉടമയിൽ നിന്ന് ഈടാക്കുമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.

നോട്ടീസ് നൽകി, പറഞ്ഞ സമയ പരിധിയും അവസാനിച്ചിട്ടും കെട്ടിടം പൊളിക്കുന്നതിനുള്ള യാതൊരു നടപടിയും തുടങ്ങിയിട്ടില്ല. ഇതിനിടെ മാവേലിക്കര കോടതി വളപ്പിൽ വച്ച് പരാതിക്കാരനായ ഷാജിയെ കൈകാര്യം ചെയ്യാനും സുരേഷ് ശ്രമിച്ചിരുന്നു. ഇതിനെതിരേ ഷാജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അടക്കം പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP