Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ ജോലിയുള്ളയാളെ ലോക്കൽ മാനേജരായി തെരഞ്ഞെടുത്തു; സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ ചുമതല ഏൽക്കുന്നത് വൈകിപ്പിച്ചു; മുൻ മാനേജർ ഡിഇഓയ്ക്ക് നൽകിയ കത്തിൽ പുതിയ മാനേജരുടെ പേര് പരാമർശിച്ചത് വിനയായി; അടൂർ അങ്ങാടിക്കൽ തെക്ക് എസ്എൻഡിപി സ്‌കൂളിന്റെ ഭരണം പിടിക്കാൻ പോയ സിപിഎം വെട്ടിൽ

സർക്കാർ ജോലിയുള്ളയാളെ ലോക്കൽ മാനേജരായി തെരഞ്ഞെടുത്തു; സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ ചുമതല ഏൽക്കുന്നത് വൈകിപ്പിച്ചു; മുൻ മാനേജർ ഡിഇഓയ്ക്ക് നൽകിയ കത്തിൽ പുതിയ മാനേജരുടെ പേര് പരാമർശിച്ചത് വിനയായി; അടൂർ അങ്ങാടിക്കൽ തെക്ക് എസ്എൻഡിപി സ്‌കൂളിന്റെ ഭരണം പിടിക്കാൻ പോയ സിപിഎം വെട്ടിൽ

ശ്രീലാൽ വാസുദേവൻ

അടൂർ: അങ്ങാടിക്കൽ തെക്ക് എസ്എൻവിഎച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസിന്റെ ഭരണം പിടിക്കാൻ പോയ സിപിഎം ജില്ലാ-പ്രാദേശിക നേതൃത്വങ്ങൾ വെട്ടിലായി. സർക്കാർ സർവീസിലിരുന്നയാളെ ലോക്കൽ മാനേജരായി തെരഞ്ഞെടുക്കുകയും അയാൾ വിരമിക്കുന്നത് വരെ ആ വിവരം മറച്ച് വച്ച് ചുമതലയേൽക്കാതിരിക്കുകയും ചെയ്തതാണ് തിരിച്ചടിയായിരിക്കുന്നത്. ലോക്കൽ മാനേജ്മെന്റിലെ മറ്റ് അംഗങ്ങൾ തട്ടിപ്പ് വിവരാവകാശത്തിലൂടെ പൊളിച്ചടുക്കിയതോടെ മാനേജർ കോടതി കയറും. വിശ്വസ്തനെ ഉപയോഗിച്ച ഭരണം പിടിക്കാമെന്നുള്ള സിപിഎം കുതന്ത്രം തിരിച്ചടിക്കുകയും ചെയ്തു.

അടൂർ എസ്എൻഡിപി യൂണിയന്റെ കീഴിൽ അങ്ങാടിക്കൽ തെക്ക് 171-ാം നമ്പർ ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂൾ. ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ജില്ലാ സെക്രട്ടറിയും അറന്തക്കുളങ്ങര ഗവ. എൽപിഎസിലെ പ്രഥമാധ്യാപനുമായിരുന്ന രാജൻ ഡി ബോസിനെയാണ് സ്‌കൂൾ ഭരണം പിടിക്കാൻ സിപിഎം രംഗത്തിറക്കിയത്. കഴിഞ്ഞ ജനുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ രാജൻ ഡി ബോസിനെ പുതിയ ലോക്കൽ മാനേജരായി തെരഞ്ഞെടുത്തു. ഈ സമയം രാജൻ സർക്കാർ സർവീസിലുണ്ടായിരുന്നു. മുൻ മാനേജർ കെ. ഉദയൻ കഴിഞ്ഞ ജനുവരി 31 ന് പദവി ഒഴിഞ്ഞു.

ഫെബ്രുവരി ഒന്നിന് രാജൻ ഡി ബോസ് മാനേജരുടെ ചുമതല ഏൽക്കുകയും ചെയ്തു. ഈ വിവരം ബന്ധപ്പെട പത്തനംതിട്ട വിദ്യാഭാസ ജില്ലാ ഓഫീസറെ അറിയിച്ചിരുന്നില്ല. സർക്കാർ സർവീസിൽ അറന്തക്കുളങ്ങര ഗവ. എൽപിഎസിൽ പ്രഥമാധ്യാപകനായ രാജന് എയ്ഡഡ് സ്‌കൂളിന്റെ ലോക്കൽ മാനേജർ പദവി നിയമപരമായി ഏറ്റെടുക്കാൻ കഴിയില്ല എന്നതായിരുന്നു കാരണം. എന്നാൽ, മാർച്ച് 10 ന് മുൻ മാനേജർ ഉദയൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയ കത്തിൽ തന്റെ നിയമന കാലാവധി ജനുവരി 31 ന് അവസാനിച്ചിരുന്നുവെന്നും ഫെബ്രുവരി ഒന്നിന് അങ്ങാടിക്കൽ തെക്ക് പേരകത്ത്(ശ്രീപ്രിയ) വീട്ടിൽ രാജൻ ഡി. ബോസ് മാനേജരായി ചുമതലയേറ്റിരുന്നുവെന്നും പറഞ്ഞിരുന്നു. ഈ കത്താണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. മെയ്‌ 31 ന് രാജൻ ഡി. ബോസ് സർവീസിൽ നിന്ന് വിരമിച്ചു.

ലോക്കൽ മാനേജരുടെ മാറ്റം വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കണമെങ്കിൽ ചേഞ്ച് ഓഫ് മാനേജ്മെന്റിന് പുതിയ മാനേജർ അപേക്ഷ നൽകണം. ഇങ്ങനെ ഒരു അപേക്ഷ മെയ്‌ ഏഴുവരെ നൽകിയിട്ടുമില്ല. അങ്ങാടിക്കൽ ശാഖാ കമ്മറ്റിയംഗം സെനി രാജ് ഇതു സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിവരാവകാശ നിയമപ്രകാരം രണ്ടു ചോദ്യം ഉന്നയിച്ചിരുന്നു. അങ്ങാടിക്കൽ എസ്എൻവിഎച്ച്എസ്എസിന്റെ മാനേജ്മെന്റിൽ മാനേജരുടെ മാറ്റത്തിന് അപേക്ഷ ലഭിച്ചുണ്ടോ എന്നായിരുന്നു ആദ്യ ചോദ്യം.

ഇല്ലെന്ന് മറുപടിയും ലഭിച്ചു. രണ്ടാമത്തെ ചോദ്യം സർക്കാർ ജീവനക്കാരായവർക്ക് എയ്ഡഡ് സ്‌കൂളിന്റെ മാനേജർ സ്ഥാനത്ത് ഇരിക്കാൻ പറ്റുമോ എന്നായിരുന്നു. നിലവിലുള്ള നിയമപ്രകാരം സാധിക്കില്ലെന്നായിരുന്നു ഡിഇഓയുടെ മറുപടി. മാർച്ച് 17 നാണ് സെനിരാജ് അപേക്ഷ നൽകിയത്. ഏപ്രിൽ 13 ന് മറുപടി ലഭിക്കുകയും ചെയ്തു. ഈ കാലയളവിലെല്ലാം മാനേജരുടെ ചുമതല വഹിക്കുന്ന രാജൻ ഡി ബോസ്  അറന്തക്കുളങ്ങര എൽപിഎസിൽ ഹെഡ്‌മാസ്റ്റർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാഖാ കമ്മറ്റിയംഗങ്ങൾ കോടതിയെ കൂടി സമീപിച്ചതോടെ സിപിഎമ്മിന് എല്ലാം തിരിച്ചടിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയുടെയും ലോക്കൽ നേതാക്കളുടെ നേതൃത്വത്തിൽ സ്‌കൂൾ ഭരണം പിടിക്കാൻ ആസൂത്രിത നീക്കം നടത്തിയിരുന്നു. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ അത് സാധിച്ചു. അങ്ങനെയാണ് രാജൻ ഡി. ബോസ് ലോക്കൽ മാനേജർ ആയത്. അതാണിപ്പോൾ തിരിച്ചടിച്ചിരിക്കുന്നതും. നിലവിലുള്ള നിയമപ്രകാരം രാജൻ നടപടി നേരിടേണ്ടി വരുമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP