Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടൂർ കെഎപി മൂന്നിലെ സാമ്പത്തിക തിരിമറി; ജീവനക്കാരി വിരമിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് കുറ്റാരോപണ മെമോ നൽകി; മെമോ എത്തിച്ചത് ഡിജിപിയുടെ ഓഫീസിൽ നിന്ന് പ്രത്യേക ദൂതൻ വശം; പൊളിഞ്ഞത് ജീവനക്കാരിയെ രക്ഷിക്കാനുള്ള നീക്കം: നടപടി മറുനാടൻ വാർത്തയെ തുടർന്ന്

അടൂർ കെഎപി മൂന്നിലെ സാമ്പത്തിക തിരിമറി; ജീവനക്കാരി വിരമിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് കുറ്റാരോപണ മെമോ നൽകി; മെമോ എത്തിച്ചത് ഡിജിപിയുടെ ഓഫീസിൽ നിന്ന് പ്രത്യേക ദൂതൻ വശം; പൊളിഞ്ഞത് ജീവനക്കാരിയെ രക്ഷിക്കാനുള്ള നീക്കം: നടപടി മറുനാടൻ വാർത്തയെ തുടർന്ന്

ശ്രീലാൽ വാസുദേവൻ

അടൂർ: കെഎപി മൂന്നാം ബറ്റാലിയനിൽ സാമ്പത്തിക തിരിമറി നടത്തിയതായി കമാൻഡന്റ് കണ്ടെത്തിയ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മിനുട്ടുകൾക്ക് മുൻപ് ഡിജിപിയുടെ കുറ്റാരോപണ മെമോ നൽകി. വിരമിച്ചു കഴിഞ്ഞാൽ സർക്കാരിന് മാത്രമേ നടപടി എടുക്കാൻ കഴിയൂ എന്ന തിരിച്ചറിവിൽ പ്രത്യേക ദൂതൻ വശം ഇന്നലെ ഉച്ചയോടെ കുറ്റാരോപണ മെമോ ജീവനക്കാരിക്ക് എത്തിച്ച് നൽകുകയായിരുന്നു. അടൂർ ക്യാമ്പിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പികെ പ്രസന്ന കുമാരിക്കാണ് മെമോ ലഭിച്ചത്. ഇന്നാണ് പ്രസന്നകുമാരി വിരമിക്കേണ്ടിയിരുന്നത്. ഞായറാഴ്ച അവധി ദിനമായതിനാൽ വിരമിക്കൽ ഇന്നലെ കഴിഞ്ഞു. അതിനുള്ള നടപടി ക്രമങ്ങളും യാത്രയയപ്പ് നൽകുന്നതിനുള്ള ക്രമീകരണങ്ങളും നടക്കുന്നതിനിടെയാണ് മെമോയുമായി പൊലീസ് ആസ്ഥാനത്ത് നിന്ന് ആളെത്തിയത്.

പ്രസന്നകുമാരി തന്റെ പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക തിരിമറി നടത്തിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കെഎപി കമാൻഡന്റ് ജയനാഥ് റിപ്പോർട്ട് അയച്ചിരുന്നു. വിരമിക്കാൻ പോകുന്ന ജീവനക്കാരിക്ക് വേണ്ടി രാഷ്ട്രീയ സമ്മർദം അടക്കമുണ്ടായതിനാൽ ഡിജിപിയുടെ ഓഫീസിൽ കോൺഫിഡൻഷ്യൽ വിഭാഗത്തിൽ റിപ്പോർട്ട് നടപടിയെടുക്കാതെ വച്ചിരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഫയലിന് അനക്കം വീണത്. തുടർ നടപടി വൈകിപ്പിക്കുകയും ജീവനക്കാരി വിരമിക്കുകയും ചെയ്താൽ പിന്നെ പൊലീസ് ഡിപ്പാർട്ട്മെന്റിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. തുടർ നടപടികൾ സർക്കാർ നേരിട്ട് എടുക്കേണ്ടി വരും. അങ്ങനെ വന്നാൽ ജീവനക്കാരിക്ക് അത് തിരിച്ചടിക്കും. ആ നടപടിയിൽ നിന്ന് രക്ഷിക്കുന്നതിന് കൂടിയാണ് അവസാന നിമിഷം തിരക്കിട്ട നീക്കം നടത്തിയത്.

സർവീസ് ചട്ട പ്രകാരം ക്രിമിനൽ കേസ് എടുത്ത് സർവീസിൽ നിന്നും മാറ്റി നിർത്തി അന്വേഷിക്കേണ്ടിരുന്നു. അത് ഒഴിവാക്കാൻ വേണ്ടിയാണ് പൊലീസ് ആസ്ഥാനത്ത് ഇത്രയും നാൾ ഫയൽ മുക്കിയത്. തങ്ങളുടെ പണം അപഹരിച്ച ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന നിലപാടിനെതിരെ ക്യാംപിലെ പൊലീസുകാർക്കിടയിൽ അമർഷം ശക്തമാണ്. ഇതിനിടെ വിരമിക്കലിന്റെ ഭാഗമായി പ്രസന്നകുമാരി ക്യാമ്പിൽ നടത്തിയ സൽക്കാരത്തിൽ നിന്നും എക്സിക്യൂട്ടീവ് വിഭാഗം പൂർണമായും വിട്ടു നിന്നു. കമാൻഡന്റ് പങ്കെടുക്കുകയും ചെയ്തു.
വ്യാജരേഖ ചമച്ച് 33,796 രൂപ ബറ്റാലിയന്റെ ഔദ്യോഗിക ട്രഷറി അക്കൗണ്ടിൽ നിന്ന് പ്രസന്നകുമാരി എസ്‌ബിഐ ശാഖയിലുള്ള തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് ജീവനക്കാരിക്ക് എതിരായ കുറ്റം.

പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പാ റിക്കവറി ഇനത്തിൽ ഈടാക്കിയിട്ടുള്ള തുക 2018 മുതൽ ഓരോ മാസവും വിവിധ കാരണങ്ങൾ പറഞ്ഞ് പൂർണമായും അടയ്ക്കാതെ വന്നിരുന്നു. ബറ്റാലിയനിലെ ശമ്പള വിതരണ ഉദ്യോഗസ്ഥയായ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ ഔദ്യോഗിക ട്രഷറി അക്കൗണ്ടിൽ രണ്ടു ലക്ഷത്തോളം രൂപ ബാക്കി വന്നു. ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഓരോ മാസവും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന റിക്കവറി തുക അതാത് ധനകാര്യ സ്ഥാപനത്തിൽ ഒടുക്കിയ ശേഷം അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ ട്രഷറി അക്കൗണ്ടിലെ നീക്കിയിരുപ്പ് പൂജ്യം ആക്കേണ്ടതാണ്. അതിലാണ് ലക്ഷങ്ങൾ മിച്ചം കിടന്നത്. 2019 ൽ കമാൻഡന്റായിരുന്ന കെ.ജി. സൈമൺ ഇതു ശ്രദ്ധയിൽപ്പെട്ട് തുക തരം തിരിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടച്ച് അക്കൗണ്ട് പൂജ്യം ആക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് അയയ്ക്കുകയും ചെയ്തു.

ഈ റിപ്പോർട്ടിൽ യാതൊരു നടപടിയുമുണ്ടായില്ല. പണം തിരികെ ബാങ്കിൽ അടയ്ക്കുകയും ചെയ്തില്ല. ഈ തുക തരംതിരിച്ച് കണ്ടെത്താനാകില്ലെന്നും അതിനാൽ സർക്കാർ ഫണ്ടിലേക്ക് മുതൽ കൂട്ടണമെന്നും ആവശ്യപ്പെട്ട് അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, നിലവിലുള്ള കമാൻഡന്റിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് പരിശോധിച്ചപ്പോൾ മുൻപ് കെജി സൈമൺ കൊടുത്ത റിപ്പോർട്ടിലെ തുകയുമായി വ്യത്യാസം കണ്ടെത്തിയ കമാൻഡന്റ് ഇതേപ്പറ്റി അന്വേഷിക്കാൻ ഡെപ്യൂട്ടി കമാൻഡന്റിനെചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ അന്വേഷണത്തിലാണ് ആ തുകയിൽ നിന്നും 33796 രൂപ പ്രസന്നകുമാരിയുടെ എസ്‌ബിഐ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തിയത്. ഇതിനായി കാഷ്യറായിരുന്ന എം. ജയകൃഷ്ണൻ സഹായിച്ചുവെന്നും അസിസ്റ്റന്റ് കമാൻഡന്റ് റിപ്പോർട്ട് നൽകി.

തുടർന്ന് പ്രസന്നകുമാരിയോട് വിശദീകരണം ചോദിച്ചപ്പോൾ 2016 ഓഗസ്റ്റ്, 2017 ജനുവരി മാസങ്ങളിൽ തന്റെ ശമ്പളത്തിൽ നിന്നും റിക്കവറി ആയി പിടിച്ച തുക തനിക്ക് തിരിച്ചടയ്ക്കേണ്ട സ്ഥാപനങ്ങളായ കേരളാ പൊലീസ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി, കെപിഡബ്ല്യൂ ആൻഡ് എഎഫ് എന്നിവയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും അതിനാൽ താൻ സ്വയം ആ പണം അടച്ചുവെന്നും അതാണ് ട്രഷറി അക്കൗണ്ടിൽ നിന്ന് തിരികെ എടുത്തത് എന്നും മറുപടി നൽകി. തുടർന്ന് ഡെപ്യൂട്ടി കമാൻഡന്റ് ഈ സ്ഥാപനങ്ങളിൽ നിന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തു പരിശോധിച്ചപ്പോൾ പ്രസന്നകുമാരി പറഞ്ഞ രണ്ടു തവണയും ട്രഷറി അക്കൗണ്ടിൽ നിന്ന് തന്നെ റിക്കവറി തുക അതാത് സ്ഥാപനങ്ങളിലേക്ക് എത്തിയിരുന്നുവെന്ന് വ്യക്തമായി. താൻ പറഞ്ഞതാണ് ശരിയെന്നും ആദ്യം റിക്കവറി തുക അതാത് സ്ഥാപനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും പിന്നീടുള്ള മാസങ്ങളിൽ അരിയർ ആയാണ് പിടിച്ചിരിക്കുന്നതെന്നും ഉള്ള നിലപാടിൽ പ്രസന്നകുമാരി ഉറച്ചു നിന്നു. മറ്റു ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടി കമാൻഡന്റ് മൊഴി എടുത്തു.

പ്രസന്നകുമാരി തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പണം തിരികെ എസ്‌ബിഐ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്നായിരുന്നു അവരുടെ മൊഴി. ഇതിനെ തുടർന്നാണ് പ്രസന്നകുമാരി നടത്തിയത് പണാപഹരണത്തിന് തുല്യമായ പ്രവർത്തിയാണെന്നും അധികാര ദുർവിനിയോഗം നടന്നുവെന്നും ചൂണ്ടിക്കാണിച്ച് ഡെപ്യൂട്ടി കമാൻഡന്റ്, കമാൻഡന്റിന് റിപ്പോർട്ട് നൽകിയത്. കമാൻഡന്റ് റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തേക്ക് നടപടി ആവശ്യപ്പെട്ട് ജനുവരി മാസത്തിലാണ് അയച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP