Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

മോഷണം ഒരു മണിയാക്കാൻ രാമൻപിള്ള പഠിച്ച പണി പതിനെട്ടും നോക്കി; എല്ലാവരും നന്നായി ഉറങ്ങുന്ന പുലർച്ച മുന്നരയ്ക്കും നാലരയ്ക്കും ഇടയിൽ മാത്രമേ താൻ ജീവിതത്തിൽ കക്കാനിറങ്ങിയിട്ടുള്ളൂവെന്ന് ജഡ്ജിയോട് കള്ളനും; അഭയാ കേസിൽ നിർണ്ണായകമായത് ചെമ്പു കമ്പി കള്ളന്റെ മൊഴി

മോഷണം ഒരു മണിയാക്കാൻ രാമൻപിള്ള പഠിച്ച പണി പതിനെട്ടും നോക്കി; എല്ലാവരും നന്നായി ഉറങ്ങുന്ന പുലർച്ച മുന്നരയ്ക്കും നാലരയ്ക്കും ഇടയിൽ മാത്രമേ താൻ ജീവിതത്തിൽ കക്കാനിറങ്ങിയിട്ടുള്ളൂവെന്ന് ജഡ്ജിയോട് കള്ളനും; അഭയാ കേസിൽ നിർണ്ണായകമായത് ചെമ്പു കമ്പി കള്ളന്റെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിനാസ്പദമായ കൊലക്കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും ക്രൈം ബ്രാഞ്ച് എസ് പി സാമുവൽ വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷൻ ഭാഗം സാക്ഷിയായി വിസ്തരിച്ച അടക്കാ രാജു തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകിയതാണ് നിർണ്ണായകമാണ്. ഈ മൊഴി എടുക്കലിൽ ചർച്ചയായത് കേസ് അട്ടിമറിക്കാൻ നടന്ന നീക്കങ്ങളാണ്.

അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ. പ്രത്യേക കോടതി കണ്ടെത്തുന്നത് അടയ്ക്കാ രാജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ 28 വർഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. അഭയ കൊലക്കേസിൽ ഒരു വർഷത്തിലേറെ നീണ്ട വിചാരണ ഡിസംബർ 10-നാണ് പൂർത്തിയായത്. പ്രത്യേക സിബിഐ. കോടതി ജഡ്ജി കെ. സനിൽകുമാറാണ് വിധി പറയുന്നത്. സിബിഐക്കുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം. നവാസ് ഹാജരായി.

കേസിൽ സാക്ഷികൾ ഇഷ്ടം പോലെ മൊഴി മാറ്റിയിരുന്നു. ഇതോടെ കേസിന്റെ ഭാവി തന്നെ പ്രതിസന്ധിയിലായി. ഇതിനിടെയാണ് അടക്കാ രാജുവിന്റെ മൊഴി കിട്ടിയത്. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു കോടതിയിൽ മൊഴി നൽകി. ഇതിനായി പണവും പ്രലോഭനങ്ങളും നൽകി. കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നൽകാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് രാജു വ്യക്തമാക്കി. ഇത് കേസിൽ അതിനിര്ണ്ണായകമായി. പ്രതികൾക്ക് ശിക്ഷയും കിട്ടി.

കേരളത്തിലെ അതിപ്രഗത്ഭനായ വക്കീലാണ് രാമൻ പിള്ള. മണിക്കൂറുകളാണ് പ്രതിഭാഗത്തിന് വേണ്ടി അടക്കാ രാജുവിനെ വിസ്തരിച്ചത്. മാറി മാറി ചോദ്യം ചെയ്തു. പക്ഷേ ഏത് സാക്ഷിയേയും വീഴ്‌ത്തുന്ന കൊലമ്പൊനെന്ന് പേരെടുത്ത ഹൈക്കോടതിയിലെ അഭിഭാഷകന് മുമ്പിൽ അടക്ക രാജു പതറിയില്ല. സാക്ഷി വിസ്താരത്തിന് മുമ്പിൽ വീഴാത്ത അടക്ക രാജു ഒടുവിൽ ജഡ്ജിക്ക് മുമ്പിൽ ആ സത്യം പറഞ്ഞു.

ഞാൻ മോഷ്ടിക്കാൻ എന്നും പോകുന്നത് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ്. അതുകൊണ്ട് തന്നെ അഭയ കൊല്ലപ്പെട്ടപ്പോഴും ഈ സമയത്ത് തന്നെയാണ് അവിടെ എത്തിയത്. ഈ തുറന്നു പറച്ചിലോടെ എല്ലാ സംശയവും മാറി. ഇത് വെറുമൊരു മോഷ്ടാവല്ല യഥാർത്ഥ സാക്ഷിയാണെന്ന് കോടതിയും അംഗീകരിച്ചു. ഈ കേസിൽ ഫാദർ ജോസ് പൂതൃക്കയലിന് വിചാരണയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. മറ്റ് രണ്ട് പ്രതികൾക്ക് ഇതോടെ ശിക്ഷ ഉറപ്പു വരികയും ചെയ്തു.

അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയലും കോൺവെന്റിൽ ഉണ്ടായിരുന്നതായാണ് രാജു കോടതിയിൽ മൊഴി നൽകിയത്. ഇരുവരെയും സംഭവദിവസം താൻ കോൺവെന്റിൽ കണ്ടതായും രാജു ആവർത്തിച്ചു. കോടതിയിൽവെച്ച് രാജു ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. മോഷ്ടിക്കാനെത്തിയ താൻ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയും കണ്ടെത്താണ് മൊഴി. അഭയ കൊല്ലപ്പെട്ട ദിവസം ചമ്പു കമ്പി മോഷ്ടിക്കാൻ വന്നു. അതിനായി പുലർച്ച നാലരയ്ക്ക് വന്നപ്പോൾ അടുക്കള ഭാഗത്തെ സ്റ്റെയർ കേസിലൂടെ പോകാൻ ശ്രമിച്ചു. ജനലിന് അടുത്ത് എത്തിയപ്പോൾ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോയി. ഒരാൾ തോമസ് കോട്ടൂരാണ്. മറ്റെയാൾ ജോസ് പൂതൃക്കയലും. മൂന്ന് ഘട്ടങ്ങളായാണ് ചെമ്പു കമ്പി മോഷ്ടിച്ചതെന്നും അവസാനം വന്നപ്പോഴാണ് അഭയാ കേസിലെ സാക്ഷിയായത് കണ്ടതെന്നും രാജു കോടതിയിൽ മൊഴി നൽകി.

മോഷണ വസ്തു വിറ്റ് വരുമ്പോൾ കോൺവന്റിൽ പൊലീസിനേയും ഫയർഫോഴ്സിനേയും കണ്ടു. അവിടെ ഉണ്ടായിരുന്ന ആളോട് ചോദിച്ചപ്പോൾ അഭയയുടെ മരണമറിഞ്ഞു. അതിന് ശേഷം പൊലീസ് തന്നെ മോഷണക്കേസിൽ പിടിച്ചു. പിന്നീട് അഭയയെ കൊന്നത് താനാണെന്ന് പറയാൻ നിർബന്ധിച്ചു. ഭീഷണിപ്പെടത്തിയെന്നാണ് കോടതിയിൽ രാജു പറഞ്ഞത്. എല്ലാം കേട്ട ശേഷം കേസിലെ യഥാർത്ഥ സാക്ഷിയാണ് രാജുവെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. അഭയ കൊല്ലപ്പെട്ടതിന് ശേഷം രാജു മോഷ്ടിച്ചിട്ടില്ല. അതിന് ശേഷം തടിപ്പണിക്ക് പോയി. ഇപ്പോൾ തടിവെട്ട് രാജുവെന്നാണ് നാട്ടുകാർ വിളിക്കുന്നത്. അടക്കാ മോഷണത്തിൽ കേന്ദ്രീകരിച്ചതു കൊണ്ടാണ് അഭയ കൊല്ലപ്പെടുമ്പോൾ ഇയാളെ നാട്ടുകാർ അടക്കാ രാജുവെന്ന് വിളിച്ചത്.

മോഷണക്കേസിൽ അടക്ക രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. അതിന് ശേഷം കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. തന്റെ മേൽ അഭയയുടെ കൊലക്കുറ്റം ചുമത്താനും ശ്രമിച്ചു. മർദ്ദനം ഭയന്ന് എങ്ങനെയാണ് കൊന്നതെന്ന് പറഞ്ഞു തന്നാൽ കുറ്റം ഏൽക്കാമെന്ന് പറഞ്ഞപ്പോൾ ക്രൈംബ്രാഞ്ചിന്റെ കൊടിയ മർദ്ദനത്തിനിരയായി. ബഞ്ചിൽ മലർത്തി കിടത്തി കൈയിൽ പുറകുവശത്തിലൂടെ വിലങ്ങ് അണിയിച്ച് കാലും ബെഞ്ചിൽ കെട്ടിവച്ച് കാൽ വെള്ളയിൽ (ഉള്ളം കാലിൽ) ചൂരൽ കൊണ്ട് കഠിനമായി ഉപദ്രവിച്ചു. വാഗ്ദാനം വിസമ്മതിച്ചതിനാൽ 55 ദിവസത്തോളം കസ്റ്റഡിയിൽ വച്ചു പീഡിപ്പിച്ചു. ഒടുവിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും കോടതിയിൽ കൊണ്ടുപോയ ഒരു പ്രതിയോട് തന്നെ അന്യായ തടങ്കലിൽ വച്ചിരിക്കുന്ന വിവരം മജിസ്ട്രേട്ടിനോട് ബോധിപ്പിക്കാൻ പറഞ്ഞതനുസരിച്ച് ആ പ്രതി വിവരം കോടതിയിൽ ധരിപ്പിച്ചു.

തുടർന്ന് കുറച്ച് ഇരുമ്പു സാധനങ്ങൾ ചാക്കിൽ കെട്ടി തന്ന ശേഷം ജീപ്പിൽ കയറ്റി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം ഇറക്കി വിട്ടു. താനതുമായി നടന്നു പോകവേ പൊലീസ് പുറകിൽ നിന്ന് വന്ന് കോളറിൽ പിടിച്ച് സ്റ്റേഷനിൽ കൊണ്ടു പോയി വ്യാജമോഷണകേസെടുത്ത് റിമാന്റ് ചെയ്തു. താൻ പുറത്തിറങ്ങിയാൽ വിവരം പുറം ലോകം അറിയുമെന്നുള്ളതിനാൽ 45 മോഷണക്കേസുകൾ തന്റെ പേരിൽ കെട്ടിവച്ചു. തന്നെ 2 വർഷം കോടതി ശിക്ഷിച്ചു. അഭയ താമസിക്കുന്ന കോൺവെന്റിലെ ടെറസ്സിലുള്ള ഇടിമിന്നൽ രക്ഷാ ചാലകത്തിലെ ചെമ്പുകമ്പി പട്ട മോഷ്ടിക്കാനായി താൻ 3 പ്രാവശ്യം കൊക്കോമരത്തിലൂടെ മതിൽ ചാടി കോൺവെന്റ് കെട്ടിടത്തിൽ കയറിയിട്ടുണ്ട്.

മൂന്നാം തവണ പോയത് അഭയ കൊല്ലപ്പെടുന്ന ദിവസമാണ്. വെളുപ്പിന് 4.30 മണിക്ക് താൻ കൊക്കോമരത്തിൽ കയറാനായി മരത്തിന്റെ താഴെ വന്നതും ഫാ.തോമസ് കോട്ടൂരും ഫാ. ജോസ് പുതുക്കയിലും ടോർച്ചടിച്ച് കോൺവെന്റ് കെട്ടിടത്തിലെ സ്റ്റെയർകേസ് ഇറങ്ങി വരുന്നത് താൻ കണ്ടു. അവരെ കണ്ടതിനാൽ താൻ തിരികെ പോയി. അന്ന് കണ്ട ഫാ.തോമസ് കോട്ടൂർ കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നതായും സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു ജഡ്ജി സനിൽകുമാർ മുമ്പാകെ ബോധിപ്പിച്ചു. ഇനി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ തോമസ് , കളർകോട് വേണു ഗോപാലൻ നായരെയും വിസ്തരിക്കും. കുറ്റം ഏൽക്കാൻ ക്രൈംബ്രാഞ്ച് എസ്‌പി സാമുവൽ 2 ലക്ഷം രൂപയും ഒരു വീടും കുട്ടികളുടെ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തായി അടയ്ക്കാ രാജു കോടതിയിൽ പറഞ്ഞതും അതി നിർണ്ണായകമാണ്. അമ്പത്തഞ്ചു ദിവസം കസ്റ്റഡിയിൽ പാർ പ്പിച്ചതായും രാജു കോടതിയിൽ വെളിപ്പെടുത്തി.

അഭയ കൊല്ലപ്പെട്ടത് പുലർച്ച നാലരയോടെയെന്നാണ് പ്രോസിക്യൂഷൻ കേസ്. അതുകൊണ്ട് തന്നെ പ്രതികളെ അടക്കാ രാജു കണ്ടത് ഒരു മണിയോടെയെന്ന് വന്നാൽ അവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് വരുത്താൻ കഴിയും. ഇതിന് വേണ്ടിയാണ് അടക്കാ രാജുവിനെ തലങ്ങും വിലങ്ങും ക്രോസ് ചെയ്തത്. എന്നാൽ ഒരിക്കൽ പോലും കോടതിക്ക് സംശയമുണ്ടാകുന്ന ഒന്നും അടക്കാ രാജു പറഞ്ഞില്ല. ഇതാണ് ഈ മൊഴി അതിശക്തമായി മാറാൻ കാരണം. അഭയാ കേസിൽ കോടതി വിധിയെ ബാധിക്കുന്ന നിർണ്ണായക മൊഴിയായി ഇത് മാറുകയും ചെയ്തു.

സിബിഐയുടെ വിവിധ യൂണിറ്റുകളും ഉദ്യോഗസ്ഥരും വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ പ്രതികളാക്കി കുറ്റപത്രം നൽകി. എന്നാൽ കേസിലെ പ്രതികളായ ഫാ. ജോസ് പുതൃക്കയിൽ ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെ.ടി. മൈക്കിൾ എന്നിവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

1992 മാർച്ച് 27-നാണ് സിസ്റ്റർ അഭയ മരിച്ചത്. ആദ്യം കോട്ടയം വെസ്റ്റ് പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചെങ്കിലും അഭയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. സഭ പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപമുണ്ടായപ്പോൾ സന്ന്യാസിനി സമൂഹത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ അന്നത്തെ മദർ സുപ്പീരിയർ ബെനിക്യാസ്യ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകി. തുടർന്ന് സിബിഐ. കേസ് ഏറ്റെടുത്തു. 1996 വരെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിവെക്കുന്ന നിലപാടാണ് സിബിഐ. എസ്‌പി. ത്യാഗരാജനും അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് വീണ്ടും സിബിഐ. അന്വേഷിച്ചു.

2008 നവംബർ 18-ന് സിബിഐ. എ.എസ്‌പി. നന്ദകുമാർ നായർ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റുചെയ്തു. പ്രതികളെ ഡിജിറ്റൽ ഫിംഗർ പ്രിന്റ്, പോളിഗ്രാഫ്, നാർക്കോ അനാലിസിസ് പരിശോധനകൾക്കു വിധേയമാക്കി. മൂവരെയും പ്രതികളാക്കി കുറ്റപത്രം നൽകി. കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് മൂവരും വിചാരണക്കോടതിയിൽ ഹർജി നൽകി. ആവശ്യമായ തെളിവുകളില്ലെന്ന കാരണത്താൽ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണക്കോടതി വെറുതെ വിട്ടു. മറ്റു രണ്ടുപേർ വിചാരണ നേരിടാൻ കോടതി നിർദ്ദേശിച്ചു. വിചാരണക്കോടതി ഉത്തരവ് സുപ്രീം കോടതിവരെ ശരിവെച്ചു. പ്രതികൾ വിചാരണ നേരിട്ടു.

ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ കോടതിയിൽ മൊഴി നൽകി. കൈക്കോടാലിയുടെ പിടി കൊണ്ടുള്ള അടിയേറ്റ് അബോധാവസ്ഥയിലായ സിസ്റ്റർ അഭയയെ പ്രതികൾ കിണറ്റിൽ എടുത്തിട്ടെന്നും അഭയ വെള്ളം കുടിച്ച് മുങ്ങിമരിച്ചെന്നുമാണ് സിബിഐ. നിഗമനം. അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്നും ആത്മഹത്യ ചെയ്യാൻ കിണറ്റിൽച്ചാടിയ അഭയയുടെ തല കിണറ്റിലെ പമ്പിൽ ഇടിച്ചാണ് മരണകാരണമായ മുറിവുണ്ടായതെന്നുമായിരുന്നു പ്രതിഭാഗം വാദം. 49 സാക്ഷികളെ വിസ്തരിച്ചു. പത്തോളം പേർ വിചാരണയ്ക്കിടെ മൊഴി മാറ്റി. മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയശേഷം പിന്മാറിയ സഞ്ജു പി. മാത്യുവിനെതിരേ സിബിഐ. നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP