Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയുടെ നിർമ്മാണം ഉടൻ; ഹഡ്‌കോയുടെ 2000 കോടി വായ്പയോടെ വമ്പൻ പദ്ധതിയുടെ വിജയസാധ്യത ധനകാര്യസ്ഥാപനങ്ങളും അംഗീകരിച്ചെന്ന് വിലയിരുത്തൽ; അദാനിക്ക് ഉടൻ പണം നൽകും; കേന്ദ്രവിഹിതം ലഭ്യമാക്കാൻ അദാനി പോർട്‌സിനെ ഉൾപ്പെടുത്തി ത്രികക്ഷി കരാർ ഉണ്ടാക്കും; വിഴിഞ്ഞത്ത് പ്രതീക്ഷകൾ മാത്രം

ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയുടെ നിർമ്മാണം ഉടൻ; ഹഡ്‌കോയുടെ 2000 കോടി വായ്പയോടെ വമ്പൻ പദ്ധതിയുടെ വിജയസാധ്യത ധനകാര്യസ്ഥാപനങ്ങളും അംഗീകരിച്ചെന്ന് വിലയിരുത്തൽ; അദാനിക്ക് ഉടൻ പണം നൽകും; കേന്ദ്രവിഹിതം ലഭ്യമാക്കാൻ അദാനി പോർട്‌സിനെ ഉൾപ്പെടുത്തി ത്രികക്ഷി കരാർ ഉണ്ടാക്കും; വിഴിഞ്ഞത്ത് പ്രതീക്ഷകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമ്മാണത്തിനായി ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ (ഹഡ്കോ) 2000 കോടിരൂപ വായ്പ അനുവദിക്കുമ്പോഴും പൂർണ്ണമായ തുക കിട്ടുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുള്ള കേരളത്തിന് ഇനി 1600 കോടി കൂടി കണ്ടെത്തണം. കൂടുതൽ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷ. 3600 കോടിരൂപയുടെ വായ്പയ്ക്കാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) അപേക്ഷിച്ചിരുന്നത്.

ആദ്യഘട്ടമായി 2000 കോടി അനുവദിച്ചതായാണ് ഹഡ്കോ അറിയിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരുമാസത്തിനകം വായ്പ കിട്ടുമെന്നാണ് വിസിൽ അധികൃതരുടെ പ്രതീക്ഷ. തുറമുഖനിർമ്മാണത്തിനായി സർക്കാർ നൽകാനുള്ള തുകയ്ക്കായി നിർമ്മാണക്കമ്പനിയായ അദാനി ഗ്രൂപ്പ് സമ്മർദം ശക്തമാക്കിയിരുന്നു. 1450 കോടിയാണ് ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് സർക്കാർ നൽകേണ്ടത്. ഇതിൽ 325 കോടിമാത്രമാണ് സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയത്. ഇതോടെ ബാക്കി തുകയും നൽകാനാകും. താമസിയാതെ മദർഷിപ്പ് വിഴിഞ്ഞത്ത് എത്തിക്കാനുള്ള ശ്രമത്തിനും ഇത് കരുത്താകും.

വായ്പയുടെ പലിശനിരക്ക് എത്രയാണെന്നത് തീരുമാനിച്ചിട്ടില്ല. തുറമുഖനിർമ്മാണം പൂർത്തിയായി 15 വർഷം കഴിഞ്ഞാൽമാത്രമേ നടത്തിപ്പ് സർക്കാരിലേക്ക് എത്തൂ. അതുകൊണ്ടുതന്നെ ഹഡ്കോയിൽനിന്ന് വായ്പയെടുത്താൽ 15 വർഷംകഴിഞ്ഞ് തിരിച്ചടവ് നടത്തിയാൽ മതിയെന്ന് ധാരണയായിട്ടുണ്ട്. അതുവരെ പലിശമാത്രം നൽകിയാൽ മതിയാകും. തുറമുഖനിർമ്മാണത്തിനായുള്ള വായ്പയ്ക്ക് സംസ്ഥാനസർക്കാരാണ് ഹഡ്കോയ്ക്ക് ഗാരന്റി നൽകുന്നത്. ആദ്യ പതിനഞ്ച് കൊല്ലം നടത്തിപ്പും ലാഭവുമെല്ലാം അദാനി ഗ്രൂപ്പിനാകും. ബ്രേക്ക് വാട്ടർ നിർമ്മാണത്തിന് സർക്കാർ പണം നൽകും. എന്നാൽ മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കുന്നത് അദാനിയാണ്.

വിഴിഞ്ഞം തുറമുഖനിർമ്മാണം അന്തിമഘട്ടത്തിലേക്കാണ് കടക്കുന്നത്. സെപ്റ്റംബറിൽ ആദ്യകപ്പൽ എത്തിക്കാവുന്ന രീതിയിൽ പണികളും പുരോഗമിക്കുകയാണ്. പ്രധാനവെല്ലുവിളിയായിരുന്ന ബ്രേക്ക്വാട്ടർ (കടലിൽ കല്ലിട്ട് തുറമുഖപ്രദേശത്തെ വേർതിരിക്കുന്ന പുലിമുട്ട്) നിർമ്മാണം 2300 മീറ്റർ പിന്നിട്ടു. മൺസൂണിനുമുമ്പ് നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം.

വലിയ തുക ഹഡ്‌കോ വായ്പയായി സമാഹരിക്കാൻ കഴിഞ്ഞത് നേട്ടമായാണ് സംസ്ഥാന സർക്കാരും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡും (വിസിൽ) കാണുന്നത്. വിസിലിനാണ് വായ്പ അനുവദിച്ചത്. വമ്പൻ പദ്ധതിയുടെ വിജയസാധ്യത ധനകാര്യസ്ഥാപനങ്ങളും അംഗീകരിച്ചതിന്റെ ഫലമാണിത്. 15 വർഷം തുകയുടെ പലിശമാത്രമാണ് നൽകേണ്ടത്. 7700 കോടി ചെലവ് വരുന്ന തുറമുഖ പദ്ധതിക്ക് 4428 കോടിരൂപയാണ് സംസ്ഥാന സർക്കാർ മുടക്കുന്നത്.

വായ്പ ലഭ്യമായതോടെ ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയുടെ നിർമ്മാണത്തിനും ഉടൻ തുടക്കം കുറിക്കും. പദ്ധതിക്ക് ദക്ഷിണറെയിൽവേ നേരത്തെ അനുമതി നൽകിയിരുന്നു. 10.7 കിലോമീറ്റർ ദൂരംവരുന്ന പാത തുറമുഖം കമ്മീഷൻ ചെയ്ത് മൂന്നുവർഷത്തിനകം പൂർത്തീകരിക്കണം. 1060 കോടി രൂപയാണ് നിർമ്മാണ ചെലവ്. കൊങ്കൺ റെയിൽ കോർപറേഷനാണ് നിർമ്മാണ ചുമതല. ബ്രോഡ്ഗേജ് പാത ചരക്കുനീക്കത്തിനുവേണ്ടി മാത്രമുള്ളതാണ്. പാതയുടെ 4.74 കിലോമീറ്റർ ടണലിൽകൂടി പോകുന്നത്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായുള്ള നടപടി പുരോഗമിക്കുകയാണ്.

കപ്പലുകളിൽനിന്ന് ചരക്കുകൾ കയറ്റാനും ഇറക്കാനുമുള്ള ക്രെയിനുകൾ സെപ്റ്റംബറിൽ വിഴിഞ്ഞത്ത് എത്തി തുടങ്ങും. 90 മീറ്റർ ഉയരമുള്ള എട്ട് ക്രെയിനുകൾ ഉൾപ്പെടെ 40 ക്രെയിനുകളാണ് എത്തിക്കുന്നത്. ഇതുമായുള്ള കപ്പലുകളാകും ആദ്യം തീരത്ത് എത്തുക. ആദ്യഘട്ടത്തിൽ പുലിമുട്ട് നിർമ്മാണത്തിന്റെ 2960 മീറ്ററാണ് പൂർത്തീകരിക്കേണ്ടത്. ഇതിൽ 2300 മീറ്റർ നിർമ്മാണം നടന്നു. ബർത്തിന്റെ നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാകും.

ഗ്യാപ് വയബിലിറ്റി ഫണ്ടായി 1635 കോടി രൂപ അദാനിഗ്രൂപ്പിന് നൽകണം. ഇതിൽ കേന്ദ്രസർക്കാർ 817 കോടിയും സംസ്ഥാനസർക്കാർ 818 കോടിയുമാണ് കൊടുക്കേണ്ടത്. കേന്ദ്രവിഹിതം ലഭ്യമാക്കാൻ അദാനി പോർട്‌സിനെ ഉൾപ്പെടുത്തി ത്രികക്ഷി കരാർ ഉണ്ടാകണം. അതിനായുള്ള നടപടി തുറമുഖ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഷിപ്പിങ് കമ്പനികളെയും ലോജിസ്റ്റിക്സ് കമ്പനികളെയും പങ്കെടുപ്പിച്ച് സമ്മേളനം സെപ്റ്റംബറിൽ സംസ്ഥാന സർക്കാർ നടത്തും.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP