Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്‌കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ

'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്‌കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ

എം റിജു

കോഴിക്കോട്: ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിലെ പ്രസവത്തിനിടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് യുവതിയും കുഞ്ഞും മരിച്ചത് കേരളം ഏറെ ചർച്ച ചെയ്തിരുന്നു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് രക്തസ്രാവം മൂലം, ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന വഴിയിൽ വെച്ച് മരിച്ചത്. വീട്ടിൽ വച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു. പക്ഷേ അതിൽ നഷ്ടമായതാവട്ടെ രണ്ടുജീവനുകളും. ഈ സംഭവം വിവാദമായതോടെ വീട്ടിലെ പ്രസവത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ കാമ്പയിൻ ഉയർന്നിരുന്നു. അത് അങ്ങേയറ്റം അപകടരമാണെന്നും പ്രമുഖ ഡോക്ടർമാർ അഭിപ്രായപ്പെടുകയുണ്ടായി. നേരത്ത മലപ്പുറത്തും വീട്ടിലെ പ്രസവത്തിനിടെ, കുട്ടി മരിച്ചത് വിവാദമായിരുന്നു.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആധുനിക വൈദ്യത്തിനെതിരെയും, സ്‌കാനിങ്ങ് അടക്കമുള്ള ആധുനിക നേട്ടങ്ങൾക്ക് എതിരെയും, ഇസ്ലാമിക്ക് അക്യുപങ്ചർ  ചികിത്സകരുടെ നേതൃത്വത്തിൽ വലിയ കാമ്പയിൻ നടക്കയാണ്. നമ്മുടെ ശരീരത്തിന് സ്വയം ശുദ്ധീകരണ സംവധാനമുണ്ട്, രാസമരുന്നുകൾ നൽകി അത് തടയരുത് എന്നാണ് ഇവരുടെ വാദം.

ലേബർ റും ഒഴിവാക്കി വീട്ടിലേക്ക്

പ്രസവത്തിനായി സ്ത്രീകൾ ലേബർ റൂം വീട്ട് വീട്ടകങ്ങളിലേക്ക് എന്നാണ് ഇവരുടെ കാമ്പയിന്റെ തലക്കെട്ട്. ചില ഡോക്ടർമാരുടെ നേതൃത്വത്തിൽ സിസേറിയൻ മാഫിയ നിലനിൽക്കുന്നുവെന്നും, അവർ പ്രചരിപ്പിക്കുന്നു. ഈ അശാസ്ത്രീയ കാമ്പയിന് നേതൃത്വം കൊടുത്തതാവട്ടെ, ഹിറ ഹരീറ എന്ന ഇസ്ലാമിക്ക് അക്യൂപങ്ങ്ചർ 'ഡോക്ടറുടെ' സ്വന്തം വീട്ടിൽ പ്രസവിച്ച അനുഭവമാണ്.

അവരുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.- ' അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... അങ്ങനെ നമ്മുടെ യാതൊരു കൈകടത്തലും ഇല്ലാതെ, ശരീരത്തിന്റെ പ്രകൃതിപരമായ പ്രവർത്തനത്തിലൂടെ, വീട്ടിൽ സമാധാനാന്തരീക്ഷത്തിലുള്ള പ്രസവം എന്ന വലിയൊരു ആഗ്രഹം സാധിച്ചു. പടച്ച റബ്ബിന് ആയിരമായിരം ഷുക്റ് .

എനിക്ക് രണ്ടാമത്തെ ഗർഭം 9 മാസവും 12 ാം ദിവസവും തികഞ്ഞിരിക്കെ, രാവിലെ എണീറ്റപ്പോൾ തന്നെ ചെറുതായ ലക്ഷണം തോന്നി. പ്രസവം ഇന്നുണ്ടാകുമെന്ന തോന്നൽ. വേദന വരാൻ കാത്തിരുന്ന എന്റെ മനസ്സിൽ യാതൊരു ബേജാറും ഇല്ലായിരുന്നു. പ്രസവിക്കാൻ പോകുന്നു എന്ന വല്ലാത്തൊരു സന്തോഷവും സമാധാനവും മാത്രം. ഞങ്ങളുടെ കുഞ്ഞുവിരുന്നുകാരനെ/ വിരുന്നുകാരിയെ വരവേൽക്കാനുള്ള ആകാംക്ഷയായിരുന്നു...

സുബ്ഹ് നമസ്‌കാരം കഴിഞ്ഞ് പുലർച്ചെ തന്നെ കുളി കഴിച്ചു. പതിവില്ലാതെ ഒന്ന് കണ്ണെഴുതാനും മുടി ഭംഗിയിൽ കെട്ടിയൊതുക്കാനുമൊക്കെ തോന്നി. വുദു എടുത്ത് എല്ലാം എളുപ്പമാകാൻ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ച് പ്രാർത്ഥിച്ചു. കുറച്ച് ഖുർആനും ഓതി ബാക്കി ഒരുക്കങ്ങളിലേക്ക് കടന്നു. ഉമ്മ (ഹസ്ബന്റിന്റെ ഉമ്മ) പുലർച്ചെ തന്നെ ഒരു രോഗിയെ സന്ദർശിക്കാൻ കുറച്ച് ദൂരം വരെ പോയതായിരുന്നു. വീട്ടിൽ ഞാൻ, മോൾ, നവാസ്‌ക്ക, ഉപ്പയും മാത്രം. ഉമ്മ സമാധാനമായി പോയി വരട്ടെ എന്ന് കരുതി ലക്ഷണം തുടങ്ങിയ കാര്യം അറിയിച്ചില്ല.

വീട്ടിൽ കുറച്ചു ഭാഗങ്ങളെല്ലാം അടിച്ചുവാരി, തുടച്ചു. ബാത്റൂം കഴുകൽ കുളിയോടൊപ്പം കഴിച്ചിരുന്നു. വസ്ത്രങ്ങൾ അലക്കി ഉണക്കാനിട്ടു. അതിനിടയിൽ തലേന്ന് വിളിച്ച ഒരു പേഷ്യന്റ് വന്നു. അവരെ അക്യൂപങ്ങ്ചർ ട്രീറ്റ്മെന്റ് ചെയ്തു കൊടുത്ത് പറഞ്ഞയച്ചു. മോളെ കുളിപ്പിച്ചൊരുക്കി ഭക്ഷണം കൊടുത്ത് പ്രസവമാകുമ്പോഴേക്കും എന്റെ വീട്ടിലേക്ക് പറഞ്ഞയക്കാൻ റെഡിയാക്കി. അനിയനോട് ഉച്ചക്കുള്ള മീനും മറ്റു സാധനങ്ങളും വാങ്ങി ഉമ്മമ്മയേയും കൂട്ടി വരാൻ പറഞ്ഞു. വേദന തുടങ്ങിയാൽ സഹായത്തിന് ഉമ്മയേയും ഉമ്മമ്മയേയും വിളിക്കാനായിരുന്നു ഉദ്ദേശ്യം. ഉമ്മയോട് നിങ്ങളുടെ പണികളെല്ലാം കഴിഞ്ഞ് പതിയെ വന്നാൽ മതി എന്നും പറഞ്ഞു. പ്രസവവേദന കൂടി ഞാൻ കിടക്കുമ്പോഴേക്കും അവർക്ക് കഴിക്കാനുള്ള ഭക്ഷണവും ജ്യൂസും മറ്റുമെല്ലാം റെഡിയാക്കാമെന്ന് കരുതി. അരി അടുപ്പത്തിട്ടു. മറ്റു വിഭവങ്ങളും റെഡിയാക്കി.

വേദന വരുമ്പോൾ ഇരിക്കും, വീണ്ടും പണികളിൽ ഏർപ്പെടും. ചെയ്തുതീർക്കാൻ കരുതിയ ഏറെക്കുറെ പണികൾ എല്ലാം തീർത്തു. 1 മണി ആയപ്പോഴേക്കും അനിയനും ഉമ്മമ്മയും എത്തി. അപ്പോഴേക്കും വേദനയുടെ കടുപ്പം കൂടി വരുന്നുണ്ടായിരുന്നു. എളുപ്പത്തിൽ മീൻ കായം തേച്ച് ചട്ടിയിലിട്ടു. ഒന്നേമുക്കാലിന് ഉപ്പ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഞാൻ അടുക്കളയിലുണ്ട്.

വേദന തുടങ്ങിയത് ഉപ്പയോടും പറഞ്ഞിട്ടില്ല. ബാക്കി അടുക്കള ക്ലീനിങ്ങ് ഉമ്മമ്മാനെ ഏൽപ്പിച്ചു. നവാസ്‌ക്കയോട് കരിക്ക് വെട്ടാനും പറഞ്ഞു. രാവിലെ മുതൽ ഞാൻ ഒന്നും കഴിച്ചിരുന്നില്ല. എനിക്ക് വിശപ്പില്ലായിരുന്നു. മരുന്നോ ഗ്ലൂക്കോസോ ഒന്നുമില്ലാത്ത നമുക്ക് ക്ഷീണത്തിനുള്ള ഗ്ലൂക്കോസ് ഒന്നാന്തരം കരിക്ക് തന്നെ. റൂമിൽ പോയി പ്രസവത്തിനായുള്ള സാധനങ്ങളെല്ലാം എടുത്തു വെച്ചു. അപ്പോഴേക്കും 2 മണി.

വേദന മുറുകുമ്പോൾ കിടക്കുന്നതിലേറെ ഇരിക്കുന്നതിലാണ് എനിക്ക് കംഫർട്ട് തോന്നിയത്. അതിനാൽ കുറച്ചുസമയം തൂങ്ങിപ്പിടിച്ച് നിൽക്കുകയും ഇരിക്കുകയുമെല്ലാം ചെയ്തു. ഉമ്മമ്മ കൂടെ നിന്ന് പതിയെ തലോടി തന്നു. മൂന്നര വയസ്സായ എന്റെ മോളും ഇടക്ക് വന്ന് മുഖത്ത് തടവുകയും ഉമ്മ തരികയുമെല്ലാം ചെയ്യുന്നുണ്ട്. എന്റെ വേദന കണ്ട് ഉള്ളിൽ സങ്കടമുണ്ടെങ്കിലും അവളുടെ മുഖത്ത് കുട്ടി വരുന്നതിലുള്ള സന്തോഷമാണ്. ഏകദേശം 2.15 ആയപ്പോഴേക്കും കട്ടിലിന്മേൽ ഒരു സൈഡിൽ വിരിച്ചു കിടന്നു. നവാസ്‌ക്ക എന്റെ കൈ പിടിച്ച് കൂടെത്തന്നെയുണ്ടായിരുന്നു. വേദന ശക്തമായെങ്കിലും കുട്ടിയുടെ തല തിരിഞ്ഞിട്ടില്ല. ഇനിയും സമയമെടുക്കുമായിരിക്കും എന്ന് ഞാൻ നവാസ്‌ക്കയെ സമാധാനപ്പെടുത്തി.

വേദന കൂടീട്ടുണ്ടെന്നറിഞ്ഞ് ഉമ്മയും ഉപ്പയും അനിയത്തിമാരും വീട്ടിൽ നിന്ന് പെട്ടെന്ന് പുറപ്പെട്ടിരുന്നു. 20 മിനിട്ട് കൊണ്ട് എത്തുന്ന ദൂരത്തിലാണ് എന്റെ വീട്. 2.50 ന് അവർ മുറ്റത്തെത്തിയപ്പോൾ നവാസ്‌ക്ക അവരെ കൂട്ടാൻ പുറത്തേക്ക് പോയി. അപ്പോഴും വയറിൽ തൊട്ടു നോക്കുമ്പോൾ തല തിരിഞ്ഞിട്ടോ കുട്ടി താഴ്ന്നിട്ടോ ഇല്ല എന്ന് തോന്നി. എന്നാൽ വേദന നല്ല കഠിനമാകുന്നുണ്ട്... അവിടന്ന് രണ്ട് മിനിട്ട് പോലും എടുത്തില്ല. തല തിരിയാതെത്തന്നെ പെട്ടെന്ന് അടിയിൽ വന്ന് മുട്ടുകയും അടുത്ത വേദനയിൽ കുഞ്ഞ് പുറത്തെത്തുകയും ചെയ്തു. അനിയത്തി വാതിൽ തുറന്ന് വന്നതും കുഞ്ഞ് പുറത്തേക്കൊഴുകിയതും ഒപ്പമായിരുന്നു. പുറത്ത് ചാടുമ്പോൾ ഉമ്മമ്മയാണ് കുട്ടിയെ കൈകാട്ടി പിടിച്ചത്.

അതുവരെ എന്റൊപ്പമുണ്ടായിരുന്ന നവാസ്‌ക്ക കുഞ്ഞ് പുറത്ത് വരുന്ന ആ നിമിഷത്തിൽ അവിടെയുണ്ടായില്ല. കുട്ടിയുടെ കരച്ചിൽ കേട്ടാണ് നവാസ്‌ക്കയും ഉമ്മയും റൂമിലേക്ക് ഓടി വന്നത്. മോളും ഉച്ചത്തിൽ ശബ്ദമുണ്ടാക്കി സന്തോഷം പ്രകടിപ്പിച്ച് ഓടി വന്നു. എല്ലാവർക്കും സന്തോഷത്താലും കണ്ണീരാലും ചുവന്നു തുടുത്ത മുഖം... ഉമ്മ കുഞ്ഞിനെ തുടച്ചെടുത്ത് പിടിച്ചു തന്ന്, നവാസ്‌ക്ക ക്ലിപ്പ് അമർത്തി, ഞാൻ പൊക്കിൾകൊടി മുറിച്ചു. അനിയനും ഉപ്പമാരും വന്ന് കുഞ്ഞിനെ കണ്ടു. ജനനവിവരമറിഞ്ഞ് രോഗിസന്ദർശനത്തിന് പോയ ഉമ്മയും പെട്ടെന്ന് ഓടിയെത്തി.

വളരെ കുറഞ്ഞ സമയം കൊണ്ട് വളരേ എളുപ്പത്തിലായിരുന്നു എന്റെ പ്രസവം. അൽഹംദുലില്ലാഹ്. ബ്രീച്ച് പൊസിഷനിൽ കുഞ്ഞിക്കാലുകളാണ് ആദ്യം പുറത്തു വന്നത്. അപ്പോൾ തന്നെ ഒറ്റ സെക്കന്റിനുള്ളിൽ വളരെ സുഗമമായി, കുട്ടി മുഴുവനായും പുറത്തേക്ക് വന്നു. സുബ്ഹാനല്ലാഹ്.... വേദനയുടെ കാഠിന്യത്തിനപ്പുറം എത്ര സുഖമുള്ള അനുഭവം! സുഖപ്രസവം! അത്രത്തോളം ഓരോ നിമിഷവും ആസ്വദിച്ചനുഭവിച്ച എന്റെ ജീവിതത്തിലെ ഒരു മുഹൂർത്തം.

പ്രസവം കഴിഞ്ഞ് പത്ത് മിനിട്ടിനുള്ളിൽ ചെറിയൊരു വേദനയോടു കൂടി മറുപിള്ളയും വന്നു. ഞാൻ എണീറ്റ് കുളിച്ച് ഞങ്ങളുടെ കുഞ്ഞു വിരുന്നുകാരനേയും കൂട്ടി അവൻ ഭൂമിയിലേക്ക് പിറന്നു വീണ ഞങ്ങളുടെ മുറിയിലെ കട്ടിലിൽ തന്നെ ഇരുന്ന് ഒരു ഫോട്ടോ എടുത്തു. അല്ലാഹുവിന് പറഞ്ഞാൽ തീരാത്ത ഹംദുകൾ...

ഇന്ന് ഹോസ്പിറ്റലുകളിലെ എല്ലാ വിധ സാങ്കേതികവിദ്യകളോടും കൂടി മാത്രം നടക്കുന്ന പ്രസവം എന്ന പ്രക്രിയ വളരേ സിമ്പിൾ ആയി വീട്ടിൽ നടക്കുമ്പോൾ കൂടെയുള്ള ഉമ്മമ്മാക്കോ നവാസ്‌ക്കാക്കോ എനിക്കോ ഒരു തരി ആശങ്കയോ പേടിയോ ഇല്ലായിരുന്നു എന്നത് തന്നെ വളരേയേറെ ആശ്വാസം നൽകി. നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രകൃതിപരമായ പ്രവർത്തനത്തിലുള്ള വിശ്വാസവും, അടിയുറച്ച തീരുമാനവും മനസ്സിനെ ഒരു തരി പതറാതെ നിർത്തുകയും പടച്ചവന്റെ അപാരമായ അനുഗ്രഹത്താൽ എല്ലാം മനോഹരമായി കഴിയുകയും ചെയ്തു. എടുത്തു പറയാനുള്ളത്, പ്രഗ്നൻസി പീരീഡിൽ ഒരു തവണ പോലും ഹോസ്പിറ്റലിൽ പോകുകയോ സ്‌കാനിങ്ങോ മറ്റു ചെക്കപ്പകളോ നടത്തുകയോ ചെയ്തിട്ടില്ല. യാതൊരു മരുന്നും കഴിച്ചിട്ടില്ല.

ഗർഭിണിയായാൽ വെള്ളവും ഭക്ഷണവും രണ്ടാൾക്കുള്ളത് കഴിക്കണമെന്നും, വൈറ്റമിൻസ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണമെന്നുമുള്ള തെറ്റായ പൊതുബോധത്തിന് വിപരീതമായി, ദാഹത്തിനനുസരിച്ച് മാത്രം വളരെ കുറച്ച് വെള്ളവും ഒന്നോ രണ്ടോ നേരം മാത്രം എനിക്ക് ഇഷ്ടം തോന്നുന്ന ഭക്ഷണങ്ങൾ മാത്രവും കഴിച്ച്, ഈത്തപ്പഴവും വത്തക്കയും ഒരു മുറുക്ക് വെള്ളവും മാത്രമുള്ള അത്താഴം കൊണ്ട് മുഴുവൻ നോമ്പുമെടുത്ത് ഗർഭകാലം കഴിച്ചു കൂട്ടിയതിനാലാണ് എന്റെ ഗർഭകാലവും പ്രസവവും ഇത്ര സുഗമമായതെന്ന് എനിക്ക് പറയാൻ കഴിയും. (എന്നിട്ടും ഞാൻ 7 കിലോ വെയിറ്റ് കൂടി. കുട്ടി 2.600 കിലോ, ഒന്നാമത്തെ കുട്ടിയുടെ അതേ തൂക്കം തന്നെ. പാലും ഒട്ടും കുറവില്ല) ഗർഭകാലം മാക്സിമം 9 മാസം 7 ദിവസം എന്ന ഇക്കാലത്തെ കണക്കിനെ തെറ്റിച്ച് 9 മാസം 12 ാം ദിവസമാണ് ഞാൻ പ്രസവിച്ചത്.

തലക്ക് പകരം കാലാണ് ആദ്യം വന്നത്. എന്നിട്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ, കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി. പ്രസവിച്ച സ്ത്രീകൾക്കെല്ലാം തുന്നിടുന്ന ഈ കാലത്ത് ചെറിയൊരു പൊട്ടൽ പോലും വജൈനൽ ഭാഗത്ത് ഉണ്ടായില്ല എന്നത് എന്നെ ഏറെ കൗതുകപ്പെടുത്തി. അതിനാൽ തന്നെ പ്രസവം കഴിഞ്ഞാലും ഉടൻ നടക്കാനും ഇരിക്കാനും എന്റെ കാര്യങ്ങൾ സ്വയം ചെയ്യാനും അനായാസം കഴിയുന്നു.

പ്ലാസെന്റയും, ഗർഭപാത്രത്തിൽ നിന്നുള്ള മറ്റു മാലിന്യങ്ങളും നമ്മൾ വലിച്ചെടുക്കുകയോ, ഉള്ള് ക്ലീൻ ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല. ശരീരം തന്നെ സ്വയം അത് മുഴുവനായും പുറംതള്ളുന്നു. പ്രസവവേദനയനുഭവിക്കുന്ന സമയത്ത് ആശ്വസിപ്പിക്കാനും തലോടാനുമെല്ലാം സ്വന്തക്കാർ അരികിലുണ്ടാകുക എന്നത് ഏതൊരു സ്ത്രീയുടേയും വലിയ ആഗ്രഹമായിരിക്കും. പ്രിയതമനും ഉമ്മയുമടക്കം വേണ്ടപ്പെട്ടവരുടെയെല്ലാം നിറസാന്നിദ്ധ്യം ആ സമയത്ത് എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു എന്നതിൽ ഞാൻ ഭാഗ്യവതിയാണ്.''- ഇങ്ങനെയാണ് ഹിറ ഹരീറയുടെ പോസ്റ്റ് അവസാനിക്കുന്നത്.

ഈ പോസ്റ്റിനെതിരെയും സോഷ്യൽ മീഡിയയിൽ ആരോഗ്യ പ്രവർത്തകർ പ്രതികരിക്കുന്നുണ്ട്. ഇതിൽ അക്യുപങ്ചർ തന്നെ ഒരു കപട ചികിത്സയാണെന്നും, ഒരാൾ ഭാഗ്യത്തിന് രക്ഷപ്പെട്ടത് സമാന്യവത്ക്കരിക്കാൻ ആവില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു. എല്ലാറ്റിനും ഉപരിയായി, ആധുനികതയെ വെറുക്കുന്ന, അശാസ്ത്രീയമായ മതമനസ്സിന്റെ ഉൽപ്പന്നമാണ് ഇത്തരം ചിന്തകൾ എന്നും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

വീട്ടിലെ പ്രസവം അപകടകരം

വീട്ടിലെ പ്രസവം അങ്ങേയറ്റം അപകടമാണെന്നാണ് മോഡേൺ മെഡിസിൻ ഡോക്ടർമാർ പറയുന്നത്. പ്രസവസമയത്ത് എപ്പോൾ വേണമെങ്കിലും ഏതു തരത്തിലുള്ള സങ്കീർണതകളും ഉണ്ടാകാമെന്നാണ് ഡോക്ടർമാർ പറയുന്നത്. അത് മുൻകൂട്ടി പറയാൻ സാധിക്കില്ല. അമിതമായ രക്തസ്രാവം, കുഞ്ഞിന് ഉണ്ടാകുന്ന ഹൃദയമിടിപ്പിലെ വ്യതിയാനം, വിചാരിക്കുന്നതിലും കൂടുതൽ പ്രസവം നീണ്ടു പോകുന്നതും ഒക്കെ സാധാരണയായി കണ്ടുവരുന്ന സങ്കീർണ്ണതകളാണ്. ഇവയൊക്കെ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും ഉപകരണങ്ങളും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നൈപുണ്യം നേടിയവരും ഉണ്ടെങ്കിൽ മാത്രമേ അമ്മയ്ക്കും കുഞ്ഞിനും അപകടഘട്ടം തരണം ചെയ്യാൻ സാധിക്കുകയുള്ളൂ. വീട്ടിൽ പ്രസവിക്കുന്ന ഒരു സ്ത്രീയ്ക്ക് ഇത്തരത്തിലുള്ള ഒരു ശുശ്രൂഷ കിട്ടില്ല എന്നത് നമുക്ക് ഊഹിക്കാവുന്ന കാര്യമാണല്ലോ. തികച്ചും അപ്രതീക്ഷമായിട്ടാവും രക്തസ്രാവം തുടങ്ങുന്നത്. വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അമ്മയുടെ രക്തമെല്ലാം വാർന്നൊഴുകി ജീവനു തന്നെ അപകടം സംഭവിക്കാം.

പ്രസവവേദന തുടങ്ങിയാൽ, കുഞ്ഞിന്റെ ഹൃദയമിടിപ്പിന് പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. പ്രസവം നീണ്ടുപോയാൽ കുഞ്ഞിന്റെ തലയിലേക്കുള്ള രക്തയോട്ടത്തിന് കുറവുവന്ന് ബുദ്ധിമാന്ദ്യം സംഭവിക്കാം. ഇത് യഥാസമയം കണ്ടുപിടിച്ചു ഉടനടി പരിഹാരം നിർദ്ദേശ്ശിക്കാൻ ഈ ശാസ്ത്രം അറിയുന്നവരും അതിനുവേണ്ട ഉപകരണങ്ങളും കൂടെത്തന്നെയുണ്ടാവണം. ഈ കാരണങ്ങൾ കൊണ്ടാണ് വീട്ടിലെ പ്രസവം പ്രോൽസാഹിപ്പിക്കാത്തത്. എന്നാൽ ഒരു കോളിന് ആംബുലൻസ് സംവിധാനം വിളിപ്പുറത്തുള്ള, ആരോഗ്യരംഗത്ത് മുന്നേറിയ ലോക രാജ്യങ്ങളിൽ വീട്ടിലെ പ്രസവം നടക്കാറുണ്ട്. പക്ഷേ നമ്മുടെ നാട്ടിൽ ഇത് വ്യാപകമായാൽ ഗുണത്തേക്കാൾ ദോഷമായിക്കുമെന്നാണ് ആധുനിക ഡോക്ടർമാർ പറയുന്നത്.

പണ്ടുകാലത്ത് എത്രയോ പേർ പ്രസവത്തിനിടെ മരിച്ചിട്ടുണ്ട്. ആധുനിക വൈദ്യവും ആശുപത്രികളും വ്യാപകമായതോടെയാണ് അമ്മയുടെ മരണവും ശിശു മരണവും ഏറെ കുറഞ്ഞത്. ഇതൊന്നും മനസ്സിലാക്കാതെ വീട്ടിലെ പ്രസവം ഫാഷനായാൽ അത് വലിയ ദുരന്തം വരുത്തിവെക്കുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP