Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടവേള ബാബുവിന് പിന്നാലെ കോടതിയിൽ മൊഴിമാറ്റി ബിന്ദു പണിക്കരും; സാക്ഷി കൂറു മാറിയതായി പ്രഖ്യാപിച്ചു ക്രോസ് വിസ്താരം നടത്തി പ്രോസിക്യൂഷനും; സിനിമാ പ്രവർത്തകരുടെ തുടർച്ചയായ മൊഴി മാറ്റം കേസിനെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ശക്തം; മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് ദിലീപ് തന്നോട് പറഞ്ഞെന്ന മൊഴിയിൽ ഉറച്ച് കുഞ്ചാക്കോ ബോബനും; 'സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്.. ഞാൻ അതിൽ അഭിപ്രായം പറയാറില്ലെന്ന്' ദിലീപിന് മറുപടി നൽകിയെന്ന പഴയ മൊഴിയിൽ ആവർത്തിച്ചു ചാക്കോച്ചൻ

ഇടവേള ബാബുവിന് പിന്നാലെ കോടതിയിൽ മൊഴിമാറ്റി ബിന്ദു പണിക്കരും; സാക്ഷി കൂറു മാറിയതായി പ്രഖ്യാപിച്ചു ക്രോസ് വിസ്താരം നടത്തി പ്രോസിക്യൂഷനും; സിനിമാ പ്രവർത്തകരുടെ തുടർച്ചയായ മൊഴി മാറ്റം കേസിനെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ശക്തം; മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് ദിലീപ് തന്നോട് പറഞ്ഞെന്ന മൊഴിയിൽ ഉറച്ച് കുഞ്ചാക്കോ ബോബനും; 'സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്.. ഞാൻ അതിൽ അഭിപ്രായം പറയാറില്ലെന്ന്' ദിലീപിന് മറുപടി നൽകിയെന്ന പഴയ മൊഴിയിൽ ആവർത്തിച്ചു ചാക്കോച്ചൻ

ആർ പീയൂഷ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ ബിന്ദു പണിക്കർ മൊഴി മാറ്റി. പൊലീസിന് മുൻപ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കർ കോടതിയിൽ മാറ്റി പറഞ്ഞത്. പ്രോസിക്യൂഷൻ സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു, തുടർന്ന് മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷൻ തന്നെ ക്രോസ് വിസ്താരവും നടത്തി. നടി ആക്രമിക്കപ്പെട്ട കേസിൽ സിനിമാ താരം കുഞ്ചാക്കോ ബോബന്റെ വിസ്താരം നടന്നു. കലൂർ സിബിഐ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിൽ നടിക്ക് അനുകൂലമായാണ് കുഞ്ചാക്കോ ബോബൻ മൊഴി നൽകിയത്.

ബിന്ദു പണിക്കരും കോടതിയിൽ എത്തിയിരുന്നു. ആദ്യം കുഞ്ചാക്കോ ബോബനെയാണ് വിസ്തരിച്ചത്. നേരത്തെ രണ്ടുതവണ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷൂട്ടിങ് തിരക്കിലാണെന്ന് കാണിച്ച് കുഞ്ചാക്കോ ബോബൻ പ്രത്യേക അവധി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. പിന്നീടാണ് ഇന്ന് ഹാജരായത്. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതി ദിലീപിന് പകയുണ്ടായിരുന്നു എന്നതിനുള്ള തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബനെ ഇന്ന് വിസ്തരിച്ചത്.

മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന രീതിയിൽ ദിലീപ് തന്നോട് സംസാരിച്ചതായി കുഞ്ചാക്കോ ബോബൻ നേരത്തെ മൊഴി നൽകിയിരുന്നു. അമ്മയുടെ ട്രഷറർ ആയിരുന്ന തന്നെ മാറ്റിയാണ് ദിലീപ് ട്രഷറർ ആയതെന്നും അത് അപ്രതീക്ഷിത നീക്കമായിരുന്നുവെന്നും കുഞ്ചാക്കോ ബോബൻ മൊഴിയിൽ പറഞ്ഞിട്ടുണ്ട്. മഞ്ജു വാര്യർ നീണ്ട ഇടവേളക്ക് ശേഷം അഭിനയിച്ച സിനിമയാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ 'ഹൗ ഓൾഡ് ആർയു'. ആ സിനിമയിൽ താൻ അഭിനയിക്കരുതെന്ന് ദിലീപ് തന്നോട് സംസാരിച്ചിരുന്നതായും ആക്രമിക്കപ്പെട്ട നടിയെ താൻ അഭിനിയിച്ച കസിൻസ് എന്ന ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ ദിലീപ് ശ്രമിച്ചിരുന്നു എന്നും കുഞ്ചാക്കോ ബോബൻ മൊഴിയിൽ പറഞ്ഞിരുന്നു. ഈ മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്ന് തന്നെയാണ് കോടതിയിൽ കുഞ്ചാക്കോ ബോബൻ പറഞ്ഞത്.

കുഞ്ചാക്കോ ബോബൻ പൊലീസിന് മുൻപ് നൽകിയ മൊഴി ഇങ്ങനെ ; 'ഞാൻ കഴിഞ്ഞ 20 വർഷമായി മലയാള സിനിമാ നടനാണ്. സിനിമ നിർമ്മാണവും ചെയ്യുന്നുണ്ട്. നടൻ ദിലീപ് എന്റെ സുഹൃത്താണ് ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ്. അമ്മയുടെ ട്രഷറർ ആയിരുന്ന എന്നെ മാറ്റി ആണ് ദിലീപ് ട്രഷറർ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. നടൻ ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർ ഏറെ കാലത്തിന് ശേഷം അഭിനയിച്ച ഹൗ ഓൾഡ് ആർയു എന്ന സിനിമയിൽ ഞാനായിരുന്നു നായകൻ. മോഹൻലാൽ നായകനായ സിനിമയിലാണ് മഞ്ജു വാര്യർ തിരികെ വരുന്നത് എന്നാണ് അന്ന് പറഞ്ഞ് കേട്ടത്. അത് എന്തോ കാരണത്താൽ നടന്നില്ല. ആ സിനിമ സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസാണ്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ഞാൻ അതിൽ അഭിപ്രായം ഒന്നും പറയാറില്ല. ആ സിനിമ ഞാൻ കമ്മിറ്റ് ചെയ്ത ശേഷം ദിലീപ് ഒരു ദിവസം രാത്രി വൈകി എന്നെ വിളിച്ചിരുന്നു. ദിലീപ് അന്ന് എന്നോട് ഈ സിനിമയെ പറ്റിയുള്ള വിവരങ്ങൾ ചോദിച്ചിരുന്നു.

ആ സിനിമയിൽ ഞാൻ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയിൽ എന്നോട് സംസാരിച്ചിരുന്നു. നേരിട്ട് എന്നോട് ആ കാര്യം ആവശ്യപ്പെട്ടിട്ടില്ല. അതിന് മറുപടിയായി ദിലീപിനോട് ഞാൻ ഡേറ്റ് കൊടുത്തത് റോഷൻ ആൻഡ്രൂസിനാണ് മഞ്ജു വാര്യരുടെ പടം എന്ന് ഉദ്ദേശിച്ചല്ല എന്ന് പറഞ്ഞു. എന്നാൽ ഞാൻ അഭിനയിക്കരുത് എന്ന് നിങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ എത്തിക്സ് അല്ലെങ്കിലും ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഞാൻ മാറാം. പക്ഷെ നിങ്ങൾ ആവശ്യപ്പെടണം എന്ന് ഞാൻ പറഞ്ഞു. പക്ഷെ ദിലീപ് ആവശ്യപ്പെടാൻ തയ്യാറായില്ല. പിന്നെയും ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. പുള്ളിയുടെ സംസാരത്തിൽ നിന്നും ഞാൻ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്ന് തീർച്ചയാണ്. കസിൻസ് എന്ന സിനിമയിൽ നിന്നും നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.'

കേസിൽ ഇതുവരെ ഒട്ടേറെ താരങ്ങളെ വിസ്തരിച്ചിട്ടുണ്ട്. ഇതിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു മാത്രമാണ് കൂറ് മാറിയത്. ഇദ്ദേഹം ദിലീപിന് അനുകൂലമായിട്ടാണ് കോടതിയിൽ മൊഴി നൽകിയത്. കൊച്ചിയിൽ നടന്ന വിസ്താരത്തിനിടെയാണ് പ്രോസിക്യൂഷൻ സാക്ഷിയായ ബാബു എട്ടാം പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകിയത്. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് ബാബു പിന്മാറി. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസിൽ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

നടിയെ ആക്രമിച്ച കേസിൽ പൊലീസിന് മുമ്പ് നൽകിയ മൊഴി പൂർണമായി തള്ളിപ്പറഞ്ഞായിരുന്നു ഇടവേള ബാബുവിന്റെ കൂറുമാറ്റം. കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്റെ സിനിമാ ആവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞു എന്നായിരുന്നു ബാബുവിന്റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നു എന്നും മൊഴിയിലുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു . എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു ഇത് തള്ളിപ്പറയുകയായിരുന്നു. കുഞ്ചാക്കോ ബോബന്റെ വിസ്താരത്തിന് ശേഷം നടി ബിന്ദു പണിക്കരുടെ വിസാതരം നടന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇരുവരുടെയും വിസ്താരം പൂർത്തിയായത്. ഇനി മുൻപ് അവധിക്ക് വച്ചിരുന്ന ചില സാക്ഷികളുടെ വിസാതാരം കൂടിയാണ് പൂർത്തിയാകാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP