Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കായികതാരങ്ങളും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും കൈകോർത്തു; ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം; പന്തുതട്ടി പരിശീലനത്തിന് തുടക്കമിട്ട് മമ്മൂട്ടി; ഫുട്‌ബോൾ ലോകത്തേക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് 'ആട്ടക്കള' പരിപാടിക്ക് തുടക്കം

കായികതാരങ്ങളും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും കൈകോർത്തു; ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം; പന്തുതട്ടി പരിശീലനത്തിന് തുടക്കമിട്ട് മമ്മൂട്ടി; ഫുട്‌ബോൾ ലോകത്തേക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് 'ആട്ടക്കള' പരിപാടിക്ക്  തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫുട്‌ബോൾ ലോകത്തേക്ക് മുന്നേറാൻ മോഹിച്ച ഗോത്ര വിഭാഗത്തിൽനിന്നുള്ള കുട്ടികൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം നൽകുന്നതിനായി കൈകോർത്ത് കായികതാരങ്ങളും കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും. ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്ബോൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ ഫുട്ബോൾ ഏറ്റുവാങ്ങി.

വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ 60 കുട്ടികളുമായി മമ്മൂട്ടി സംവദിച്ചു. പ്രിയതാരത്തെ ഒരു നോക്ക് കാണാനും അൽപ സമയം അടുത്ത് ഇടപെഴകാനുമുള്ള ഗോത്ര വിഭാഗത്തിലെ അറുപത് കുട്ടികളുടെ ആഗ്രഹമാണ് മമ്മൂട്ടി സഫലീകരിച്ചത്. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കാണ് അവരുടെ പ്രിയപ്പെട്ട മമ്മൂക്കക്കൊപ്പം അടിച്ചു പൊളിക്കാനുള്ള അവസരം ലഭിച്ചത്. കൊച്ചി സിറ്റി അസി. കമീഷണർ പി. രാജ്കുമാർ ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുകയും ലഹരി ഉപയോഗത്തിൽനിന്ന് അവരെ തടയുകയും ചെയ്യുന്നതിനായി മലയാളി കായികതാരങ്ങൾ ആരംഭിച്ച തേർട്ടീൻത് ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ചേർന്ന് എഫ്-13 അക്കാദമിയുടെ സഹകരണത്തോടെ ആവിഷ്‌കരിച്ച 'ആട്ടക്കള' പരിപാടിക്ക് ഏലൂർ ഗ്രൗണ്ടിൽ തുടക്കമായി. കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ അവരെ ഫുട്ബാളിലേക്ക് തിരിച്ചുവിടുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ സി.കെ. വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തൊടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന തേർട്ടീൻത് ഫൗണ്ടേഷനിലൂടെയാണ് ആദിവാസി വിഭാഗത്തിലെ കുട്ടികളിലെ ഫുട്ബോൾ പരിശീലനം സാധ്യമാക്കുന്നത്.

മമ്മൂട്ടിയുടെ തന്നെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ തേർട്ടീൻത് ഫൗണ്ടേഷൻ ഡയറക്ടർ സി.കെ വിനീത്, എഫ് 13 അക്കാദമി ഡയറക്ടർമാരായ റിനോ ആന്റോ, അനസ് എടത്തൊടിക്ക, മുഹമ്മദ് റാഫി, എൻ.പി പ്രദീപ്, അരുൺ അരവിന്ദാക്ഷൻ എന്നിവരും കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി റിലേഷൻ ജനറൽ മാനേജർ ജോസ് പോൾ, ബാബു തൊട്ടുങ്ങൽ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഭാസ്‌കർ എന്നിവരും സംബന്ധിച്ചു.

കുട്ടികളോടൊപ്പം കുറച്ചധികം സമയം ചെലവഴിക്കാനും തമാശകളും പൊട്ടിച്ചിരികളുമായി കുട്ടികളെ ആനന്ദഭരിതമാക്കാനും മമ്മൂട്ടി മറന്നില്ല. തങ്ങൾ ആരാധിക്കുന്ന താരത്തെ അടുത്ത കിട്ടിയ സന്തോഷത്തിൽ കുട്ടികൾ മതി മറന്നു. ലഹരിക്കെതിരെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ 'പൂർവികം', 'വഴികാട്ടി' പദ്ധതികളിൽ നിന്നും വ്യത്യസ്തവും പുതുമയാർന്നതുമായ ഒരു സംരംഭമാണ് 'ആട്ടക്കള' എന്നും ഉദ്ഘാടനത്തോടൊപ്പം മമ്മൂട്ടി പറഞ്ഞു.

'ഏറെ കായിക ക്ഷമതയുള്ളവരാണ് ആദിവാസി വിഭാഗങ്ങളിലുള്ള കുട്ടികൾ. എന്നാൽ മറ്റുള്ളവർക്കുള്ള സൗകര്യങ്ങളും അവസരങ്ങളും ഇന്നും അവർക്ക് അപ്രാപ്യമാണ്. 13th ഫൗണ്ടേഷനും കെയർ ആൻഡ് ഷെയറും ചേർന്ന് ആട്ടക്കള' എന്ന പദ്ധതി അവർക്ക് മുന്നിൽ തുറന്നുവയ്ക്കുന്നത് അവസരങ്ങളുടെ വാതിലുകളാണ്. അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം, മികച്ച കോച്ചുമാർക്ക് കീഴിൽ അത്യാധുനിക രീതികളിലുള്ള പരീശിലനം, വ്യക്തിത്വ വികസനം, പോഷകാഹാരത്തിന്റെ ലഭ്യത തുടങ്ങി ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് വേണ്ടതായ ഒട്ടേറെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്', മമ്മൂട്ടി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP