Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജസേനനു പിന്നാലെ ബിജെപി വിട്ട നടൻ ഭീമൻ രഘുവും സിപിഎമ്മിലേക്ക്; വിദേശയാത്രയിലുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം നേരിട്ടു കണ്ട് സംസാരിക്കുമെന്ന് ഭീമൻ രഘു; മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബിജെപി നേതൃത്വത്തിൽ നിന്നുണ്ടായെന്നും പ്രതികരണം

രാജസേനനു പിന്നാലെ ബിജെപി വിട്ട നടൻ ഭീമൻ രഘുവും സിപിഎമ്മിലേക്ക്; വിദേശയാത്രയിലുള്ള മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം നേരിട്ടു കണ്ട് സംസാരിക്കുമെന്ന് ഭീമൻ രഘു; മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബിജെപി നേതൃത്വത്തിൽ നിന്നുണ്ടായെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപി വിട്ട നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്. വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം പാർട്ടിപ്രവേശനത്തെക്കുറിച്ച് നേരിട്ടു കണ്ട് സംസാരിക്കുമെന്ന് നടൻ പ്രതികരിച്ചു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കാനായില്ലെന്നു ചൂണ്ടിക്കാണിച്ചാണ് പാർട്ടി വിട്ടത്. 2016 ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്തെ പത്തനാപുരത്തുനിന്ന് മത്സരിച്ച അദ്ദേഹം മൂന്നാം സ്ഥാനത്തെത്തി. നടനും സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയുമായ കെ.ബി.ഗണേശ് കുമാറിനും നടൻ ജഗദീഷിനുമെതിരെയായിരുന്നു ഭീമൻ രഘു മത്സരിച്ചത്.

കുറച്ചുനാളുകൾക്ക് മുൻപാണ് ബിജെപിക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ബിജെപിയുടെ രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും ഭീമൻ രഘു പറഞ്ഞത്. ബിജെപിയിലുണ്ടായിരുന്ന കാലത്ത് ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

'മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ അദ്ദേഹത്തെ നേരിൽ കാണാൻ തീരുമാനിച്ചിരിക്കുകയാണ്. ബിജെപിയുമായി ഇനി ചേർന്ന് പ്രവർത്തിക്കാനാകില്ലെന്ന് ഞാൻ നേരത്തേ പറഞ്ഞതാണ്. മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബിജെപി നേതൃത്വത്തിൽ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ല. രാഷ്ട്രീയപ്രവർത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെയാണ് ഞാൻ ഈ മേഖലയിലേക്ക് വന്നതും. എന്നാൽ ഞാൻ പ്രതീക്ഷിച്ചതല്ല ബിജെപിയിൽ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്', ഭീമൻ രഘു പ്രതികരിച്ചു.

എനിക്ക് വളരെ ഇഷ്ടമുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഞാൻ എല്ലായ്‌പ്പോഴും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാകണമെന്ന് എനിക്കാഗ്രഹമുണ്ട്, ഭീമൻ രഘു പറഞ്ഞു.

അടുത്തിടെ, സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നു നേരിട്ടതെന്ന് രാജസേനൻ വെളിപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദിയിൽ ആകൃഷ്ടനായാണ് ബിജെപിയിൽ വന്നതെന്നും എന്നാൽ അവിടെ തന്നെ കേൾക്കാൻ ആരും തയ്യാറായിരുന്നില്ലെന്നാണ് രാജസേനൻ പറഞ്ഞത്. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ രാജസേനൻ നേരിൽ കാണുകയും ചെയ്തു.

കഴിഞ്ഞ് ഏഴ് വർഷത്തിൽ അഞ്ചോളം സിനിമകൾ ചെയ്യാൻ ശ്രമിച്ചുവെങ്കിലും ഒന്നും നടന്നില്ലെന്നും രാജസേനൻ പറഞ്ഞിരുന്നു. ബിജെപിയിൽ ചേർന്നതുകൊണ്ടുള്ള അവഗണന മൂലമാണോ എന്ന് പറയാൻ സാധിക്കില്ല. പക്ഷേ കഴിഞ്ഞ വർഷങ്ങളിൽ ആസൂത്രണം ചെയ്ത ഒരു സിനിമ പോലും നടന്നില്ല. ആരൊക്കെയോ എവിടൊക്കെയേ വെട്ടിയിട്ടുണ്ട്- രാജസേനൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP