Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

വയലിൽ കിടന്ന് ഉറങ്ങി നേരം വെളുപ്പിച്ചെങ്കിലും രാവിലെ പൊലീസിന്റെ ശക്തമായ പരിശോധന; തളർത്തിക്കളയുന്ന കഠിനമായ ചൂടും കത്തിക്കാളുന്ന വിശപ്പും; ബന്ധുവിനെ വിളിച്ച് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ മഫ്തിയിൽ ചാടി വീണ് പൊലീസും; മുങ്ങിയ കഞ്ചാവ് കേസ് പ്രതി ഒടുവിൽ കീഴടങ്ങിയപ്പോൾ പറഞ്ഞതും വിശക്കുന്നേ എന്നും

വയലിൽ കിടന്ന് ഉറങ്ങി നേരം വെളുപ്പിച്ചെങ്കിലും രാവിലെ പൊലീസിന്റെ ശക്തമായ പരിശോധന; തളർത്തിക്കളയുന്ന കഠിനമായ ചൂടും കത്തിക്കാളുന്ന വിശപ്പും; ബന്ധുവിനെ വിളിച്ച് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ മഫ്തിയിൽ ചാടി വീണ് പൊലീസും; മുങ്ങിയ കഞ്ചാവ് കേസ് പ്രതി ഒടുവിൽ കീഴടങ്ങിയപ്പോൾ പറഞ്ഞതും വിശക്കുന്നേ എന്നും

വിനോദ്.വി.നായർ

കൊല്ലം: വൈദ്യപരിശോധനയ്ക്കായി കുണ്ടറ താലൂക്കാശുപത്രിയിൽ എത്തിച്ച അവസരം മുതലാക്കി പൊലിസിനെ വെട്ടിച്ചു കടന്ന കഞ്ചാവ് കേസ് പ്രതി ഒടുവിൽ കീഴടങ്ങിയത് സിനിമയെയും വെല്ലും ഹാസ്യരംഗങ്ങളെ അനുസ്മരിപ്പിച്ച്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആശുപത്രി മുക്കിനടുത്തുള്ള ചെപ്പള്ളി ഭാഗത്തെ ഒഴിഞ്ഞ വീട്ടിലിരുന്ന് കഞ്ചാവ് പൊതികളാക്കുന്നതിനിടെ കുണ്ടറ പൊലിസ് പിടിയിലായ കാഞ്ഞിരകോട് തെറ്റിക്കുന്ന് പുന്നവിള വീട്ടിൽ രാഹുൽ എന്ന ഇരുപത്തിരണ്ടുകാരനാണ് പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്.

ഇയാൾക്കൊപ്പം പിടിയിലായ സബീർ , അഖിൽ , സരുൺ എന്നിവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനയ്ക്കായാണ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൈവിലങ്ങ് അഴിച്ച ശേഷം ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിപ്പിച്ചയുടൻ ഇറങ്ങിയോടിയ രാഹുലിന് പിന്നാലെ പൊലിസ് പാഞ്ഞെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

പൊലിസിൽ നിന്ന് രക്ഷപെട്ട് കാഞ്ഞിരകോടുള്ള സ്വന്തം വീട്ടിൽ എത്തിയ രാഹുൽ അവിടെ നിന്ന് ഒരു തൊപ്പി ധരിച്ച ശേഷം ഇളമ്പള്ളൂരിൽ എത്തി ബന്ധുവായ യുവാവ് ജോലി ചെയ്യുന്ന സ്വകാര്യ ബസിൽ കയറി പെരുമ്പുഴ ഭാഗത്ത് ഇറങ്ങുകയായിരുന്നു. രാത്രിയായതോടെ ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയെങ്കിലും പൊലിസ് അവിടെയുമെത്തിയതോടെ മുങ്ങി വീണ്ടും പെരുമ്പുഴയിൽ എത്തി സമീപത്തെ വയലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. തുടർന്ന് രാവിലെ എഴുന്നേറ്റ് രക്ഷപെടാമെന്ന് കരുതിയെങ്കിലും പൊലിസ് ശക്തമായ പരിശോധന നടത്തുന്നതായി അറിഞ്ഞതോടെ പകൽ മുഴുവൻ അവിടെത്തന്നെ കഴിച്ചുകൂട്ടി.

ഇതിനിടെ ബന്ധുവിനെ ചോദ്യം ചെയ്തതോടെ ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലം മനസിലാക്കിയ പൊലിസ് വയലിൽ പരിശോധനയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ബന്ധുവിന്റെ ഫോണിലേയ്ക്ക് വീണ്ടും രാഹുലിന്റെ വിളിയെത്തുന്നത് . കഠിനമായ ചൂടിൽ തളർന്ന പ്രതി തനിക്ക് നന്നായി വിശക്കുന്നുണ്ടെന്നും ആഹാരം വാങ്ങി വരണമെന്നും ബന്ധുവിനോട് പറഞ്ഞു. തുടർന്ന് കുണ്ടറ സി ഐ ജയകൃഷ്ണന്റെ നിർദ്ദേശപ്രകാരം ആശുപത്രിമുക്കിലേയ്ക്ക് വരാൻ ബന്ധു പറഞ്ഞതോടെ ഇയാൾ വയലിൽ നിന്നും നടന്ന് എത്തുകയായിരുന്നു. മഫ്ത്തിയിൽ നിലയുറപ്പിച്ച പൊലിസ് സംഘം വളഞ്ഞിട്ട് പിടിച്ചതോടെയാണ് വിശപ്പുകൊണ്ട് താൻ മനഃപൂർവ്വം കീഴടങ്ങിയതാണെന്ന് ഇയാൾ പൊലിസിനെ മൊഴി നൽകിയത്. തിരുവനന്തപുരം , ഇരവിപുരം , കുണ്ടറ സ്റ്റേഷനുകളിൽ ഒട്ടേറെ കഞ്ചാവ് കേസുകളിൽ പ്രതിയായ രാഹുലിനെ ഇന്ന് രാത്രിയോടെ കൊല്ലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP