Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്റെ കാല് പിടിച്ച് പറഞ്ഞിട്ടും എബ്രഹാം ജോസഫ് ഇരയായത് ക്രൂര മർദ്ദനത്തിന്; അനിൽ സ്വന്തം പിതാവിനെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്വമേധയാ കേസെടുത്ത് പൊലീസ്; എബ്രഹാം ജോസഫിനെ മഹാത്മാ ജനസേവാ കേന്ദ്രത്തിലേക്ക് മാറ്റി

ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്റെ കാല് പിടിച്ച് പറഞ്ഞിട്ടും എബ്രഹാം ജോസഫ് ഇരയായത് ക്രൂര മർദ്ദനത്തിന്; അനിൽ സ്വന്തം പിതാവിനെ കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്വമേധയാ കേസെടുത്ത് പൊലീസ്; എബ്രഹാം ജോസഫിനെ മഹാത്മാ ജനസേവാ കേന്ദ്രത്തിലേക്ക് മാറ്റി

എസ് രാജീവ്

തിരുവല്ല: മദ്യപിച്ചെത്തിയ മകന്റെ അതിക്രൂര മർദ്ദനത്തിനിരയായ പിതാവിനെ പൊലീസും പൊതു പ്രവർത്തകരും ചേർന്ന് അഗതി മന്ദിരത്തിലാക്കി. കഴിഞ്ഞ ദിവസം മകൻ അനിലിന്റെ ക്രൂര മർദ്ദനത്തിനിരയായ കവിയൂർ കണിയാമ്പാറ പനങ്ങാടിയിൽ കൊടഞ്ഞൂർ വീട്ടിൽ അനിയൻ എന്ന് വിളിക്കുന്ന ഏബ്രാഹം ജോസഫ് (57) നെയാണ് വ്യാഴാഴ്ച ഉച്ചയോടെ അടൂർ മഹാത്മാ ജന സേവാ കേന്ദ്രത്തിലാക്കിയത്. കഞ്ചാവ് വിൽപനയും അടിപിടിയും അടക്കം നിരവധി കേസുകളിൽ പ്രതി കൂടിയാണ് അനിൽ.

ഏബ്രഹാമും മകൻ അനിലും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഭാര്യ മകൾക്കൊപ്പമാണ് താമസം. അനിൽ മദ്യപിച്ചെത്തി പതിവായി പിതാവായ ഏബ്രഹാമിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് പരിസര വാസികളിൽ ചിലർ പൊലീസിന് വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏബ്രഹാമിനെ ജന സേവാ കേന്ദ്രത്തിലേക്ക് മാറ്റിയത്. തിരുവല്ല സി ഐ സി.എസ് വിനോദ്, സി പി ഒ മാരായ സജിത് രാജ്, നവീൻ, മാത്യു, സിപിഐ (എം) പടിഞ്ഞാറ്റുംചേരി ബ്രാഞ്ച് സെക്രട്ടറി ജോർജ്ജ് റ്റി വർഗ്ഗീസ്, സിപിഐ (എം) ലോക്കൽ കമ്മറ്റിയംഗങ്ങളായ എസ് സതീഷ്, ഷിബു മാത്യു എന്നിവർ ചേർന്നാണ് വ്യാഴാഴ്ച ഉച്ചയോടെ ഏബ്രഹാമിനെ ജന സേവാ കേന്ദ്രത്തിൽ എത്തിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു മകൻ അനിൽ ഏബ്രഹാമിനെ കയ്യും വടിയും ഉപയോഗിച്ച് പൈശാചികമായി മർദ്ദിച്ചത്. പിതാവായ ഏബ്രഹാം ബന്ധുവീട്ടിൽ പോകുന്നത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. സമീപ വാസികളിലാരോ മൊബൈലിൽ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ ബുധനാഴ്ച രാവിലെ മുതൽ സോഷ്യൽ മീഡിയായിൽ വൈറലായതിനെ തുടർന്നാണ് തിരുവല്ല പൊലീസ് അനിലിനെതിരെ സ്വമേധയാ കേസെടുത്തത്. മർദ്ദനത്തിനിടെ ഇനി ഞാൻ ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്റെ കാല് പിടിച്ച് ഏബ്രഹാം ജോസഫ് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ അനിൽ ക്രൂര മർദ്ദനം തുടരുകയായിരുന്നു . മർദ്ദനത്തിനിടെ അനിൽ പിതാവിനെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാമായിരുന്നു.

അയൽവാസികളിൽ ചിലർ ചേർന്ന് പിതാവിനെ മർദ്ദിക്കുന്നതിൽ നിന്ന് അനിലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരേ ഇയാൾ തിരിഞ്ഞതോടെ അവരും പിന്തിരിഞ്ഞു. തുടർന്നാണ് മർദ്ദന ദൃശ്യങ്ങൾ പരിസര വാസികളിലാരോ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. പൊലീസ് എത്തുന്നതറിഞ്ഞ് വീട്ടിൽ നിന്നും മുങ്ങിയ അനിലിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി തിരുവല്ല ഡി വൈ എസ് പി ടി രാജപ്പൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP