Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202123Friday

മകന്റെ പിറന്നാൾ പാവപെട്ട കുട്ടികൾക്കായി ആഘോഷിച്ച പിതാവ് സ്വന്തം പിറന്നാളും ആഘോഷമാക്കിയത് കുട്ടികൾക്ക് കളിപ്പാട്ടം ശേഖരിച്ച്; വിവരം നാട്ടുകാർ അറിയുന്നത് ബിബിസി വഴി; യുകെയിൽ എത്തിയിട്ട് ഒരു വർഷം പോലുമാകാത്ത മലയാളി യുവാവ് ബ്രിട്ടണിലെ ലോക്കൽ ഹീറോയാകുമ്പോൾ

മകന്റെ പിറന്നാൾ പാവപെട്ട കുട്ടികൾക്കായി ആഘോഷിച്ച പിതാവ് സ്വന്തം പിറന്നാളും ആഘോഷമാക്കിയത് കുട്ടികൾക്ക് കളിപ്പാട്ടം ശേഖരിച്ച്; വിവരം നാട്ടുകാർ അറിയുന്നത് ബിബിസി വഴി; യുകെയിൽ എത്തിയിട്ട് ഒരു വർഷം പോലുമാകാത്ത മലയാളി യുവാവ് ബ്രിട്ടണിലെ ലോക്കൽ ഹീറോയാകുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കഴിഞ്ഞ വർഷം മാർച്ചിൽ യുകെയിൽ എത്തിയ പാലക്കാട്ടുകാരൻ പ്രഭു നടരാജൻ പുറത്തിറങ്ങി നാടൊന്നു കാണും മുൻപേ ലോക്ഡോൺ എത്തി. ഓക്‌സ്‌ഫോർഡ്ഷെയറിലെ ബാൻബറി എന്ന നാട്ടിലേക്ക് പാലക്കാട്ടെ ഒലവക്കോട്ട് നിന്നും പറിച്ചു നടുമ്പോൾ സാധാരണ യുകെ മലയാളികളെ പോലെ പുത്തൻ ജീവിതം വേരുപിടിപ്പിക്കാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല എന്നതാണ് ഇപ്പോൾ പ്രഭുവിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. കഴിഞ്ഞ ഇരുപതുവർഷമായി ഈ നാട്ടിൽ കഴിയുന്ന മലയാളികളെ പോലും നാട്ടുകാർ തിരിച്ചറിയാൻ സാധിക്കാത്തിടത്താണ് വെറും മാസങ്ങൾക്കകം പ്രദേശവാസികളുടെ ലോക്കൽ ഹീറോയായി പ്രഭുവും ഏഴുവയസുകാരൻ മകനും മാറിയിരിക്കുന്നത്. ആദ്യം നാട്ടുകാരുടെ സ്‌നേഹം പിടിച്ചു പറ്റിയ പ്രഭു ഇപ്പോൾ പ്രദേശത്തെ ബിസിനസ് സമൂഹത്തിനും പ്രാദേശിക എംപി വിക്ടോറിയാ പെന്റിസിനും എന്തിനേറെ ബിബിസി വാർത്ത മുറിയിൽ വരെ പ്രിയപ്പെട്ടവൻ ആയി മാറിയിരിക്കുകയാണ്. ഇത്രയും ചുരുങ്ങിയ സമയത്തിൽ യുകെയിൽ എത്തി ശ്രദ്ധ നേടിയ മറ്റൊരാളെ കണ്ടെത്തുക ദുഷ്‌കരം ആയിരിക്കും.

ചുരുങ്ങിയ സമയത്തിൽ ബ്രിട്ടീഷ് മലയാളിയിൽ തന്നെ ഇത് മൂന്നാം വട്ടമാണ് ഈ അച്ഛനെയും മകനെയും കുറിച്ച് പ്രധാന വാർത്ത ചെയ്യേണ്ടി വരുന്നത് എന്നതിൽ നിന്നും തന്നെ ഇവർ സമൂഹത്തിൽ നേടിയെടുത്ത അംഗീകാരത്തിന് മതിയായ തെളിവായി മാറുകയാണ്. മറ്റുള്ളവരുടെ ജീവിത പ്രയാസങ്ങൾ കണ്ടറിയുന്നവരെ ബ്രിട്ടീഷ് സമൂഹം എത്തരത്തിലാണ് ചേർത്ത് നിർത്തുക എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് പ്രഭുവും കുടുംബവും അനുഭവിക്കുന്ന സന്തോഷ നിമിഷങ്ങൾ എന്നും വ്യക്തമാകുന്നു. സാധാരണ കുടിയേറ്റ സമൂഹത്തോട് നിക്ഷേധാല്മക സമീപനമാണ് തദ്ദേശ വാസികൾ കാട്ടുന്നതെന്ന ആക്ഷേപങ്ങൾ വാർത്തകളായി എത്തുന്ന സമയത്തു തന്നെയാണ് സ്‌നേഹം നൽകി സ്‌നേഹം തിരിച്ചു പിടിക്കുന്ന മാജിക് പ്രഭു കാണിച്ചു തരുന്നത്. തന്റെ നിസാര ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കുന്ന പണം ഉപയോഗിച്ചും ഓൺലൈൻ ഫണ്ട് ശേഖരണം വഴി ലഭിക്കുന്ന ചെറിയ തുകകൊണ്ടുമൊക്കെ സാധാരണക്കാക്കരെ സഹായിക്കാൻ ഇറങ്ങിയാണ് പ്രഭു ബാൻബറിയുടെ സ്‌നേഹം സ്വന്തമാക്കുന്നത്.

ബാൻബറിയിൽ അവിചാരിതമായി വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന സന്നദ്ധ സംഘടനയിൽ എത്തിയതാണ് പ്രഭുവിനെ ഇവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലേക്കു എത്തിക്കുന്നത്. തുടർന്ന് തന്റെ മകന്റെ പിറന്നാൾ ആഘോഷം വേണ്ടെന്നു വച്ച് 600 പൗണ്ടിലേറെ തുക കൂടെ ജോലി ചെയ്യുന്നവരുടെയും മറ്റും സഹായത്തോടെ സമാഹരിച്ചു മകൻ പഠിക്കുന്ന സ്‌കൂളിലെ 25 കുടുംബങ്ങൾക്ക് ഭക്ഷണവും വസ്ത്രവും അടങ്ങുന്ന സമ്മാനപ്പൊതികൾ നൽകിയാണ് പ്രഭു തുടക്കമിടുന്നത്. എന്നാൽ പലരും ചെയുന്നത് പോലെ, മറ്റുള്ളവരെ സഹായിക്കുക എന്നത് ഒറ്റത്തവണ കൊണ്ട് അവസാനിപ്പിക്കുവാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. ഡിസംബറിലെ അസ്ഥി തുളച്ചു കയറുന്ന തണുപ്പിൽ സാന്ത ക്‌ളോസിന്റെ വേഷമിട്ടു ആറുമണിക്കൂർ പുറത്തു നിന്ന് വീണ്ടും കുഞ്ഞുമനസിൽ വലിയൊരു സ്വപ്നമായി കടന്നു കയറുക ആയിരുന്നു ഈ ചെറുപ്പക്കാരൻ. അന്നും അനേകം കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ നല്കാൻ പ്രഭുവിനായി.

ഇക്കാര്യങ്ങൾ അറിഞ്ഞതോടെ പ്രാദേശിക എംപി വിക്ടോറിയ പെന്റിസ് പ്രഭുവിന് കത്തയച്ചാണ് നന്ദി അറിയിച്ചത്. എന്നാൽ ഇതിനെയൊക്കെ ഞെട്ടിക്കുന്ന വിധമാണ് പുതുവർഷ നാളിൽ പ്രഭുവിന്റെ വീട്ടിലേക്കു പുത്തൻ സ്മാർട്ട് ടിവി സമ്മാനവുമായി മൈക്ക് ഹീറോൺ എന്ന ബിസിനസുകാരൻ എത്തുന്നത്. കയ്യിൽ വലിയൊരു ടിവിയും താങ്ങിപിടിച്ചുകൊണ്ടു. താൻ ടിവിയൊന്നും ഓർഡർ ചെയ്തില്ലല്ലോ എന്ന് മനസ്സിൽ കരുതും മുന്നേ മൈക് പറയാൻ തുടങ്ങി, താൻ പഴയ ടിവി വാങ്ങുവാൻ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കി ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പ് തങ്ങളുടെ സ്ഥാപനം ശ്രദ്ധിച്ചുവെന്നും, സമൂഹത്തിൽ നല്ല സന്ദേശമായി മാറിയ താങ്കൾക്ക് ഇത് ഞങ്ങളുടെ സമ്മാനമായി നൽകുന്നതിൽ സന്തോഷമേയുള്ളൂ എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തനിക്കു തന്നെത്തന്നെ വിശ്വസിക്കാൻ പ്രയാസം തോന്നിയ നിമിഷങ്ങൾ ആയിരുന്നു അതെന്നു പ്രഭു പറയുന്നു. തനിക്കു 40 വർഷമായി മനസ്സിൽ തോന്നാത്ത കാര്യമാണ് വളരെ കുറച്ചു കാലത്തേ യുകെ ജീവിതം വഴി നിങ്ങൾ ചെയ്തെന്നും പറയാൻ അദ്ദേഹം മറന്നില്ല. എന്നാൽ സർപ്രൈസ് അവിടെയും തീർന്നില്ല. അല്പം കഴിഞ്ഞപ്പോൾ മറ്റൊരാൾ എത്തുന്നു. അദ്ദേഹത്തിന്റെ കൈവശവും ടിവി തന്നെ. പ്രഭുവിന്റെ അയൽവാസിയാണത്രെ അയാളുടെ മകൾ. തന്റെ മകളുടെ അയല്പക്കത്തു ഇത്രയും നാലൊരു ചെറുപ്പക്കാരൻ താമസിക്കുമ്പോൾ അയാൾക്ക് ഒരു ടിവി നൽകുന്നതിൽ തെറ്റൊന്നും ഇല്ലെന്ന മട്ടിലാണ് അദ്ദേഹം പ്രഭുവിനായി ടിവിയുമായി എത്തിയത്.

ദിവസേനെ പാവപ്പെട്ടവർക്കായി 60 മൈൽ വരെയൊക്കെ യാത്ര ചെയുന്ന പ്രഭു തന്റെ കാറിന്റെ സർവീസ് ചെയ്യാൻ അടുത്തകാലത്ത് പരിചയപ്പെട്ട കാർ മെക്കാനിക് ഡാമിയനും ഈ യുവാവിനെ അത്ഭുതപെടുത്തിയിരിക്കുകയാണ്. സാധാരണ വർക്ക്‌ഷോപ്പിൽ എത്തിച്ചാൽ 150 പൗണ്ട് വരെയെങ്കിലും വേണ്ടി വരുമായിരുന്ന സർവീസിങ് സ്വന്തം ചെലവിൽ ഏറ്റെടുത്തു പൂർത്തിയാക്കിയാണ് ഡാമിയൻ പ്രഭുവിനെ അത്ഭുതപ്പെടുത്തിയത്. കാർ നന്നാക്കിയതിന്റെ പണമെത്ര എന്ന ചോദ്യത്തിന്, ഇതിനു പണമോ, ഇത് എന്റെ വക ചെറിയൊരു സമ്മാനം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരത്തിൽ കാണുന്നവരും പരിചയപ്പെടുന്നവരും ഒക്കെ ഓരോ തരത്തിൽ ഈ യുവാവിലെ നന്മ തിരിച്ചറിയുകയാണ്.

ഇപ്പോൾ അവിടം കൊണ്ട് കാര്യങ്ങൾ അവസാനിക്കുന്നില്ല. രണ്ടു നാൾ മുൻപ് തന്റെ പിറന്നാൾ എത്തിയപ്പോൾ എങ്ങനെ അത് വത്യസ്ഥമാക്കാൻ കഴിയും എന്ന ആലോചന മനസ്സിൽ എത്തിയപ്പോൾ തികച്ചും ആകസ്മികമായ ഒരു ചിന്തയാണ് ഈ ചെറുപ്പകാരനിൽ കടന്നു കൂടിയത്. തന്റെ പിറന്നാൾ ദിനത്തിൽ ഒക്കെ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കൈകളിൽ നിന്നും സമ്മാനം വാങ്ങിയ ഓർമ്മയിൽ കോവിഡിൽ പ്രിയപ്പെട്ട മുത്തച്ഛനേയും മുത്തശ്ശിയേയും ഒക്കെ നഷ്ടമായ കുട്ടികളെയാണ് പ്രഭുവിന് മനസ്സിൽ സങ്കല്പികനായത്. ഒട്ടും മടിച്ചില്ല , പ്രഭു വീണ്ടും ബാറ്റ്മാന്റെ വേഷമിട്ടു. അതോടെ വീടിനകം നിറയെ കുട്ടികൾക്ക് നൽകാനുള്ള കളിക്കോപ്പുകൾ കൊണ്ട് നിറയുകയായിരുന്നു. നല്ല മനസുള്ള മനുഷ്യർ ഈ ലോകത്തു ആവശ്യത്തിലേറെയുണ്ട് എന്ന് വീണ്ടും വീണ്ടും പ്രഭു തന്റെ ജീവകാരുണ്യ പ്രവർത്തനം വഴി തെളിയിക്കുകയാണ്. പ്രഭു ചെയുന്ന നന്മയുള്ള കാര്യങ്ങൾ ഇപ്പോൾ ബിബിസിയിലൂടെയാണ് ബംൻബറിയിൽ ഉള്ളവർ അറിയുന്നത് എന്നിടം വരെ എത്തിയിരിക്കുകയാണ് കാര്യങ്ങൾ. പ്രാദേശികമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് തന്റെ സമയം നൽകിയാണ് പ്രഭു പ്രദേശവാസികളുടെ ജീവിതം തൊട്ടറിയുന്നത്. അതിനാൽ പ്രഭുവിന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നാട്ടുകാരും ആഘോഷമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP