Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാന്റെ വിമാനം വീഴ്‌ത്തിയത് പാക് പിടിയിലായ അഭിനന്ദൻ തന്നെ; എന്നിട്ടും തിരിച്ചെത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമായി; എഫ് 16നെ പഴയ മിഗ് ഉപയോഗിച്ച് വെടിവച്ചുവെന്ന വാർത്ത അമേരിക്കയ്ക്കും തിരിച്ചടിയായി; രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ ആകാശത്ത് നടത്തിയത് ലോകം പേടിയോടെ മാത്രം കാണുന്ന ഡോഗ് ഫൈറ്റ്; ആകാശത്ത് ഇന്ത്യൻ വിങ് കമാണ്ടർ രചിച്ചത് വീരചരിതം

പാക്കിസ്ഥാന്റെ വിമാനം വീഴ്‌ത്തിയത് പാക് പിടിയിലായ അഭിനന്ദൻ തന്നെ; എന്നിട്ടും തിരിച്ചെത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് നേട്ടമായി; എഫ് 16നെ പഴയ മിഗ് ഉപയോഗിച്ച് വെടിവച്ചുവെന്ന വാർത്ത അമേരിക്കയ്ക്കും തിരിച്ചടിയായി; രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ ആകാശത്ത് നടത്തിയത് ലോകം പേടിയോടെ മാത്രം കാണുന്ന ഡോഗ് ഫൈറ്റ്; ആകാശത്ത് ഇന്ത്യൻ വിങ് കമാണ്ടർ രചിച്ചത് വീരചരിതം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആകാശത്ത് വീര ചരിതമാണ് അഭിനന്ദൻ വർത്തവൻ രചിച്ചത്. പാക് പിടിയിലായപ്പോഴും ഇന്ത്യയുടെ അഭിമാനം വാനോളമുയർത്ത്. നിയന്ത്രണ രേഖയുടെ ആകാശത്ത് പാക്കിസ്ഥാനെ വിറപ്പിച്ചാണ് അഭിനന്ദൻ പാരച്യൂട്ടിൽ പറന്നിറങ്ങിയത്. പാക് മണ്ണിലാണ് എത്തിയതെന്ന് അറിഞ്ഞപ്പോൾ ശൗര്യം കൂടി. പാക് സൈന്യം അറസ്റ്റ് ചെയ്തപ്പോഴും അഭിമാനത്തോടെ നെഞ്ച് വരിച്ചു നിന്നു. ഇതിനിടെയാണ് പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ വീഴ്‌ത്തിയത് അഭിനന്ദൻ വർത്തമൻ പറത്തിയ മിഗ് 21 വിമാനമെന്ന വ്യോമ സേനയുടെ സ്ഥിരീകരണം എത്തുന്നത്. ഇതോടെ രാജ്യത്തിന്റെ യഥാർത്ഥ ഹീറോയാവുകയാണ് ഈ വൈമാനികൻ. എയർ വൈസ് മാർഷൽ ആർ.ജി.കെ കപൂറാണ് എഫ് 16 വിമാനത്തെ അഭിനന്ദനാണ് വെടിവച്ചിട്ടതെന്ന് വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ നടന്ന ആകാശ യുദ്ധത്തിൽ ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങളെ തുരത്തുന്നതിനിടയിലാണ് ഇന്ത്യൻ വൈമാനികനായ അഭിനന്ദ് പാക്കിസ്ഥാൻ പിടിയിലായത്.

'ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിനിടെ പാക്കിസ്ഥാന്റെ എഫ്16 വിമാനങ്ങളെ വീഴ്‌ത്തിയത് ഇന്ത്യയുടെ മിഗ് 21 വിമാനമാണ്. തുടർന്ന് എഫ് 16 വിമാനം പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം തകർന്ന് വീണു. ഇന്ത്യക്ക് മിഗ് 21 വിമാനവും നഷ്ടമായി. മിഗ് 21 വിമാനത്തിൽ നിന്ന് പാരചൂട്ടിൽ രക്ഷപ്പെട്ട വൈമാനികൻ ഇറങ്ങിയത് പാക് അധീന കശ്മീരിലാണ്. ഇവിടെ വെച്ച് ഇദ്ദേഹത്തെ പാക് സൈന്യം പിടികൂടി'- വൈസ് മാർഷൽ ആർ.ജി.കെ കപൂർ കാര്യങ്ങൾ വിശദീകരിച്ചത് ഇങ്ങനെയാണ്. എഫ് 16 വിമാനത്തെ ഇന്ത്യയുടെ മിഗ് 21 ബൈസൻ വെടിവച്ചിട്ടു എന്നത് ചെറിയ കാര്യമല്ല. മുതൽ യുദ്ധവിമാന ചരിത്രം പിടിക്കുകയാണ് ഈ സംഭവം. യുഎസിൽ നിർമ്മിച്ച് പാക്കിസ്ഥാനു കൈമാറിയ വിമാനമാണ് എഫ് 16. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ മിഗ് 21 ബൈസൻ വിമാനങ്ങൾ പഴയവയാണ്. അതുകൊണ്ട് തന്നെ അഭിനന്ദിന്റെ നേട്ടം അമേരിക്കയ്ക്കും നാണക്കേടാണ്. എന്നിട്ടും ഇന്ത്യയ്ക്ക് വേണ്ടി അഭിനന്ദന്റെ മോചനത്തിനായി മുന്നിൽ നിന്നത് അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപായിരുന്നു.

നിയന്ത്രണ രേഖയിൽ എഫ്16 പോർവിമാനവും ഇന്ത്യയുടെ മിഗ്21 വിമാനവും കഴിഞ്ഞ ദിവസം നടത്തിയത് നേരിട്ടുള്ള ആക്രമണമാണ്. അതിനെ ഡോഗ് ഫൈറ്റ് എന്നാണ് അറിയപ്പെടുന്നത്. അതിസാഹസിക പോരാട്ടം. ഇതിനൊടുവിലാണ് എഫ് 16 വിമാനത്തെ ഇന്ത്യയുടെ പഴയ മിഗ് വെടിവച്ചിട്ടത്. ഫെബ്രുവരി 27ന് ഏറെ നേരം ഇന്ത്യൻ റഡാറുകൾ പാക്കിസ്ഥാൻ വിമാനങ്ങളുടെ വലിയ സാന്നിദ്ധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഇന്ത്യ കരുതൽ തുടങ്ങി. തുടർന്ന് ഈ വിമാനങ്ങൾ പടിഞ്ഞാറൻ റജൗരിയിലെ സുന്ദര്ബനി പ്രദേശത്ത് കൂടെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു. പല മേഖലകളിൽ കൂടെ ഇവ ഇന്ത്യയിലേക്ക് പ്രവേശിച്ചു. തുടർന്ന് മിഗ് 21 ഉൾപ്പടെയുള്ള ഇന്ത്യൻ യുദ്ധ വിമാനങ്ങൾ ഇവയെ തുരുത്താനെത്തി. ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ അക്രമിക്കാനുള്ള പാക് വിമാനങ്ങളുടെ ശ്രമത്തെ തടഞ്ഞു. ഈ പോരാട്ടത്തിൽ മുന്നിൽ നിന്നത് അഭിനന്ദൻ ആയിരുന്നു.

പാക് വിമാനങ്ങൾ വർഷിച്ച ബോംബുകൾ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് സമീപം പതിച്ചെങ്കിലും അവയ്ക്ക് അപകടങ്ങളൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഇതിന് കാരണവും ഇന്ത്യൻ വ്യോമസേനയുടെ തിരിച്ചടിയുടെ കരുത്തായിരുന്നു. ബാലാകോട്ടിലെ ഇന്ത്യൻ വ്യോമസേനയുടെ തീവ്രവാദ പരിശീലന ക്യാമ്പ് ആക്രമണത്തിന് പ്രതികാരം വീട്ടാനായിരുന്നു പാക് സൈന്യം ഇന്ത്യൻ സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ടത്.

തകർത്തത് പോരാടും കഴുകനെ

യുഎസിൽ നിർമ്മിച്ച് പാക്കിസ്ഥാനു കൈമാറിയ വിമാനമാണ് എഫ് 16. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ മിഗ് 21 ബൈസൻ വിമാനങ്ങൾ പഴയവയാണ്. യുദ്ധ വൈമാനികൻ എന്ന നിലയിൽ പഴയ വിമാനവുമായി പറന്ന് ആധുനിക വിമാനമായ എഫ് -16നെ തകർത്തിരിക്കയാണ് അഭിനന്ദൻ. യുഎസ് നിർമ്മിച്ച അത്യാധുനിക നാലാം തലമുറ യുദ്ധവിമാനമായ എഫ് -16നെ റഷ്യൻ നിർമ്മിത വിമാനമായ മിഗ് -21 ബൈസൻ തകർത്തുവെന്നതു അമേരിത്തയ്ക്കും ക്ഷീണമാണ്. എഫ് 16 വിമാനങ്ങൾ തന്നെ രണ്ടു തരമുണ്ട് - ആദ്യത്തെ എഫ് 16, പുതിയ എഫ് 16 ബ്‌ളോക്ക് 52 ഇനവും. ഇന്ത്യ വെടിവച്ചിട്ടത് പഴയ തലമുറയിലെ എഫ് 16 യുദ്ധവിമാനമാണ്. പാക്കിസ്ഥാന്റെ പക്കൽ 63 എഫ് 16 വിമാനങ്ങളുണ്ടെന്നാണു കണക്ക്. അമേരിക്കയുമായി നല്ല ബന്ധമുണ്ടായിരുന്നപ്പോഴാണ് ഇവ പാക്കിസ്ഥാന് നൽകിയത്.

റഷ്യൻ നിർമ്മിതമായ മിഗ് 21 യു.പി.ജി. എന്നപേരിൽ ഇന്ത്യയിലെത്തി. പിന്നീട് പരിഷ്‌കരിച്ച് മിഗ് 21 ബൈസൺ എന്ന പേരുനൽകി. ഡൽഹിയുടെ വടക്കുള്ള വ്യോമതാവളം കേന്ദ്രീകരിച്ച് കോബ്രാസിനാണ് പ്രവർത്തന നിയന്ത്രണം. യുദ്ധവിമാനമായും ഇന്റർസെപ്റ്റർ വിമാനമായും ഉപയോഗിക്കുന്നു.ഏറ്റവും കൂടുതൽ നിർമ്മിച്ച സൂപ്പർ സോണിക് ജെറ്റ് വിമാനം. ഹ്രസ്വദൂര പരിധിയിൽ ഉപയോഗിക്കുന്നു. ഭാരം കുറഞ്ഞ ഇതിന് അതിവേഗം ഉയരത്തിലേക്ക് പറക്കാനാകും.മിഗ് 21 വിമാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 1964-ൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. സുരക്ഷയുടെ കാര്യത്തിൽ ഈ വിമാനങ്ങൾ കാര്യക്ഷമമല്ല. നിലവിൽ ഇന്റർസെപ്റ്റർ വിമാനമായി ഉപയോഗിക്കുന്നു. 2019-ൽ ഡീകമ്മിഷൻ ചെയ്യാനാണ് ഇന്ത്യയുടെ പദ്ധതി. ഈ വിമാനവുമായാണ് അഭിനന്ദൻ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

മിഗ്-21പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ നിർമ്മിതിയായ ശബ്ദാദിവേഗ പോർവിമാനമാണിത്. മിഗ് എന്നത് പഴയ റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊൾ വെറും മിഖായോൻ) ചുരുക്കപ്പേരാണ്. എഫ് 16 ഫൈറ്റിങ് ഫാൽക്കൺഎന്നാണ് മുഴുവൻ പേര്. പോരാടും കഴുകൻ എന്നർത്ഥം. ബാറ്റിൽ സ്റ്റാർ ഗലാക്ൾറ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേർള്ഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ 'വൈപർ'(ഢശുലൃ) എന്നും വിളിച്ചുതുടങ്ങി. ഭാരം കുറഞ്ഞ് പോർവിമാനമായാണ് ജനറൽ ഡൈനാമിക്‌സ് ഇതിനെ വികസിപ്പിച്ചത് എങ്കിലും സർവ്വവിധ സേവനങ്ങൾക്കും പര്യാപ്തമായി മാറാൻ എഫ് 16-നു കഴിഞു. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം കാരണം വിദേശരാജ്യങ്ങളിൽ നല്ല പോലെ ചിലാവായി. അമേരിക്കയുടെ ഈ കച്ചവട കണ്ണിനെയാണ് അഭിനന്ദിന്റെ വിജയം മങ്ങലേൽപ്പിക്കുന്നത്.

എഫ് 16 986-ലെ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് പാക് വ്യോമസേനയുടെ ഭാഗമായി. 2002-ൽ താലിബാനെതിരേ ഫലപ്രദമായി ഉപയോഗിച്ചു. ലേസർ ഗൈഡഡ് ബോംബുകൾ വർഷിക്കാൻ പ്രധാനമായി ഉപയോഗിക്കുന്നു. പാക്കിസ്ഥാൻ ആകെ 40 വിമാനങ്ങൾ വാങ്ങി. ഇതിൽ 32 എണ്ണം സർവീസിലുണ്ട്. 71 വിമാനങ്ങൾക്ക് ഓർഡർ നൽകിയെങ്കിലും അമേരിക്ക പിന്നീട് കരാർ റദ്ദാക്കി.

ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ പിടിയിലാവുന്നത് പാക്കിസ്ഥാൻ യുദ്ധവിമാനം എഫ്-16 വെടിവെച്ചിട്ട ശേഷം. പാക്കിസ്ഥാൻ സൈനികരുടെ തടവിലായപ്പോഴും സധൈര്യം സാഭിമാനം തലയുയർത്തിനിന്ന അഭിനന്ദനാണ് പാക്കിസ്ഥാൻ വ്യോമസേനയുടെ അതിർത്തിക്കിപ്പുറത്തേക്കുള്ള കടന്നുകയറ്റം ബുധനാഴ്ച രാവിലെ ചെറുത്തത്. ഡോഗ് ഫൈറ്റിന്റെ കരുത്തിലാണ് എഫ് 16നെ അഭിനന്ദൻ തകർത്തത്

എന്താണ് ഡോഗ് ഫൈറ്റ് ?

ആകാശത്തു രണ്ടു പോർവിമാനങ്ങൾ നേരിട്ടു നടത്തുന്ന ആക്രമണം ഡോഗ് ഫൈറ്റ് ആദ്യമായി സംഭവിച്ചത് 1913ൽ മെക്‌സിക്കോയിലാണ്. ഇതാണ് നിയന്ത്രണ രേഖയിലും ഉണ്ടായത്. ബുധനാഴ്ച രാവിലെ കോംപാക്ട് എയർ പെട്രോളിങ്ങിന്റെ ഭാഗമായാണ് മിഗ്21 അതിർത്തിയിലൂടെ പറന്നത്. എന്നാൽ പാക്കിസ്ഥാന്റെ അമേരിക്കൻ നിർമ്മിത എഫ്16 ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരുപോർവിമാനങ്ങളും പത്തു മിനിറ്റോളം ആക്രമണം നടത്തി. രാവിലെ 10 മണിക്കാണ് സംഭവം നടക്കുന്നത്. ജമ്മുവിലെ രജൗരി ജില്ലയിലാണ് ഇരുവിമാനങ്ങളും ഏറ്റുമുട്ടിയത്. 1971ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് ഇന്ത്യയുടെ ഒരു പോർവിമാനം ഡോഗ്‌ഫൈറ്റ് നടത്തുന്നത്.

മിഗ്-21 ഉപയോഗിച്ച് അമേരിക്കൻ നിർമ്മിത എഫ്-16 തകർക്കാനായത് വലിയ നേട്ടമെന്നാണ് പ്രതിരോധ വക്താവ് പ്രതികരിച്ചത്. എന്നാൽ മിഗ്21 പോർവിമാനത്തെ ആക്രമിക്കാൻ എഫ്-16 ഉപയോഗിച്ചിട്ടില്ലെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. ഇത്തരം ആക്രമണങ്ങൾക്ക് എഫ്-16 പോർവിമാനം ഉപയോഗിക്കുന്നതിൽ നിന്നു അമേരിക്ക പാക്കിസ്ഥാനെ വിലക്കിയിട്ടുണ്ട്. ഇതിനാലാണ് ആക്രമണത്തിനു എഫ്-16 ഉപയോഗിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ വാദിക്കുന്നത്. വിലക്കിയിട്ടും എഫ്-16 ഉപയോഗിച്ചതായി തെളിഞ്ഞാൽ പാക്കിസ്ഥാനെതിരെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ ഇന്ത്യ തകർത്തത് എഫ്-16 പോർവിമാനം തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ രണ്ടു ദിവസത്തിനകം പുറത്തുവിടുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെ നിയന്ത്രണരേഖകടന്ന് ഇന്ത്യയിൽ ആക്രമണം നടത്തിയ പാക്കിസ്ഥാൻ സംഘത്തിൽ എഫ്-16 ഉൾപ്പെടെ 24 യുദ്ധവിമാനങ്ങളുണ്ടായിരുന്നു. പടിഞ്ഞാറൻ രജൗറിയിലെ സുന്ദർബനി പ്രദേശത്താണിതെന്ന് കരസേനാ മേജർ ജനറൽ സുരിന്ദർ സിങ് മഹൽ വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. രാവിലെ 9.45-ന് നിയന്ത്രണരേഖയുടെ പത്തുകിലോമീറ്റർ മാത്രം അകലെവച്ചാണ് ആക്രമണ നീക്കം ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പാക് എഫ്-16 വിമാനത്തെ പ്രതിരോധിച്ച് അഭിനന്ദന്റെ മിഗ്-21 പിന്തുടർന്നു. എഫ്-16നുനേരെ അദ്ദേഹം ആർ-73 വ്യോമ മിസൈൽ തൊടുത്തു. ഇതുകൊണ്ട് പാക് വിമാനം നിലംപതിച്ചു. ഇതിനിടെ പാക്കിസ്ഥാന്റെ മറ്റൊരു എഫ്-16 വിമാനം രണ്ട് അംറാം മിസൈലുകൾ തൊടുത്തു. അതിലൊന്ന് അഭിനന്ദന്റെ വിമാനത്തിൽ കൊണ്ടു. ഒരെണ്ണം ലക്ഷ്യം കണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP