Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എത്രത്തോളം നന്മ നിറഞ്ഞവനും ഏവരുടേയും പ്രിയങ്കരനുമായിരുന്നു അഭിമന്യുവെന്ന് ഓർമിപ്പിക്കുന്ന നാൻ പെറ്റ മകനെന്ന് മന്ത്രി എംഎം മണിയുടെ സിനിമാ പ്രചരണ പോസ്റ്റ്; ഹൃദയ സ്പർശിയായ കുടുംബ ചിത്രത്തെ പുകഴ്‌ത്തുന്ന മന്ത്രിയോട് മഹാരാജാസിലെ നേതാവിനെ കുത്തിമലർത്തിയ പ്രധാന പ്രതിയെവിടെന്ന് ചോദിച്ച് അമ്മാവന്റെ കമന്റ്; മുഖ്യപ്രതികളെ കിട്ടാനിരിക്കെ പിടിയിലായവർക്ക് ജാമ്യം നൽകിയതിൽ അച്ഛനും ആശങ്ക; അഭിമന്യുവിലെ കൊലയാളിയെ പിടിക്കാത്തതിൽ വിമർശനം വ്യാപകം

എത്രത്തോളം നന്മ നിറഞ്ഞവനും ഏവരുടേയും പ്രിയങ്കരനുമായിരുന്നു അഭിമന്യുവെന്ന് ഓർമിപ്പിക്കുന്ന നാൻ പെറ്റ മകനെന്ന് മന്ത്രി എംഎം മണിയുടെ സിനിമാ പ്രചരണ പോസ്റ്റ്; ഹൃദയ സ്പർശിയായ കുടുംബ ചിത്രത്തെ പുകഴ്‌ത്തുന്ന മന്ത്രിയോട് മഹാരാജാസിലെ നേതാവിനെ കുത്തിമലർത്തിയ പ്രധാന പ്രതിയെവിടെന്ന് ചോദിച്ച് അമ്മാവന്റെ കമന്റ്; മുഖ്യപ്രതികളെ കിട്ടാനിരിക്കെ പിടിയിലായവർക്ക് ജാമ്യം നൽകിയതിൽ അച്ഛനും ആശങ്ക; അഭിമന്യുവിലെ കൊലയാളിയെ പിടിക്കാത്തതിൽ വിമർശനം വ്യാപകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭിമന്യു വധകേസ് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തി പോരാ. അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷമാകാറായിട്ടും മുഴുവൻ പ്രതികളെയും അന്വേഷണ സംഘത്തിന് പിടികൂടാനായിട്ടില്ല. ഇത് വീഴ്ചയാണെന്ന് അഭിമന്യുവിന്റെ അച്ഛൻ പറയുന്നു. ചില പ്രതികൾക്ക് കോടതി ജാമ്യവും നൽകി. മുഖ്യപ്രതികളെ കിട്ടാനിരിക്കെ പ്രതികളിൽ ചിലർക്ക് ജാമ്യം നൽകിയതിലടക്കം ആശങ്കയുണ്ട്.

അഭിമന്യുവിന്റെ അമ്മ ഇനിയും വേദനയിൽ നിന്ന് കരകയറിയിട്ടില്ല. എപ്പോഴും കരഞ്ഞ് ഇരിപ്പാണ്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ താൻ ജോലിക്ക് പോകാറില്ലെന്നും മനോഹരൻ പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടത്തുനിന്നും ആളുകൾ വീട്ടിൽ വരാറുണ്ട്. അതാണ് ഏക ആശ്വാസം. ഒരു കിലോമീറ്റർ അപ്പുറമാണ് പഴയ വീട്. എല്ലാദിവസവും കുറച്ചുനേരം അവിടെ പോയി ഇരിക്കും. നാൻ പെറ്റ മകൻ എന്ന സിനിമ കണ്ട് തങ്ങൾക്ക് ഇരുവർക്കും കരച്ചിലടക്കാനായില്ലെന്നും മനോഹരൻ പറഞ്ഞു. ഇതിനിടെയിലും അന്വേഷണം എങ്ങുമെത്താതിൽ കുടുംബത്തിന് ആശങ്കയുണ്ട്. അന്വേഷണത്തിലെ അതൃപ്തി വ്യക്തമാക്കി അഭിമന്യുവിന്റെ അമ്മാവൻ എംഎം മണിയുടെ ഫേസ്‌ബുക്ക് പേജിൽ കമന്റിട്ടിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് അച്ഛന്റേയും നിലപാട് വിശദീകരണം. 

സർക്കാർ അഭിഭാഷകൻ ഒരിക്കൽ പോലും വീട്ടിൽവന്ന് ഞങ്ങളെ കണ്ടിട്ടില്ല. എപ്പോഴും തിരക്കാണെന്നാണ് പറയുന്നതെന്നും മനോഹരൻ വ്യക്തമാക്കി. അന്വേഷണത്തിൽ അതൃപ്തിയുണ്ട്. പ്രതികളെ മുഴുവൻ എത്രയും വേഗം പിടികൂടണമെന്നും മനോഹരൻ ആവശ്യപ്പെട്ടു. സിപിഎം എല്ലാവിധ സഹായങ്ങളും ചെയ്യുന്നുണ്ട്. പാർട്ടിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ ജീവിതം ആധാരമാക്കിയുള്ള നാൻ പെറ്റ മകൻ എന്ന സിനിമയെക്കുറിച്ചുള്ള എംഎം മണിയുടെ ഫേസ്‌ബുക്ക് കുറിപ്പിനടിയിലായിരുന്നു അഭിമന്യുവിന്റെ അമ്മാവന്റെ കമന്റ്. അഭിമന്യു മരിച്ച് ഒരുവർഷം ആകാറായി. എന്നാൽ അന്വേഷണം എവിടെ വരെയായെന്ന് അറിയില്ല. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായാണ് പറയപ്പെടുന്നത്. പൊലീസുകാരെ വിളിച്ചിട്ട് അവർ പ്രതികരിക്കുന്നില്ല. മന്ത്രിയിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നുവെന്നും പരാമർശിച്ചായിരുന്നു കമന്റ്.

2018 ജൂലൈ 2 ന് പുലർച്ചെയാണ് അഭിമന്യു എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റ് മരിച്ചത്. കേസിന്റെ വിചാരണ ജൂലൈ 2 ലേക്ക് മാറ്റിയിരുന്നു. കേസിൽ ആകെ 27 പ്രതികളാണുള്ളത്. എന്നാൽ 20 പേരാണ് പിടിയിലായത്. 7 പേർക്ക് വേണ്ടി ലുക്ക് ഔട്ട് സർക്കുലർ നിലവിലുണ്ട്. 5 പേർക്ക് കോടതി ജാമ്യം നൽകി. കേസിൽ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ 16 പ്രതികളിൽ ഒൻപത് പേരുടെ വിചാരണയാണ് വൈകാതെ ആരംഭിക്കുന്നത്. 9 പേർ നേരിട്ടും ബാക്കിയുള്ളവർ അല്ലാതെയും കുറ്റകൃത്യത്തിൽ പങ്കാളികളായവരാണ്. ഇവരെല്ലാം എസ് ഡിപി ഐക്കാരാണ്. അതുകൊണ്ടാണ് കേസിൽ പൊലീസിന് താൽപ്പര്യക്കുറവാണെന്നാണ് ഉയരുന്ന ആക്ഷേപം.

കൊലപാതകം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രധാന പ്രതികൾ എല്ലാം ഇപ്പോഴും ഒളിവിലാണ്. അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ പ്രധാന പ്രതി സഹലിനെ ഇതുവരെ പിടികൂടാൻ പൊലീസ് ആയിട്ടില്ല. കേസ് അന്വേഷണത്തിൽ പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. കേസ് അന്വേഷണത്തിൽ പൊലീസിന് പഴയ താൽപര്യമില്ലെന്നും അഭിമന്യുവിന്റെ പിതാവ് നേരത്തേയും ആരോപിച്ചിരുന്നു. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് അന്വേഷണ വിവരങ്ങൾ പൊലീസ് അറിയിക്കുമായിരുന്നെങ്കിലും ഇപ്പോൾ അന്വേഷണ പുരോഗതി കുടുംബത്തെ ആരും അറിയിക്കുന്നില്ലെന്നും മനോഹരൻ നേരത്തെ ആരോപിച്ചിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലിട്ട് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കേസിലെ 16 പ്രതികളിൽ എട്ടു പേരും ഇപ്പോഴും ഒളിവിലാണെന്നതും ഇവരെ കുറിച്ച് ഒരു സൂചന പോലും പൊലീസിന് കണ്ടെത്താനാവാത്തതുമാണ് ഇതിനെല്ലാം കാരണം.

ഇതോടെയാണ് അഭിമന്യുവിന്റെ പിതാവ് പൊലീസിനെതിരെ രംഗത്തെത്തിയത്. പ്രതികളെ പിടികൂടാതെ നിരുത്തരവാദിത്തപരമായ സമീപനമാണ് അഭിമന്യു വധക്കേസിൽ പൊലീസ് നടത്തുന്നതെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. അതേസമയം അഭിമന്യു വധക്കേസിലെ കുറ്റപത്രം വിചാരണ നടപടികൾ തുടങ്ങി കഴിഞ്ഞു. കേസിൽ എട്ട് പ്രതികളാണ് വിചാരണക്ക് വിധേയരാകുക. മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ പ്രതികൾ തെളിവുകൾ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കൃത്യം നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങളും ഉപയോഗിച്ച മൊബൈൽ ഫോണുകളും കണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചെന്നും കുറ്റ പത്രത്തിലുണ്ട്. മുഖ്യപ്രതിയായ മുഹമ്മദ് അടക്കം എട്ട് പേരുടെ വിചാരണ നടപടികൾക്ക് ഇതോടെ തുടക്കമായിരിക്കുകയാണ്. പ്രതികളെ വിളിച്ചുവരുത്തി പകർപ്പ് നൽകിയ ശേഷമാണ് കുറ്റപത്രം കോടതിക്ക് കൈമാറിയത്. കേസിലെ 16 പ്രതികളിൽ എട്ട് പേർ ഇപ്പോഴും ഒളിവിലാണ്. ശേഷിക്കുന്ന എട്ട് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'നാൻ പെറ്റ മകൻ' എന്ന ചിത്രത്തെ പുകഴ്‌ത്തി മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് പുതിയ ചർച്ചകൾക്ക് അടിസ്ഥാനം. അഭിമന്യുവിന്റെ കഥ പറയുന്ന ചിത്രം ഹൃദയസ്പർശിയാണെന്നും എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നുമായിരുന്നു മണി ഫേസ്‌ബുക്കിൽ കുറിച്ചത്.നാൻ പെറ്റ മകൻ താൻ കണ്ടിരുന്നുവെന്നും അഭിമന്യുവിനേയും അവന്റെ നാടിനേയും കോളേജിനെയുമൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ടെന്ന് മണി പറയുന്നു. അഭിമന്യു എത്രത്തോളം നന്മ നിറഞ്ഞവനായിരുന്നുവെന്ന് ചിത്രം ഓർമ്മിക്കുന്നു. അവൻ സ്വപ്നം കണ്ടതുപോലെ തന്നെ വർഗീയതയെ ഇല്ലാതാക്കാനും മനുഷ്യസ്നേഹത്തെ ഉയർത്തിപ്പിടിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നും എല്ലാവരും കുംടുംബത്തോടൊപ്പം സിനിമ തിയേറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണമെന്നും മണി കുറിച്ചു.

ഇതിന് താഴെയാണ് അഭിമന്യുവിന്റെ അമ്മാവൻ ലോകൻ കമന്റിട്ടത്. അഭിമന്യു മരിച്ചിട്ട് ഒരു വർഷം തികാൻ പോകുകയാണെന്നും പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അഭിമന്യുവിന്റെ അമ്മാവൻ പറയുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയിൽ നിന്നും മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കമന്റിൽ പറഞ്ഞു.

എം എം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എറണാകുളം മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ കഥ പറയുന്ന നാൻ പെറ്റ മകൻ എന്ന സിനിമ ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സിനിമ ഞാൻ കണ്ടിരുന്നു. അഭിമന്യുവിനേയും അവന്റെ നാടിനേയും കോളേജിനെയുമൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ട് ഈ സിനിമയിൽ. എത്രത്തോളം നന്മ നിറഞ്ഞവനും ഏവരുടേയും പ്രിയങ്കരനുമായിരുന്നു അഭിമന്യുവെന്ന് ചിത്രം നമ്മെ ഓർമ്മിക്കുന്നു. അവൻ സ്വപ്നം കണ്ടതുപോലെ തന്നെ വർഗ്ഗീയതയെ ഇല്ലാതാക്കാനും മനുഷ്യസ്നേഹത്തെ ഉയർത്തിപ്പിടിക്കാനും ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൃദയസ്പർശിയാണ് ഈ സിനിമ. എല്ലാവർക്കും ഉറപ്പായും ഇഷ്ടപ്പെടുന്ന നല്ല ഒരു കുടുംബചിത്രം കൂടിയാണ് 'നാൻ പെറ്റ മകൻ. എല്ലാവരും കുംടുംബത്തോടൊപ്പം ഈ സിനിമ തിയേറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP