Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

പേര് ചോദിച്ചപ്പോൾ അബിഗേൽ എന്ന് പറഞ്ഞു... കൊച്ച് വിങ്ങിവിങ്ങിയാണ് സംസാരിച്ചത്; വ്യക്തമായി ഒന്നും പറയാൻ സാധിച്ചില്ല; ഫോട്ടോയൊക്കെ കാണിച്ച് ചോദിച്ചപ്പൊൾ കാര്യങ്ങൾ കൃത്യമായി പറഞ്ഞു; ആശ്രാമം മൈതാനത്ത് കുട്ടിയെക്കണ്ട വിനോദ് പറയുന്നു

പേര് ചോദിച്ചപ്പോൾ അബിഗേൽ എന്ന് പറഞ്ഞു... കൊച്ച് വിങ്ങിവിങ്ങിയാണ് സംസാരിച്ചത്; വ്യക്തമായി ഒന്നും പറയാൻ സാധിച്ചില്ല; ഫോട്ടോയൊക്കെ കാണിച്ച് ചോദിച്ചപ്പൊൾ കാര്യങ്ങൾ കൃത്യമായി പറഞ്ഞു; ആശ്രാമം മൈതാനത്ത് കുട്ടിയെക്കണ്ട വിനോദ് പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഒരു ദിവസത്തോളം നീണ്ട ആശങ്കയ്ക്കൊടുവിൽ അബിഗേൽ സാറാ റെജിയെ കണ്ടെത്തിയപ്പോൾ കേരളം ഒന്നാകെ ആശ്വസിക്കുകയാണ്. കൊല്ലം ആശ്രാമം മൈതാനത്തുവച്ചാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് കുട്ടിയെ കണ്ടതെന്ന് കുട്ടിയെ ആദ്യം കണ്ടവരിൽ ഒരാളായ കെ.വി.ആർ വിനോദ് പറഞ്ഞു.

വിനോദിന്റെ വാക്കുകൾ ഇങ്ങനെയാണ്: 'ആഹാരം കഴിക്കാനായാണ് ആശ്രാമം മൈതാനത്ത് വന്നത്. വന്നസമയത്ത് അവിടെ ഒരു കുട്ടി ഇരിക്കുന്നത് കണ്ടു. കുറച്ചുനേരമായി കുട്ടി അവിടെ ഇരിക്കുകയാണ്. കുട്ടിയുടെ അച്ഛനോ അമ്മയോ അടുത്തുണ്ട് എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ കുറച്ച് നേരം കഴിഞ്ഞിട്ടും ആരെയും കണ്ടില്ല. അപ്പൊ അടുത്തുണ്ടായിരുന്ന പെൺകുട്ടി, ഒറ്റയ്ക്കാണോ, കൂടെ ആരെങ്കിലുമുണ്ടോ എന്ന് കുട്ടിയോട് ചോദിച്ചു. അപ്പൊ ഉടനെ പറഞ്ഞു ആരുമില്ല എന്ന്. അപ്പൊൾത്തെന്നെ ഞങ്ങളെല്ലാവരും അടുത്തേക്ക് ചെന്ന് പേരെന്താണെന്ന് ചോദിച്ചു- അബിഗേൽ എന്ന് പേര് പറഞ്ഞു. ആയൂരാണ് സ്ഥലമെന്നും പറഞ്ഞു.'

'കൊച്ച് വിങ്ങിവിങ്ങിയാണ് സംസാരിച്ചത്. വ്യക്തമായി ഒന്നും പറയാൻ സാധിച്ചില്ല. ഫോട്ടോയൊക്കെ കാണിച്ച് ചോദിച്ചപ്പൊൾ കൊച്ച് കാര്യങ്ങളൊക്കെ കൃത്യമായി പറഞ്ഞു. പിന്നെ ഞങ്ങൾ ആഹാരം കിട്ടിയോ എന്ന് കൊച്ചിനോട് ചോദിച്ചു. വെള്ളവും ബിസ്‌കറ്റും കൊടുത്തു. ഇതൊക്കെ ഞങ്ങൾ പെട്ടെന്ന് ചെയ്തു. അപ്പോഴേക്കും കൊച്ച് നോർമ്മലായി കാര്യങ്ങൾ പറഞ്ഞു.'

ഇപ്പോൾ അബിഗേലിന്റെ അടുത്ത് പിതാവ് എത്തിയിട്ടുണ്ട്. കുഞ്ഞുമായി പിതാവ് വീട്ടിലേക്ക് തിരിക്കും. നേരത്തെ വീഡിയോ കോളിൽ ആറ് വയസ്സുകാരി അബിഗേലിനോട് അമ്മ സംസാരിച്ചിരുന്നു. സന്തോഷ കണ്ണീർ കാരണം അമ്മയ്ക്ക് ഒന്നും സംസാരിക്കാനില്ല. ഫോണിൽ മകൾക്ക് ഉമ്മ നൽകിയാണ് അമ്മ സന്തോഷം പ്രകടിപ്പിച്ചത്.

ഒപ്പമുണ്ടായിരുന്ന മൂത്തമകൻ ജോനാഥന്റെ മുഖത്തും ചിരിവിടർന്നു. മണിക്കൂറുകൾനീണ്ട ആശങ്കയും ദുഃഖവുമെല്ലാം സന്തോഷത്തിലേക്ക് വഴിമാറിയനിമിഷങ്ങൾ. ഇനി എത്രയുംവേഗം അബിഗേലുമായി പൊലീസ് വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം. തിങ്കളാഴ്ച വൈകിട്ട് ഓയൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ അബിഗേൽ സാറാ റെജിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ അക്രമിസംഘം കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞെന്നാണ് പൊലീസിന്റെ നിഗമനം.

ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് വിവരം തിരക്കിയത്. മുന്നിലിരിക്കുന്ന കുഞ്ഞ് അബിഗേൽ സാറാ റെജിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ പിങ്ക് പൊലീസിനെയും കൊല്ലം ഈസ്റ്റ് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP