Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

തിരോധാനം അന്വേഷിച്ച പാരപ്പന അഗ്രഹാര പൊലീസും മരണ ശേഷം കേസ് അന്വേഷിക്കുന്ന ഹെബ്ബഗോഡി പൊലീസും നൽകിയ വിവരങ്ങളിൽ ഒട്ടേറെ വൈരുധ്യങ്ങൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ നീതി തേടി വീണ്ടും കോടതിയിലെത്തും; ടി സി എസിലെ അഭിജിത്തിന്റേയും ശ്രീലക്ഷ്മിയുടേയും മരണത്തിലെ സാഹചര്യം വിരൽ ചൂണ്ടുന്നതു കൊലപാതകത്തിലേക്കെന്ന് ബന്ധുക്കൾ; ബംഗളൂരുവിലെ ടെക്കികളുടെ മരണത്തിൽ ദൂരൂഹത അഴിക്കാൻ പോരാട്ടം

തിരോധാനം അന്വേഷിച്ച പാരപ്പന അഗ്രഹാര പൊലീസും മരണ ശേഷം കേസ് അന്വേഷിക്കുന്ന ഹെബ്ബഗോഡി പൊലീസും നൽകിയ വിവരങ്ങളിൽ ഒട്ടേറെ വൈരുധ്യങ്ങൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ നീതി തേടി വീണ്ടും കോടതിയിലെത്തും; ടി സി എസിലെ അഭിജിത്തിന്റേയും ശ്രീലക്ഷ്മിയുടേയും മരണത്തിലെ സാഹചര്യം വിരൽ ചൂണ്ടുന്നതു കൊലപാതകത്തിലേക്കെന്ന് ബന്ധുക്കൾ; ബംഗളൂരുവിലെ ടെക്കികളുടെ മരണത്തിൽ ദൂരൂഹത അഴിക്കാൻ പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ടിസിഎസ് സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരായിരുന്ന പാലക്കാട് മണ്ണാർക്കാട് അഗളി കോട്ടത്തറ സ്വദേശി അഭിജിത്തിന്റെയും തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ ശ്രീലക്ഷ്മിയുടെയും മൃതദേഹങ്ങൾ ആനേക്കലിനു സമീപം ചിന്തന മഡിവാള വനത്തിലാണ് അഴുകിയ നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത തീരുന്നില്ല. ഈ സാഹചര്യത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം പൊലീസ് അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കുമെന്നു മരിച്ച ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ അറിയിച്ചു.

തിരോധാനം അന്വേഷിച്ച പാരപ്പന അഗ്രഹാര പൊലീസും, മരണ ശേഷം കേസ് അന്വേഷിക്കുന്ന ഹെബ്ബഗോഡി പൊലീസും നൽകിയ വിവരങ്ങളിൽ ഒട്ടേറെ വൈരുധ്യങ്ങളുണ്ടെന്നു ബന്ധുക്കൾ പറയുന്നു. ഫൊറൻസിക് പരിശോധന നടന്നിട്ടില്ലെന്നും മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമല്ലെങ്കിൽ അതു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കളുടെ അഭിഭാഷക പറഞ്ഞു.

ഒക്ടോബർ 11നാണ്ഇരുവരെയും കാണാതായത്. അന്ന് സുഹൃത്തുക്കൾക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. വീട്ടിലേക്ക് പോകുന്നുവെന്നും അഭിജിത് കൂടെയുണ്ടെന്നും തിരിച്ചുവരാൻ ഇടയില്ലെന്നുമാണ് ശ്രീലക്ഷ്മി സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്. വീട്ടിലേക്ക് പോകുന്നുവെന്നായിരുന്നു അഭിജിത്തും സുഹൃത്തുക്കളോട് പറഞ്ഞത്. ഒക്ടോബർ പതിനൊന്നിനായിരുന്നു അഭിജിത്തിനേയും ശ്രീലക്ഷ്മിയേയും കാണാതായത്. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കൾക്ക് ഇരുവരും സന്ദേശമയച്ചത്. ഇത് കൂടാതെ മറ്റൊരു സന്ദേശവും അഭിജിത്തിന്റെ ഫോണിൽ നിന്ന് സുഹൃത്തുക്കൾക്ക് ലഭിച്ചു. കാണാതായതിന്റെ പിറ്റേദിവസം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഈ സന്ദേശം ലഭിക്കുന്നത്.

അത്യാവശ്യമാണെന്നും പെട്ടെന്ന് ആരെങ്കിലും വരണമെന്നായിരുന്നു സന്ദേശം. നിൽക്കുന്ന സ്ഥലത്തിന്റെ ലൈവ് ലൊക്കേഷനും പങ്കുവച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. അയച്ചു നൽകിയ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇതെല്ലാം ദുരൂഹതയാണ്. ഒന്നര മാസം കഴിഞ്ഞാണ് അഭിജിത് അയച്ച അതേ സ്ഥലത്ത് പിന്നീട് മൃതദേഹങ്ങൾ ജീർണിച്ച നിലയിൽ കാണുന്നത്. ഈ സ്ഥലം കേന്ദ്രീകരിച്ച് കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ല എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്യാൻ ഇടയില്ലെന്നാണ് കാണാതായ സമയത്തെ സന്ദേശങ്ങളിൽ നിന്ന് ബന്ധുക്കൾ പറയുന്നത്.

വീട്ടിലേക്ക് പോകുന്നുവെന്ന് സന്ദേശം അയച്ചവർ ഒറ്റപ്പെട്ട ഈ സ്ഥലത്ത് എന്തിന് എത്തിയെന്നതാണ് സംശയം. എന്ത് സംഭവിച്ചതിന് ശേഷമാണ് ഉടൻ സ്ഥലത്ത് എത്താൻ അഭിജിത് സന്ദേശം അയച്ചത് എന്നതും ദുരൂഹം. ഒക്ടോബർ 11ന് രാത്രി ഇരുവരും എവിടെ ആയിരുന്നു എന്ന കാര്യത്തിലും വ്യക്തത ഇല്ല. സുഹൃത്തുക്കളെ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് ബന്ധുക്കൾ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യയാണ് എന്ന് വരുത്തിത്തീർക്കാൻ ബെംഗളൂരു പൊലീസ് അനാവശ്യതിടുക്കം കാണിക്കുന്നുവെന്നും ഇവർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് കോടതിയിലേക്ക് പോകാനുള്ള നീക്കം.

ആറുമാസം മുമ്പ് ടി.സി.എസിൽ ജോലി ലഭിച്ചതിനെത്തുടർന്ന് ബെംഗളൂരുവിലേക്ക് പോയ ശ്രീലക്ഷ്മിയെ ഒക്ടോബർ 11 മുതലാണ് ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്തുനിന്ന് കാണാതായത്. ഫോണിൽ കിട്ടാതായതോടെ വീട്ടുകാർ ശ്രീലക്ഷ്മി ജോലിചെയ്തിരുന്ന ഓഫീസിൽ വിളിച്ചന്വേഷിക്കുകയായിരുന്നു. ഓഫീസിൽ എത്തിയിട്ടില്ലെന്ന് അപ്പോൾ മാത്രമാണ് വീട്ടുകാർ അറിയുന്നത്. ഓഫീസിലെ ജീവനക്കാരനായ അഭിജിത്ത് മോഹനനെയും ഇതോടൊപ്പം കാണാനില്ലെന്ന് വിവരം ലഭിച്ചു. അന്നുമുതൽ ഇരുവീട്ടുകാരും അന്വേഷണമാരംഭിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹങ്ങൾ കിട്ടിയത്.

ശ്രീലക്ഷ്മിയുടെ ഫോണും എ.ടി.എം. കാർഡും ജോലിസ്ഥലത്തുനിന്ന് കിട്ടിയിരുന്നു. അഭിജിത്തും ശ്രീലക്ഷ്മിയും തീവ്രപ്രണയത്തിലായിരുന്നുവെന്നത് സ്ഥിരീകരിക്കാനാവില്ലെന്നും ശ്രീലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. ആറുമാസം മുമ്പ് മാത്രമാണ് ഇവർ നാട്ടിൽനിന്നും പോയത്. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്ന് അറിയാമെന്നും സംസാരത്തിൽ പ്രണയത്തിന്റെ കാര്യം സൂചിപ്പിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP