Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202423Friday

അമ്മയുടെ മാറോടണഞ്ഞു അബിഗേൽ... പൊന്നുമോളെ കണ്ട് വാരിപ്പുണർന്നു ചുംബിച്ചു മാതാവ് സിജി; കുഞ്ഞനുജത്തിക്ക് ഉമ്മ നൽകി സഹോദരൻ ജോനാഥനും; കണ്ടു നിന്ന പൊലീസുകാർക്കും കണ്ണു നിറഞ്ഞു; കൊല്ലത്തെ എ ആർ ക്യാമ്പിൽ വികാരനിർഭരമായ കൂടിക്കാഴ്‌ച്ച

അമ്മയുടെ മാറോടണഞ്ഞു അബിഗേൽ... പൊന്നുമോളെ കണ്ട് വാരിപ്പുണർന്നു ചുംബിച്ചു മാതാവ് സിജി; കുഞ്ഞനുജത്തിക്ക് ഉമ്മ നൽകി സഹോദരൻ ജോനാഥനും; കണ്ടു നിന്ന പൊലീസുകാർക്കും കണ്ണു നിറഞ്ഞു; കൊല്ലത്തെ എ ആർ ക്യാമ്പിൽ വികാരനിർഭരമായ കൂടിക്കാഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഒടുവിൽ കൊല്ലത്തെ എ ആർ ക്യാമ്പിൽ സന്തോഷം കണ്ണീരായി മാറിയ ആ കൂടിക്കാഴ്‌ച്ച. പ്രാണന്റെ പ്രാണനായ മകളെ നെഞ്ചോടു ചേർത്തു അമ്മ സിജി. പൊന്നമോളെ നേരിൽക്കണ്ടു വാരിപ്പുണർന്നു ചുംബിച്ചു. കുഞ്ഞനുജത്തിക്ക് ഉമ്മ നൽകി സഹോദരൻ ജോനാഥനും. അമ്മയുടെ സ്നേഹത്തണലിലേക്ക് എത്തിയതിന്റെ ആശ്വാസത്തിലാണ് ഈ കുഞ്ഞുമോൾ. കേരളം 20 മണിക്കൂർ മനമുരുകി പ്രാർത്ഥിച്ച കുഞ്ഞു സുരക്ഷിതമായി എന്നറിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. ഇവരുടെ കണ്ണുകളിൽ ആനന്ദക്കണ്ണീർ പൊഴിക്കുന്നതായിരുന്നു കുഞ്ഞുമോളെ അമ്മയുടെ മാറോടണിഞ്ഞ കാഴ്‌ച്ച നൽകിയതും. പിതാവും ഒപ്പമുണ്ടായിരുന്നു.

കുടുംബത്തിന്റെ പുനസമാഗമത്തിന്റെ വേദിയായി മാറി എ ആർ ക്യാമ്പ്. 20 മണിക്കൂറുകളായി തീ തിന്നാണ് കുടുംബം കഴിഞ്ഞത്. മകളെ കണ്ടെത്തിയെന്നറിഞ്ഞപ്പോഴാണ് ആധി ആശ്വാസത്തിന് വഴിമാറിയത്. മറ്റൊരു മാതാപിതാക്കൾക്കും ഈ ഗതി വരരുത് എന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. ഉത്തരവാദികൾ ആരായാലും അവരെ പിടികൂടണമെന്നും കുഞ്ഞിന്റെ പിതാവ് റെജി പറഞ്ഞു. നേരത്തെ കുഞ്ഞിനെ കിട്ടിയെന്ന വാർത്ത ഓയൂർ ഗ്രാമം വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. കുഞ്ഞിനെ വീഡിയോ കോൾ വഴിയാണ് കുടുംബം കണ്ടതും.

ഓയൂരിൽനിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേലിനെ കണ്ടെത്തുന്നതിൽ നിർണായകമായത് സഹോദരൻ ജോനാഥന്റെ അസാമാന്യ ധൈര്യമായരുന്നു. സംഭവം കൃത്യമായി എല്ലാവരേയും ധരിപ്പിക്കാനും പൊലീസിനു വിവരങ്ങൾ കൈമാറാനും ജോനാഥനു കഴിഞ്ഞു. അക്രമി സംഘം കാറിലേക്ക് തന്നെയും വലിച്ചുകയറ്റാൻ ശ്രമിച്ചെന്നും എന്നാൽ ചെറുത്തുനിൽക്കുകയായിരുന്നുവെന്നും ജോനാഥൻ വെളിപ്പെടുത്തിയിരുന്നു. ഒരുപക്ഷേ ജോനാഥനേക്കൂടി കാറിൽ കയറ്റാനായിരുന്നെങ്കിൽ കേസിന്റെ ഗതി തന്നെ മറ്റൊന്നാവുമായിരുന്നു.

കുറ്റവാളികളേക്കുറിച്ച് വളരെ കൃത്യമായ വിവരണമാണ് പത്തു വയസ്സുകാരനായ ജോനാഥൻ പൊലീസുകാർക്ക് നൽകിയത്. എപ്പോഴാണ് സംഭവം നടന്നതെന്നും എവിടെവച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും സംഘത്തിൽ എത്രപേർ ഉണ്ടായിരുന്നു എന്നതടക്കം നിർണായക വിവരങ്ങളാണ് ജോനാഥൻ നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ടിരുന്ന സംഘത്തിൽ മൂന്ന് ആണും ഒരു പെണ്ണുമാണ് ഉണ്ടായിരുന്നതെന്നും പ്രതികൾ മാസ്‌ക് ധരിച്ചിരുന്നുവെന്നും ജോനാഥൻ വ്യക്തമായി വിവരിച്ചു നൽകി. തന്നെയും ഒരുഘട്ടത്തിൽ അവർ കാറിൽ കയറ്റാൻ ശ്രമിച്ചെന്നും കയ്യിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് ചെറുത്തെന്നുമുള്ള ജോനാഥന്റെ വാക്കുകൾക്കു പിന്നാലെ ഒരു നാടു മുഴുവൻ ജാഗരൂകരാകുന്ന കാഴ്ചയ്ക്കും കൊല്ലം സാക്ഷ്യം വഹിച്ചു.

ഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ പൊലീസിന്റെ അന്വേഷണത്തിൽ നിർണായക മുന്നേറ്റം നൽകി. തങ്ങൾ സ്‌കൂളിലേക്കു പോകുന്ന വഴി മുൻപും ഇവരെ കണ്ടിരുന്നതായും ജോനാഥൻ പറയുന്നു. വളരെ ആസൂത്രിതമായാണ് സംഘം തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കാറു നിർത്തിയിരുന്ന സ്ഥലവും മറ്റ് വിവരങ്ങളും ജോനാഥൻ പൊലീസിനു വ്യക്തമായി കാണിച്ചു നൽകി. കുറ്റവാളികൾ ജില്ലവിട്ടു പോകാതിരിക്കാൻ പൊലീസ് വളരെ വേഗത്തിൽതന്നെ നടപടികൾ സ്വീകരിച്ചു. വിവരങ്ങളറിയാൻ വൈകിയിരുന്നെങ്കിൽ അവർ മറ്റെവിടേക്കെങ്കിലും കടന്നുകളയാനുള്ള സാധ്യത വലുതായിരുന്നു.

മക്കൾ ആ വെള്ളക്കാറിനെക്കുറിച്ച് നേരത്തേ കുടുംബത്തോട് പറഞ്ഞിരുന്നുവെന്ന് അബിഗേലിന്റെ മുത്തശ്ശിയും വെളിപ്പെടുത്തിയിരുന്നു. തട്ടിക്കൊണ്ടു പോയെന്നു കരുതുന്ന കാർ കുറഞ്ഞത് 5 ദിവസമായി ഇവരുടെ വീടിനു സമീപത്തുണ്ടായിരുന്നെന്നാണ് ജോനാഥനും നാട്ടുകാരിൽ ചിലരും പറഞ്ഞത്. എന്നാൽ ഈ നാട്ടിൽ അത്തരം സംശയങ്ങളോ ദുരൂഹതകളോ ഒന്നും ഇല്ലെന്ന് പറഞ്ഞ് കുട്ടികളെ ആശ്വസിപ്പിച്ചതായും മുത്തശ്ശി വ്യക്തമാക്കി. 'അമ്മാ ആ പോസ്റ്റിനടുത്ത് ഒരു വെള്ളക്കാർ കിടപ്പുണ്ട്. അതിൽ രണ്ടുപേരുണ്ട്. അവർ ഞങ്ങളെ നോക്കുന്നുണ്ട് എന്നാണ് ജോനാഥൻ നേരത്തേ കുടുംബത്തോട് പറഞ്ഞത്. ആ കാറിനെ പേടിയോടെയാണ് കുട്ടികൾ നോക്കിയത്. അതുകൊണ്ട് വടിയെടുത്തു കൊണ്ടാണ് ഇരുവരും കാറിനെ സമീപിച്ചതെന്നും ജോനാഥൻ പറഞ്ഞു. കയ്യിൽനിന്ന് വഴുതിപ്പോയ കൊച്ചു സഹോദരിയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ജോനാഥൻ.

ഇനി കണ്ടെത്തേണ്ടത് അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടു പോയത് ആരെന്നും എന്തായിരുന്നു അവരുടെ ഉദ്ദേശ്യം എന്നുമാണ്. ഒരു വീട്ടിലേക്കാണ് രാത്രി തന്നെ കൊണ്ടുപോയതെന്ന് കൊല്ലം ഓയൂരിൽ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ. കടത്തിക്കൊണ്ടു പോയവരിൽ ആരെയെങ്കിലും നേരത്തെ അറിയാമായിരുന്നോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നാണു കുട്ടിയുടെ മറുപടി. ആശ്രാമം മൈതാനത്ത് എത്തിച്ച ശേഷം, പോയിട്ട് വരാമെന്നാണ് അവർ പറഞ്ഞതെന്നും അബിഗേൽ പൊലീസിനോടു പറഞ്ഞു.

ഇന്നലെ വൈകിട്ട് നാലരയോടെ തട്ടിയെടുക്കപ്പെട്ട ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ ഇന്ന് ഉച്ചയ്ക്കാണ് ആശ്രാമം പരിസരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. എസ്എൻ കോളജിലെ വിദ്യാർത്ഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു.

കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. കുട്ടിയെ നാളെയെ വീട്ടിലേക്കു വിടൂ എന്നാണ് വിവരം. അമ്മയുമായി അബിഗേൽ വിഡിയോ കോളിൽ സംസാരിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയവർക്കായി തിരച്ചിൽ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവർ കടന്നുകളഞ്ഞുവെന്നാണ് വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP