Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തീവ്രത സ്ഫുരിക്കുന്ന പ്രസംഗങ്ങളുമായി അണികളെ കൈയിലെടുത്ത ആ പഴയ മദനി അൻവാർശ്ശേരിയിലില്ല; തികഞ്ഞ വിശ്വാസിയുടെ ഭാവം മാത്രമുള്ള പ്രിയപ്പെട്ടവരുടെ ഉസ്താദിനെ കാണാൻ കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ആയിരങ്ങൾ: കാലാവധി അവസാനിച്ചതോടെ നാളെ ബാംഗ്ലൂരിലേക്ക് മടക്കം

തീവ്രത സ്ഫുരിക്കുന്ന പ്രസംഗങ്ങളുമായി അണികളെ കൈയിലെടുത്ത ആ പഴയ മദനി അൻവാർശ്ശേരിയിലില്ല; തികഞ്ഞ വിശ്വാസിയുടെ ഭാവം മാത്രമുള്ള പ്രിയപ്പെട്ടവരുടെ ഉസ്താദിനെ കാണാൻ കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം ആയിരങ്ങൾ: കാലാവധി അവസാനിച്ചതോടെ നാളെ ബാംഗ്ലൂരിലേക്ക് മടക്കം

എം എസ് സനിൽകുമാർ

അൻവാർശ്ശേരി: നാഥനെത്തിയതിന്റെ സന്തോഷത്തിലാണ് അൻവാർശ്ശേരി ഇസ്ലാം മതപാഠ ശാല. ദിവസവും രണ്ടായിരത്തിലേറെ സന്ദർശകർ. മതപണ്ഡിതർ, സർവ്വോപരി ഉസ്താദെന്ന വിളിപ്പേരിലറിയപ്പെടുന്ന അബ്ദുൽനാസർ മദനിയുടെ സാന്നിദ്ധ്യം. ഒരാഴ്ചമുമ്പ് കേരളത്തിലെത്തിയ മദനി ശാന്തനായി സന്ദർശകരെ സ്വീകരിക്കുന്നു. പാർട്ടിപ്രവർത്തകരുമായി സജീവമായ ചർച്ചകൾ. മുസ്ലിം പണ്ഡിതരുമായി ആശയവിനിമയം. 

ഇന്നലെയാണ് അൻവാർശ്ശേരിയിലെത്തിയത്. മദനിയുമായി ഒരഭിമുഖം തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ നിന്നുതിരിയാൻ ഇടമില്ലാത്ത തിരക്കിലാണ് മദനി. അൻവാർശ്ശേരിയിലെ കെട്ടിടത്തിന്റെ രണ്ടാംനിലയിലെ മുറിയിൽ നിമിഷംതോറും വർദ്ധിക്കുന്ന ആൾക്കൂട്ടത്തിന് നടുവിൽ എല്ലാവരുമായും ശാന്തനായി സംവദിക്കുകയാണ് അദ്ദേഹം.

കേസുകളുടെ കൂമ്പാരത്തിൽപ്പെട്ട ഒരുവനായല്ല മദനി ഇവിടെ എല്ലാവർക്കും. പിന്നോക്ക വിഭാഗങ്ങളുടെയും മുസ്ലിംകളുടെയും ക്ഷേമത്തിനുവേണ്ടി പോരാടുന്ന പോരാളിയായാണ് മദനിയുടെ ചിത്രീകരണം. അൻവാർശ്ശേരിയിലും പരിസ്സരപ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള നിരവധി ഫ്ളെക്സുകളിലും പോസ്റ്ററുകളിലും മദനിയെ വിപ്ലവനായകനായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അൻവാർശ്ശേരിയിലേക്ക് എത്തുമ്പോൾ തന്നെ വഴിനീളെ ഫ്ളക്സുകൾ. പ്രധാനകെട്ടിടത്തിന് പുറത്ത് കേരള പൊലീസിന്റെ കാവൽ. കെട്ടിടത്തിനകത്ത് കർണാടക പൊലീസ് സുരക്ഷ ഉറപ്പാക്കുന്നു. പൊലീസിന്റെ സാന്നിദ്ധ്യമൊക്കെ വിസ്മരിച്ച് ആയിരങ്ങളാണ് ദിവസവും ഉസ്താദിനെകാണാൻ ഒഴുകിയെത്തുന്നത്.

ഉമ്മയുടെ രോഗത്തെത്തുടർന്നാണ് മദനിക്ക് കേരളത്തിലേക്ക് വരാൻ കോടതി അനുവാദം നൽകിയത്. എട്ടുദിവസത്തേക്ക് കേരളത്തിൽ തങ്ങാമെന്നായിരുന്നു നിബന്ധന. ഇതനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് മദനി കൊച്ചിയിലെത്തുന്നത്. തുടർന്ന് പാർട്ടിപ്രവർത്തകരുടെയും അനുയായികളുടെയും അകമ്പടിയോടെ രാത്രി കൊല്ലം മൈനാഗപ്പള്ളിയിലെത്തി ഉമ്മയെ സന്ദർശിച്ചു. അർബുദ രോഗബാധിതയാണ് മദനിയുടെ ഉമ്മ. രാത്രി വൈകുംവരെ ഉമ്മയോടൊപ്പം ചെലവഴിച്ചശേഷം മദനി സ്ഥാപിച്ച മതപാഠശാലയായ അൻവാർശ്ശേരിയിലെത്തി. ഇവിടെയാണ് മദനിയുടെ താമസം. പിറ്റേദിവസംമുതൽ സന്ദർശകരെ സ്വീകരിച്ചുതുടങ്ങി. പാർട്ടിപ്രവർത്തകർ കൂടാതെ മുസ്ലിംമതപണ്ഡിതരും മതമേലധ്യക്ഷന്മാരും രാഷ്ട്രീയപ്രവർത്തകരും സാധാരണജനങ്ങളുമൊക്കെ അൻവാർശ്ശേരിയിൽ മദനിയെ സന്ദർശിക്കാനെത്തുന്നുണ്ട്.

അൻവാർശ്ശേരിയിലെ മുറിയിൽ കട്ടിലിലിരുന്നാണ് മദനി സന്ദർശകരെ സ്വീകരിക്കുന്നത്. മുറിക്ക് പുറത്ത് ഉസ്താദിനെ കാണാനെത്തുന്നവരുടെ നീണ്ടക്യൂ. ഗൺമാൻ നിസ്സാമിനാണ് സെക്യൂരിറ്റി ചുമതല. കുഞ്ഞുകുട്ടികളും സ്ത്രീകളും അടക്കം രണ്ടായിരത്തോളം പേർ ഒരുദിവസം മദനിയെ കാണാനെത്തുന്നുണ്ടെന്നാണ് കണക്ക്. കുട്ടികളെ ഉസ്താദിനെക്കൊണ്ട് ആശീർവദിപ്പിക്കുകയാണ് സ്ത്രീകളുടെ പ്രധാനലക്ഷ്യം. ഒപ്പം ഉസ്താദിനെ നേരിട്ട് കാണുക. എല്ലാവരും മദനിയെ ഒറ്റപ്പെടുത്തിയെന്ന് പ്രചരിപ്പിക്കുമ്പോൾ ഈ വൻജനപ്രവാഹം അത് തെറ്റാണെന്ന് തെളിയിക്കുകയാണെന്ന് അൻവാർശ്ശേരി അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കടുത്ത പ്രമേഹരോഗബാധിതനാണ് മദനി. നാട്ടിലെത്തിയപ്പോൾ രണ്ടുദിവസം ആശുപത്രിയിലായിരുന്നു. വൃക്കസംബന്ധമായ തകരാറുകളെത്തുടർന്നാണ് മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ ശനിയാഴ്ച മദനിയുടെ ഭാര്യ സൂഫിയയുടെ ഉമ്മ നിര്യാതയായി. അവിടെയും അദ്ദേഹം സന്ദർശനം നടത്തി. തുടർന്ന് ഞായറാഴ്ച ഞങ്ങളെത്തുമ്പോൾ അൻവാർശ്ശേരി ജനനിബിഡമായിരുന്നു. തിരക്കിന്റെ ഇടവേളകളിൽ മുടങ്ങാത്ത നിസ്‌കാരം. ശാന്തമായ ഭാവം. എല്ലാവരോടും സ്നേഹം കലർന്ന സംഭാഷണം.

മദനി പഴയതിൽനിന്നും മാറിയിരിക്കുന്നു. മുൻകാലങ്ങളിൽ മദനിയെന്ന തീവ്രപ്രഭാഷകന്റെ മുഖത്ത് ദൃശ്യമായിരുന്ന ഭാവങ്ങളൊന്നും അൻവാർശ്ശേരിയിലെ ഇപ്പോഴത്തെ മദനിയിൽ കാണാനില്ല. ഒരു മതപണ്ഡിതന്റെ, വിശ്വാസിയുടെ ഭാവം മാത്രമാണ് ഇപ്പോഴത്തെ മദനി. എട്ടുദിവസത്തെ മദനിയുടെ കേരളവാസം നാളെ അവസാനിക്കും. നാളെ ഉച്ചയോടെ തിരുവനന്തപുരത്തെത്തുന്ന മദനി വൈകിട്ടത്തെ വിമാനത്തിൽ ബാംഗ്ലൂരിന് മടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP