Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മയെ കാണാനുള്ള യാത്രക്കായി ബാംഗ്ലൂർ പൊലീസിൽ കെട്ടിവെച്ചത് 1.16 ലക്ഷം രൂപ! സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് യാത്രാവേളയിൽ പള്ളിയിൽ നിസ്‌ക്കരിക്കാൻ കയറുന്നതും വിലക്കി പൊലീസ്; പിഡിപി പ്രവർത്തകർ പ്രതിഷേധിച്ചതോടെ ചർച്ചയെ തുടർന്ന് അനുമതി നൽകി; ബംഗളൂരു സ്‌ഫോടനക്കേസിൽ കുറ്റം ചുമത്തപ്പെട്ട അബ്ദുൾ നാസർ മദനി കേരളത്തിൽ എത്തിയത് നിബന്ധനകൾക്കും നിരീക്ഷണങ്ങൾക്കും നടുവിൽ

ഉമ്മയെ കാണാനുള്ള യാത്രക്കായി ബാംഗ്ലൂർ പൊലീസിൽ കെട്ടിവെച്ചത് 1.16 ലക്ഷം രൂപ! സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് യാത്രാവേളയിൽ പള്ളിയിൽ നിസ്‌ക്കരിക്കാൻ കയറുന്നതും വിലക്കി പൊലീസ്; പിഡിപി പ്രവർത്തകർ പ്രതിഷേധിച്ചതോടെ ചർച്ചയെ തുടർന്ന് അനുമതി നൽകി; ബംഗളൂരു സ്‌ഫോടനക്കേസിൽ കുറ്റം ചുമത്തപ്പെട്ട അബ്ദുൾ നാസർ മദനി കേരളത്തിൽ എത്തിയത് നിബന്ധനകൾക്കും നിരീക്ഷണങ്ങൾക്കും നടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ബാംഗ്ലൂർ സ്ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട് വർഷങ്ങളായി വിചാരണ കൂടാതെ തടവിൽ കഴിഞ്ഞ വ്യക്തിയാണ് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. വിചാരണ ചെയ്യാതെ അദ്ദേഹത്തെ കുറ്റം ചുമത്തി ശിക്ഷിക്കുകയാണ് അധികാരികൾ എന്നു പറഞ്ഞാൽ അതിൽ തെറ്റില്ല. ഇപ്പോൾ ബാംഗ്ലൂരിൽ ജാമ്യത്തിൽ കഴിയുന്ന അദ്ദേഹം ഉമ്മയെ കാണാൻ കേരളത്തിലേക്ക് എത്തിയത് കോടതിയുടെ അനുമതിയോടെയാണ്. എന്നാൽ, കേരളത്തിലേക്കുള്ള യാത്രയിലും അദ്ദേഹത്തിന് മുമ്പിലുള്ളത് നിബന്ധകളും നിരീക്ഷണങ്ങളുമാണ്. മഅദനി ജന്മനാടായ മൈനാഗപ്പള്ളിയിൽ ഇന്നലെ എത്തി. വെള്ളിയാഴ്ച രാത്രി 9.10-ന് പ്രത്യേക വാഹനത്തിൽ ഭാര്യ സൂഫിയ മഅദനിക്കൊപ്പമാണ് തോട്ടുവാൽ വീട്ടിലെത്തിയത്.

കോടതി അനുമതി പ്രകാരം കേരളത്തിലെത്തിയ പി.ഡി.പി നേതാവ് അബ്ദുനാസർ മഅ്ദനിയെ പള്ളിയിൽ ജുമുഅ നമസ്‌കരിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞുവെച്ചത് വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സാങ്കേതിക പ്രശ്നം ഉന്നയിച്ച് മഅ്ദനിയെ പള്ളിയിൽ കയറുന്നത് വിലക്കിയത്. എന്നാൽ, ചർച്ചയെ തുടർന്ന് അദ്ദേഹത്തെ പ്രാർത്ഥനക്ക് അനുവദിച്ചു. കർണാടക പൊലീസ് കേരള പൊലീസിന് നൽകിയ റിപ്പോർട്ടിൽ യാത്രക്കിടെ പള്ളി പ്രവേശനം ഇല്ലാത്തതിനാലാണ് അനുവദിക്കാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം.

ബംഗളൂരുവിൽ നിന്ന് കൊല്ലത്തെ വസതിയിലേക്കുള്ള യാത്രക്കിടെയാണ് പാലക്കാട് കഞ്ചിക്കോടിന് സമീപത്തെ ചടയൻകാലയിലെ പള്ളിയിലാണ് മഅ്ദനി കയറിയത്. മഅ്ദനിയെ പള്ളിയിൽ കയറാൻ അനുവദിക്കാതിരുന്നതോടെ പി.ഡി.പി പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ചർച്ച നടത്തി മഅ്ദനിയെ ജുമുഅ നമസ്‌കാരത്തിന് പൊലീസ് അനുവദിച്ചതോടെ പ്രശ്നം ഒത്തുതീർന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം അദ്ദേഹം കൊല്ലത്തേക്ക് യാത്ര തിരിച്ചു.

ഉമ്മയെ കാണാനായി ഇന്നലെ രാവിലെയാണ് മഅ്ദനി കേരളത്തിലേക്കു യാത്ര തിരിച്ചത്. പുലർച്ചെ അഞ്ചു മണിയോടെ ബെൻസൺ ടൗണിലെ വസതിയിൽ നിന്ന് റോഡ് മാർഗമാണ് യാത്ര തിരിച്ചത്. വ്യാഴാഴ്ച രാവിലെ കേരളത്തിലേക്ക് പോകാൻ ബംഗളൂരു കോടതി അനുമതി നൽകിയിരുന്നെങ്കിലും മഅ്ദനിയെ അനുഗമിക്കാനുള്ള സെക്യൂരിറ്റി സംവിധാനം രാത്രി വളരെ വൈകി ലഭിച്ചതാണ് യാത്ര വൈകാൻ ഇടയാക്കിയത്.

സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴി മഅ്ദനി വൈകിട്ട് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തും. കൂടെ ഭാര്യ സൂഫിയ മഅ്ദനി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവർ അനുഗമിക്കുന്നുണ്ട്. കർണാടക പൊലീസിലെ ഇൻസ്പെക്ടർമാരടക്കം അഞ്ച് ഉദ്യോഗസ്ഥർ മഅ്ദനിക്ക് സുരക്ഷ നൽകുന്നത്. മെയ് 11 വരെ മഅ്ദനി കേരളത്തിലുണ്ടാകും. സമയം ലാഭിക്കാൻ വിമാനമാർഗമുള്ള യാത്രക്ക് ശ്രമിച്ചെങ്കിലും അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങൾ കൊണ്ടു പോകുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങൾ മൂലം യാത്ര വൈകാൻ സാധ്യത ഉള്ളതിനാലാണ് റോഡ് മാർഗമാക്കിയത്.

സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ വഴി മഅ്ദനി വൈകിട്ട് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയിട്ടുണ്ട്. നേരത്തേ തന്നെ യാത്രാവിവരങ്ങൾ സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടും വ്യാഴാഴ്ച സുരക്ഷ ഉദ്യോഗസ്ഥരെ അയക്കാനാവില്ലെന്ന നിലപാട് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ടി. സുനിൽകുമാർ സ്വീകരിക്കുകയായിരുന്നു.

1.16 ലക്ഷം രൂപയാണ് മഅ്ദനിക്ക് അകമ്പടിയായി പോകുന്ന ആറു പൊലീസുകാർക്കും മറ്റും ആറുദിവസത്തേക്ക് ചെലവിലേക്കായി മഅ്ദനി മുൻകൂറായി കെട്ടിവെച്ചത്. തിരിച്ചെത്തിയശേഷമേ മുഴുവൻ ചെലവു കണക്കാക്കൂ. ആറു പൊലീസ് ഉദ്യോഗസ്ഥരെയും ഒരു വാഹനവുമാണ് വിട്ടുനൽകുക. വാഹനത്തിന് ഒരു കിലോമീറ്ററിന് 60 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 81,000 രൂപയോളം വാഹനത്തിന് മാത്രമായി വരുന്ന ചെലവാണ്. കഴിഞ്ഞതവണ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം മകന്റെ വിവാഹത്തിനും ഉമ്മയെ സന്ദർശിക്കുന്നതിനുമായി കേരളത്തിലേക്ക് പോയപ്പോൾ കിലോമീറ്ററിന് 10 രൂപയായിരുന്നു പൊലീസ് വാഹനത്തിന് കണക്കാക്കിയ ചെലവ്. ഇത്തവണ സർക്കാർ നിരക്ക് വർധിപ്പിച്ചെന്നാണ് കമീഷണറുടെ വാദം.

ബംഗളൂരു സ്ഫോടനക്കേസിൽ കുറ്റം ചുമത്തപ്പെട്ട പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതി നൽകിയ ജാമ്യത്തിൽ കഴിയുകയാണ്. രോഗിയായ ഉമ്മ അസ്മാബീവിയെ സന്ദർശിക്കാൻ ഏപ്രിൽ 27 മുതൽ മെയ് 12 വരെ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി എൻ.ഐ.എ പ്രത്യേക കോടതിയിൽ കഴിഞ്ഞ 23ന് ഹരജി നൽകിയിരുന്നു. പ്രോസിക്യൂഷൻ നടപടികൾ വൈകിയതോടെ മെയ് മൂന്നുമുതൽ 11 വരെ സ്വന്തം ചെലവിൽ പോകാൻ ബുധനാഴ്ചയാണ് കോടതി അനുമതി നൽകിയത്. കോടതി ഉത്തരവ് നേരിട്ട് സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ചിട്ടും യാത്രക്കുവേണ്ട സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് നടപടികളൊന്നുമെടുക്കാതെ ഒരു ദിവസം വൈകിപ്പിക്കുകയായിരുന്നു. മെയ് 11 വരെ മഅ്ദനി കേരളത്തിലുണ്ടാകും.

മഅദനിയുടെ വാഹനവ്യൂഹത്തിലെ കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്

പി.ഡി.പി. ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ വാഹനവ്യൂഹത്തിലെ കാറിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്. കായംകുളം ചിറക്കടവം കൃഷ്ണഭത്തിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി വേലുച്ചാമി (44)ക്കാണ് പരിക്കേറ്റത്. ഇയാളെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇയാളുടെ തലയ്ക്കും വലതുകൈയ്ക്കും വലതുകാലിനുമാണ് പരിക്കേറ്റത്.

ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി.യ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. പളനി സ്വദേശിയായ വേലുച്ചാമി കായംകുളത്തും സമീപപ്രദേശങ്ങളിലും ഫർണീച്ചറുകൾ തവണവ്യവസ്ഥയിൽ വില്പന നടത്തുന്ന ആളായിരുന്നു. ജാമ്യം ലഭിച്ച് ബെംഗളൂരുവിൽനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്നു മഅദനി. ഇദ്ദേഹത്തിന്റെ വാഹനത്തിന് പിന്നാലെ പോയ പ്രവർത്തകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പി.ഡി.പി. നേതാവ് മുട്ടം നാസർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP