Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈകല്യമുള്ള കുട്ടികളെ കണ്ട് കണ്ണുനിറഞ്ഞ് മജീദ് 28 കൊല്ലം പ്രവാസിയായി സമ്പാദിച്ച സ്വത്തുക്കളിൽ ഭൂരിഭാഗവും ദാനം ചെയ്തു; മൂന്ന് കോടി വിലമതിക്കുന്ന ഭൂമി സ്‌പെഷ്യൽ സ്‌കൂളിന് വെറുതെ നൽകി കുറ്റ്യാടിയിലെ മജീദ് മനുഷ്യ സ്‌നേഹം പഠിപ്പിക്കുന്നത് ഇങ്ങനെ

വൈകല്യമുള്ള കുട്ടികളെ കണ്ട് കണ്ണുനിറഞ്ഞ് മജീദ് 28 കൊല്ലം പ്രവാസിയായി സമ്പാദിച്ച സ്വത്തുക്കളിൽ ഭൂരിഭാഗവും ദാനം ചെയ്തു; മൂന്ന് കോടി വിലമതിക്കുന്ന ഭൂമി സ്‌പെഷ്യൽ സ്‌കൂളിന് വെറുതെ നൽകി കുറ്റ്യാടിയിലെ മജീദ് മനുഷ്യ സ്‌നേഹം പഠിപ്പിക്കുന്നത് ഇങ്ങനെ

എം പി റാഫി

കോഴിക്കോട്: ഭൂമിക്കും സ്വത്തിനും വേണ്ടി കൊലയും കൊള്ളിവെയ്‌പ്പും വരെ നടക്കുന്ന കാലത്ത് ഇതാ പ്രവാസ ജീവിതത്തിലെ തന്റെ വലിയൊരു സമ്പാദ്യം ദാനമായി നൽകിയിരിക്കുന്നു ഒരു മനുഷ്യൻ. കുറ്റ്യാടി സ്വദേശി പരേതനായ റിട്ടേഡ് സബ് ഇൻസ്‌പെക്ടർ തെരുവത്ത് മുഹമ്മദിന്റെ മകൻ അബ്ദുൽ മജീദ് ആണ് തന്റെ സമ്പാദ്യത്തിലെ വലിയൊരു ഭാഗം ദാനമായി നൽകിയത്. സ്‌പെഷൽ സ്‌കൂൾ തുടങ്ങുന്നതിനായി നാട്ടിലെ കരുണ പെയിൻ ആൻഡ് പാലിയേറ്റീവിനാണ് ഒരു ഏക്കർ 20 സെന്റ് ഭൂമി നൽകിയിരിക്കുന്ന്ത്.

കുറ്റ്യാടി കോഴിക്കോട് ഹൈവേയിൽ വടക്കുമ്പാട് സ്ഥിതിചെയ്യുന്ന മൂന്ന് കോടി വിലമതിക്കുന്ന ഭൂമിയാണ് മജീദ് വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വിട്ടു നൽകിയിരിക്കുന്നത്. ഒന്നിനു മേൽ മറ്റൊന്നായി സ്വത്ത് ഇരട്ടിപ്പിക്കാനുള്ള വ്യഗ്രതയും ആർത്തിയും കൊണ്ട് നെട്ടോട്ടമോടുന്ന സമ്പന്നർക്ക് മാതൃകയാണ് അബ്ദുൽ മജീദിന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ. സമ്പന്നർക്ക് മാതൃകയാണ് കുറ്റ്യാടി സ്വദേശിയുടെ ജീവിതം. ഇരുപത്തിയെട്ട് വർഷമായി പ്രവാസ ജീവതം നയിക്കുകയായിരുന്നു. ഈ കാലയളവിൽ ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യമാണ് അബ്ദുൽ മജീദ് നൽകുന്നത്.

കുറ്റ്യാടിയിൽ കഴിഞ്ഞ 15 വർഷമായി മാതൃകാപരമായ സേവനം നടത്തിവരുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ്, ജീവകാരുണ്യ രംഗത്ത് സേവന മുദ്രപതിപ്പിച്ച തണൽ അഗതി മന്ദിരം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കുറ്റ്യാടിയിൽ അത്യാധുനിക സംവിധാനത്തോടെയുള്ള സ്‌പെഷൽ സ്‌കൂൾ ആരംഭിക്കുന്നത്. ഓട്ടിസം, ശാരീരിക, മാനസിക വൈകല്യങ്ങൾ തുടങ്ങി വിവിധ ഭിന്നശേഷിയുള്ള കുട്ടികൾക്ക് ആധുനിക സംവിധാനത്തോടെയുള്ള പ്രത്യേകം വിദ്യാഭ്യാസ രീതിയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തു തന്നെ ആദ്യത്തെ ഇന്റർനാഷണൽ സ്‌പെഷൽ സ്‌കൂൾ ആയിരിക്കും ഇത്.

സംസ്ഥാനത്ത് 8 ലക്ഷം വൈകല്യമുള്ള കുട്ടികളിൽ 10 ശതമാനത്തിന് താഴെ മാത്രമെ സംരക്ഷണവും വിദ്യാഭ്യാസവുമെല്ലാം ലഭിക്കുന്നുള്ളൂ. നിലവിൽ കുറ്റ്യാടിയിലും പരിസരത്തുമായി മാത്രം 400 ൽ അധികം കുട്ടികൾ ഈ വിഭാഗങ്ങളിൽപ്പെട്ടവരുണ്ട്. ഈ കുട്ടികൾക്ക് പുറമെ മറ്റു സ്ഥലങ്ങളിൽ നിന്നും എത്തുന്ന കുട്ടികളെയും ഇവിടെ ഉൾകൊള്ളാനാണ് അധികൃതരുടെ തീരുമാനം. 18 വയസ് വരെ സൗജന്യ വിദ്യാഭ്യാസം നൽകുന്നതോടൊപ്പം പഠനം ശേഷം സ്വയം തൊഴിൽ പദ്ധതിയും സ്‌പെഷൽ സ്‌കൂളിലൂടെ ഉദ്ധേശിക്കുന്നുണ്ട്. അഞ്ച് ഏക്കർ വിസ്തൃതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിലേക്കുള്ള ആദ്യ ഭൂമി ദാനമായിരുന്നു മജീദിന്റേത്.

പദ്ധതിയുടെ പൂർത്തീകരണം എങ്ങിനെ മുന്നോട്ടു കൊണ്ടു പോകുമെന്ന ആശങ്കയിലിരിക്കുമ്പോഴാണ് നാട്ടുകാരനും മനുഷ്യ സ്‌നേഹിയുമായ അബ്ദുൽ മജീദ് തന്റെ ഭൂമി നൽകാമെന്ന് ബന്ധപ്പെട്ട അധികൃതർക്ക് ഉറപ്പു നൽകിയത്. ഒരാഴ്ച മുമ്പ് ഭൂമി നൽകുന്ന കാര്യം തങ്ങളെ അദ്ദേഹം അറിയിക്കുകയായിരുന്നുവെന്ന് കരുണ പാലിയേറ്റേവ് സെക്രട്ടറി കെ.എം മുഹമ്മദ് പറഞ്ഞു. നൽകുന്ന ദാനങ്ങൾക്ക് അതിലേറെ പബ്ലിസിറ്റി ആഗ്രഹിക്കുന്ന സമ്പന്നരും വ്യവസായികൾക്കും ഏറെ പഠിക്കാനുണ്ടിവിടെ. താൻ നൽകുന്ന സഹായങ്ങൾക്ക് പ്രശസ്തിയോ പബ്ലിസിറ്റിയോ വേണ്ടെന്നാണ് മജീദിന്റെ നിലപാട്.

കരുണ പെയിൻ ആൻഡ് പാലിയേറ്റീവിന് മുമ്പും നിരവധി സഹായങ്ങൾ മജീദ് സാഹിബ് നൽകിയതായി ഇതിന്റെ ഭാരവാഹികൾ പറയുന്നു. പാലിയേറ്റീവിന് മജീദ് വാഹനം സ്‌പോൺസർ ചെയ്തത് ഈയിടെയായിരുന്നു. നിലവിൽ മാനസികാസ്വാസ്ഥ്യമുള്ള നൂറിൽ പരം രോഗികളുടെ പൂർണ ചികിത്സാ ചെലവ് വഹിക്കുന്നതും അബ്ദുൽ മജീദാണ്. നാട്ടിലെ അശരണർക്കും നിർധനർക്കും താങ്ങും തണലുമാണ് ബഹറൈനിലെ ബിസിനസുകാരനായ മജീദ്.

മൂന്ന് കോടി വിലമതിക്കുന്ന സ്വത്തുക്കൾ നൽകാൻ മാത്രം സമ്പന്നൻ അല്ലെന്നായിരുന്നു നാട്ടുകാർ പറയുന്നത്. എന്നാൽ ഉള്ള സ്വത്തിൽ നിന്നും സാധാരണക്കാരന് സാന്ത്വനം നൽകുകയാണ് അദ്ദേഹത്തിന്റെ രീതിയെന്ന് അടുത്തറിയാവുന്നവർ പറയുന്നു. എന്നാൽ വലത് കൈ കൊണ്ട് കൊടുക്കുന്ന് ഇടത് കൈ അറിയരുതെന്നാണ് അദ്ദേഹത്തിന്റെ തിയറി. സ്വത്തിനു വേണ്ടി മനുഷ്യൻ ഏതറ്റവും പോകുന്ന കാലത്ത് മാതൃകയാണ് മജീദിന്റെ പ്രവർത്തനങ്ങൾ. തണൽകരുണ സ്‌പെഷൽ സ്‌കളിനായി അനുവദിച്ച ഒരു ഏക്കർ 20 സെന്റ് ഭൂമിയുടെ രേഖാ കൈമാറ്റ ചടങ്ങ് പൊതു പരിപാടിയോടെയാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.

സെപ്റ്റംബർ 3ന് ശനിയാഴ്ച വൈകിട്ട് നാലിന് കുറ്റ്യാടിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ടിപി രാമകൃഷ്ണൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, ഇ.കെ വിജയൻ എംഎ‍ൽഎ തുടങ്ങിയ ജനപ്രതിനിധികളും പ്രമുഖരുമെല്ലാം ചടങ്ങിൽ പങ്കായികളാകും. പദ്ധതിയുടെ തുടർ നടപടികളുടെ അവതരണവും പൊതുപരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതായും ഇന്റർനാഷണൽ സ്‌പെഷൽ സ്‌കൂൾ എന്ന പദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്നും ഭാരവാഹികൾ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP