Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരെയും അതിശയിപ്പിക്കും ഈ മങ്കടക്കാരന്റെ പേനക്കച്ചവടം; 27 കൊല്ലം കൊണ്ടു വിറ്റഴിച്ചതു ലക്ഷക്കണക്കിനു പേനകൾ; ഒരു ഹോബി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ 'പെന്നളിയൻ' അബ്ദുറഹ്മാന്റെ കഥ

ആരെയും അതിശയിപ്പിക്കും ഈ മങ്കടക്കാരന്റെ പേനക്കച്ചവടം; 27 കൊല്ലം കൊണ്ടു വിറ്റഴിച്ചതു ലക്ഷക്കണക്കിനു പേനകൾ; ഒരു ഹോബി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ 'പെന്നളിയൻ' അബ്ദുറഹ്മാന്റെ കഥ

എം പി റാഫി

മലപ്പുറം: മങ്കട പടപ്പറമ്പ് കൊറ്റൻതോടൻ അബ്ദുറഹിമാനെ ആരും ഒന്ന് പരിചയപ്പെടേണ്ടതാണ്. പേനക്കച്ചവടം ഹോബിയാക്കിയ അബ്ദുറഹ്മാൻ 27 വർഷം കൊണ്ട് ലക്ഷക്കണക്കിന് പേനകളാണ് വിറ്റൊഴിച്ചത്.

കളിയായി തുടങ്ങിയ പേനക്കച്ചവടം ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. അതിലുപരി അബ്ദുവിന്റേയും കുടുംബത്തിന്റേയും ജീവിതോപാധി കൂടിയാണ് പേന കച്ചവടം.

പരമ്പരാഗത കച്ചവടത്തിൽ നിന്നും വിഭിന്നമായ കച്ചവട ശൈലികളാണ് അബ്ദുറഹ്മാനെ വ്യത്യസ്തനാക്കുന്നത്. വസ്ത്രത്തിൽ നിറയെ പേനയും കഴിക്കാൻ പോക്കറ്റിൽ കരുതിയ പഴവർഗങ്ങളും വെള്ളത്തിനും മൂത്രമൊഴിക്കുന്നതിനും ദേഹത്ത് ഫിറ്റ് ചെയ്ത ട്യൂബുകളുമായി സംസ്ഥാനത്തങ്ങോളമിങ്ങോളം കച്ചവടം നടത്തുന്ന ഏക മനുഷ്യനായിരിക്കും അബ്ദുറഹ്മാൻ.

കച്ചവടശൈലികൾ അടുത്തറിഞ്ഞാൽ ആരെയും വിസ്മയിപ്പിക്കുന്നതാണ്. രണ്ടര പതിറ്റാണ്ടിലധികം തനിക്കു ലഭിച്ച കച്ചവടാനുഭവങ്ങളും ജനങ്ങളുമായി അടുത്തിടപഴകാൻ സാധിക്കുന്നതുമാണ് അബ്ദുറഹിമാനെ ഈ മേഖലയിൽ പിടിച്ചു നിർത്തുന്നത്. മാത്രമല്ല, കഠിനാധ്വാനവും ഏത് ജോലിയും ചെയ്ത് ജീവിക്കാനുള്ള ആത്മവിശ്വാസമാണ് അബ്ദുറഹ്മാൻ തന്റെ ജീവിതത്തിലൂടെ പുതുതലമുറക്ക് പകർന്ന് നൽകുന്നത്. 44ാം വയസ്സിലും തന്റെ വേറിട്ട കച്ചവട രീതിയുമായി അബ്ദു കർമനിരതനാണ്.

പരേതരായ അബ്ദുൽ ഖാദർ-ആമിന ദമ്പതികളുടെ മകനാണ് താനൂർ സ്വദേശിയായ കൊറ്റൻതോടൻ അബ്ദുൽ റഹ്മാൻ. താനൂർ മൂന്നുപള്ളി പൂളക്കലിലാണ് ജനിച്ചതും വളർന്നതുമെല്ലാം. മാതാപിതാക്കളുടെ മരണ ശേഷം ഭാര്യവീടായ മങ്കട പടപ്പറമ്പിലേക്ക് താമസം മാറി. ഭാര്യ റുഖിയക്കും മക്കളായ ഒമ്പതാം ക്ലാസുകാരി ഫാത്വിമ ഇഫ്‌റത്ത്, നാലാം ക്ലാസുകാരൻ മുഹമ്മദ് ബാസിത് എന്നിവർക്കുമൊപ്പം ഇവിടെ കഴിഞ്ഞു വരികയാണ്. തന്റെ പേനക്കച്ചവടം വ്യാപിച്ചതും പച്ചപിടിച്ചതുമെല്ലാം പടപ്പറമ്പിലേക്ക് മാറിയതിനു ശേഷമാണെന്ന് അബ്ദു ഓർത്തെടുക്കുന്നു.

പേനക്കച്ചവടം പുഷ്ടിപ്പെട്ടതോടെ പടപ്പറമ്പുകാർ 'പെന്നളിയൻ' എന്ന പേരും സ്‌നേഹത്തോടെ വിളിച്ചു തുടങ്ങി. അബ്ദുറഹ്മാൻ എന്ന് പറഞ്ഞാൽ മങ്കടക്കാർക്കോ പടപ്പറമ്പുകാർക്കോ അറിയില്ല. പെന്നളിയൻ എന്നുതന്നെ പറയണം. പെന്നളിയൻ എന്ന അബ്ദുറഹ്മാനും പേന കച്ചവടവുമെല്ലാം ഇന്ന് പ്രശസ്തമാണ്. സംസ്ഥാനത്തെ എല്ലാ നഗരങ്ങൾക്കും അബ്ദു സുപരിചിതനാണ്.

അബ്ദുറഹ്മാന്റെ പേന കച്ചവടത്തിലേക്കുള്ള ചുവടുവെപ്പിനു പിന്നിലും മറ്റൊരു കഥയുണ്ട്. പതിനെട്ടാം വയസിൽ തമിഴ്‌നാട് തിരിപ്പൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നു അബ്ദു. ഈ സ്ഥാപനത്തിലെ ഏജന്റുമാർ മുഖേനയായിരുന്നു ശമ്പളം നൽകിയിരുന്നത്. എന്നാൽ അബ്ദുറഹ്മാന് ശമ്പളം നൽകാതെ മാസങ്ങളോളം ഇവർ ചുറ്റിച്ചു. പിന്നെ ഒന്നും ചിന്തിക്കാൻ നിന്നില്ല. സെക്യൂരിറ്റി ഗാർഡിന്റെ ആറ് പോക്കറ്റുള്ള പ്രത്യേക വസ്ത്രവും തൊപ്പിയും ലെതറിന്റെ ഷൂവുമായി അബ്ദുറഹിമാൻ ഇവിടെ നിന്നും മുങ്ങി. ഈ വസ്ത്രമായിരുന്നു അബ്ദുവിന്റെ പ്രചോദനം. സെക്യൂരിറ്റി ജോലി നഷ്ടമായതോടെ ജീവിത മാർഗമായി കുറച്ചു പേനകൾ ഇതേ വസ്ത്രത്തിൽ നിറച്ച് കച്ചവടം ആരംഭിച്ചതായിരുന്നു.

ആറു പോക്കറ്റിൽ നിന്നും തുടങ്ങിയ കച്ചവടം ഇന്ന് 113 പോക്കറ്റിൽ എത്തി നിൽക്കുന്നു. വിലകുറഞ്ഞ പേനകളും പെൻസിലുകളുമായിരുന്നു കച്ചവടത്തിന്റെ തുടക്കം. നല്ല രീതിയിൽ കച്ചവടം മുന്നോട്ടു പോയതോടെ പോക്കറ്റുകളുടെ എണ്ണം കൂട്ടിയും ഇതേ വസ്ത്രങ്ങൾ പുതിയത് തയ്‌പ്പിച്ചും കച്ചവടത്തിന് മാറ്റു കൂട്ടി. അബ്ദുവിന്റെ പേനകൾക്ക് വില കുറവായതു കൊണ്ടു തന്നെ ആവശ്യക്കാരും ഏറി കച്ചവടം പൊടിപൊടിച്ചു. പിന്നീടങ്ങോട്ട് പേന കച്ചവടം തുടർന്നു പോരാൻ അബ്ദു തീരുമാനിക്കുകയായിരുന്നു.

പത്ത് തരത്തിലുള്ള ഫൈബർ, ബോൾ പേനകൾ മൂന്ന് ഇനം റീഫിലർ പേനകൾ, ചൈനീസ് പേനകൾ, വിവിധ ഇനം പെൻസിലുകൾ, വാട്ടർ കളറുകൾ എന്നിവയാണ് അബ്ദുവിന്റെ പ്രധാന ഇനങ്ങൾ. പത്ത് രൂപക്ക് ഏഴ് പേനകൾ വരെ ലഭിക്കും ഇതാണ് ഏറ്റവും കുറഞ്ഞ ചാർജ്. പത്ത് രൂപക്ക് നാലു പേന ലഭിക്കുന്നതാണ് കൂടിയ വില. കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുമാണ് വിൽപനക്കായുള്ള പേന മൊത്തമായി എത്തിച്ചിരുന്നത്. അതിരാവിലെ ആറു മണിക്ക് ആരംഭിക്കുന്ന കച്ചവടം ഉച്ചയ്ക്ക് 2 മണി വരെ തുടരും. വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ ആയിരത്തോളം പേന വസ്ത്രത്തിൽ ഫിറ്റ് ചെയ്തിരിക്കും. ബാഗിൽ ആയിരക്കണക്കിന് പേന വേറെയും കരുതും. തൊപ്പിയിൽ മാത്രം നൂറിൽ അധികം പേനയുണ്ടാകും. ശരീരവും വസ്ത്രവും നിറയെ പേനകൊണ്ട് മൂടപ്പെട്ടതിനാൽ പിന്നെ കച്ചവടമല്ലാതെ മറ്റു പ്രവർത്തികളിൽ നിന്നെല്ലാം വിട്ടു നിൽക്കും. ഇതിനാൽ കച്ചവടത്തിനിനു പുറപ്പെടുമ്പോൾ മുൻകൂട്ടി സജ്ജമായിട്ടായിരിക്കും ഇറങ്ങുക. വസ്ത്രത്തിന്റെ 113 പോക്കറ്റുകളിൽ 12 പോക്കറ്റുകൾ ദൈനം ദിന ആവശ്യങ്ങൾക്കും മറ്റുമായാണ് ഉപയോഗിച്ചു വരുന്നത്. ലഘു ഭക്ഷണങ്ങളും പഴ വർഗങ്ങളും മൂന്ന് പോക്കറ്റുകളിലായി നിക്ഷേപിക്കും. ലൈം, വെള്ളം, മറ്റു പാനീയങ്ങൾ എന്നിവ ബോട്ടിലുകളിലായി പോക്കറ്റുകളിൽ ഫിറ്റ് ചെയ്തിരിക്കും. അസുഖം വന്നാൽ മുൻകരുതലായി ചെറിയ മെഡിസിനുകളും അലർജി ഗുളികകളുമുണ്ടാകും ഒരു പോക്കറ്റിൽ. പണം നിക്ഷേപിക്കാൻ മറ്റൊരു പോക്കറ്റും. മൂത്രമൊഴിക്കാൻ പ്രത്യേക ട്യൂബും ഫിറ്റ് ചെയ്തിരിക്കും.

നാട് ചുറ്റിയുള്ള പേന കച്ചവടം ഹോബിയാക്കിയ അബ്ദുറഹിമാൻ അമിത ലാഭം ലക്ഷ്യമിട്ടിരുന്നില്ല. വിലകുറവിൽ നല്ല ഇനം പേനകൾ നൽകുന്നുവെന്നത് അബ്ദുവിന്റെ മാത്രം പ്രത്യേകതയാണ്. ഉച്ചവരെ കച്ചവടം ചെയ്താൽ ജീവിച്ചു പോകാനുള്ള ലാഭം കിട്ടും. 4000 രൂപയുടെ പേന വിറ്റാൽ ചെലവെല്ലാം കഴിച്ച് 800 രൂപ ലഭിക്കുമെന്ന് അബ്ദു പറയുന്നു. കേരളത്തിലെ എല്ലാ നഗരങ്ങളിലും പേനവിൽപ്പനക്കായി അബ്ദു പോയിട്ടുണ്ട്. കേരളത്തിൽ വേനൽ അവധി വരുമ്പോൾ തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനത്തേക്കും കച്ചവടത്തിനായി പോകും. നഗരങ്ങളിൽ നിന്നും തന്റെ കച്ചവടവുമായി ഗ്രാമങ്ങളിലേക്ക് പോകാനാണ് അബ്ദുവിന്റെ തീരുമാനം. നാട്ടിൻപുറങ്ങളിലെ കവലകളിലും നാലാൾ കൂടുന്ന ഗ്രാമങ്ങളിലേക്കും എത്തുകയാണ് അബ്ദുറഹിമാന്റെ ഇനിയുള്ള ലക്ഷ്യം. ഉച്ചവരെയുള്ള കച്ചവടം കഴിഞ്ഞാൽ ചില ദിവസങ്ങളിൽ ബസ് കണ്ടക്ടറായും പോവാറുണ്ട്. ചെറുപ്പം തൊട്ടേ ബസിലെ ജോലിയും എടുത്ത് ശീലിച്ചിരുന്നു അബ്ദു. സുഹൃത്തുക്കൾ വിളിക്കുമ്പോഴൊക്കെ ഈ ജോലിക്കും പോവാറുണ്ടെന്ന് അബ്ദു പറഞ്ഞു. വലിയ സമ്പാദ്യമൊന്നും ഇല്ലെങ്കിലും ഇന്ന് അബ്ദുറഹ്മാൻ പ്രശസ്തനാണ്. പേനക്കച്ചവടം നാലാൾ അറിയും. എവിടെ പോയാലും അബ്ദുവിന്റെ പേനക്കായി ആളുകൾ തടിച്ചു കൂടും. സൗഹൃദങ്ങളും ബന്ധങ്ങളും നിരവധി. മിക്ക പത്രങ്ങളും അബ്ദദുവിന്റെ വിസ്മയക്കച്ചവടത്തെ പറ്റി സ്റ്റോറികളെഴുതി. 27 വർഷത്തെ പേന കച്ചവടത്തിൽ നിന്നും ജനങ്ങളുടെ സ്‌നേഹവും ഇടപഴക്കവുമാണ് ലഭിച്ച നേട്ടമായി അബ്ദു കരുതുന്നത്. നാട്ടിൽ ഒരു പണിയും ഇല്ലാതെ നടക്കുന്നവർ എന്ത് ജോലിയും ചെയ്യാനുള്ള മനസ് കാണിക്കണമെന്നാണ് അബ്ദുവിന് പുതുതലമുറയോടു പറയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP