Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണത്തിന് എത്തിയത് ഒരു മണിയാക്കാൻ രാമൻപിള്ള പഠിച്ച പണി പതിനെട്ടും നോക്കി; മണിക്കൂറുകൾ നീണ്ട വിസ്താരത്തിനൊടുവിൽ എല്ലാവരും നന്നായി ഉറങ്ങുന്ന പുലർച്ച മുന്നരയ്ക്കും നാലരയ്ക്കും ഇടയിൽ മാത്രമേ താൻ ജീവിതത്തിൽ കക്കാനിറങ്ങിയിട്ടുള്ളൂവെന്ന് ജഡ്ജിയോട് കള്ളനും; ഇത് വെറുമൊരു മോഷ്ടാവല്ല യഥാർത്ഥ ദൃക്‌സാക്ഷി തന്നെയെന്ന് കോടതിയും; ഫാ പുതൃക്കയിലും കുടുങ്ങിയേക്കും; അഭയാ കേസിൽ നിർണ്ണായകമായി ചെമ്പു കമ്പി കള്ളന്റെ മൊഴി; 'അടക്കാ രാജു' ഇനി 'തടിവെട്ട് രാജു'

മോഷണത്തിന് എത്തിയത് ഒരു മണിയാക്കാൻ രാമൻപിള്ള പഠിച്ച പണി പതിനെട്ടും നോക്കി; മണിക്കൂറുകൾ നീണ്ട വിസ്താരത്തിനൊടുവിൽ എല്ലാവരും നന്നായി ഉറങ്ങുന്ന പുലർച്ച മുന്നരയ്ക്കും നാലരയ്ക്കും ഇടയിൽ മാത്രമേ താൻ ജീവിതത്തിൽ കക്കാനിറങ്ങിയിട്ടുള്ളൂവെന്ന് ജഡ്ജിയോട് കള്ളനും; ഇത് വെറുമൊരു മോഷ്ടാവല്ല യഥാർത്ഥ ദൃക്‌സാക്ഷി തന്നെയെന്ന് കോടതിയും; ഫാ പുതൃക്കയിലും കുടുങ്ങിയേക്കും; അഭയാ കേസിൽ നിർണ്ണായകമായി ചെമ്പു കമ്പി കള്ളന്റെ മൊഴി; 'അടക്കാ രാജു' ഇനി 'തടിവെട്ട് രാജു'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിനാസ്പദമായ കൊലക്കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും ക്രൈം ബ്രാഞ്ച് എസ് പി സാമുവൽ വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷൻ ഭാഗം സാക്ഷിയായി വിസ്തരിച്ച അടക്കാ രാജു തിരുവനന്തപുരം സിബിഐ കോടതിയിൽ മൊഴി നൽകുമ്പോൾ ചർച്ചയാകുന്നത് കേസ് അട്ടിമറിക്കാൻ നടന്ന നീക്കങ്ങളാണ്. കേസിൽ സാക്ഷികൾ ഇഷ്ടം പോലെ മൊഴി മാറ്റിയിരുന്നു. ഇതോടെ കേസിന്റെ ഭാവി തന്നെ പ്രതിസന്ധിയിലായി. ഇതിനിടെയാണ് അടക്കാ രാജുവിന്റെ മൊഴി കിട്ടുന്നത്. അഭയ കേസ് ഏറ്റെടുക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടുവെന്ന് മുഖ്യസാക്ഷി അടയ്ക്ക രാജു കോടതിയിൽ മൊഴി നൽകി. ഇതിനായി പണവും പ്രലോഭനങ്ങളും നൽകി. കുറ്റം ഏറ്റെടുത്താൽ രണ്ടു ലക്ഷം രൂപയും വീട് വെച്ചു നൽകാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് രാജു വ്യക്തമാക്കി.

കേരളത്തിലെ അതിപ്രഗത്ഭനായ വക്കീലാണ് രാമൻ പിള്ള. മണിക്കൂറുകളാണ് പ്രതിഭാഗത്തിന് വേണ്ടി അടക്കാ രാജുവിനെ വിസ്തരിച്ചത്. മാറി മാറി ചോദ്യം ചെയ്തു. പക്ഷേ ഏത് സാക്ഷിയേയും വീഴ്‌ത്തുന്ന കൊലമ്പൊനെന്ന് പേരെടുത്ത ഹൈക്കോടതിയിലെ അഭിഭാഷകന് മുമ്പിൽ അടക്ക രാജു പതറിയില്ല. സാക്ഷി വിസ്താരത്തിന് മുമ്പിൽ വീഴാത്ത അടക്ക രാജു ഒടുവിൽ ജഡ്ജിക്ക് മുമ്പിൽ ആ സത്യം പറഞ്ഞു. ഞാൻ മോഷ്ടിക്കാൻ എന്നും പോകുന്നത് മൂന്നരയ്ക്കും നാലരയ്ക്കും ഇടയിലാണ്. അതുകൊണ്ട് തന്നെ അഭയ കൊല്ലപ്പെട്ടപ്പോഴും ഈ സമയത്ത് തന്നെയാണ് അവിടെ എത്തിയത്. ഈ തുറന്നു പറച്ചിലോടെ എല്ലാ സംശയവും മാറി. ഇത് വെറുമൊരു മോഷ്ടാവല്ല യഥാർത്ഥ സാക്ഷിയാണെന്ന് കോടതിയും അംഗീകരിച്ചു. ഈ കേസിൽ ഫാദർ ജോസ് പൂതൃക്കയലിന് വിചാരണയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. അടക്ക രാജുവിന്റെ മൊഴിയോടെ ഫാദർ ജോസ് പൂതൃക്കയൽ കേസിൽ പ്രതിയാകാനുള്ള സാധ്യതയുമുണ്ട്.

അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയലും കോൺവെന്റിൽ ഉണ്ടായിരുന്നതായാണ് രാജു കോടതിയിൽ മൊഴി നൽകിയത്. ഇരുവരെയും സംഭവദിവസം താൻ കോൺവെന്റിൽ കണ്ടതായും രാജു ആവർത്തിച്ചു. കോടതിയിൽവെച്ച് രാജു ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. മോഷ്ടിക്കാനെത്തിയ താൻ തോമസ് കോട്ടൂരും ഫാദർ ജോസ് പൂതൃക്കയും കണ്ടെത്താണ് മൊഴി. അഭയ കൊല്ലപ്പെട്ട ദിവസം ചമ്പു കമ്പി മോഷ്ടിക്കാൻ വന്നു. അതിനായി പുലർച്ച നാലരയ്ക്ക് വന്നപ്പോൾ അടുക്കള ഭാഗത്തെ സ്‌റ്റെയർ കേസിലൂടെ പോകാൻ ശ്രമിച്ചു. ജനലിന് അടുത്ത് എത്തിയപ്പോൾ രണ്ട് പേര് ലൈറ്റടിച്ച് ഗോവണി വഴി പോയി. ഒരാൾ തോമസ് കോട്ടൂരാണ്. മറ്റെയാൾ ജോസ് പൂതൃക്കയലും. മൂന്ന് ഘട്ടങ്ങളായാണ് ചെമ്പു കമ്പി മോഷ്ടിച്ചതെന്നും അവസാനം വന്നപ്പോഴാണ് അഭയാ കേസിലെ സാക്ഷിയായത് കണ്ടതെന്നും രാജു കോടതിയിൽ മൊഴി നൽകി.

മോഷണ വസ്തു വിറ്റ് വരുമ്പോൾ കോൺവന്റിൽ പൊലീസിനേയും ഫയർഫോഴ്‌സിനേയും കണ്ടു. അവിടെ ഉണ്ടായിരുന്ന ആളോട് ചോദിച്ചപ്പോൾ അഭയയുടെ മരണമറിഞ്ഞു. അതിന് ശേഷം പൊലീസ് തന്നെ മോഷണക്കേസിൽ പിടിച്ചു. പിന്നീട് അഭയയെ കൊന്നത് താനാണെന്ന് പറയാൻ നിർബന്ധിച്ചു. ഭീഷണിപ്പെടത്തിയെന്നാണ് കോടതിയിൽ രാജു പറഞ്ഞത്. എല്ലാം കേട്ട ശേഷം കേസിലെ യഥാർത്ഥ സാക്ഷിയാണ് രാജുവെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. അഭയ കൊല്ലപ്പെട്ടതിന് ശേഷം രാജു മോഷ്ടിച്ചിട്ടില്ല. അതിന് ശേഷം തടിപ്പണിക്ക് പോയി. ഇപ്പോൾ തടിവെട്ട് രാജുവെന്നാണ് നാട്ടുകാർ വിളിക്കുന്നത്. അടക്കാ മോഷണത്തിൽ കേന്ദ്രീകരിച്ചതു കൊണ്ടാണ് അഭയ കൊല്ലപ്പെടുമ്പോൾ ഇയാളെ നാട്ടുകാർ അടക്കാ രാജുവെന്ന് വിളിച്ചത്.

മോഷണക്കേസിൽ അടക്ക രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. അതിന് ശേഷം കൊടി പീഡനമാണ് നേരിടേണ്ടി വന്നത്. തന്റെ മേൽ അഭയയുടെ കൊലക്കുറ്റം ചുമത്താനും ശ്രമിച്ചു. മർദ്ദനം ഭയന്ന് എങ്ങനെയാണ് കൊന്നതെന്ന് പറഞ്ഞു തന്നാൽ കുറ്റം ഏൽക്കാമെന്ന് പറഞ്ഞപ്പോൾ ക്രൈംബ്രാഞ്ചിന്റെ കൊടിയ മർദ്ദനത്തിനിരയായി. ബഞ്ചിൽ മലർത്തി കിടത്തി കൈയിൽ പുറകുവശത്തിലൂടെ വിലങ്ങ് അണിയിച്ച് കാലും ബെഞ്ചിൽ കെട്ടിവച്ച് കാൽ വെള്ളയിൽ (ഉള്ളം കാലിൽ) ചൂരൽ കൊണ്ട് കഠിനമായി ഉപദ്രവിച്ചു. വാഗ്ദാനം വിസമ്മതിച്ചതിനാൽ 55 ദിവസത്തോളം കസ്റ്റഡിയിൽ വച്ചു പീഡിപ്പിച്ചു. ഒടുവിൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും കോടതിയിൽ കൊണ്ടുപോയ ഒരു പ്രതിയോട് തന്നെ അന്യായ തടങ്കലിൽ വച്ചിരിക്കുന്ന വിവരം മജിസ്‌ട്രേട്ടിനോട് ബോധിപ്പിക്കാൻ പറഞ്ഞതനുസരിച്ച് ആ പ്രതി വിവരം കോടതിയിൽ ധരിപ്പിച്ചു.

തുടർന്ന് കുറച്ച് ഇരുമ്പു സാധനങ്ങൾ ചാക്കിൽ കെട്ടി തന്ന ശേഷം ജീപ്പിൽ കയറ്റി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം ഇറക്കി വിട്ടു. താനതുമായി നടന്നു പോകവേ പൊലീസ് പുറകിൽ നിന്ന് വന്ന് കോളറിൽ പിടിച്ച് സ്റ്റേഷനിൽ കൊണ്ടു പോയി വ്യാജമോഷണകേസെടുത്ത് റിമാന്റ് ചെയ്തു. താൻ പുറത്തിറങ്ങിയാൽ വിവരം പുറം ലോകം അറിയുമെന്നുള്ളതിനാൽ 45 മോഷണക്കേസുകൾ തന്റെ പേരിൽ കെട്ടിവച്ചു. തന്നെ 2 വർഷം കോടതി ശിക്ഷിച്ചു. അഭയ താമസിക്കുന്ന കോൺവെന്റിലെ ടെറസ്സിലുള്ള ഇടിമിന്നൽ രക്ഷാ ചാലകത്തിലെ ചെമ്പുകമ്പി പട്ട മോഷ്ടിക്കാനായി താൻ 3 പ്രാവശ്യം കൊക്കോമരത്തിലൂടെ മതിൽ ചാടി കോൺവെന്റ് കെട്ടിടത്തിൽ കയറിയിട്ടുണ്ട്.

മൂന്നാം തവണ പോയത് അഭയ കൊല്ലപ്പെടുന്ന ദിവസമാണ്. വെളുപ്പിന് 4.30 മണിക്ക് താൻ കൊക്കോമരത്തിൽ കയറാനായി മരത്തിന്റെ താഴെ വന്നതും ഫാ.തോമസ് കോട്ടൂരും ഫാ. ജോസ് പുതുക്കയിലും ടോർച്ചടിച്ച് കോൺവെന്റ് കെട്ടിടത്തിലെ സ്റ്റെയർകേസ് ഇറങ്ങി വരുന്നത് താൻ കണ്ടു. അവരെ കണ്ടതിനാൽ താൻ തിരികെ പോയി. അന്ന് കണ്ട ഫാ.തോമസ് കോട്ടൂർ കോടതിയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നതായും സാക്ഷി പ്രതിയെ തിരിച്ചറിഞ്ഞു ജഡ്ജി സനിൽകുമാർ മുമ്പാകെ ബോധിപ്പിച്ചു. ഇനി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ തോമസ് , കളർകോട് വേണു ഗോപാലൻ നായരെയും വിസ്തരിക്കും. കുറ്റം ഏൽക്കാൻ ക്രൈംബ്രാഞ്ച് എസ്‌പി സാമുവൽ 2 ലക്ഷം രൂപയും ഒരു വീടും കുട്ടികളുടെ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തായി അടയ്ക്കാ രാജു കോടതിയിൽ പറഞ്ഞതും അതി നിർണ്ണായകമാണ്. അമ്പത്തഞ്ചു ദിവസം കസ്റ്റഡിയിൽ പാർ പ്പിച്ചതായും രാജു കോടതിയിൽ വെളിപ്പെടുത്തി.

അഭയ കൊല്ലപ്പെട്ടത് പുലർച്ച നാലരയോടെയെന്നാണ് പ്രോസിക്യൂഷൻ കേസ്. അതുകൊണ്ട് തന്നെ പ്രതികളെ അടക്കാ രാജു കണ്ടത് ഒരു മണിയോടെയെന്ന് വന്നാൽ അവർക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് വരുത്താൻ കഴിയും. ഇതിന് വേണ്ടിയാണ് അടക്കാ രാജുവിനെ തലങ്ങും വിലങ്ങും ക്രോസ് ചെയ്തത്. എന്നാൽ ഒരിക്കൽ പോലും കോടതിക്ക് സംശയമുണ്ടാകുന്ന ഒന്നും അടക്കാ രാജു പറഞ്ഞില്ല. ഇതാണ് ഈ മൊഴി അതിശക്തമായി മാറാൻ കാരണം. അഭയാ കേസിൽ കോടതി വിധിയെ ബാധിക്കുന്ന നിർണ്ണായക മൊഴിയായി ഇത് മാറുകയും ചെയ്യും.

നേരത്തെ കേസിന്റെ വിചാരണ വേളയിൽ രണ്ട് സാക്ഷികൾ കൂറുമാറിയിരുന്നു. കോൺവെന്റിന്റെ അടുക്കളയിൽ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ സിസ്റ്റർ അനുപമയാണ് ആദ്യം മൊഴിമാറ്റിയത്. താൻ ഒന്നും കണ്ടിട്ടില്ലെന്നായിരുന്നു അനുപമ മൊഴി മാറ്റിയത്. അഭയയുടെ റൂം മേറ്റായിരുന്ന സിസ്റ്റർ അനുപമ, കേസിൽ 50-ാം സാക്ഷിയായിരുന്നു. കേസിലെ നാലാം സാക്ഷിയായ സഞ്ജു പി തോമസും മൊഴി മാറ്റിയിരുന്നു. കോൺവെന്റിന് സമീപത്തെ താമസക്കാരനായ സഞ്ജു, കൊല നടന്ന ദിവസം ഫാദർ തോമസ് കോട്ടൂരിന്റെ സ്‌കൂട്ടർ കോൺവെന്റിന് സമീപം നിർത്തിയിട്ടിരിക്കുന്നത് കണ്ടുവെന്നാണ് സഞ്ജു നേരത്തെ മൊഴി നൽകിയിരുന്നത്. ഈ മൊഴി ഇദ്ദേഹം കോടതിയിൽ തിരുത്തുകയായിരുന്നു.

തുടർച്ചയായി വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തങ്ങൾക്കെതിരെ മതിയായ തെളിവുകളില്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ ഈ വാദം കോടതി തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതികളുടെ ഹർജി തള്ളുകയായിരുന്നു. ഇതോടെയാണ് കേസിൽ വിചാരണ ആരംഭിക്കാനായത്.1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസ് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. എന്നാൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് 1993ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

സിബിഐയുടെ വിവിധ യൂണിറ്റുകളും ഉദ്യോഗസ്ഥരും വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ പ്രതികളാക്കി കുറ്റപത്രം നൽകി. എന്നാൽ കേസിലെ പ്രതികളായ ഫാ. ജോസ് പുതൃക്കയിൽ ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെ.ടി. മൈക്കിൾ എന്നിവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP