Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട കോവിഡ് ട്രേസിങ് ആപ്ലിക്കേഷൻ ആരോഗ്യ സേതു; 127.6 ദശലക്ഷം ആളുകൾ ആരോ​ഗ്യ സേതു ഡൗൺലോഡ് ചെയ്തെന്ന് സെൻസർ ടവറിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്; ആപ്പ് ഫലപ്രദമായി ഉപയോ​ഗിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ 12.5 ശതമാനം ആളുകൾ മാത്രമെന്നും കണക്ക്

ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട കോവിഡ് ട്രേസിങ് ആപ്ലിക്കേഷൻ ആരോഗ്യ സേതു; 127.6 ദശലക്ഷം ആളുകൾ ആരോ​ഗ്യ സേതു ഡൗൺലോഡ് ചെയ്തെന്ന് സെൻസർ ടവറിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്; ആപ്പ് ഫലപ്രദമായി ഉപയോ​ഗിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ 12.5 ശതമാനം ആളുകൾ മാത്രമെന്നും കണക്ക്

മറുനാടൻ ഡെസ്‌ക്‌

ലോകത്ത് ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട കോവിഡ്-19 ട്രേസിങ് ആപ്ലിക്കേഷൻ എന്ന നേട്ടം ഇന്ത്യയുടെ ആരോഗ്യ സേതു ആപ്പിനെങ്കിലും അത് ഫലപ്രദമായി ഉപയോ​ഗിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ 12.5 ശതമാനം ആളുകൾ മാത്രം. സെൻസർ ടവറിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. 127.6 ദശലക്ഷം ഡൗൺ‌ലോഡുകളുമായി കോൺ‌ടാക്റ്റ് ട്രേസിങ് ആപ്പ് ഇൻ‌സ്റ്റാളുകളുടെ പട്ടികയിൽ ഇന്ത്യയുടെ ആരോ​ഗ്യ സേതു ഒന്നാമതാണ്. 11.1 ദശലക്ഷം ഡൗൺലോഡുകളുള്ള തുർക്കിയുടെ ഹയാത്ത് ഈവ് സാർ ആപ്ലിക്കേഷനും 10.4 ദശലക്ഷം ഡൗൺലോഡുകളുള്ള ജർമ്മനിയുടെ കൊറോണ-വാർൺ-ആപ്പും തൊട്ടുപിന്നിലുണ്ട്. സെൻസർ ടവർ സ്റ്റോർ ഇന്റലിജൻസിന്റെ പഠനം പറയുന്നത് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള 13 രാജ്യങ്ങളിൽ ഈ ആപ്ലിക്കേഷനുകളുടെ ഉപയോ​ഗ നിരക്ക് ജനസംഖ്യയുടെ 9.3 ശതമാനമാണ് എന്നാണ്.

ഏറ്റവും കൂടുതൽ പേർ ആരോഗ്യ സേതു ഡൗൺലോഡ് ചെയ്തത് ഏപ്രിലിലാണ്. 8.08 കോടിപേരാണ് ഏപ്രിലിൽ ആപ്പ് ഡൗൺലോഡ് ചെയ്തത്. ജൂലായിൽ ആകെ 12.76 കോടിയിലധികം പേരാണ് ആരോഗ്യ സേതു ഡൗൺലോഡ് ചെയ്തത് എന്നും റിപ്പർട്ടിൽ പറയുന്നു. കോവിഡ്-19 ട്രേസിങ് ആപ്പുകളുടെ ജനകീയത ഇതിന്റെ ഫലപ്രാപ്തിയുടെ തെളിവായി കാണാനാകില്ലെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കോവിഡ്-19 പശ്ചാത്തലത്തിൽ വൈറസിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. ഇലക്ട്രോണിക്സ്നി, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഏപ്രിൽ 02-ന് ഈ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്. ബ്ലൂടൂത്ത് അടിസ്ഥാനമാക്കിയുള്ള കോൺടാക്റ്റ് ട്രെയ്‌സിങ് സംവിധാനമാണ് അപ്ലിക്കേഷൻ ഉപയോഗിക്കുന്നത്. ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ, ബ്ലൂടൂത്ത് ഡാറ്റ എന്നിവ ഉപയോഗിച്ച് അവരുടെ അടുത്തുള്ള പ്രദേശങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുണ്ടോ എന്നും നിരീക്ഷണത്തിലുള്ളവരുണ്ടോ എന്നും കണ്ടെത്താൻ കഴിയും.

ആഗോള തലത്തിൽ ഏറ്റവും അധികം പേർ ഡൗൺലോഡ് ചെയ്തിട്ടുള്ള ആപ്ലിക്കേഷൻ ആരോഗ്യ സേതു ആണെങ്കിലും പ്രായോഗികതലത്തിൽ പ്രാവർത്തികമാക്കുന്നതിൽ ആരോഗ്യസേതു നാലാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയിലെ കോവിഡ്‌സേഫ് ആപ്ലിക്കേഷനാണ് പ്രായോഗികതലത്തിൽ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നത്. 45 ലക്ഷം തവണയാണ് കോവിഡ് സേഫ് ആപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടത്. ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ 21.6 ശതമാനമാണിത്. കോവിഡ് ട്രേസിങ് ആപ്പ് പ്രായോഗികമാക്കിയതിൽ രണ്ടാം സ്ഥാനം തുർക്കിയും മൂന്നാം സ്ഥാനം ജർമനിയുമാണ്. ഇന്ത്യൻ ജനസംഖ്യയുടെ 12.5 ശതമാനം പേരാണ് ആരോഗ്യസേതു ഫലപ്രദമായി ഉപയോഗിക്കുന്നത്.

സർവേ നടത്തിയ 13 രാജ്യങ്ങളിൽ (ഓസ്ട്രേലിയ, തുർക്കി, ജർമ്മനി, ഇന്ത്യ, ഇറ്റലി, പെറു, ജപ്പാൻ, സൗദി അറേബ്യ, ഫ്രാൻസ്, ഇന്തോനേഷ്യ, തായ്‌ലൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ്) 190 കോടിയാളുകൾ അവരുടെ സർക്കാർ പുറത്തിറക്കിയ കോവിഡ് ട്രേസിങ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിലും അവരിൽ 17.3 കോടിയാളുകൾ മാത്രമാണ് അതിന്റെ സജീവ ഉപയോക്താക്കൾ.എന്നാൽ കോവിഡ്-19 ട്രേസിങ് ആപ്പുകളുടെ ജനകീയത അത് ഫലപ്രദമാണെന്ന് അർത്ഥമാക്കുന്നില്ലെന്നാണ് വിദഗ്ദാഭിപ്രായം. കാരണം ഡൗൺലോഡുകളിൽ ആരോഗ്യ സേതു മുന്നിലാണെങ്കിലും കോവിഡ് ഏറ്റവും അധികം വ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയും.

ഉപയോക്താവിന്റെ പ്രദേശത്തിന് ചുറ്റുമുള്ള ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിയാൻ ആരോഗ്യ സേതു ആപ്പിന് കഴിയും. ആപ്പ് ഉപയോഗിക്കുന്നവർക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്താനും ഇത് സഹായിക്കും. ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭിക്കും. ഇതിൽ മലയാളമടക്കം 11 ഇന്ത്യൻ ഭാഷകൾ ലഭ്യമാണ്.

ലൊക്കേഷൻ ട്രെയ്‌സിങ് ഉപയോഗിച്ച് ഉപയോക്താവ് സുരക്ഷിത സ്ഥാനത്താണോയെന്നും മനസിലാക്കാം. നിങ്ങളുടെ പതിവ് പ്രവർത്തനങ്ങളെക്കുറിച്ച് അറിയുന്നതിലൂടെ നിങ്ങൾ ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളുടെയും വിശദാംശങ്ങൾ ഇത് രേഖപ്പെടുത്തുന്നു. നിങ്ങളുടെ കോൺ‌ടാക്റ്റുകളിൽ ആരെങ്കിലും പോസിറ്റീവ് ആണെന്ന് മനസിലാക്കിയാൽ ആപ്ലിക്കേഷൻ നിങ്ങളെ അറിയിക്കും. മാത്രമല്ല കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രസക്തവും ആധികാരികവുമായ മെഡിക്കൽ ഉപദേശങ്ങൾ ആപ്ലിക്കേഷനിലൂടെ ലഭിക്കും.

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റുകളും തത്സമയം ലഭിക്കുന്നതാണ്. ആപ്പ് ഡൗൺലോഡ് ചെയ്‌ത് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്ത ശേഷം ഇത് ഉപയോഗിച്ച് തുടങ്ങാം. ആപ്പിലെ നിങ്ങളെക്കുറിച്ചുള്ള വ്യക്തിഗത ചോദ്യങ്ങൾക്ക് മറുപടി നൽകണം. ഇതിൽ യൂസറിന്റെ വിവരങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ, രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകുമ്പോൾ സാധ്യതയുള്ള ഹോട്ട്സ്പോട്ടുകൾ നേരത്തേ തിരിച്ചറിയാൻ അപ്ലിക്കേഷന് കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP