Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൈക്കൂലി വാങ്ങി കൊഴുത്ത ബ്യൂറോക്രാറ്റുകൾക്ക് ആം ആദ്മി സർക്കാറിനോട് കടുത്ത രോഷം; തൊഴിലാളികളുടെ മിനിമം വേതനം 13500 രൂപയാക്കി ഉയർത്താനുള്ള നീക്കത്തിനും പാര; തൊഴിലാളിക്ക് കലോറി കണക്കാക്കി വേതനം നൽകണമെന്ന് ശഠിച്ചപ്പോൾ എട്ടിന്റെ പണി കൊടുത്തു കെജ്രിവാളും; 'ഐഎഎസുകാർക്കും കൂലി കലോറി അടിസ്ഥാനത്തിൽ മതിയോ' എന്ന് ഡൽഹി മുഖ്യൻ; ഡൽഹിയിൽ ചിലതൊക്കെ ശരിയാകുന്ന വിധം

കൈക്കൂലി വാങ്ങി കൊഴുത്ത ബ്യൂറോക്രാറ്റുകൾക്ക് ആം ആദ്മി സർക്കാറിനോട് കടുത്ത രോഷം; തൊഴിലാളികളുടെ മിനിമം വേതനം 13500 രൂപയാക്കി ഉയർത്താനുള്ള നീക്കത്തിനും പാര;  തൊഴിലാളിക്ക് കലോറി കണക്കാക്കി വേതനം നൽകണമെന്ന് ശഠിച്ചപ്പോൾ എട്ടിന്റെ പണി കൊടുത്തു കെജ്രിവാളും; 'ഐഎഎസുകാർക്കും കൂലി കലോറി അടിസ്ഥാനത്തിൽ മതിയോ' എന്ന് ഡൽഹി മുഖ്യൻ; ഡൽഹിയിൽ ചിലതൊക്കെ ശരിയാകുന്ന വിധം

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: കോർപ്പറേറ്റുകളുടെ കണ്ണിൽ കരടായ സർക്കാറാണ് ഡൽഹി ഭരിക്കുന്നത് ആം ആദ്മി സർക്കാർ. റിലയൻസ് മുതലുള്ള വമ്പന്മാരും കേന്ദ്രസർക്കാറും ബിജെപിയും കോൺഗ്രസുമൊക്കെ കിട്ടിയ അവസരത്തിൽ ഈ കൊച്ചു സർക്കാറിനെ തകിടം മറിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഇതിനോടകം തന്നെ നിരവധി അട്ടിമറി ശ്രമങ്ങൾ അതിജീവിച്ചിട്ടുണ്ട് കെജ്രിവാൾ സർക്കാർ. പാവങ്ങൾക്ക് വേണ്ടി ശ്രമിക്കുന്ന ആപ്പ് സർക്കാറിന്റെ ചില നേട്ടങ്ങൾ മാധ്യമങ്ങൾ ബോധപൂർവ്വം അവഗണിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ രാഷ്ട്രീയക്കാർക്ക് ഒപ്പം ചേർന്ന് അഴിമതി വാങ്ങി ശീലിച്ച ഉദ്യോഗസ്ഥർക്കും സർക്കാറിനോട് എതിർപ്പാണ്. അതുകൊണ്ട് തന്നെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കാനുള്ള നീക്കത്തിനും തുരങ്കം പണിയുകയാണ് ബ്യൂറോക്രാറ്റുകൾ. ഈ നീക്കത്തിന് അതേ നാണയത്തിൽ മറുപടി നൽകുകയും ചെയ്തു കെജ്രിവാൾ.

പൊരിവെയിലത്ത്് കഠിനാധ്വാനം ചെയ്യുന്ന മനുഷ്യർക്ക് കലോറി അടിസ്ഥാനത്തിൽ മിനിമം കൂലി നിശ്ചയിക്കണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥർ ശഠിച്ചതോടെയാണ് കെജ്രിവാൾ അതിന് ശക്തമായ മറുപടി നൽകിയത്. ഇതേ മാനദണ്ഡം ഐഎഎസുകാർക്ക് എന്തുകൊണ്ട് ബാധകമാക്കുന്നില്ല എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ തൊഴിലാളികളുടെ മിനിമം കൂലി കെജ്രിവാൾ സർക്കാർ മാസം 9500 രൂപയിൽ നിന്ന് 13500 രൂപയായി വർധിപ്പിച്ചിരുന്നു. എന്നാൽ ഇത് പഠിച്ച ഐ എ എസുകാരടങ്ങുന്ന സമിതിയുടെ കണ്ടെത്തൽ വിചിത്രമായിരുന്നു.

'തൊഴിലാളികൾക്ക് ഒരു ദിവസം 2700 കലോറി ഉർജ്ജമേ വേണ്ടു. അതിനുള്ള ഭക്ഷണം കഴിക്കാൻ ഇത്ര അധികം തുക വേണ്ട. അതുകൊണ്ട് മിനിമം കൂലി കൂട്ടണ്ട കാര്യമില്ല'. ബ്യൂറോക്രാറ്റുകളുടെ ഈ നിലപാടാണ് കെജ്രിവാൾ ചോദ്യം ചെയ്തത്. 'തൊഴിലാളിക്ക് കൂലി കലോറിയെ അടിസ്ഥാനപ്പെടുത്തിയല്ല നൽകേണ്ടത്. അവരും മനുഷ്യരാണ്. മൃഗങ്ങളല്ല. അവർക്ക് അവരുടെ കുട്ടികളെ പഠിപ്പിക്കണം,വസ്ത്രം വാങ്ങണം.നിങ്ങൾക്ക് അത്ര നിർബന്ധമാണെങ്കിൽ ഐ എ എസു ഓഫീസർമാർക്ക് കലോറി അടിസ്ഥാനത്തിൽ വേതനം നൽകും'-മെയ്‌ ദിനത്തോടനുബന്ധിച്ച് തൊഴിലാളികളെ അഭിസംബോധന ചെയ്ത് കെജ്രിവാൾ പറഞ്ഞു.

കെജ്രിവാൾ അധികാരത്തിൽ വന്നതിന് ശേഷം ഡൽഹിയിൽ ബ്യൂറോക്രാറ്റുകൾ കടുത്ത അമർഷത്തിലാണ്. ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ ആം ആദ്മി എം എൽ എമാർ കൈകാര്യം ചെയ്തുവെന്ന ആരോപണമുയർന്നതിനെ തുടർന്ന് വിഷയം കൂടുതൽ സങ്കീർണമായിരിക്കുകയാണ്. പലപ്പോഴും സർക്കാർ ദരിദ്രർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾക്ക് തുരങ്കം വയ്ക്കുകയാണ് ബ്യൂറോക്രസി.

ഇതിന് കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ ഡൽഹി ലഫ്.ഗവർണറും അനുകൂലമായ നിലപാടെടുക്കുന്നുവെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ തൊഴിലാളികളുടെ കുറഞ്ഞ വേതനം സംബന്ധിച്ച പ്രശ്‌നം ചർച്ച ചെയ്യാൻ തൊഴിലാളികളും കോൺട്രാക്ടർമാരും ഓഫീസർമാരും ഉൾപ്പെടുന്ന സമിതി കാര്യങ്ങൾ പഠിച്ച് വരികയാണെന്നും എന്നാൽ ഇതിന് ലഫ്.ഗവർണറുടെ അംഗീകാരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.

കഴിഞ്ഞ ആഗസ്തിൽ തൊഴിലാളി വേതനത്തിൽ 50 ശതമാനം വർധന വരുത്താനുള്ള നിർദ്ദേശങ്ങൾ ഡൽഹി സർക്കാർ മുന്നോട്ട് വച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾക്ക് അന്നത്തെ ഗവർണറായിരുന്ന നജീബ് ജംഗ് അംഗീകാരം നൽകിയില്ല. ഇതിനു ശേഷമാണ് ഈ വർഷം ആദ്യം തന്നെ ഇത്തരത്തിൽ ഒരു നിർദ്ദേശം ക്യാബിനറ്റ് മുന്നോട്ട് വച്ചത്. സർക്കാറിന്റെ പുതിയ തീരുമാനം ഡൽഹിയിലെ 50 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനകരമായി തീരുമെന്നാണ് കരുതുന്നത്. സർക്കർ നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷയുണ്ടാവുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 50000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ കഠിനതടവും ആയിരിക്കും നിയമം ലംഘിക്കുന്നവർക്കുള്ള നിയമപരമായ ശിക്ഷയെന്നും വ്യവസ്ഥ ചെയ്യുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP