Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലൗജിഹാദിനോടുള്ള ഉപമ സൂക്ഷിച്ചു മതി; രാജ്യത്തെ എല്ലാ പൗരനും അവരുടെ താത്പര്യത്തിനിണങ്ങിയ വ്യക്തിയെ വിവാഹം ചെയ്യാൻ അവകാശമുണ്ട്; ടൈംസ് നവ് ഭാരതിന് പിഴ; അംബാനിയുടെ ചാനലിനും ശിക്ഷ; ആജ് തക്കിന് ശാസനയും; ചാനലുകൾക്കെതിരായ നടപടികൾ ചർച്ചകളിൽ

ലൗജിഹാദിനോടുള്ള ഉപമ സൂക്ഷിച്ചു മതി; രാജ്യത്തെ എല്ലാ പൗരനും അവരുടെ താത്പര്യത്തിനിണങ്ങിയ വ്യക്തിയെ വിവാഹം ചെയ്യാൻ അവകാശമുണ്ട്; ടൈംസ് നവ് ഭാരതിന് പിഴ; അംബാനിയുടെ ചാനലിനും ശിക്ഷ; ആജ് തക്കിന് ശാസനയും; ചാനലുകൾക്കെതിരായ നടപടികൾ ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എല്ലാ ഇതരമത വിവാഹത്തേയും ലൗജിഹാദിനോട് ഉപമിക്കുന്ന പ്രവണത ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അഥോറിറ്റി (എൻ.ബി.ഡി.എസ്.എ) അംഗീകരിക്കില്ല. അത് സമൂഹത്തിൽ സപർധയുണ്ടാക്കാൻ ശ്രമിക്കുകയും, വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യലാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ചാനലുകൾക്ക് പിഴ ഈടാക്കുന്നത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി എ.കെ സിക്രിയാണ് എൻ.ബി.ഡി.എസ്.എയുടെ തലവൻ.

വിവിധ വാർത്താ മാധ്യമങ്ങളിൽ നിന്ന് പിഴ ഈടാക്കി ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ് അഥോറിറ്റി (എൻ.ബി.ഡി.എസ്.എ) നിലപാട് കടുപ്പിക്കുകയാണ്. ഏഴ് ദിവസത്തിനുള്ളിൽ ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും അഥോറിറ്റി നിർദ്ദേശിച്ചു. ടൈംസ് നൗ നവ് ഭാരതിന് ഒരു ലക്ഷം രൂപയും, ന്യൂസ് 18 ഇന്ത്യക്ക് 50000 രൂപയുമാണ് പിഴ. വിദ്വേഷ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആജ് തക് ചാനലിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ഗ്രൂപ്പായ ടൈംസിന്റേതാണ് നവ് ഭാരത്. മുകേഷ് അംബാനിയാണ് ന്യൂസ് 18 ഗ്രൂപ്പിന്റെ തലപ്പത്ത്. ഇന്ത്യാ ടുഡേയുടേതാണ് ആജ് തക് ചാനൽ.

ചാനലിലെ വിവിധ പരിപാടികൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്നും മതസൗഹാർദം തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ഇന്ദ്രജിത് ഘോർപഡെ നൽകിയ പരാതിക്ക് പിന്നാലെയാണ് നടപടി. മുസ്ലിങ്ങളെ ലക്ഷ്യമിട്ട് പരസ്പര വിശ്വാസത്തോടെയുള്ള പ്രണയത്തെ ലൗ ജിഹാദെന്ന് വിശേഷിപ്പിച്ചതിനാണ് ടൈംസ് നൗ നവ്ഭാരതിൽ നിന്നും പിഴ ഈടാക്കിയത്. അവതാരകൻ ഹിമാൻഷു ദീക്ഷിത് നടത്തിയ പരാമർശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

അമൻ ചോപ്രയും അമീഷ് ദേവ്ഗനും നടത്തുന്ന പരിപാടികളുടെ പേരിലാണ് ന്യൂസ് 18ന് പിഴ ചുമത്തിയത്. ശ്രദ്ധ വാക്കർ വധക്കേസിനെ ലൗജിഹാദാക്കി മാറ്റിയതിനും ന്യൂസ് 18ന് പിഴ ചുമത്തിയിട്ടുണ്ട്. രാമനവമി ആഘോഷങ്ങൾക്കിടെ മുസ്ലിങ്ങൾക്ക് നേരെ അതിക്രമങ്ങളെ നിസാരവത്കരിച്ചതിനാണ് ആജ് തക്കിന് മുന്നറിയിപ്പ് ലഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കൊള്ളക്കാരനായി ചിത്രീകരിക്കുന്ന വീഡിയോ നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്.

എല്ലാ ഇതരമത വിവാഹത്തേയും ലൗജിഹാദിനോട് ഉപമിക്കുന്ന പ്രവണത ഇത്തരം മാധ്യമങ്ങളിൽ കാണുന്നുണ്ടെന്നും രാജ്യത്തെ എല്ലാ പൗരനും അവരുടെ താത്പര്യത്തിനിണങ്ങിയ വ്യക്തിയെ വിവാഹം ചെയ്യാൻ അവകാശമുണ്ടെന്നും വിലയിരുത്തിയാണ് നവ് ഭാരതിനെതിരായ നടപടി. മാധ്യമങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ഏത് വിഷയത്തിലും ചർച്ച നടത്താനുള്ള അവകാശമുണ്ട്. ലൗ ജിഹാദ് എന്നത് ഒരു സാധാരണ പദമായി കണക്കാക്കരുത്. വ്യക്തമായ തെളിവുകളുള്ള കേസുകളിൽ മാത്രം ഇത്തരം പരാമർശങ്ങൾ നടത്താൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം.

മാധ്യമ പരിപാടികളെ മതവത്ക്കരിക്കുന്നത് രാജ്യത്തെ സാഹോദര്യത്തെ കളങ്കപ്പെടുത്തും. ടൈംസ് നൗ നവ്ഭാരതിന്റെ പരിപാടിക്കിടെ അവതാരക ശ്രദ്ധ വാക്കറിന്റെ കൊലപാതകത്തെ ലൗ ജിഹാദായി പരാമർശിച്ചു. പ്രതിയുടെ മതത്തെ മുൻനിർത്തി മുൻവിധിയോടെ വിഷയത്തെ കൈകാര്യം ചെയ്യുന്നതാണിത്.

ഇത്തരം പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിലൂടെ മാധ്യമങ്ങൾ പാലിക്കേണ്ട നിഷ്പക്ഷത വസ്തുനിഷ്ഠത തുടങ്ങിയ നിയമങ്ങൾ എന്നിവ ലംഘിക്കുകയയാണെന്നും സമിതി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP