Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്കൽ ഭൂമിയിൽ കുളമുണ്ടാക്കാൻ ധൈര്യമുള്ളവരില്ല; ഒടുവിൽ 10 സ്ത്രീകളിറങ്ങി; ഇതു തൊഴിലുഴപ്പും തൊഴിലിരിപ്പുമല്ല; ആറു കോൽ കുഴിച്ചപ്പോൾ കാഴ്ചക്കാരുമെത്തി: വടക്കേ മലബാറിലെ ഒരു സ്ത്രീ മുന്നേറ്റത്തിന്റെ കഥ

ചെങ്കൽ ഭൂമിയിൽ കുളമുണ്ടാക്കാൻ ധൈര്യമുള്ളവരില്ല; ഒടുവിൽ 10 സ്ത്രീകളിറങ്ങി; ഇതു തൊഴിലുഴപ്പും തൊഴിലിരിപ്പുമല്ല; ആറു കോൽ കുഴിച്ചപ്പോൾ കാഴ്ചക്കാരുമെത്തി: വടക്കേ മലബാറിലെ ഒരു സ്ത്രീ മുന്നേറ്റത്തിന്റെ കഥ

രഞ്ജിത് ബാബു

കാസർഗോഡ്: പുരുഷന്മാരുടെ കുത്തകയായിരുന്ന കുളം നിർമ്മാണം വളയിട്ട കൈകൾക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കയാണ് കാഞ്ഞങ്ങാട്ടെ ഒരു സംഘം വനിതകൾ. പുല്ലൂർ പെരിയാ പഞ്ചായത്തിലെ തൊഴിലുറപ്പംഗങ്ങളായ സ്ത്രീകളാണ് കുളം നിർമ്മാണത്തിന് രംഗത്തിറങ്ങി ചരിത്രം തിരുത്തുന്നത്. നാളിതുവരെ കുളവും കിണറും നിർമ്മിക്കാൻ ജനങ്ങൾ വിളിച്ചിരുന്നത് പുരുഷന്മാരെ മാത്രം. എന്നാൽ പുല്ലൂർ പെരിയയിൽ കുളം നിർമ്മിക്കാൻ പുരഷന്മാരെ വിളിച്ചെങ്കിലും ചെങ്കല്ലിൽ കുളം നിർമ്മിക്കുക സാഹസമാണെന്ന് പറഞ്ഞ് അവർ കയ്യൊഴിയുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയെ തൊഴിലിരുപ്പു പദ്ധതിയെന്നും തൊഴിലുഴപ്പ് പദ്ധതിയെന്നും ആക്ഷേപിക്കുമ്പോൾ നാട്ടിൽ മാതൃക കാട്ടിയിരിക്കുകയാണ് ഈ പത്ത് സ്ത്രീകൾ.

പടാങ്കോട്ട് കോൺക്രീറ്റ് പാലം നിർമ്മാണവേളയിൽ സമീപത്തെ എൻഡോസൾഫാൻ ബാധിതനായ ദാമോദരന്റെ സ്ഥലത്തെ കുളം മണ്ണിട്ടു നികത്തേണ്ടി വന്നിരുന്നു. പാലം നിർമ്മാണ സമയത്ത് പുതിയ കുളം നിർമ്മിച്ചു നൽകാമെന്ന പഞ്ചായത്തിന്റെ ഉറപ്പിലാണ് ദാമോദരൻ കുളം നികത്താൻ അനുമതി നൽകിയിരുന്നത്. പാലം പണി കഴിഞ്ഞപ്പോൾ കുളം നിർമ്മിക്കാനായി പഞ്ചായത്തധികൃതർ വിദഗ്ധരായ പുരുഷന്മാരെ തേടി നടന്നു.

കട്ടികൂടുതലുള്ള ചെങ്കൽ ഭൂമിയിൽ കുളം നിർമ്മിക്കാൻ ആരും തയ്യാറായിരുന്നില്ല. ദാമോദരനു നൽകിയ ഉറപ്പ് പാലിക്കാനാകാതെ കുഴയുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതിപ്രകാരം ജോലിചെയ്യുന്ന ഒരു കൂട്ടം സ്ത്രീകളെക്കുറിച്ച് പഞ്ചായത്തധികാരികൾ ആലോചിച്ചത്. പഞ്ചായത്തിലെ 9- ാം വാർഡിലെ തൊഴിലുറപ്പുകാരായ സ്ത്രീകളെ വിളിച്ച് കാര്യങ്ങൾ അറിയിച്ചു.

പഞ്ചായത്തായതുകൊണ്ടുതന്നെ കൂടിയാലോചനകൾ പലതും നടന്നു. സ്ത്രീകളെ കുളം നിർമ്മിക്കാൻ ഏൽപ്പിക്കുകയോ? പല ഭാഗത്തു നിന്നും എതിർപ്പും പരിഹാസങ്ങളും ഉയർന്നു. ചിലർ പറഞ്ഞു, കുളം കുളം തോണ്ടലായി മാറും. എന്നാൽ പുരുഷതൊഴിലാളികളെ ജോലിക്ക് കിട്ടുകയുമില്ല. അന്യ സംസ്ഥാന തൊഴിലാളികളേയും തേടിയിറങ്ങി. മുട്ടാത്ത വാതിലില്ലാതായി. എന്നാൽ കാര്യം മാത്രം നടന്നില്ല. സ്ഥലം വിട്ടു നൽകിയ ദാമോദരനിൽ നിന്നും പഞ്ചായത്തിന് സമ്മർദ്ദമേറി. തെങ്ങിനും കവുങ്ങിനും തടമെടുക്കുന്ന സ്ത്രീകളെ കുളം കുഴിപ്പിക്കാനേൽപ്പിക്കാമെന്ന് ധാരണയായി. പഞ്ചായത്ത് എഞ്ചിനീയർമാരും അധികാരികളും കുടുംബശ്രീ എ.ഡി.എസ്. ശ്യാമള മുമ്പാകെ കാര്യങ്ങൾ അവതരിപ്പിച്ചു. മടിച്ചു നിൽക്കാതെ ശ്യാമളയും കൂട്ടുകാരും കുളം കുഴിക്കാൻ തയ്യാറായി.

ഡിസംബർ 30 ന് ആരംഭിച്ച കുളം നിർമ്മാണം ഇപ്പോൾ ആറു കോൽ താഴ്ചയിലെത്തി. പത്തുകോലിൽ വെള്ളം ലഭിക്കുമെന്നാണ് എഞ്ചിനീയറുടെ ഉറപ്പ്. ദിവസങ്ങൾക്കകം ലക്ഷ്യം കാണുമെന്ന വിശ്വാസത്തോടെ കാഠിന്യമേറിയ ചെങ്കല്ലിൽ അവർ ആഞ്ഞു വെട്ടുകയാണ്. എ. സുശീല, എം.കമലാക്ഷി, ടി.മാധവി, ടി.സുശീല, ടി.സരോജിനി, കെ.ജാനകി, എം.മീനാക്ഷി, കെ.ടി.ശകുന്തള എന്നിവരാണ് കുളം മിർമ്മാണത്തിലേർപ്പെട്ടിട്ടുള്ളത്.

 

പഞ്ചായത്ത് നേരിട്ടാണ് കുളം നിർമ്മിക്കുന്നത്. വടക്കേ മലബാറിന്റെ ചരിത്രത്തിലാദ്യമായാണ് സ്ത്രീതൊഴിലാളികൾ കുളം നിർമ്മിക്കുന്നത്. കഠിനജോലിയെങ്കിലും ഇനി കിണർ നിർമ്മിക്കാനും തങ്ങൾക്കാകുമെന്ന് എ.ഡി.എസ്. ശ്യാമള പറയുന്നു. ചതുരത്തിൽ കമനീയമായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന കുളം കാണാൻ മൂക്കത്ത് വിരൽ വച്ച് പുരുഷന്മാരും കാഴ്ചക്കാരായി എത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP