Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രചരണത്തിനിടയിലും സമയം കണ്ടെത്തി നേരിട്ട് രമ്യ പരാതി നൽകിയതോടെ നടപടി എടുക്കേണ്ടി വരും; പട്ടികജാതി പീഡനം കൂടി ഉൾപ്പെടുത്തിയതിനാൽ പൊലീസിന് സമ്മർദ്ദങ്ങൾക്ക് വഴങ്ങുക അസാധ്യം; ഇടത് ബുദ്ധിജീവികളും തള്ളി പറഞ്ഞിട്ടും പരാമർശം പിൻവലിക്കാൻ മടിച്ച് വിജയരാഘവൻ; സ്ത്രീ വിരുദ്ധരുടേയും ദളിത് വിരുദ്ധരുടേയും ആൾക്കൂട്ടമായി എൽഡിഎഫിനെ ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ച് യുഡിഎഫ്; സമ്മർദ്ദം ശക്തമായതോടെ വിജയരാഘവനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാൻ ആലോചന സജീവം

പ്രചരണത്തിനിടയിലും സമയം കണ്ടെത്തി നേരിട്ട് രമ്യ പരാതി നൽകിയതോടെ നടപടി എടുക്കേണ്ടി വരും; പട്ടികജാതി പീഡനം കൂടി ഉൾപ്പെടുത്തിയതിനാൽ പൊലീസിന് സമ്മർദ്ദങ്ങൾക്ക് വഴങ്ങുക അസാധ്യം; ഇടത് ബുദ്ധിജീവികളും തള്ളി പറഞ്ഞിട്ടും പരാമർശം പിൻവലിക്കാൻ മടിച്ച് വിജയരാഘവൻ; സ്ത്രീ വിരുദ്ധരുടേയും ദളിത് വിരുദ്ധരുടേയും ആൾക്കൂട്ടമായി എൽഡിഎഫിനെ ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ച് യുഡിഎഫ്; സമ്മർദ്ദം ശക്തമായതോടെ വിജയരാഘവനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കാൻ ആലോചന സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പാർട്ടിപത്രത്തിലെ 'പപ്പു' പ്രയോഗമുണ്ടാക്കിയ നാണക്കേടിന് ഒപ്പം ഇടതുമുന്നണി കൺവീനറുടെ നാക്കുപിഴവിന്റെ പേരിലും സിപിഎം. പ്രതിരോധത്തിൽ. ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെക്കുറിച്ച് എ. വിജയരാഘവൻ കഴിഞ്ഞദിവസം നടത്തിയ പരാമർശമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. ഇടത് പക്ഷ ബുദ്ധിജീവികൾ പോലും വിജയരാഘവനെ കൈവിട്ടു. അതിനിടെ പരാതിയുമായി രമ്യാ ഹരിദാസ് പൊലീസിന് മുമ്പിലുമെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഡിജിപിക്ക് പരാതി നൽകി. ഇതോടെ വിജയരാഘവൻ തീർത്തും ഒറ്റപ്പെടുകയാണ്. നേതാക്കളെല്ലാം വിജയരാഘവനെ തള്ളിപ്പറയാതെ കരുതലെടുക്കുന്നുണ്ടെങ്കിലും പറഞ്ഞത് കൂടിപോയി എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് തന്നെ ഇടത് കൺവീനർ സ്ഥാനത്ത് നിന്ന് വിജയരാഘവനെ നീക്കാനും ആലോചന സജീവമാണ്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് അതു ചെയ്യുന്നത് പാർട്ടിക്ക് ക്ഷീണമാകും. അതുകൊണ്ട് തന്നെ ചെയ്ത തെറ്റിന് ശിക്ഷയെന്നോളം വിജയരാഘവനെ വോട്ടെടുപ്പ് ശേഷം ചുമതലയിൽ നിന്ന് മാറ്റാനാണ് സാധ്യത.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ 'പപ്പു'വെന്ന് വിളിച്ചത് ജാഗ്രതക്കുറവാണെന്നും വ്യക്തിഹത്യ ലക്ഷ്യമോ രീതിയോ അല്ലെന്നും പാർട്ടി പത്രം വിശദീകരണം നൽകിയതിന് പിന്നാലെയാണ് വിജയരാഘവനും പ്രതിക്കൂട്ടിലായത്. രമ്യാഹരിദാസിനെക്കുറിച്ച് അശ്ലീലാർഥം പ്രകടമാകുന്ന രീതിയിലായിരുന്നു വിജയരാഘവന്റെ പരാമർശം. വാക്കുകളെ തെറ്റായി വ്യാഖാനിച്ചതാണെന്നും സുഹൃത്തും സഹോദരിയുമാണ് രമ്യയെന്നും വിജയരാഘവൻ വിശദീകരിച്ചെങ്കിലും രാഷ്ട്രീയക്കളരിയിൽ അത് ഏശിയിട്ടില്ല. ഇതോടെ സിപിഎമ്മിനെതിരെ നവോത്ഥാനത്തിലെ കളിയാക്കലിന് കോൺഗ്രസിന് കഴിഞ്ഞു. ഇതോടെ രാഷ്ട്രീയമായി വലിയ തിരിച്ചടിയായി ഈ വിഷയം മാറി. കോടിയേരി, എസ്. രാമചന്ദ്രൻപിള്ള, എ.കെ. ബാലൻ തുടങ്ങിയവരെല്ലാം വിജയരാഘവനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇത്തരം പരാമർശങ്ങൾ തിരഞ്ഞെടുപ്പിൽ ബാധിക്കുമെന്നാണ് പിണറായി വിജയന്റെ നിലപാട്. മുന്നണി കൺവീനർ പ്രത്യക്ഷമായിട്ടല്ലെങ്കിലും ഖേദപ്രകടനം നടത്തിയത് ഈ വിയോജിപ്പുകളുടെ കൂടി അടിസ്ഥാനത്തിലാണ്. എന്നാൽ ഇടത് ബുദ്ധജീവികൾ പോലും കടന്നാക്രമിച്ചിട്ടും പരമാർശം പിൻവലിക്കാൻ വിജയരാഘവൻ തയ്യാറിയിട്ടില്ല.

പി. ജയരാജനെതിരെ 'കൊലയാളി' പരാമർശം നടത്തിയ കെ.കെ. രമയ്‌ക്കെതിരേ കേസെടുത്തിരുന്നു. അതിനാൽ, രമ്യയുടെ പരാതിയിൽ വിജയരാഘവനെതിരേയും കേസെടുക്കേണ്ടിവരുമെന്നാണ് യു.ഡി.എഫ്. വിലയിരുത്തൽ. ഇല്ലെങ്കിൽ, പൊലീസിന്റെ ഇരട്ടനിലപാടും യു.ഡി.എഫ്. പ്രചാരണായുധമാക്കും. ഇതിന് വേണ്ടി കൂടിയാണ് രമ്യാ ഹരിദാസ് പരാതി നൽകിയത്. വിജയരാഘവൻ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ രമ്യ ഹരിദാസ് ആലത്തൂർ ഡിവൈഎസ്‌പി ഓഫിസിലെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതി ജില്ലാ പൊലീസ് മേധാവിക്കു കൈമാറും. എ.വിജയരാഘവന്റെ സഭ്യേതര പരാമർശങ്ങൾ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു പരാതിയിൽ ആരോപിക്കുന്നു.രമ്യ ഹരിദാസിനെക്കുറിച്ചു പൊതു വേദിയിൽ മോശം പരാമർശം നടത്തി അപമാനിച്ച എ. വിജയരാഘവനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്കു പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 354 എ (1) (4) അനുസരിച്ചും പട്ടികവിഭാഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമം അനുസരിച്ചും കേസെടുക്കണമെന്നാണ് ആവശ്യം. ഇത് ജാമ്യമില്ലാ കേസുകളാണ്.

പൊന്നാനിയിൽ നടത്തിയ വിവാദപരാമർശത്തിൽ വിശദീകരണവുമായി എ.വിജയരാഘവൻ ഇന്നലെ രംഗത്തെത്തിയെങ്കിലും സഭ്യേതരവാക്കുകൾ പിൻവലിക്കാൻ തയാറായില്ല. എൽഡിഎഫ് കൺവീനറുടെ പരാമർശങ്ങളിൽ കേരളത്തിലെ നേതാക്കൾ പ്രതികരിക്കുമെന്നു പറഞ്ഞു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ഒഴിഞ്ഞുമാറി. യു.ഡി.എഫ്. സ്ഥാനാർത്ഥിനിർണയം പൂർത്തിയാക്കിയ ആദ്യഘട്ടത്തിൽതന്നെ അഞ്ചുമണ്ഡലങ്ങളിൽ കോൺഗ്രസ്-ബിജെപി.സഖ്യമുണ്ടെന്ന ആരോപണവുമായി സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കാനായിരുന്നു ഇത്. ഇത് സംസ്ഥാന രാഷ്ട്രീയത്തിലെ അടിസ്ഥാന ചർച്ചയാക്കി മാറ്റാനും ഇടതുമുന്നണിക്കായി. വയനാട്ടിലെ രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വമാണ് ഇടതുമുന്നണിയുടെ പ്രചാരണ അജൻഡമാറ്റിയത്. കോൺഗ്രസിനെതിരേ പ്രതിരോധം കടുപ്പിച്ചപ്പോൾ വാക്കും നാക്കും പിഴച്ചു. ഇതാണ് രമ്യയ്‌ക്കെതിരായ അധിക്ഷേപമായി മാറിയത്.

ഇടത് ബുദ്ധിജീവികൾ അതിശക്തമായി വിജയരാഘവനെതിരെ രംഗത്തുണ്ട്. ആലത്തൂരെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കു നേരെ നടത്തിയ അധിക്ഷേപമുണ്ടല്ലോ അതിന് ഈ കേരളത്തിലെ ജനങ്ങൾ എന്തായാലും മറുപടി പറഞ്ഞിരിക്കും. ഏപ്രിൽ 23ന് ആ മറുപടിയുടെ ആഘാതം താങ്ങാൻ ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിക്കാവുമോ എന്ന കാര്യം സംശയമാണ്. അതുകൊണ്ടുതന്നെ പാർട്ടിയുടെയും മുന്നണിയുടെയും മുന്നിൽ ഒരു വഴിയേയുള്ളൂ. അത് പുതിയൊരു കൺവീനറെ എത്രയും പെട്ടെന്ന് കണ്ടെത്തുകയെന്നതാണെന്നതാണ് ബുദ്ധിജീവികളുടെ നിലപാട്. സ്ത്രീകളുടെ മെക്കിട്ട് കയറിയ ശേഷം വഷളൻ ചിരിയും ചിരിച്ച് വേദനിപ്പിക്കാനൊന്നും നമ്മളുദ്ദേശിച്ചിട്ടില്ല എന്ന വൃത്തികെട്ട ന്യായീകരണവും പൊക്കിപ്പിടിച്ച് രക്ഷപ്പെട്ടു കളയാമെന്ന് സഖാവ് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതങ്ങ് മനസ്സിലിരുന്നാൽ മതിയെന്ന് പറയാനുള്ള ആർജ്ജവം പാർട്ടി നേതൃത്വം കാണിച്ചേ തീരൂവെന്നും ഇവർ ആവശ്യപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ വിജയരാഘവനിൽ കരുതലോടയുള്ള തീരുമാനം സിപിഎം എടുക്കുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. അതിനിടെ സ്ത്രീ വിരുദ്ധരുടേയും ദളിത് വിരുദ്ധരുടേയും ഉദാഹരണമായി എൽഡിഎഫിനെ ചിത്രീകരിക്കാൻ പരമാവധി ശ്രമിച്ച് യുഡിഎഫും സജീവമായി രംഗത്തുണ്ട്. രമ്യാ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ അയ്യന്തോൾ ചുങ്കത്തെ വീട്ടിലേക്കു മാർച്ച് നടത്തി. പടിഞ്ഞാറേക്കോട്ടയിൽ ആരംഭിച്ച പ്രകടനം വീട് എത്തും മുൻപ് വെസ്റ്റ് പൊലീസ് തടഞ്ഞു.

അതിനിടെ മോശം പരാമർശം നടത്തിയ എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനെ തിരുത്താൻ മുഖ്യമന്ത്രി ഇടപെടണമെന്ന് രമ്യാ ഹരിദാസ് ആവശ്യപ്പെട്ടു. തനിക്കെതിരേ മോശം പരാമർശം നടത്തിയ എ. വിജയരാഘവനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മനപ്പൂർവ്വമാണ് ഈ പരാമർശം നടത്തിയതെന്നാണ് വിശ്വസിക്കുന്നതെന്നും രമ്യാ ഹരിദാസ് പറഞ്ഞു. കഴിഞ്ഞദിവസം പൊന്നാനിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ആലത്തൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിക്കെതിരേ മോശം പരാമർശം നടത്തിയത്. ഇതിനുപിന്നാലെ മാർച്ച് 30-നും അദ്ദേഹം രമ്യക്കെതിരേ നടത്തിയ സമാനപരാമർശത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തനിക്കെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പ്രസ്താവന നാക്കുപിഴയല്ലെന്നും മനഃപൂർവമാണെന്നും രമ്യ ഹരിദാസ് പറയുന്നു. ഒരിടത്തല്ല, മൂന്നിടത്ത് എ വിജയരാഘവൻ ഈ പ്രസ്താവന ആവർത്തിച്ചു. അതു കൊണ്ട് തന്നെ നൽകിയ പൊലീസ് പരാതിയിൽ ഉറച്ചു നിൽക്കുമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കിയിട്ടുണ്ട്.

''എൽഡിഎഫിന്റെ കൺവീനർ എനിക്കെതിരെ പോരാടേണ്ടത് ആശയപരമായിട്ടാണ്. പ്രത്യേകിച്ച് നവോത്ഥാനത്തിനും വനിതാമതിലിനും വേണ്ടി സംസാരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയിൽ. എന്റെ പ്രായത്തിലുള്ള ഒരു മകളുണ്ടെങ്കിൽ വിജയരാഘവൻ ഇങ്ങനെ സംസാരിക്കുമോ?'', രമ്യ ഹരിദാസ് ചോദിക്കുന്നു. ''സ്ത്രീയെന്ന നിലയിൽത്തന്നെയാണ് താൻ അപമാനിതയായതെന്ന് രമ്യ പറയുന്നു. 'ആലത്തൂരിലെ ആ പെൺകുട്ടിയില്ലേ' എന്ന ചോദ്യത്തിൽത്തന്നെ മോശം അർത്ഥമുണ്ട്. അതിൽ നീതി കിട്ടണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. വ്യക്തിപരമായ പരാമർശങ്ങൾ നടത്തേണ്ടതില്ല. അത് ശരിയല്ലെന്ന് പോസ്റ്ററൊട്ടിക്കുന്ന, ഇരുപത്തിനാല് മണിക്കൂറും പണിയെടുക്കുന്ന ആലത്തൂരിലെ സഖാക്കൾക്കറിയാം. അത് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതുമാണ്'', രമ്യ പറയുന്നു.

ആ കുട്ടി വേദനിച്ചെങ്കിൽ ഞാനും വേദനിക്കുന്നുവെന്നാണ് വിജയരാഘവന്റെ പുതിയ വിശദീകരണം. രമ്യയ്‌ക്കെതിരായ പരാമർശം മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ്. ആ കുട്ടി വേദനിച്ചെങ്കിൽ ഞാനും വേദനിക്കുന്നു. സ്ത്രീകൾ പൊതുരംഗത്ത് കൂടുതലായി വരണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഭാര്യയും പൊതുപ്രവർത്തകയാണ്. ഏതെങ്കിലും വനിതകളെ വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. രമ്യയെ സഹോദരിയായാണ് കാണുന്നത്. പ്രസംഗം അർധോക്തിയിൽ നിർത്തിയതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണുണ്ടായത്. രാഷ്ട്രീയമായ എതിർപ്പുണ്ടെങ്കിലും അതുവ്യക്തിപരമല്ല. കുഞ്ഞാലിക്കുട്ടി അടുത്ത സുഹൃത്താണെന്നും വിജയരാഘവൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP