Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

ഒരു ദശകക്കാലത്തോളം നീണ്ടുനിന്ന നിധിവേട്ടക്ക് അവസാനമാകുന്നു; അരവട്ടനായ പുരാവസ്തു വ്യാപാരി ഫോറസ്റ്റ് ഫെൻ അജ്ഞാത സ്ഥലത്ത് നിധി ഒളിപ്പിച്ചു വച്ചത് 2010-ൽ; ആത്മകഥയിലൂടെ ആ സ്ഥലത്തേ കുറിച്ചുള്ള സൂചനകൾ നൽകിയത് കവിതാരൂപത്തിൽ; തുടർന്ന് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത നിധിവേട്ടയിൽ മരണമടഞ്ഞത് അഞ്ച് പേർ; ഒരു ദശലക്ഷം ഡോളർ വിലമതിക്കുന്ന നിധി ഒരാൾ കണ്ടെത്തിയതായി ഫെൻ സമ്മതിച്ചു; സമീപകാല ലോകത്തെ ഏറ്റവും വലിയ നിധിവേട്ടയുടെ കഥ

ഒരു ദശകക്കാലത്തോളം നീണ്ടുനിന്ന നിധിവേട്ടക്ക് അവസാനമാകുന്നു; അരവട്ടനായ പുരാവസ്തു വ്യാപാരി ഫോറസ്റ്റ് ഫെൻ അജ്ഞാത സ്ഥലത്ത് നിധി ഒളിപ്പിച്ചു വച്ചത് 2010-ൽ; ആത്മകഥയിലൂടെ ആ സ്ഥലത്തേ കുറിച്ചുള്ള സൂചനകൾ നൽകിയത് കവിതാരൂപത്തിൽ; തുടർന്ന് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത നിധിവേട്ടയിൽ മരണമടഞ്ഞത് അഞ്ച് പേർ; ഒരു ദശലക്ഷം ഡോളർ വിലമതിക്കുന്ന നിധി ഒരാൾ കണ്ടെത്തിയതായി ഫെൻ സമ്മതിച്ചു; സമീപകാല ലോകത്തെ ഏറ്റവും വലിയ നിധിവേട്ടയുടെ കഥ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കേരളത്തിലെ ക്ഷേത്രങ്ങളിലെ വിളക്കുകളും കിണ്ടികളും വില്പനക്ക് വയ്ക്കുന്നതിന്റെ പശ്ചാത്തലത്തിൽ, പുരാവസ്തുക്കളുടെ പരിധിയില്ലാത്ത മൂല്യത്തെ സൂചിപ്പിക്കുന്ന ഒരു നിധിവേട്ടയുടെ കഥയാണിത്. സ്വർണം, ആഭരണങ്ങൾ, മറ്റ് പുരാവസ്തുക്കൾ എന്നിവയടങ്ങിയ, ഏകദേശം 1 മില്ല്യൺ ഡോളർ വിലമതിക്കുന്ന നിധിശേഖരം പ്രശസ്ത പുരാവസ്തു വ്യാപാരിയായ ഫോറസ്റ്റ് ഫെൻ ഒരിടത്ത് ഒളിപ്പിച്ചു വച്ചത് 2010-ൽ ആയിരുന്നു. വനാന്തരത്തിൽ പാറക്കെട്ടുകൾക്കിടയിൽ എവിടെയോ ഒളിപ്പിച്ചുവച്ച നിധി കിഴക്കൻ ദേശങ്ങളിൽ നിന്നെത്തിയ ഒരാൾ കണ്ടുപിടിച്ചതായി 89 കാരനായ ഫെൻ സ്ഥിരീകരിച്ചു. പ്രസ്തുത നിധിയുടെ ഫോട്ടോഗ്രാഫുകൾ കണ്ടാണ് താൻ ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നക്ഷത്രങ്ങൾ വിടർത്തിയ കുടയ്ക്ക് കീഴെ, വനാന്തരങ്ങളിൽ, പാറക്കെട്ടുകൾ നിറഞ്ഞ പർവ്വതത്തിലായിരുന്നു ആ നിധി ഒളിപ്പിച്ചത് എന്നുമാത്രം പറഞ്ഞ അദ്ദേഹം ഇപ്പോഴും യഥാർത്ഥ സ്ഥലം വ്യക്തമാക്കിയില്ല. അത് കണ്ടെടുത്ത ആൾ പേര് വെളിപ്പെടുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2010-ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിലെ, നിധി ഇരിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള സൂചനകൾ അടങ്ങിയ കവിത ഫെൻ ഓൺലൈനിലും പ്രസിദ്ധീകരിച്ചിരുന്നു. എന്നിട്ടാണ് ആ നിധി കണ്ടെത്താൻ വെല്ലുവിളിച്ചത്. പിച്ചളയുടെ വലിയൊരു പെട്ടിക്കകത്താണ് നിധി സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആയിരങ്ങളാണ് അമേരിക്കയുടെ ഉൾപ്രദേശങ്ങളിൽ പോലും ഈ നിധിക്കായി വേട്ട ആരംഭിച്ചത്. പലരും അവരുടെ ജോലി ഉപേക്ഷിച്ചിട്ടാണ് ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. ചിലർ അവരുടെ ജീവിതകാല സമ്പാദ്യം മുഴുവൻ ഇതിനായി ചലവാക്കുകയും ചെയ്തു. കുറഞ്ഞത് അഞ്ചു പേരെങ്കിലും ഈ ഉദ്യമത്തിനിടയിൽ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഏറ്റവും ഒടുവിൽ മരണമടഞ്ഞത് ഡീർ പാർക്കിൽ നിന്നുള്ള മൈക്കൽ സെക്സൺ എന്ന 53 കാരനായിരുന്നു.

കൊളംബിയൻ കാലഘട്ടത്തിനു മുൻപുള്ള മൃഗങ്ങളുടെ ചിത്രങ്ങൾ, ചരിത്രാതീതകാലത്തെ ചില്ലുകൾ പതിപ്പിച്ച സ്വർണ്ണാഭരണങ്ങൾ, പുരാതന ചൈനീസ് ആഭരണങ്ങൾ, വിവിധ തരം രത്നങ്ങൾ എന്നിവ അടങ്ങിയതാണ് ഈ നിധിശേഖരം. പുരാതനകാലങ്ങളിൽ നടത്തിയതുപോലുള്ള നിധിവേട്ട ഇപ്പോഴത്തെ തലമുറക്ക് ആസ്വദിക്കുവാനും അവരെ വനാന്തരങ്ങളിലേക്ക് നയിക്കാനുമാണ് താൻ ശ്രമിക്കുന്നതെന്ന് ഫെൻ വെളിപ്പെടുത്തിയിരുന്നു. നിധി അടങ്ങിയ പെട്ടിക്ക് 9 കിലോ തൂക്കമുണ്ടെന്നും അതിലെ വസ്തുക്കൾക്ക് എല്ലാം കൂടി 10 കിലോ തൂക്കം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് തവണയായാണ് താൻ ആ നിധി ശേഖരം അവിടെ ഒളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒരാൾ അത് കണ്ടുപിടിച്ചു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെങ്കിൽ നിധി വേട്ട അവസാനിച്ചതിൽ ദുഃഖവുമുണ്ടെന്നായിരുന്നു ഫെന്നിന്റെ ഇതിനെ കുറിച്ചുള്ള പ്രതികരണം. ഈ നിധിവേട്ടയിൽ പങ്കെടുത്ത ആയിരങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ''ഇളം ചൂടുള്ള വെള്ളമുള്ള നീർത്തടം'', ''പ്രകാശ ജ്വാല'', ''താഴേക്ക് പോകുന്ന മലയിടുക്ക്'', ''തവിട്ട് നിറത്തിന്റെ ഗൃഹം'' തുടങ്ങിയ വാക്കുകളാണ് നിധി ഇരിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള സൂചനകൾ നൽകാൻ അദ്ദേഹം കവിതയിൽ ഉപയോഗിച്ചത്. ഇത് വ്യത്യസ്ത തരത്തിൽ വ്യാഖ്യാനിച്ച നിധി അന്വേഷകർ കൊളറാഡോ, ന്യു മെക്സിക്കോ, മൊണ്ടാന, വ്യോമിങ് എന്നിവിടങ്ങളിലെല്ലാം നിധിക്കായി തിരഞ്ഞുനടന്നു.

ഈ സ്ഥലത്തെ കുറിച്ചുള്ള മറ്റൊരു സൂചന 79 വയസ്സുള്ള ഒരു വ്യക്തിക്ക് എത്തിച്ചേരാവുന്ന ഇടമാണെന്നായിരുന്നു. നിധി ഒളിപ്പിക്കുമ്പോൾ ഫെന്നിന്റെ പ്രായം 79 വയസ്സായിരുന്നു. മാത്രമല്ല, താൻ നിധി പേടകം കുഴിച്ചിട്ടിട്ടില്ലെന്നും ഒളിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 2018-ൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഈ പ്രവർത്തിക്ക് പിന്നിലുള്ള ഉദ്ദേശങ്ങൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു. സാമ്പത്തിക മാന്ദ്യം മൂലം ധാരാളം പേർക്ക് തൊഴിൽ നഷ്ടമാകുന്നു എന്നും അതിൽ ചിലരെയെങ്കിലും സഹായിക്കുവാനും പ്രത്യാശ നൽകുവാനും ആണ് ഇത് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാമതായി, ലോകം മുഴുവൻ അമിതവണ്ണമുള്ള വ്യക്തികളുടെ എണ്ണം വർദ്ധിക്കുകയാണെന്നും അതിനാൽ പരമാവധി ആളുകളെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളിൽ നിന്നും അകത്തി കഠിനാദ്ധ്വാനത്തിന് പ്രേരിപ്പിക്കുവാൻ താൻ തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു. സാന്റാ ഫെ ആർട്ട് ഗാലറി എന്ന സ്ഥാപനം നടത്തുകയാണ് 89 കാരനായ ഫെൻ.

തന്റെ കവിതയ്ക്കുമപ്പുറത്തുള്ള ചില സൂചനകൾ ഇടക്കിടെ അദ്ദേഹത്തിന്റെ നാവിൽ നിന്നും വീണിരുന്നു സാന്റാ ഫെയിൽ നിന്നും 8.25 മൈൽ ദൂരെയാണ് സ്ഥലമെന്നും സമുദ്രനിരപ്പിന് 5000 അടി ഉയരെയാണെന്നും ഇടക്ക് അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ മരണമടഞ്ഞ സെക്സണെ കൂടാതെ റാൻഡി ബില്യു (2016 ജനുവരി), ജെഫ് മർഫി (2017 ജൂൺ), പാസ്റ്റർ പാരീസ് വാലസ് (2017 ജൂൺ), എറിക് ആഷ്ബി (2017 ജൂൺ) എന്നിവരാണ് നിധിവേട്ടക്കിടെ മരിച്ച മറ്റ് നാലുപേർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP