Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാത്രി 12 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് എത്തുന്നവർ വീണ്ടും രാവിലെ ആറിന് ഹാജരാകണം; ദിവസം ഫുൾ ഡ്യൂട്ടി എടുത്താലും വിശ്രമമമില്ല; ഉത്സവവും നിയമസഭയും പാർട്ടിപരിപാടിയുമായി വിശ്രമമില്ലാത്ത ഡ്യൂട്ടി ഷെഡ്യൂൾ; ഭരണസ്വാധീനമുള്ള അസോസിയേഷൻ നേതാക്കൾ പണിയെടുക്കാതെ ചുറ്റുമ്പോൾ പണിയെടുത്ത് നടുവൊടിഞ്ഞ് മറുകൂട്ടർ; ഷിഫ്റ്റിലെ വിവേചനം കാരണം കടുത്ത ഡ്യൂട്ടി പീഡനമെന്ന് തലസ്ഥാനത്തെ പൊലീസുകാർ; പരാതിക്കാർ ആദ്യം തന്നെ വന്നു കാണട്ടെ എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ

രാത്രി 12 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് എത്തുന്നവർ വീണ്ടും രാവിലെ ആറിന് ഹാജരാകണം; ദിവസം ഫുൾ ഡ്യൂട്ടി എടുത്താലും വിശ്രമമമില്ല; ഉത്സവവും നിയമസഭയും പാർട്ടിപരിപാടിയുമായി വിശ്രമമില്ലാത്ത ഡ്യൂട്ടി ഷെഡ്യൂൾ; ഭരണസ്വാധീനമുള്ള അസോസിയേഷൻ നേതാക്കൾ പണിയെടുക്കാതെ ചുറ്റുമ്പോൾ പണിയെടുത്ത് നടുവൊടിഞ്ഞ് മറുകൂട്ടർ; ഷിഫ്റ്റിലെ വിവേചനം കാരണം കടുത്ത ഡ്യൂട്ടി പീഡനമെന്ന് തലസ്ഥാനത്തെ പൊലീസുകാർ; പരാതിക്കാർ ആദ്യം തന്നെ വന്നു കാണട്ടെ എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ

എം മനോജ് കുമാർ

തിരുവനന്തപുരം: വിശ്രമമില്ലാത്ത ഡ്യൂട്ടിയുടെ പേരിൽ പൊലീസുകാർ പീഡിപ്പിക്കപ്പെടുന്നതായി പരാതി. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും രാഷ്ട്രീയ പാർട്ടി പരിപാടികളും, നിയമസഭയുമൊക്കെയായി കടുത്ത ഭാരമാണ് പൊലീസുകാർക്ക് വഹിക്കേണ്ടി വരുന്നത് എന്നാണ് ആക്ഷേപം. ക്യാമ്പുകളിൽ പൊലീസുകാർ ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും ഷിഫ്റ്റിൽ അതിനനുസരിച്ചുള്ള പരിഷ്‌ക്കരണം വരാത്തതിനാൽ ഒരേ ആൾക്കാർക്ക് തന്നെയാണ് വീണ്ടും ഡ്യൂട്ടി കിട്ടുന്നത്. ഇതാണ് പൊലീസുകാർക്കിടയിൽ മുറുമുറുപ്പായി രൂപപ്പെടുന്നത്.

പൊലീസ് യൂണിയനുകളുമായി ബന്ധപ്പെട്ടവർ കടുത്ത ഡ്യൂട്ടിയില്ലാതെ രക്ഷപ്പെട്ടുനിൽക്കുമ്പോൾ എതിർപക്ഷത്ത് നിൽക്കുന്നവർക്ക് പകപോക്കൽ ഡ്യൂട്ടിയും നൽകുന്നു എന്നും ആക്ഷേപമുണ്ട്. രാത്രി പന്ത്രണ്ടു മണിക്ക് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തുന്നവർക്ക് വീണ്ടും രാവിലെ ആറിന് ഡ്യൂട്ടി പോയിന്റിൽ എത്തേണ്ട അവസ്ഥയുണ്ട്. മതിയായ വിശ്രമം ലഭിക്കാത്ത വിധത്തിലാണ് പലർക്കും നിലവിൽ ഡ്യൂട്ടി ലഭിക്കുന്നത്. ഒരു ദിവസം ഫുൾ ഡ്യൂട്ടി എടുത്താൽ അടുത്ത ദിവസം പൊലീസുകാർക്ക് വിശ്രമം ലഭിക്കും. പക്ഷെ ഇപ്പോൾ അത് ലഭിക്കുന്നില്ല. ഒരു ഡ്യൂട്ടി കഴിയുമ്പോൾ തന്നെ അടുത്ത ഡ്യൂട്ടി തീരുമാനിക്കപ്പെടുകയാണ്. ഇതിനെ കുറിച്ച് ക്യാമ്പിൽ അന്വേഷിച്ചാൽ ഡിസിപിയുടെ ഓർഡർ ആണ് എന്നാണ് പറയുന്നത്. ഇത് ഡ്യൂട്ടിയല്ല ഡ്യൂട്ടിയുടെ പേരിലുള്ള പീഡനം എന്ന രീതിയിലാണ് പൊലീസുകാർ കാണുന്നത്.

അടുത്ത സ്ഥലത്ത് അല്ല ഡ്യൂട്ടി എന്നതിനാൽ പലർക്കും രാത്രി വീടുകളിൽ എത്താൻ കഴിയാത്ത അവസ്ഥയും നേരിടുന്നുണ്ട്. ബൂട്ട്, യൂണിഫോം എന്നിവ വീട്ടിലായതിനാൽ തൊട്ടടുത്ത് വരുന്ന അപ്രതീക്ഷിത ഡ്യൂട്ടിയിൽ പല പൊലീസുകാരും വലയുന്ന അവസ്ഥയുമുണ്ട്. ഡ്യൂട്ടിക്ക് ആവശ്യത്തിനു പൊലീസുകാർ ക്യാമ്പിലും പരിസരത്തും ഉണ്ടായിരിക്കെ തന്നെയാണ് ഡ്യൂട്ടി എടുക്കുന്നവർക്ക് തന്നെ അധിക ഡ്യൂട്ടി വരുന്നത്. ഷിഫ്റ്റ് ഒന്ന് പരിഷ്‌ക്കരിച്ചാൽ നിലവിലെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ എന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്. പക്ഷെ കടുത്ത ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർ രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഇടത് ഭരണമായതിനാൽ ഇവരെ തൊടാൻ മേലധികാരികൾക്കും മടിയുണ്ട്. പത്തമ്പതോളം പേര് നന്ദാവനം ക്യാമ്പിൽ വലിയ ജോലിയില്ലാതെ നിൽക്കുന്നു എന്നാണ് മറുനാടന് അറിയാൻ കഴിഞ്ഞത്.

നന്ദാവനം ക്യാമ്പിലെ പൊലീസ് ലൈബ്രറിയിൽ എസ്‌ഐ ഉൾപ്പെടെ നാലുപേരാണ് ഡ്യൂട്ടിയിൽ ഉള്ളത്. അതിനുമാത്രം ജോലിയില്ലാത്ത ഇടമാണ് ലൈബ്രറി എന്നാണ് ലഭിക്കുന്ന വിവരം. റെക്കോഡ് റൂമിൽ ഒരു ഗ്രെഡ് എസ്‌ഐയുണ്ട്. ഇദ്ദേഹം യൂണിഫോം ഇട്ടിട്ടു തന്നെ കാലം കുറെയായി എന്നാണ് സൂചന. ഇതൊക്കെ കൊണ്ട് തന്നെയാണ് സ്ഥിരം ചെയ്യുന്നവർക്ക് തന്നെ വീണ്ടും ഡ്യൂട്ടി ലഭിക്കുന്നത്. പൊലീസ് അസോസിയേഷനുമായി ബന്ധപ്പെട്ടവർ ഡ്യൂട്ടി ചെയ്യണം എന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. പക്ഷെ അതൊന്നും നടപ്പിൽ വരുന്നില്ല. കമാൻഡന്റ്മാർക്കോ അസിസ്റ്റന്റ് കമാൻഡന്റ്മാർക്കോ പലരെയും തൊടാൻ മടിയുണ്ട്. ട്രാൻസ്ഫർ ഭീഷണിയാണ് നേരിടേണ്ടി വരുക എന്നതാണ് ഇതിന്റെ പരിണതഫലം. അവശേഷിക്കുന്നവർക്ക് ഡ്യൂട്ടി വീതിച്ചുനൽകലാണ്. അതാണ് ഇപ്പോൾ മുറപോലെ നടക്കുന്നത്.

ചില സ്ഥലങ്ങളിൽ പത്ത് പേർ മതിയെങ്കിൽ അവിടെ അമ്പത് പേർക്ക് ഡ്യൂട്ടി നൽകും. അമ്പത് പേർ വേണ്ടി വരുന്ന സ്ഥലത്ത് പത്തുപേർക്കും. ഈ ഡ്യൂട്ടിയിൽ എത്തുന്നവർ അപ്പോഴും വലയും. ഡ്യൂട്ടി പരിഷ്‌ക്കരണം പരാതികൾക്ക് ഇടയാക്കാതെ നടപ്പിലാക്കണം എന്നാണ് ഇപ്പോൾ പൊലീസിൽ നിന്നും ആവശ്യം ഉയരുന്നത്. ഡ്യൂട്ടിയുടെ പേരിലുള്ള പ്രശ്‌നമായതിനാൽ പരാതിയുമായി മുന്നോട്ടു നീങ്ങാൻ പൊലീസുകാർക്കും തടസ്സങ്ങളുമുണ്ട്. പൊലീസിൽ നിന്നും ഉയരുന്ന ഡ്യൂട്ടി റൊട്ടേഷൻ ആവശ്യത്തിന് നേരെ പൊലീസ് അധികാരികൾ മുഖം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്. ഈ ആരോപണങ്ങൾ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തള്ളി. പൊലീസുകാർക്ക് ഡ്യൂട്ടി റൊട്ടേഷന്റെ പേരിൽ പരാതിയുണ്ടെങ്കിൽ അവർ ആദ്യം എന്നെ വന്നു കാണട്ടെ എന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP