Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോഴിക്കോട് കെ എസ് ആർ ടി സി സമുച്ചയത്തിന്റെ ബലക്ഷയം: സി പി എമ്മിന് തിരിച്ചടിയായി എ പ്രദീപ് കുമാറിന്റെ വീഡിയോ; മുൻ എംഎൽഎ മുൻ വി എസ് സർക്കാരിന്റെ മുഖ്യഭരണനേട്ടമായി എണ്ണി പറയുന്നത് മോഡേൺ ബസ് ടെർമിനൽ; അഴിമതി ആരോപണം പാർട്ടിയുടെ ഉറക്കം കെടുത്തുന്നു

കോഴിക്കോട് കെ എസ് ആർ ടി സി സമുച്ചയത്തിന്റെ ബലക്ഷയം: സി പി എമ്മിന് തിരിച്ചടിയായി എ പ്രദീപ് കുമാറിന്റെ വീഡിയോ; മുൻ എംഎൽഎ മുൻ വി എസ് സർക്കാരിന്റെ മുഖ്യഭരണനേട്ടമായി എണ്ണി പറയുന്നത് മോഡേൺ ബസ് ടെർമിനൽ;  അഴിമതി ആരോപണം പാർട്ടിയുടെ ഉറക്കം കെടുത്തുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: കെ എസ് ആർ ടി സി ബസ് ടെർമിനലിന്റെ ബലക്ഷയവും നിർമ്മാണത്തിലെ അപാകതകളും വലിയ ചർച്ചയായിരിക്കെ സി പി എമ്മിന് തിരിച്ചടിയായി മുൻ എം എൽ എയുടെ പഴയ വീഡിയോ പ്രചരിക്കുന്നു. കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തുകൊണ്ടുള്ള മുൻ എം എൽഎ എ പ്രദീപ് കുമാറിന്റെ പഴയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് നിർമ്മിച്ച വീഡിയോ സി പി എമ്മിന് തിരിച്ചടിയാവുകയാണ്. തന്റെ പ്രവർത്തന ഫലമായാണ് ആധുനിക രീതിയിലുള്ള ബസ് ടെർമിനൽ നിർമ്മിച്ചതെന്നും വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ പ്രധാനപ്പെട്ട ഭരണനേട്ടമാണ് ഇതെന്നും പ്രദീപ് കുമാർ വീഡിയോയിൽ അവകാശപ്പെടുന്നു.

കെ എസ് ആർ ടി സി സമുച്ചയത്തിന് ബലക്ഷയമെന്നും നിർമ്മാണത്തിൽ അപാകതയുണ്ടെന്നുമുള്ള ചെന്നൈ ഐ ഐ ടി നടത്തിയ പഠന റിപ്പോർട്ട് പുറത്തുവന്നതോടെ ഇടതു സർക്കാറും സി പി എമ്മും പ്രതിരോധത്തിലാണ്. ഇതിന് പിന്നാലെയാണ് എല്ലാറ്റിന്റെയും ക്രെഡിറ്റ് ഏറ്റെടുത്തുകൊണ്ടുള്ള പ്രദീപ് കുമാറിന്റെ വീഡിയോ പലരും പ്രചരിപ്പിക്കുന്നത്.

ബസ് ടെർമിനലെന്ന ആശയം മുന്നോട്ടുവെച്ചതും അതി വേഗത്തിൽ നിർമ്മാണം പൂർത്തീകരിച്ചതുമെല്ലാം തന്റെ നേട്ടമായി പ്രദീപ് കുമാർ വ്യക്തമാക്കുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിപ്പോഴാണ് പ്രദീപ്കുമാർ ഈ വിഡിയോ ഇറക്കിയത്.

കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ പഴകി ദ്രവിച്ച് പൊളിഞ്ഞു വീഴാറായ അവസ്ഥയിലായിരുന്നു. ഇത് പുനർ നിർമ്മിക്കാനുള്ള ആവശ്യം മുൻ എൽ ഡി എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ ഗതാഗത വകുപ്പുമന്ത്രി മാത്യു ടി തോമസിനു മുൻപാകെ ആദ്യമായി സമർപ്പിച്ചത് താനാണ്. വളരെ വേഗം തന്നെ സർക്കാർ അതിന് അനുമതി നൽകി. 65 കോടി രൂപ ചെലവിൽ ഇന്നു കാണുന്ന രീതിയിലുള്ള മനോഹരമായ സമുച്ചയും പണി തീർത്തെന്നും പ്രദീപ് കുമാർ വീഡിയോയിൽ പറയുന്നു.

ബസ് ടെർമിനലിന്റെ സൗകര്യങ്ങളും പ്രത്യേകതകളുമെല്ലാം വളരെ വിശദമായി വീഡിയോയിൽ വിവരിക്കുന്നുണ്ട്. അണ്ടർ ഗ്രൗണ്ടിൽ 400ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള അതിവിശാലമായ സൗകര്യം, തൊട്ടുമുകളിൽ വിശാലമായ ഷോപ്പിങ് മാളുകൾക്കു വേണ്ടിയുള്ള സൗകര്യം, അടുത്ത നിലയിൽ ബസ് സ്റ്റേഷനും എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

തൊട്ടടുത്ത കെട്ടിടത്തിൽ ജില്ലാ ബസ് സ്റ്റേഷൻ ഓഫീസും വർക്ക്‌ഷോപ്പും മറ്റ് സൗകര്യങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. 40 ബസുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാം. ഫുഡ് കോർട്ടും പത്തുനില വീതമുള്ള ട്വിൻ ടവറുമുണ്ട്. ഇവിടെ മൾട്ടി പ്ലക്‌സിനും ഹോട്ടലുകളോ വാണിജ്യ സ്ഥാപനങ്ങളോ നടത്താനുമുള്ള സൗകര്യങ്ങളുണ്ടെന്നും കേരളത്തിലെ തന്നെ ഏറ്റവും വലിയ കെ എസ്ആർ ടി സി ബസ് സ്റ്റേഷനായി കോഴിക്കോട്ടെ ടെർമിനൽ മാറിയിരിക്കുകയാണെന്നും വിഡിയോയിൽ അദ്ദേഹം അവകാശപ്പെടുന്നു.

ബസ് ടെർമിനൽ നിർമ്മാണത്തിലെ അപാകതകൾ ഓരോന്നായി പുറത്തുവരികയും അഴിമതിയിൽ സമഗ്ര അന്വേഷണം നടത്താൻ സർക്കാർ നിർബന്ധിതമാകുകയും ചെയ്ത സാഹചര്യത്തിൽ പഴയ വിഡിയോ പ്രചരിക്കുന്നത് സി പി എമ്മിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

2015ലാണ് കോഴിക്കോട് കെ എസ് ആർടി സി സമുച്ചയം നിർമ്മിച്ചത്. ബി ഒ ടി അടിസ്ഥാനത്തിൽ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവിൽ സമുച്ചയം പണിതത്. ബൃഹത്തായ കെട്ടിടത്തിൽ പല മുറികളും വാടകയ്ക്ക് കൊടുക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ സമുച്ചയം പൂർത്തിയായതിനു പിന്നാലെ നിർമ്മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നു വന്നത്.

തുടർന്ന് ചെന്നൈ ഐ ഐ ടി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാൻ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. കെട്ടിടത്തിന് വലിയ രീതിയിലുള്ള ബലക്ഷയമുണ്ടെന്നും വേണ്ടത്ര നിർമ്മാണ സാമഗ്രികൾ ചേർക്കാതെയാണ് സമുച്ചയം പണിഞ്ഞിരിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, കെ.എസ്.ആർ.ടി.സി സമുച്ചയ നിർമ്മാണത്തിൽ പാളിച്ചകളുണ്ടെന്ന ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതികരണവുമായി കെട്ടിടം രൂപകൽപ്പന ചെയ്ത ആർകിടെക്ട് ആർ.കെ. രമേശ് രംഗത്തെത്തി.

കെ.എസ്.ആർ.ടി.സി സമുച്ചയത്തിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്നാണ് രമേശിന്റെ വാദം.ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് പുറത്തുവരട്ടേയെന്നും റിപ്പോർട്ട് പുറത്തുവന്നാൽ ആർക്ക് വേണ്ടിയാണ് അത് ഉണ്ടാക്കിയതെന്ന് മനസ്സിലാകുമെന്നും രമേശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP