Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനൂപ് കുരുവിള ജോൺ എൻഐഎയിൽ നിന്നും തിരിച്ചെത്തിയപ്പോൾ പോയത് പൊലീസ് അക്കാദമിയിലേക്ക്; ഡിഐജി ആയപ്പോൾ കൊടുത്തത് തീവ്രവാദ വിരുദ്ധ സേന; സത്യസന്ധനായ ശങ്കർ റെഡ്ഡിയുടെ സീറ്റ് റോഡ് സുരക്ഷാ കമ്മിഷണറുടേത്; സന്തോഷിനെ കോഴിക്കോട് നിന്ന് തന്നെ നാടുകടത്തി; സോജനും നേരിട്ടത് ഒതുക്കൽ; രക്ഷപ്പെട്ടത് ഷൗക്കത്തലി മാത്രം; ടിപി കേസിന് തുമ്പുണ്ടാക്കി പുലിവാല് പിടിച്ചവരുടെ കഥ

അനൂപ് കുരുവിള ജോൺ എൻഐഎയിൽ നിന്നും തിരിച്ചെത്തിയപ്പോൾ പോയത് പൊലീസ് അക്കാദമിയിലേക്ക്; ഡിഐജി ആയപ്പോൾ കൊടുത്തത് തീവ്രവാദ വിരുദ്ധ സേന; സത്യസന്ധനായ ശങ്കർ റെഡ്ഡിയുടെ സീറ്റ് റോഡ് സുരക്ഷാ കമ്മിഷണറുടേത്; സന്തോഷിനെ കോഴിക്കോട് നിന്ന് തന്നെ നാടുകടത്തി; സോജനും നേരിട്ടത് ഒതുക്കൽ; രക്ഷപ്പെട്ടത് ഷൗക്കത്തലി മാത്രം; ടിപി കേസിന് തുമ്പുണ്ടാക്കി പുലിവാല് പിടിച്ചവരുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എന്താണ് പിന്നിട് സംഭവിച്ചത്? സ്വർണ്ണ കടത്ത് കേസിൽ അന്വേഷണത്തിന് നേതൃത്വം നൽകിയതുകൊടി സുനിയെ പൊക്കിയ കെപി ഷൗക്കത്തലിയാണ്. ഷൗക്കത്തലി എൻ ഐ എയിൽ തുടരുന്നതു കൊണ്ടാണ് അദ്ദേഹത്തിന് നിർണ്ണായക ചുതമലകൾ കിട്ടുന്നത്. ടിപി കേസ് അന്വേഷിച്ച ബാക്കി പൊലീസ് ഉദ്യോഗസ്ഥരെല്ലാം അപ്രധാന കസേരകളിലാണ് ഇപ്പോൾ. സംസ്ഥാന പൊലീസിൽ ജോലി ചെയ്യാൻ താൽപ്പര്യമില്ലാത്തതു കൊണ്ടാണ് ഷൗക്കത്തലിക്ക് എൻ ഐ എയിൽ തുടരേണ്ടി രുന്നത്.

ടിപി കേസ് അന്വേഷിച്ച 4 ഡിവൈഎസ്‌പിമാരും ഇടത് സർക്കാർ എത്തിയതോടെ ക്രമസമാധാന ചുമതലകളിൽ നിന്ന് പുറത്തായി. ടിപി കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ അനൂപ് കുരുവിള ജോൺ കുറ്റപത്രം തയാറാക്കിയതിനു പിന്നാലെ എൻഐഎയിലേക്കു പോയി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും പൊലീസ് അക്കാദമയിലേക്ക് അയച്ചു. ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും ക്രമസമാധാന വിഭാഗത്തിൽ പരിഗണിക്കാതെ തീവ്രവാദ വിരുദ്ധ സേനയിലാണു നിയമിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച അന്വേഷകരിൽ ഒരാളാണ് അനൂപ് കുരുവിള ജോൺ.

ഡിവൈഎസ്‌പിയായിരിക്കെ ടിപി കേസ് അന്വേഷിച്ച കെ.വി. സന്തോഷ് ഈ സർക്കാർ അധികാരത്തിലെത്തിയതോടെ കോഴിക്കോട്ടു നിന്നു തിരുവനന്തപുരത്ത് എത്തി. അപ്രധാന തസ്തികയായ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് കമൻഡാന്റായി. പിന്നീടു ക്രൈംബ്രാഞ്ചിലേക്കു മാറ്റി. എസ്‌പി ജോസി ചെറിയാനെ ഏതാനും സുപ്രധാന കേസുകൾ ഏൽപ്പിച്ചെങ്കിലും നാടായ കോഴിക്കോട്ട് അടുപ്പിച്ചില്ല. എസ്‌പി എം.ജെ. സോജനെയും ക്രമസമാധാന വിഭാഗത്തിലേക്ക് അടുപ്പിച്ചില്ല. അങ്ങനെ ടിപി കേസിൽ അന്വേഷണത്തിന് എത്തിയവരെല്ലാം ഇപ്പോൾ പലവഴിക്കാണ്.

ടിപി വധത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചു പ്രാഥമിക അന്വേഷണം നടത്തിയ ഡിജിപി എൻ.ശങ്കർ റെഡ്ഡിയെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലും പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനിലുമായി 4 വർഷം ഒതുക്കി. ഒരു മാസം മുൻപു സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ നിയമിച്ചതു റോഡ് സുരക്ഷാ കമ്മിഷണറായി. അങ്ങനെ ഡിജിപി റാങ്കിലുള്ള ശങ്കർ റെഡ്ഡിയുടെ കഷ്ടകാലം തുടരുന്നു. കേരളാ പൊലീസിലെ സത്യസന്ധനായ ഉദ്യോഗസ്ഥരിൽ ഒരാളാണ് ശങ്കർ റെഡ്ഡി. ഇങ്ങനെ ടിപി കേസിലെ അന്വേഷകർ ഒതുക്കപ്പെടുമ്പോഴാണ് സ്വർണ്ണ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് ഷൗക്കത്തലി എത്തുന്നത്.

ടിപി കേസ് പോലെ കള്ളക്കടത്തു കേസും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഏറെ നിർണ്ണായകമാണ്. ഇതിലേക്കാണ് ടിപി കേസിലെ ഘാതകരെ തളച്ച ശങ്കർ റെഡ്ഡി എത്തുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ, മുഖ്യപ്രതികളെ സാഹസികമായി പിടികൂടിയ മിടുമിടുക്കൻ. സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയ ടിപി കൊലാപതകത്തിൽ പി.മോഹനനും, പി.കെ.കുഞ്ഞനന്തനും അടക്കമുള്ളവർ പിടിയിലായതും മുടക്കോഴി മലയിലെ പാർട്ടി ഗ്രാമത്തിൽ പോയി ഒളിവിൽ കഴിഞ്ഞിരുന്ന കൊടി സുനിയെ പൊക്കിയതും എല്ലാം ഷൗക്കത്ത് അലിയുടെ നേതൃത്വത്തിലായിരുന്നു.

ടിപി കേസ് അന്വേഷണത്തിന് ശേഷം ഷൗക്കത്തലി ഡപ്യൂട്ടേഷൻ വാങ്ങി ദേശീയ അന്വേഷണ ഏജൻസിയിലേക്ക് കൂടുമാറി. അവിടെയും തിളങ്ങുന്ന നേട്ടങ്ങൾ. പാരീസ് ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട്, പാരീസിലേക്ക് പോയ സംഘത്തിന്റെ നായകനായിരുന്നു ഷൗക്കത്ത് അലി. ആരെയും കൂസാത്ത് ഈ പൊലീസ് ഉദ്യോഗസ്ഥൻ കണ്ണൂരിലെ സിപിഎം നേതാക്കളുടെ കണ്ണിലെ കരടാണ്. തലശേരി ഡിവൈ.എസ്‌പിയായിരുന്ന കാലം മുതൽക്കെ ഷൗക്കത്ത് അലി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി തലശേരി സിപിഎം ഏരിയ കമ്മറ്റി ഓഫീസിലെത്തി. നിങ്ങൾക്ക് സ്റ്റേഷൻ ആക്രമിക്കാമെങ്കിൽ ഞങ്ങൾക്ക് പാർട്ടി ഓഫീസിലും കയറാമെന്ന് ഷൗക്കത്ത് അലി പറയുന്നതിന്റെ ദൃശ്യങ്ങൾ അന്ന് ചാനലുകളിൽ പ്രചരിച്ചിരുന്നു. സ്വർണക്കടത്ത് കേസിലും ഷൗക്കത്തലിയുടെ സാന്നിധ്യം അന്വേഷണത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ നിർണായകമാകും.

1995 ലെ കേരളപൊലീസ് എസ്ഐ ബാച്ചിലെൂടെയാണ് ഷൗക്കത്ത് അലി കേരള പൊലീസിന്റെ ഭാഗമാകുന്നത്. 2014 ൽ തലശ്ശേരി ഡി.വൈ.എസ്‌പി ആയിരിക്കെയാണ് ദേശീയ അന്വേഷണ ഏജൻസിയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയത്. നിലവിൽ എൻ.ഐ.എ കൊച്ചി യൂണിറ്റിലെ എ.എസ്‌പിയാണ് ഷൗക്കത്ത് അലി. 1995ലെ പരീക്ഷയിൽ ഷൗക്കത്തലിക്ക് ഒന്നാം റാങ്കായിരുന്നു. ഈ പരീക്ഷയിൽ മൂന്നാം റാങ്കുകാരനായിരുന്നു ടിപി കേസിൽ മറ്റൊരു അന്വേഷകനായിരുന്ന കെവി സന്തോഷ്.

2015 നവംബറിൽ പാരിസിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാൻ ഷൗക്കത്തലി ഉൾപ്പെടെയുള്ള ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥരാണ് പാരീസിലെത്തിയത്. ഐസിസിന്റെ കേരളത്തിലെ വേരുകൾ കണ്ടെത്തിയത് ഷൗക്കത്തലിയായിരുന്നു. ഐസിസിന്റെ മലയാളി ഗ്രൂപ്പുകളിൽ തുമ്പുണ്ടാക്കിയത് തലശ്ശേരി ഡിവൈഎസ്‌പിയായിരുന്ന ഷൗക്കത്തലിയാണ്. കുറ്റാന്വേഷകനെന്ന നിലയിൽ ടിപി വധക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ ഷൗക്കത്തലിയുടെ കരുതലോടെയുള്ള നീക്കമാണ് കനകമലയിലെ ഐസിസ് ബന്ധം വെളിച്ചത്തു കൊണ്ടുവന്നതും നിരവധി അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചതും. ഈ അന്വേഷണ മികവാണ് ഷൗക്കത്തിലെ പാരീസിലെത്തിക്കുന്നത്. ഐസിസിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രം കേരളമാണ്. മലബാർ കേന്ദ്രീകരിച്ച് നിരവധി സംഘങ്ങളുണ്ട്. ഇവരെ കണ്ടെത്തുകയായിരുന്നു എൻഐഎയുടെ പ്രധാന ലക്ഷ്യം..

ഐഎസ് അനുഭാവികൾ ടെലഗ്രാമിൽ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത് വ്യക്തമായ പദ്ധതികളോടെയായിരുന്നു. സമീർ അലിയെന്ന വ്യാജപേരുള്ള കണ്ണൂർ സ്വദേശി മൻസീദായിരുന്നു സംഘത്തലവൻ. ഈ ഗ്രൂപ്പ് ശ്രദ്ധയിൽപ്പെട്ട എൻ.ഐ.എ തന്ത്രപൂർവ്വം അപേക്ഷ നൽകി പങ്കാളിയാവുകയായിരുന്നു. കേരളത്തിലെ ഇസ്ലാമിലെ തീവ്രസ്വഭാവം പുലർത്തുന്ന സംഘടനകളെയും ആളുകളെയും വ്യക്തമായ ബോധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ട് തന്നെ ഇത്തരക്കാരെ അടുത്തറിയാവുന്ന ഷൗക്കത്തലിയുടെ ഇടപെടലുകളിൽ സമീർ അലിയെന്ന മൻസീദായ്ക്ക് ഒരു സംശയവും തോന്നിയില്ല. അങ്ങനെയാണ് കനകമലയിലെ റെയ്ഡ് യാഥാർത്ഥ്യമായത്. മലയുടെ പ്രത്യേകതകൾ നന്നായി അറിയാവുന്ന ഷൗക്കത്തലി കരുതലോടെ മുന്നിൽ നിന്നപ്പോൾ തീവ്രവാദികൾക്ക് രക്ഷപ്പെടാൻ പഴുതുകളില്ലാതെയായി. കേരളാ പൊലീസിലെ മികച്ച അന്വേഷകനെന്ന് പേരെടുത്ത ഷൗക്കത്തലി, ടിപി വധക്കേസ് അന്വേഷണത്തിന് ശേഷമാണ് എൻഐഎയിൽ എത്തിയത്.

1995 കേരളാ പൊലീസ് എസ്ഐ. ബാച്ചിൽ ഒന്നാം റാങ്കുകാരനാണ് എ.പി. ഷൗക്കത്തലി. കുറ്റാന്വേഷണത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കുടുക്കാനുള്ള തന്ത്രങ്ങൾ ഷൗക്കത്തിലിക്ക് വശമുണ്ട്. ഇത് തന്നെയാണ് കനകമലയിലും തെളിഞ്ഞു നിന്നത്. കേരള പൊലീസിൽ സീനിയർ ഡിവൈ.എസ്‌പി.യായ ഷൗക്കത്തലി അഡീഷണൽ സൂപ്രണ്ട് തസ്തികയിലാണ് എൻഐഎയിൽ എത്തിയത്. ഇതിനിടെയിൽ എസ് പിയായി സംസ്ഥാന സർക്കാർ പ്രെമോഷൻ നൽകി. ഇതോടെ എൻഐഎയിലും എസ് പിയായി. ഷൗക്കത്തലി നേരത്തെ ഐ.എസ്ഐ.ടിയിൽ (ഇന്റേണൽ സെക്യൂരിറ്റി ഇൻവസ്റ്റിഗേഷൻ ടീം) ഡിവൈ.എസ്‌പിയായി പ്രവർത്തിച്ചിരുന്നു. അതിനുശേഷമാണു തലശേരി ഡിവൈ.എസ്‌പിയായത്.

2012 ജൂലൈ 14ന് മുടക്കോഴിമലയിൽ വച്ച് ടി.പി. വധക്കേസ് കൊലയാളി സംഘാംഗങ്ങളെ സൈലന്റ് നൈറ്റ് ഓപ്പറേഷനിലൂടെ പിടികൂടിയതിൽ ഷൗക്കത്തലിയുടെ പങ്കു നിർണായകമാണ്. ടിപി കേസിൽ പ്രതികളെ പിടികൂടാനുള്ള ചുമതലയായിരുന്നു ഷൗക്കത്തലിക്കുണ്ടായിരുന്നത്. കൊടി സുനിയെയും സംഘത്തെയും മുടക്കോഴി മലയിൽ അർധരാത്രിയെത്തി സാഹസികമായി പിടികൂടിയത് ഷൗക്കത്തലിയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച വാൾ കിണറ്റിലിട്ട ലംബു പ്രദീപനെ കുടുക്കിയത്, കൊലയാളി സംഘാംഗമായ ടി.കെ. രജീഷിനെ തിരഞ്ഞ് മുംബൈയിലേക്കുള്ള യാത്ര, ടി.പി. കേസിൽ കോളിളക്കം സൃഷ്ടിച്ചുനടന്ന പി. മോഹനന്റെ അറസ്റ്റ് എന്നിവയും ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു ഷൗക്കത്തലി. അതുകൊണ്ട് തന്നെയാണ് കേരളാ പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എൻ ഐ എയിലേക്ക് പോകാൻ ഷൗക്കത്തലിയെ പ്രേരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP