Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'വാരിയംകുന്നൻ ഐഎസ് തീവ്രവാദികളേക്കാൾ ഭീകരൻ; മാധവൻ നായരെ പോലും മതം മാറ്റാൻ വാരിയം കുന്നൻ ശ്രമിച്ചു; മുസ്ലിം കലാപകാരികളാൽ ബലാത്സംഗം ചെയ്യപ്പെട്ട ഹിന്ദു സ്ത്രീകളുടെ സമ്മേളനം നിലമ്പൂർ കോവിലകത്ത് നടന്നിരുന്നു; അംബേദ്ക്കറും കലാപത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്; ഇടതുപക്ഷത്തിന് സംഘി ഫോബിയ': നിലപാടിലുറച്ച് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്

'വാരിയംകുന്നൻ ഐഎസ് തീവ്രവാദികളേക്കാൾ ഭീകരൻ; മാധവൻ നായരെ പോലും മതം മാറ്റാൻ വാരിയം കുന്നൻ ശ്രമിച്ചു; മുസ്ലിം കലാപകാരികളാൽ ബലാത്സംഗം ചെയ്യപ്പെട്ട ഹിന്ദു സ്ത്രീകളുടെ സമ്മേളനം നിലമ്പൂർ കോവിലകത്ത് നടന്നിരുന്നു; അംബേദ്ക്കറും കലാപത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്; ഇടതുപക്ഷത്തിന് സംഘി ഫോബിയ': നിലപാടിലുറച്ച്  യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്

കെ വി നിരഞ്ജൻ

 കോഴിക്കോട്: മലബാർ കലാപത്തെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ചൊല്ലി വലിയ ചർച്ചകളും ഏറ്റുമുട്ടലുകളും ഉണ്ടായത് അടുത്തിടെയാണ്. വിഷയത്തിൽ സംഘടനയുടേതിൽ നിന്ന് വ്യത്യസ്തമായ നിലപാടുകളുമായി രംഗത്തെത്തിയ വ്യക്തിയാണ് സിപിഐയുടെ സാംസ്കാരിക മുഖമായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്. മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നു എന്നായിരുന്നു എപി അഹമ്മദിന്റെ വാദം. എന്നാൽ സിപിഐയും യുവകലാസാഹിതിയും ഇദ്ദേഹത്തിന്റെ അഭിപ്രായം തള്ളുകയും അഹമ്മദിൽ നിന്ന് വിശദീകരണം ചോദിക്കുകയും ചെയ്തു. എന്നാൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന അഹമ്മദ് കുറേക്കൂടി രൂക്ഷമായ വിമർശനങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിൽ അമ്പതിലേറെ കലാപങ്ങളാണ് മലബാറിൽ നടന്നത്. അതിൽ ഭൂരിഭാഗവും മലപ്പുറത്താണ് നടന്നത്. കലാപങ്ങളിൽ ജന്മിത്ത വിരുദ്ധമായ അംശം ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. മുസ്ലീങ്ങളായ കുടിയാന്മാർ ജന്മിമാരായ സവർണ ഹിന്ദുക്കൾക്കെതിരെ തിരിഞ്ഞു. ജന്മിമാർ സ്വാഭാവികമായും ഭരണകൂടത്തിന്റെ സഹായം തേടി. അപ്പോൾ ജന്മി വിരോധം ബ്രിട്ടീഷ് വിരോധവുമായി മാറിയിട്ടുണ്ടാവാം എന്നതൊഴിച്ചാൽ അത് സ്വാതന്ത്ര സമര പോരാട്ടമോ കാർഷിക കലാപമോ ആയിരുന്നില്ല. മലപുറത്തുണ്ടായ ഒരു കലാപം പള്ളി പൊളിക്കലുമായി ബന്ധപ്പെട്ടുണ്ടായതായിരുന്നു. മറ്റൊന്ന് അമ്പലം പൊളിക്കുന്നതുമായി ബന്ധപ്പെട്ടതും. മങ്കട കലാപം പള്ളി മതിലുമായി ബന്ധപെട്ടുണ്ടായതാണ്. മമ്പറം തങ്ങൾ നേരിട്ടിടപെട്ട ചേറൂർ ലഹളയുടെ വിഷയം മതം മാറ്റമായിരുന്നു. മലബാർ കലാപം മതവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഓൺലൈൻ വീഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഹമ്മദിന്റെ വിശദീകരണം. ഭാരതീയമായ സഹന സമരമോ, അഹിംസയെന്ന ഗാന്ധിയൻ മുറയോ മുസ്ലീങ്ങൾക്കറിയില്ല. അവർക്കറിയാവുന്നത് അടി മാത്രമാണ്. ഇടതുപക്ഷത്തെ സംഘി ഫോബിയ ബാധിച്ച തുകൊണ്ടാണ് വാരിയം കുന്നന്നെ ഹീറോ ആയി ചിത്രീകരിക്കുന്നത്. ഒരു വിഷയത്തിൽ ആർഎസ്എസിന് ഗുണകരമാകും എന്നതുകൊണ്ട് സത്യം മറച്ചു വെക്കുന്നത് ഇടതുപക്ഷത്തിന് ഗുണകരമല്ല. സത്യം വിളിച്ചു പറയുകയും എല്ലാ വിധ വർഗീയതയെയും ഒരു പോലെ എതിർക്കുന്നതാണ് ഇടതു പക്ഷം. എന്നാൽ ഇപ്പോഴത്തെ ഇടതു നിലപാടിൽ തനിക്ക് നിരാശയുണ്ടെന്നും എപി അഹമ്മദ് വ്യക്തമാക്കി.

ഐ എസ് തീവ്രവാദികളേക്കൾ ഭീകരമായ നിരവധി കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ റൂട്ട് മാർച്ചുകൾ ഭീകരമായിരുന്നു. പൊലീസ് സ്റ്റേഷനുകളും ഇല്ലങ്ങളും ആക്രമിച്ചു. മോയിൻ കുട്ടി വൈദ്യരുടെ പടപ്പാട്ടിലൂടെയാണ് ഇദ്ദേഹം ഹീറോ ആയത്. ആലി മുസ്ല്യാർ ദർസ് നടത്തുന്ന പള്ളിയിൽ റെയ്ഡ് നടന്നു. പള്ളി തകർക്കപ്പെട്ടു എന്നായിരുന്നു പുറത്തുണ്ടായ പ്രചാരണം. പ്രകോപിതരായ മുസ്ലീങ്ങൾ പള്ളിക്ക് മുമ്പിലേക്ക് കൂട്ടമായി ചെന്നു. അക്രമിക്കാൻ വരുകയാണെന്ന് ഭയന്ന പൊലീസ് അവർക്കു നേരെ വെടിവെച്ചു. അങ്ങിനെ അതൊരു കലാപമാവുകയും കോടതിയൊക്കെ തകർക്കപ്പെടുകയും ചെയ്തു. പൊലീസുകാർ പലയിടത്തേക്കായി രക്ഷപ്പെട്ടതോടെ അവിടെ ഒരു സ്വതന്ത്ര ദേശം പ്രഖ്യാപിക്കപ്പെട്ടു. പിന്നെ അതിർത്തികൾ വലുതാക്കാനുള്ള വാരിയം കുന്നന്റെ പടപ്പുറപ്പാടായിരുന്നു. റിട്ട. പൊലീസ് ഇൻസ്പെക്ടറായ ചേക്കുട്ടിയോട് വാരിയം കുന്ന നുണ്ടായിരുന്നത് വ്യക്തി വിരോധമായിരുന്നു. പിതാവിനെ നാടു കടത്തിയതും സ്വത്ത് കണ്ടു കെട്ടിയതും ചേക്കുട്ടിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഭരണകൂട നിർദ്ദേശമില്ലാതെ ഒരു ഇൻസ്പെക്ടർക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന കാര്യമൊന്നും വാരിയംകുന്നന് അറിയില്ലായിരുന്നു. കൊന്ന് തലവെട്ടി കുന്തത്തിൽ കോർത്ത് ഭീകര മാർച്ച് നടത്തി. പിന്നെ ചന്തയിൽ കുത്തി നിർത്തി നയപ്രഖ്യാപനം നടത്തി. ഹിന്ദുക്കൾ സഹായിച്ചത് പേടി കൊണ്ട് മാത്രമായിരുന്നു. തന്റെ വല്യുമ്മ ഉൾപ്പെടെ നേരിട്ടറിഞ്ഞ കാര്യങ്ങൾ പറഞ്ഞു തന്നതായും എ പി അഹമ്മദ് പറഞ്ഞു.

മലബാറിലെ എന്റെ മുസ്ലിം സഹോദരങ്ങൾക്ക് എപ്പോഴാണ് ഭ്രാന്തിളകിയെന്ന് ചോദിച്ച് വിലപിച്ചത് ഗാന്ധിയാണ്. അംബേദ്ക്കറും കലാപത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. നിലമ്പൂർ കോവിലകത്ത് മുസ്ലിം കലാപകാരികളാൽ ബലാസംഗം ചെയ്യപ്പെട്ട ഹിന്ദു സ്ത്രീകളുടെ ഒത്തുചേരൽ വരെ നടന്നു. ഇന്ത്യാ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യത്തേതായിരുന്നു. മാധവൻ നായരെ വരെ മതം മാറ്റാൻ ശ്രമിച്ച വ്യക്തിയാണ് വാരിയം കുന്നനെന്നും അഹമ്മദ് വ്യക്തമാക്കി.

തുർക്കി ഖലീഫയായിരുന്നു വാരിയം കുന്നന്റെ റോൾ മോഡലെന്നും ആ ഖിലാഫത്താണ് അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചതെന്നും നേരത്തെ യുവകലാസാഹിതി യുടെ എഫ് ബി ലൈവിൽ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞതുതന്നെ ഹിന്ദുക്കൾ ബ്രിട്ടീഷുകാർക്കൊപ്പം ചേരുമോ എന്ന പേടികൊണ്ടാണ്. പ്രത്യക്ഷമായി വാരിയം കുന്നത്ത് താനൊരു മുസ്ലിം നേതാവാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ലക്ഷ്യത്തിലും പോരാട്ടത്തിലും അവരത് കാണിച്ചിരുന്നു. മുഗളന്മാർ ഹിന്ദുക്കളോട് നയപരമായാണ് പെരുമാറിയിരുന്നത്. അവർ ന്യൂനപക്ഷമായിരുന്നതുകൊണ്ടാണത്. മലബാറിൽ ഹിന്ദുക്കൾക്കൊപ്പമെന്ന് വരുത്താൻ ശ്രമിച്ചത് ഹിന്ദുക്കൾ ബ്രിട്ടീഷ് ചേരിയിൽ പോയി തങ്ങൾക്കെതിരെ തിരിയുമോ എന്ന ഭയം കൊണ്ട് മാത്രമാണ്. ജയിച്ചാൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാൻ കഴിയും.. അഥവാ തോറ്റാൽ വീരസ്വർഗം കിട്ടുമെന്ന് വിശ്വസിച്ചിരുന്ന പാവപ്പെട്ട മുസ്ലീങ്ങളെയാണ് കലാപത്തിൽ കണ്ണിചേർത്തതെന്നും എ പി അഹമ്മദ് നേരത്തെ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP