Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീട്ടിൽ പാമ്പുകൾ പതിവായപ്പോൾ മന്ത്രവാദിയെ കണ്ടു; പാമ്പുകൾ വരുന്നത് വീട്ടിലെ നിധിക്ക് കാവൽ നിൽക്കാനെന്ന് മന്ത്രവാദിയുടെ കണ്ടെത്തൽ; ദമ്പതികൾ വീട്ടിലെ മുറിയിൽ എടുത്തത് 20 അടി ആഴത്തിൽ കുഴി; മൈസൂരിലെ ദമ്പതികളെ കുഴക്കി മലയാളിമന്ത്രവാദി

വീട്ടിൽ പാമ്പുകൾ പതിവായപ്പോൾ മന്ത്രവാദിയെ കണ്ടു; പാമ്പുകൾ വരുന്നത് വീട്ടിലെ നിധിക്ക് കാവൽ നിൽക്കാനെന്ന് മന്ത്രവാദിയുടെ കണ്ടെത്തൽ; ദമ്പതികൾ വീട്ടിലെ മുറിയിൽ എടുത്തത് 20 അടി ആഴത്തിൽ കുഴി; മൈസൂരിലെ ദമ്പതികളെ കുഴക്കി മലയാളിമന്ത്രവാദി

മറുനാടൻ മലയാളി ബ്യൂറോ

മൈസുരു: മന്ത്രവാദത്തിലെ അമളികൾ മിക്കപ്പോഴും വാർത്തായിലിടം നേടാറുണ്ട്. മന്ത്രവാദിയുടെ വാക്ക് കേട്ട് വീട്ടിൽ 20 അടി ആഴത്തിൽ കുഴിയെടുത്ത ദമ്പതികൾക്ക് പറ്റിയ അമളിയാണ് ഇപ്പോൾ മൈസുരിൽ നിന്നും പുറത്ത് വരുന്നത്. ചാമരാജനഗറിലെ അമ്മനപുര ഗ്രാമത്തിലാണ് അന്ധവിശ്വാസത്തിന്റെ പേരിൽ സംഭവം നടന്നത്.വീട്ടിലെ പാമ്പു വരുന്നതിനെക്കുറിച്ചറിയാനാണ് മന്ത്രവാദിയെ സമീപിച്ചത്. വീട്ടിൽ നിധിയുണ്ടെന്നും നിധിക്ക് കാവലിരിക്കുന്നതിനാണ് പാമ്പ് വരുന്നതെന്നുമായിരുന്നു മന്ത്രവാദിയുടെ കണ്ടെത്തൽ. ഈ നിധി കണ്ടെത്തുന്നതിനാണ് ദമ്പതികൾ കുഴിയെടുത്തത്.

സംഭവം ഇങ്ങനെ; ഗ്രാമനിവാസിയായ സോമണ്ണയാണ് വീട്ടിനകത്ത് കുഴിയെടുത്തത്. കുറച്ചുകാലം മുമ്പ് വീട്ടിന്റെ ഉള്ളിൽ കണ്ട പാമ്പിനെ തല്ലിക്കൊന്നിരുന്നു. എന്നാൽ, ഏതാനും ദിവസങ്ങൾക്കുശേഷം രണ്ടു പാമ്പുകൾകൂടി വീട്ടിലെത്തി. ഇതോടെ സോമണ്ണ ബന്ധുക്കളെ വിവരമറിയിച്ചപ്പോൾ ജ്യോത്സ്യനെ സമീപിക്കാൻ നിർദേശിച്ചു. തുടർന്ന് ജ്യോത്സ്യൻ കേരളത്തിൽനിന്നുള്ള ഒരു മന്ത്രവാദിയെ ഇവർക്ക് പരിചയപ്പെടുത്തി.

വീട്ടിനകത്ത് നിധിയുണ്ടെന്നും അതിനു കാവൽനിൽക്കുന്നവയാണ് പാമ്പുകളെന്നും മന്ത്രവാദി സോമണ്ണയെയും ഭാര്യയെയും വിശ്വസിപ്പിച്ചു. വീട്ടിൽ പാമ്പുകളെ കണ്ട ഭാഗം കുഴിക്കണമെന്നും നിർദേശിച്ചു. തുടർന്ന് മന്ത്രവാദി സോമണ്ണയുടെ വീട്ടിലെത്തി പൂജ നടത്തുകയും ചെയ്തു. ഇതിനുശേഷം ദമ്പതികൾ പാമ്പുകളെ കണ്ട മുറിയിൽ കുഴിയെടുക്കൽ ആരംഭിച്ചു.

അയൽക്കാർക്ക് സംശയം ഉണ്ടാക്കാതെയായിരുന്നു കുഴിയെടുക്കൽ. കുഴിയിൽനിന്നുള്ള മണ്ണ് വീട്ടിലെ മറ്റൊരു മുറിയിലാണ് നിക്ഷേപിച്ചത്. കുഴിക്ക് ആഴം കൂടിയതോടെ ഏണിയുടെ സഹായത്തോടെയാണ് മണ്ണ് പുറത്തെത്തിച്ചത്. എന്നാൽ, കുഴി 20 അടി ആഴത്തിൽ എത്തിയിട്ടും നിധിയുടെ ഒരു ലക്ഷണവും കണ്ടില്ല. അതേസമയം, കുഴിയിൽനിന്നുള്ള മണ്ണ് മുറിയിൽ വലിയ കൂമ്പാരമാവുകയും താമസത്തിനു ബുദ്ധിമുട്ടായി മാറുകയും ചെയ്തു.

വീട്ടിൽനിന്ന് തുടർച്ചയായി കേൾക്കുന്ന കുഴിയെടുക്കലിന്റെ ശബ്ദം കാരണം രഹസ്യമായി എന്തോ നടക്കുന്നുവെന്ന് ഗ്രാമവാസികൾക്ക് സംശയം ഉണ്ടായിരുന്നു.രണ്ടുദിവസം മുമ്പ് ഇവർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.ഭാവിയിൽ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന് ദമ്പതികൾക്ക് കർശന താക്കീത് നൽകിയിട്ടുണ്ടെന്ന് ചാമരാജനഗർ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ആനന്ദ് പറഞ്ഞു. പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ല.

അതേസമയം, കുഴിയെടുക്കാൻ നിർദേശിച്ച മന്ത്രവാദി മൊബൈൽ ഫോൺ സിച്ച് ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്. നിലവിൽ, കുഴി അടയ്ക്കാനുള്ള ശ്രമത്തിലാണ് ദമ്പതികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP