Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആരെങ്കിലും, ഇളക്കി വിട്ടാൽ മാത്രം സമരം ചെയ്യുന്ന ആളുകളല്ല, മത്സ്യത്തൊഴിലാളികൾ; അവരുടെ കുടുംബങ്ങളിൽ ജനിച്ചുവളർന്ന വൈദികർ സമരത്തിന് ഇറങ്ങിയതിനെ വർഗ്ഗീയമായി കാണരുത്; വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധമെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ എ.ജെ.വിജയൻ

'ആരെങ്കിലും, ഇളക്കി വിട്ടാൽ മാത്രം സമരം ചെയ്യുന്ന ആളുകളല്ല, മത്സ്യത്തൊഴിലാളികൾ; അവരുടെ കുടുംബങ്ങളിൽ ജനിച്ചുവളർന്ന വൈദികർ സമരത്തിന് ഇറങ്ങിയതിനെ വർഗ്ഗീയമായി കാണരുത്; വിഴിഞ്ഞം സമരത്തിൽ  തീവ്രവാദ ബന്ധമെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ എ.ജെ.വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ അട്ടിമറി ഗൂഢാലോചനയ്ക്ക് പിന്നിൽ, 9 അംഗ സംഘമെന്ന് കഴിഞ്ഞ ദിവസം സിപിഎം മുഖപത്രമായ ദേശാഭിമാനി ആരോപിച്ചിരുന്നു. ചിത്രങ്ങൾ സഹിതമാണ് ദേശാഭിമാനി ഇത് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. ഇക്കൂട്ടത്തിൽ തിരുവനന്തപുരത്തെ കോസ്റ്റൽ വാച്ച് എന്ന് സംഘടനയുടെ തലപ്പത്തുള്ളയാളും, തീരഗവേഷകനും, മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ.ജെ.വിജയനും ഉണ്ടായിരുന്നു. ആരോപണങ്ങളോട് ഇതുവരെ പ്രതികരിക്കാതിരുന്ന അദ്ദേഹം ഇപ്പോൾ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

വിഴിഞ്ഞം സമരത്തിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ദൗർബല്യം കൊണ്ടാണെന്ന് എ.ജെ.വിജയൻ പറഞ്ഞു. ഇടതു സർക്കാർ മോദിക്കു പഠിക്കുകയാണ്. കർഷക സമരത്തോട് നരേന്ദ്ര മോദി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സർക്കാർ ചെയ്യുന്നത്. തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്ന വ്യക്തിയാണ് താനെന്നും വിജയൻ മാധ്യമങ്ങളോടു പറഞ്ഞു.

മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ, കടലോരത്ത് സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ, അദാനി കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് തന്നെ ഈ വാണിജ്യ തുറമുഖ പദ്ധതിയുടെ രൂപരേഖ, പരിസ്ഥിതി ആഘാത പഠനം, റിപ്പോർട്ട് ഇതൊക്കെ വന്ന കാലം മുതൽ തന്നെ, താനീ വിഷയത്തെ കുറിച്ച് പഠിക്കുകയും, ഇത് വന്നാലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് എഴുതുകയും ചെയ്ത ആളാണെന്ന് നേരത്തെ മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ അദ്ദേഹം പറഞ്ഞിരുന്നു. തന്റെ നിലപാട് ആദ്യം മുതലേ എന്തായിരുന്നുവെന്ന് തന്നെ അറിയാവുന്നവർക്ക് എല്ലാം അറിയാം. ' ഞാൻ ജനിച്ചുവളർന്നത് തിരുവനന്തപുരത്തെ ഒരു തീരപ്രദേശത്താണ്. ആ തീരപ്രദേശം, ആ ഗ്രാമം, വിഴിഞ്ഞത്ത് 1970 കളിൽ, മത്സ്യബന്ധന തുറമുഖത്തിന് വേണ്ടി കൃത്രിമമായി പുലിമുട്ടുകൾ നിർമ്മിച്ച ശേഷം, എന്റെ ഗ്രാമത്തിലെ നൂറുകണക്കിന് വീടുകൾ നഷ്ടപ്പെടുകയും, തീരം മുഴുവൻ ഇല്ലാതാകുകയും ചെയ്തു. ഈ അനുഭവം, ഞാനീ മത്സ്യമേഖലയിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന ഒരാളാണ്. ഗവേഷണത്തിലൂടെ മനസ്സിലാക്കിയ ആളെന്ന നിലയിലാണ് വിഴിഞ്ഞത്ത് വാണിജ്യ തുറമുഖം നിർമ്മിച്ചാൽ വളരെ ഗുരുതരമായിരിക്കും പ്രത്യാഘാതങ്ങളെന്ന് ആദ്യം മുതലേ വളരെ പരസ്യമായി സംസാരിച്ചിട്ടുള്ള, എഴുതിയിട്ടുള്ള, സാമുഹിക മാധ്യമങ്ങളിലൂടെ സംവദിച്ചിട്ടുള്ള ആളാണ്. എനിക്കൊന്നും മറച്ചുവയ്ക്കാനില്ല. അന്നും ഇന്നും ഒരേ നിലപാടാണ്.'

'ദേശാഭിമാനി പത്രത്തിൽ 2015 ൽ ഈ പദ്ധതിയുടെ മരണമണി എന്നൊക്കെ എഴുതുമ്പോഴും, ഈ പദ്ധതി ഈ രീതിയിൽ നടപ്പാക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നു. ഈ പദ്ധതി കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകൾ, നേരിടുന്ന ഒരവസ്ഥയിൽ, ഇത് തിരിച്ചറിഞ്ഞ് നമ്മൾ ഇത് വേണ്ടായെന്ന് വയ്ക്കുന്നില്ലായെങ്കിൽ, ഇത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. സോഷ്യൽ അപ്രൈസിങ്‌സിന് ഇടയാക്കും. കാരണം, നൂറ്റാണ്ടുകളായി മീൻ പിടിച്ചുജീവിക്കുന്നവരുടെ, പൊതുസ്വത്തായി കണക്കാക്കിയിരിക്കുന്ന തീരവും, തീരക്കടലും, കോർപറേറ്റുകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി കൈമാറി കഴിഞ്ഞാൽ, ഈ മേഖലയിൽ പണിയെടുക്കുന്ന ചെറുകിട മീൻപിടുത്തക്കാരുടെ, തിരുവനന്തപുരം ജില്ലയിൽ മാത്രം, കേരളത്തിലാകെയുള്ള മത്സ്യബന്ധന വള്ളങ്ങൾ, ഔട്ട്‌ബോർഡ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വള്ളങ്ങൾ 30,000 ത്തിൽ അധികം ഉണ്ടെന്നാണ് കണക്ക്. അതിൽ 11,000 വള്ളങ്ങൾ തിരുവനന്തപുരം ജില്ലയിൽ മാത്രം പ്രവർത്തിക്കുന്നവയാണ്. ഈ ചെറുകിട മീൻപിടുത്തക്കാർക്ക് തീരമില്ല. അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയെ എതിർക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം ഇത്രയധികം രൂക്ഷമാകാൻ കാരണം അവരുടെ അനുഭവമാണ്. ഇത് നമ്മൾ മനസ്സിലാക്കണം. ഇത് മനസ്സിലാക്കാതെ വിവരമില്ലാത്ത മത്സ്യത്തൊഴിലാളികൾ എന്നും മറ്റും ആക്ഷേപിക്കരുത്. ആരൊക്കെയോ, പറഞ്ഞുതെറ്റിദ്ധരിപ്പിച്ചവർ എന്ന് നിലയിൽ എന്തുമോശമായ സമീപനമാണ്.'

മത്സ്യത്തൊഴിലാളികളെ ഇളക്കി വിടാൻ കഴിയുന്നു, അല്ലെങ്കിൽ, സഭ, വൈദികർ ഇളക്കിവിടുന്നു എന്നാണല്ലോ ആരോപണം. അങ്ങനെ ആരെങ്കിലും, ഇളക്കി വിട്ടാൽ മാത്രം സമരം ചെയ്യുന്ന ആളുകളല്ല, മത്സ്യത്തൊഴിലാളികൾ. ട്രോളിങ്ങിന് എതിരെയും, വിദേശകുത്തകകൾക്കെതിരെയും സമരം ചെയ്തവരല്ലേ മത്സ്യത്തൊഴിലാളികൾ? അവരുടെ തൊഴിലിടത്തിൽ, അവർക്ക് എതിരായ നടപടികൾ ഉണ്ടായപ്പോൾ, അവർ പ്രതികരിച്ചിട്ടുണ്ട്, ഇനിയും പ്രതികരിക്കും. അതിന്റെ ഭാഗമായിട്ട് വേണം ഇതുകാണാൻ. തിരുവനന്തപുരം ജില്ലയിലെ ബഹുഭൂരിപക്ഷം മത്സ്യത്തൊഴിലാളികളും കത്തോലിക്ക വിഭാഗത്തിൽ പെട്ടവരാണ്. പക്ഷേ സമരം തുടങ്ങിയപ്പോൾ ആദ്യമായി പിന്തുണ അറിയിച്ചത് അഖിലേകരള ധീവരസഭയുടെ സംസ്ഥാന പ്രസിഡന്റ് വി.ദിനകരനാണ്. ഇത് കത്തോലിക്ക മത്സ്യത്തൊഴിലാളികളുടെ സമരമല്ല, കേരളത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികളുടെ സമരം എന്നാണ്. അവരുടെ നിലനിൽപ്പിന്റെ സമരമാണ്. ഈ സമരം വിജയിച്ചെങ്കിൽ, ഇനി ഒരിക്കലും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ കഴിയാതെ വരും എന്നാണ് ദിനകരൻ പ്രസംഗിച്ചത്. ഇങ്ങനെയുള്ള സമരത്തിനാണ് പലരും സാമുദായിക നിറം നൽകുന്നത്. മത്സ്യത്തൊഴിലാളികളുടെ ഇടയിൽ വിദ്യാഭ്യാസമുള്ള ആളുകളുണ്ട്. ആ ആളുകളെല്ലാം, ഇതെല്ലാം മനസ്സിലാക്കിയാണ് സമരത്തിന് ഇറങ്ങിയിരിക്കുന്നത്. ഈ വൈദികരെന്ന് പറയുന്നത് അവരുടെ കുടുംബങ്ങളിലുള്ള, ജനിച്ചുവളർന്നവൈദികരാണ്. ആ വൈദികർ അവരുടെ തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് വേണ്ടി രംഗത്തിറങ്ങുന്നതിന്, നിങ്ങളെന്തിനാണ് വർഗ്ഗീയമായി, മതപരമായി, ചിത്രീകരിക്കുന്നത്?, എ ജെ വിജയൻ ചോദിച്ചു.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് എ.ജെ.വിജയന് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഇതിനോട് പ്രതികരണവുമായി മന്ത്രി ആന്റണി രാജുവും രംഗത്തെത്തി. ആരോപണത്തിൽ തന്റെ പേരു പറഞ്ഞ് ബോധപൂർവം തന്നെ ഉൾപ്പെടുത്തുന്നുവെന്നും ഈ ആരോപണത്തിൽ ബന്ധപ്പെട്ടവർ തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടെന്നു കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. സമരം ചെയ്യുന്നവരെല്ലാം തന്റെ ശത്രുക്കളാണെന്ന അരക്ഷിതബോധം എല്ലാ ഏകാധിപതികൾക്കുമുണ്ട്. അതേ അരക്ഷിതബോധമാണ് നരേന്ദ്ര മോദിക്കും പിണറായി വിജയനും ഉണ്ടായിരിക്കുന്നത്. സമരക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കാനുള്ള നീക്കത്തെ അപലപച്ചു.

സിപിഎം മുഖപത്രമായ ദേശാഭിമാനി തീവ്രവാദ ബന്ധമുള്ള ഒൻപത് പേരുടെ മുഖചിത്രം നൽകിയിട്ടുണ്ട്. അതിൽ ഒരാൾ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സഹോദരനാണ്. തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടോയെന്ന് മന്ത്രി വ്യക്തമാക്കണം. ചിത്രത്തിലുള്ള മറ്റൊരു വൈദികൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആന്റണി രാജുവിനും കടകംപള്ളി സുരേന്ദ്രനും വേണ്ടി പരസ്യമായി പ്രവർത്തിച്ച ആളാണ്. കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത കർഷകരെ തീവ്രവാദികളായും മാവോയിസ്റ്റുകളായും അർബൻ നക്സലൈറ്റുകളായും മോദി സർക്കാർ ചിത്രീകരിച്ചതു പോലെയാണ് വിഴിഞ്ഞത്ത് നാല് വർഷമായി സിമെന്റ് ഗോഡൗണിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പിണറായി സർക്കാർ ചിത്രീകരിക്കുന്നത്. വികസനത്തിന്റെ ഇരകളായി മാറിയ പാവങ്ങളെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റി ഭാവിയിൽ വീട് നിർമ്മിച്ച് നൽകാൻ സർക്കാർ തയാറുണ്ടോയെന്നും പ്രതിപക്ഷം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP