Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രമ്യ ഡബിൾ ബെല്ലടിച്ചു; ട്രിപ്പു മുടങ്ങുമോ നടപടി വരുമോ എന്നൊന്നും ഡ്രൈവർ പ്രസന്നനും ഓർത്തില്ല; പരിക്കേറ്റയാളുമായി കാഷ്വാലിറ്റിയിലേക്ക് ഒരു ബസ് സർവീസ്; കൊട്ടിയത്ത് നിന്ന് നന്മയുടെ വെളിച്ചമുള്ള ഒരു കെഎസ്ആർടിസി കഥ കൂടി

രമ്യ ഡബിൾ ബെല്ലടിച്ചു; ട്രിപ്പു മുടങ്ങുമോ നടപടി വരുമോ എന്നൊന്നും ഡ്രൈവർ പ്രസന്നനും ഓർത്തില്ല; പരിക്കേറ്റയാളുമായി കാഷ്വാലിറ്റിയിലേക്ക് ഒരു ബസ് സർവീസ്; കൊട്ടിയത്ത് നിന്ന് നന്മയുടെ വെളിച്ചമുള്ള ഒരു കെഎസ്ആർടിസി കഥ കൂടി

പീയൂഷ് ആർ

കൊല്ലം: നട്ടുച്ചയ്ക്ക് അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസ് വന്ന് സഡൻ ബ്രേക്കിട്ടു നിന്നപ്പോൾ ട്രാവൻകൂർ മെഡിക്കൽ കോളേജ് ജീവനക്കാരും രോഗികളും ആദ്യം അമ്പരന്നു! കാഷ്വാലിറ്റിയിലേക്ക് സ്‌പെഷ്യൽ സർവീസോ?

കാലിൽ നിന്ന് രക്തമൊലിക്കുന്ന നിലയിൽ ഒരാളെ ഡ്രൈവറും വനിതാ കണ്ടക്ടറും സഹയാത്രക്കാരും ചേർന്ന് കാഷ്വാലിറ്റിയിലേക്ക് താങ്ങിയെടുത്തപ്പോഴാണ് കാര്യമറിഞ്ഞത്. കൊട്ടിയത്തിനു സമീപം, ഹൈവേയിൽ റോംഗ്‌സൈഡിലൂടെ പാഞ്ഞുവന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ച ബസിൽ തെറിച്ചുവീണ് പരിക്കേറ്റയാളുമായി, മുഴുവൻ യാത്രക്കാരും സഹിതം ട്രാവൻകൂർ മെഡിക്കൽ കോളേജിലേക്കു വന്നതായിരുന്നു ബസ്!

പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ പുറപ്പെട്ടാൽ ട്രിപ്പ് മുടങ്ങുമെന്ന ആശങ്കയൊന്നുമില്ലാതെ, മനോധൈര്യത്തോടെ എല്ലാറ്റിനും മുന്നിൽ നിന്നത് മാവേലിക്കര ഡിപ്പോയിലെ വനിതാ കണ്ടക്ടർ ആർ.എസ്. രമ്യയാണ്. ബസിനുള്ളിൽ തെറിച്ചു വീണ് കാലിലെ തള്ളവിരലിന്റെ നഖം ഊരിപ്പോയ യാത്രക്കാരന് കാഷ്വാലിറ്റിയിൽ അടിയന്തര ശുശ്രൂഷ നൽകിത്തീരും വരെ ഡ്രൈവർ പ്രസന്നനും ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കാത്തുനിന്നു. ഒടുവിൽ, ആ യാത്രക്കാരനെയും കൊണ്ടുതന്നെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ഡബിൽ ബെല്ലടിക്കുമ്പോൾ നിറഞ്ഞ ചിരിയുമായി രമ്യയുണ്ടായിരുന്നു, ഫുട്‌ബോർഡിൽ.

കൊല്ലത്തു നിന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക്കു പുറപ്പെട്ടതായിരുന്നു മാവേലിക്കര ഡിപ്പോയിലെ ആർപിസി 623 നമ്പർ ബസ്. കൊട്ടിയത്തിനു സമീപം എത്തിയപ്പോൾ ഓവർസ്പീഡിൽ, റോംഗ് സൈഡ് കയറി ഒരു ഓട്ടോറിക്ഷ. ഓട്ടോയെ രക്ഷിക്കാൻ ബസ് പെട്ടെന്ന് വെട്ടിത്തിരിക്കുകയേ ഡ്രൈവർ പ്രസന്നന് വഴിയുണ്ടായിരുന്നുള്ളൂ. കൂട്ടനിലവിളികൾക്കിടെ ബസിന്റെ പിൻഭാഗത്തു നിന്ന് പലരും മുന്നിലേക്ക് തെറിച്ചുവീണു. അക്കൂട്ടത്തിൽ ആറ്റിങ്ങൽ സ്വദേശി ദേവരാജനാണ് ബസിനുള്ളിൽ മധ്യഭാഗത്തോളം തെറിച്ച് മുട്ടിടിച്ച് വീണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തിൽ ദേവരാജന്റെ പെരുവിരലിന്റെ നഖം ഊരിപ്പോയിരുന്നു.

ബഹളത്തിനിടയിൽ മനസ്സാന്നിധ്യം കൈവിടാതെ, പരിക്കേറ്റ ദേവരാജനെ അതേ ബസിൽത്തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ തീരുമാനമെടുത്തത് രമ്യയാണ്. കാര്യം പറഞ്ഞപ്പോൾ ഡ്രൈവർ പ്രസന്നന് ഒപ്പം യാത്രക്കാരും സഹകരിച്ചു. ട്രിപ്പ് മുടങ്ങുമോ, നടപടി ഉണ്ടാകുമോ എന്നൊന്നും ആ സമയത്ത് രമ്യ ആലോചിച്ചില്ല. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതു മാത്രമായിരുന്നു മനസ്സിൽ. എട്ടു വർഷം മുമ്പാണ് പി.എസ്.സി നിയമനം വഴി ആർ.എസ്. രമ്യ കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടർ ആയത്. ഇക്കാലത്തിനിടെ ഡ്യൂട്ടിക്കിടെ രമ്യയ്ക്ക് ഇത്തരമൊരു അനുഭവം ആദ്യം. അടിയന്തര ശുശ്രൂഷകൾക്കു ശേഷം ദേവരാജനുമായി വീണ്ടും യാത്ര പുറപ്പെടുമ്പോൾ, ഡ്രൈവർ പ്രസന്നന്റെയും മുഴുവൻ യാത്രക്കാരുടെയും മുഖത്തുമുണ്ടായിരുന്നു, നന്മയുടെ വെളിച്ചമുള്ള ഒരു പുഞ്ചിരി.

രാവിലത്തെ ട്രിപ്പിൽ ഇതേ ബസ്സിൽ മറ്റൊരു സംഭവം കൂടി ഉണ്ടായി. മാവേലിക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് പോയ ഈ ബസ്സിൽ (ആർപിസി 623) കൊട്ടിയത് നിന്നും കയറിയ യാത്രക്കാരുടെ കുട്ടിക്ക് സുഖമില്ലായിരുന്നു, അവർക്ക് എത്രയും വേഗം മെഡിക്കൽ കോളേജിൽ എത്തിയെ മതിയാകൂ, അസുഖത്തിന്റെ ഗൗരവം കണക്കിലെടുത്തു ലൈറ്റ് ഇട്ട് ഡ്രൈവർ പ്രസ്സനൻ ബസ് പറപ്പിച്ചു. പെട്ടന്ന് എത്തുവാൻ വേണ്ടി ഒരു വണ്ടി പിടിച്ചു അതിൽ വിടാം എന്ന് കണ്ടക്ടർ രമ്യ അവരോട് പറഞ്ഞു, സാമ്പത്തികം ഇല്ലാത്തതിനാൽ അവർ അത് നിരസിച്ചു പൈസ ഞങ്ങൾ നൽകാം എന്ന് ജീവനക്കാർ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല, റോഡിലെ തിരക്കും മറ്റും കണ്ട് കണ്ടക്ടർ രമ്യ സമയോചിതമായ ഇടപെടൽ നടത്തി കണിയാപുരം ഡിപ്പോയിലെ ഇൻസ്‌പെക്ടറെ അറിയിക്കുകയും തുടർന്ന് അവിടെ നിന്നും അവരെ 108 ആബുലൻസിൽ കയറ്റി വിടുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP