Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിത അളവിൽ കീടനാശിനി: ആച്ചി മുളകുപൊടി പാക്കറ്റുകളുടെ ഒരു ബാച്ച് മാർക്കറ്റിൽ നിന്ന് പിൻവലിച്ച് കമ്പനി; കീടനാശിനിയുടെ അംശം കണ്ടെത്തിയത് തൃശൂരിൽ വിതരണം ചെയ്ത പാക്കറ്റുകളിൽ; കീടനാശിനി അടങ്ങിയ പാക്കറ്റുകൾ മറ്റുജില്ലകളിൽ എത്തിയിട്ടുണ്ടെങ്കിലും പിൻവലിക്കും; ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ ആച്ചിയുടെ ബാച്ചിൽ കണ്ടത്തിയത് എത്തിയോണും പ്രൊഫെനോഫോസ് കീടനാശിനിയും

അമിത അളവിൽ കീടനാശിനി: ആച്ചി മുളകുപൊടി പാക്കറ്റുകളുടെ ഒരു ബാച്ച് മാർക്കറ്റിൽ നിന്ന് പിൻവലിച്ച് കമ്പനി; കീടനാശിനിയുടെ അംശം കണ്ടെത്തിയത് തൃശൂരിൽ വിതരണം ചെയ്ത പാക്കറ്റുകളിൽ; കീടനാശിനി അടങ്ങിയ പാക്കറ്റുകൾ മറ്റുജില്ലകളിൽ എത്തിയിട്ടുണ്ടെങ്കിലും പിൻവലിക്കും; ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ ആച്ചിയുടെ ബാച്ചിൽ കണ്ടത്തിയത് എത്തിയോണും പ്രൊഫെനോഫോസ് കീടനാശിനിയും

എം മനോജ് കുമാർ

 തൃശൂർ: അമിതമായ അളവിൽ കീടനാശിനി അടങ്ങിയ ആച്ചി മുളകുപൊടി പാക്കറ്റുകൾ മാർക്കറ്റിൽ നിന്ന് പിൻവലിച്ചു തുടങ്ങിയെന്നു കമ്പനി അറിയിച്ചതായി തൃശൂർ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ ജനാർദ്ദനൻ സി.എ. മറുനാടൻ മലയാളിയോട് പറഞ്ഞു. കീടനാശിനിയുടെ അളവ് അനുവദനീയമായതിലും കൂടുതൽ കണ്ടെത്തിയതിനെ തുടർന്നാണ് ഒരു ബാച്ചിലെ ആച്ചി മുളക്പൊടി നിരോധിച്ചു ഉത്തരവിറക്കിയിരുന്നു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് 2006 പ്രകാരമാണു നടപടി. തൃശൂർ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ഫുഡ് അനലിസ്റ്റ് ആർഎഎൽ കൊച്ചി പരിശോധന റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് നടപടികൾ വന്നത്.

ഒരു ബാച്ച് നമ്പറിലെ മുളകുപൊടി പാക്കറ്റുകളിൽ അമിത അളവിൽ കീടനാശിനിയുടെ അംശം പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് ആച്ചി മുളകുപൊടി മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശം നൽകിയത്. തൃശൂരിൽ വിതരണം ചെയ്ത ആച്ചിയുടെ പാക്കറ്റുകളിലാണ് കീടനാശിനിയുടെ അംശം കണ്ടത്. അതിനെ തുടർന്ന് തൃശൂരിൽ നിന്ന് ഈ ബാച്ചിലെ മുളക് പൊടികൾ കമ്പനി പിൻവലിച്ചിട്ടുണ്ട്. ഈ ബാച്ച് നമ്പർ മുളകുപൊടികൾ കേരളത്തിലെ മറ്റു ജില്ലകളിൽ എത്തിച്ചിട്ടുണ്ടെങ്കിൽ അതും പിൻവലിക്കാം എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എത്തിയോണും പ്രൊഫെനോഫോസ് കീടനാശിനിയുടെ അംശങ്ങളുമാണ് പരിശോധനയിൽ ആച്ചി മുളകുപൊടിയിൽ ദൃശ്യമായത്. ഇതിനെ തുടർന്നാണ് ആച്ചി മുളക്‌പൊടി പാക്കറ്റുകൾ പിൻവലിക്കാൻ നിർദ്ദേശിച്ചത്. കീടനാശിനികൾ ഭക്ഷ്യസാധനങ്ങളിൽ ഒട്ടും അനുവദനീയമല്ല. അതുകൊണ്ട് തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചതെന്നും അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ പറഞ്ഞു.

അതേ സമയം മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന പരിശോധനയുമായി രംഗത്തുണ്ട്. ആച്ചി മുളക് പൊടിയിൽ കീടനാശിനി സാന്നിധ്യം കണ്ടത് തൃശൂരിൽ ആണെങ്കിലും മറ്റു ജില്ലകളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. കറിമസാലകളിൽ കീടനാശിനി സാന്നിധ്യമുള്ളതായി പരാതി ശക്തമായതിനെ തുടർന്നാണ് കറിമസാലകളിൽ പരിശോധന കർശനമാക്കിയത്. ഓണക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ വരുന്ന പാലിൽ മായം കാണാൻ സാധ്യതയുള്ളതിനാൽ പാൽ പരിശോധന തിരുവനന്തപുരം ജില്ലയിൽ കർശനമാക്കിയതായി തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രത്യേക സംഘങ്ങളെ 24 മണിക്കൂർ ഡ്യൂട്ടി നൽകിയാണ് പരിശോധന നടത്തുന്നത്.

പാറശാലയിലെ കാരാളി ചെക്ക് പോസ്റ്റിൽ ഇന്നലെ മുതൽ ഈ പരിശോധന കർശനമാക്കിയിട്ടുണ്ട്. പത്താം തീയതി വരെ ഈ പരിശോധന തുടരും. ഇന്നലെ മാത്രം 21 പാൽ സാമ്പിളുകൾ ശേഖരിക്കുകയും മൊബൈൽ ലാബ് പരിശോധനയ്ക്ക് നൽകുകയും ചെയ്തിരുന്നു. പക്ഷെ ഇവയിൽ ഒന്നും തന്നെ കൃത്രിമം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. നിശ്ചിത ഗുണനിലവാരമുള്ള പാൽ തന്നെയാണ് കേരളത്തിലേക്ക് എത്തുന്നത് എന്ന് തന്നെയാണ് പരിശോധനയിൽ വ്യക്തമായത്. പക്ഷെ പരിശോധന കർശനമായി തന്നെ തുടരാനാണ് വകുപ്പിന്റെ നീക്കം. ശുചിത്വം, പാൽ, ഭക്ഷ്യ എണ്ണ, കുടിവെള്ളം എന്നിവയിൽ ശ്രദ്ധയൂന്നി പരിശോധന തുടരാനാണ് നിലവിലെ തീരുമാനം.

അതേസമയം കൃത്രിമ നിറങ്ങളുടെ ഉപയോഗവും പ്രിസർവേറ്റീവുകളുടെ ഉപയോഗവും നിയന്ത്രിക്കാനുള്ള പരിശോധനകളും തടയാനും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയും പാചകത്തിനു ഉപയോഗിക്കുന്ന വെള്ളത്തിന്റെയും പരിശോധനയും ഒപ്പം നടത്തും. ഓണക്കാലത്തെ ലക്ഷ്യമിട്ടാണ് ഈ പരിശോധനകൾ മുഴുവൻ നടത്തുന്നത്. അതേസമയം പയർ, പരിപ്പ്, പഞ്ചസാര, ശർക്കര തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനയും ഒപ്പം നടത്തും. രാത്രികാല തട്ടിലെ ഭക്ഷണ സാധന പരിശോധയും കർക്കശമാക്കിയിട്ടുണ്ട്. ഓണത്തിനു എത്തുന്ന ശർക്കര വരട്ടി, ചിപ്‌സ്, പയസക്കൂട്ടു എന്നിവയും പരിശോധിക്കും. തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ്‌റ് കമ്മിഷണറുടെ നേതൃത്വത്തിൽ മൂന്നു പ്രത്യേക സ്‌ക്വാഡുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വരെ പരിശോധന നടത്തിയിരുന്നു. 343 ഇടങ്ങളിൽ പരിശോധന നടത്തിയപ്പോൾ 69 സ്ഥാപനങ്ങളിൽ നിന്ന് 1,58,500 രൂപ പിഴയീടാക്കി. 11 സ്ഥാപനങ്ങൾ അടച്ചു പൂട്ടിച്ചു. 198 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം ഓണത്തിനു താത്കാലിക സ്റ്റാളുകൾ ഏറ്റെടുക്കുന്നവർ ലൈസൻസ് എടുക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് വിൽപ്പന നടത്താൻ അനുമതി നൽകില്ല. ഓണക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ നമ്പർ ഇല്ലാതെ വരുകയാണെങ്കിൽ ഫുഡ് സേഫ്റ്റി ഓഫീസരെ അറിയിക്കണമെന്നും വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP