Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാർ ബ്രാൻഡായ ഇന്നോവ സിപിഎം ഗുണ്ടായിസത്തിന്റെ പേരിൽ ചീത്തപ്പേരുള്ള ബ്രാൻഡായി! മാഷാഅള്ളാ സ്റ്റിക്കർ കുളംകലക്കുന്ന രാഷ്ട്രീയശൈലിയുടെ നേർ ചിത്രവും; ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ സിപിഎം ഗുണ്ടകൾ നടുറോഡിൽ വെട്ടിക്കൊന്നിട്ടു ഇന്ന് എട്ടാണ്ട്; ടി പിയെന്ന രണ്ടക്ഷരം വേട്ടയാടുമ്പോഴും കൊലക്കത്തി താഴെ വെക്കാതെ സിപിഎം; കൊലയാളികൾ സിപിഎമ്മുകാരാണെന്ന് പരസ്യമായി സമ്മതിച്ച് മുഖ്യമന്ത്രി പിണറായിയും; പ്രതികൾക്ക് ഇഷ്ടംപോലെ പരോൾ അനുവദിച്ചും വിവാഹം നടത്തിക്കൊടുത്തും പാർട്ടിയുടെ സംരക്ഷണം

കാർ ബ്രാൻഡായ ഇന്നോവ സിപിഎം ഗുണ്ടായിസത്തിന്റെ പേരിൽ ചീത്തപ്പേരുള്ള ബ്രാൻഡായി! മാഷാഅള്ളാ സ്റ്റിക്കർ കുളംകലക്കുന്ന രാഷ്ട്രീയശൈലിയുടെ നേർ ചിത്രവും; ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരനെ സിപിഎം ഗുണ്ടകൾ നടുറോഡിൽ വെട്ടിക്കൊന്നിട്ടു ഇന്ന് എട്ടാണ്ട്; ടി പിയെന്ന രണ്ടക്ഷരം വേട്ടയാടുമ്പോഴും കൊലക്കത്തി താഴെ വെക്കാതെ സിപിഎം;  കൊലയാളികൾ സിപിഎമ്മുകാരാണെന്ന് പരസ്യമായി സമ്മതിച്ച് മുഖ്യമന്ത്രി പിണറായിയും; പ്രതികൾക്ക് ഇഷ്ടംപോലെ പരോൾ അനുവദിച്ചും വിവാഹം നടത്തിക്കൊടുത്തും പാർട്ടിയുടെ സംരക്ഷണം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ജീവിച്ചിരുന്ന ടി പി ചന്ദ്രശേഖരനേക്കാൻ ശക്തനായിരിക്കും കൊല്ലപ്പെട്ട ടി പിയെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ കെ കെ രമ തന്നെയാണ്. ഇത് ശരിയാണെന്ന് തെളിയിച്ചത് സിപിഎമ്മിന്റെ പൊന്നാപുരം കോട്ടയെന്ന് കരുതപ്പെട്ട വടകര ലോക്‌സഭാ മണ്ഡലം ടിപിയുടെ കൊലപാതകത്തിന് ശേഷം രണ്ട് തവണയാണ് സിപിഎമ്മിന്റെ കൈയിൽ നിന്നും പോയത്. ഇപ്പോഴും രാഷ്ട്രീയമായി സിപിഎമ്മിനെ പിന്നോട്ടടിച്ചത് ഈ രാഷ്ട്രീയ കൊലപാതകമാണ്. എന്നാൽ, ടിപി യുടെ കൊലപാതകത്തിന് ശേഷവും കൊലക്കത്തി താഴെ വെക്കാൻ സിപിഎം തയ്യാറായിട്ടില്ല. ശരത്‌ലാൽ, കൃപേഷ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും രാഷ്ട്രീയ വൈരം തീർക്കാൻ വെട്ടിക്കൊന്നു. ഇതിലും പ്രതിസ്ഥാനത്ത് സിപിഎം പ്രവർത്തകരായിരുന്നു. പ്രതികളെ രക്ഷിച്ചെടുക്കാൻ ഖജനാവിൽ നിന്നും കോടികൾ പൊടിച്ചു വക്കീലന്മാരെയും എത്തിച്ചു. ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുന്നു. ഈ സംഭവങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നു സോഷ്യൽ ഓഡിറ്റിങ് നടത്തുന്ന കാലത്താണ് ടിപിയുടെ എട്ടാം ചരമവാർഷികം ആചരിക്കുന്നത്.

2012 മെയ് നാലിന് രാത്രി ഒഞ്ചിയത്ത് വച്ചാണ് ടി പി ചന്ദ്രശേഖരൻ ആക്രമി സംഘത്തിന്റെ വെട്ടേറ്റ് മരിക്കുന്നത്. സി പി എം നേതൃത്വം പ്രതിക്കൂട്ടിലായ സംഭവത്തിൽ അക്രമികളായ കൊടി സുനി, കിർമാണി മനോജ് ഉൾപ്പെടെയുള്ളവർ സിപിഎം പ്രതികൾ ജയിലിലാണ്. ടി പി യുടെ ഒഞ്ചിയത്തെ രക്തസാക്ഷി മണ്ഡപത്തിൽ ആർ എം പി നേതാക്കൾ പുഷ്പാർച്ചന നടത്തും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടംകൂടുന്ന വിധത്തിലുള്ള പൊതുപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്.

സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന ടി.പി ചന്ദ്രശേഖരൻ പാർട്ടിയിൽ പ്രത്യയശാസ്ത്രവ്യതിചലനങ്ങൾ നടക്കുന്നു എന്നാരോപിച്ചാണ് 2009-ൽ ഒഞ്ചിയത്ത് റെവലൂഷ്യണറി മാർക്‌സിസ്റ്റ് പാർട്ടി (ആർ.എംപി)എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയകക്ഷിക്കു രൂപം നൽകുന്നത്. സംഘടനയുടെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനറും ആയിരുന്നു ടി.പി ചന്ദ്രശേഖരൻ.സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ഒഞ്ചിയം പഞ്ചായത്ത് ആർ.എംപി പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് 2012 മെയ്‌ 4നു ടി.പി കൊല്ലപ്പെടുന്നത്.

സംഭവദിവസം രാത്രി 10 മണിക്ക് ടി.പി. ചന്ദ്രശേഖരനെ വടകരക്കടുത്തു വള്ളിക്കാട് വെച്ച് കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനു പിന്നിൽ സിപിഎം ആണെന്ന് സംശയിക്കുന്നതായി കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും റെവലൂഷ്യണറി മാർക്‌സിസ്റ്റ് പാർട്ടിയും ആരോപിച്ചിരുന്നു. ടി.പി ചന്ദ്രശേഖരന്റെ വധം കേരളീയ രാഷ്ട്രീയ സാമൂഹിക മാധ്യമരംഗങ്ങളിൽ വ്യാപകമായ ചർച്ചാവിഷയമായി.

പ്രത്യേക അഡീഷണൽ സെഷൻസ് ജഡ്ജി ആർ. നാരായണപിഷാരടി തയ്യാറാക്കിയ 359 പേജുള്ള വിധിന്യായത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് സിപിഎം. നേതാക്കൾ ഉൾപ്പെടെ 11 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റൊരു പ്രതിയെ മൂന്നുവർഷം കഠിനതടവിനും ശിക്ഷിച്ചു. സിപിഎം. വിമതനും ആർ.എംപി. നേതാവുമായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുകാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേസിലെ 14-ാം പ്രതിയുമായ പി. മോഹനനെതിരെ സ്വീകാരയോഗ്യമായ തെളിവുകൾ ഇല്ലാത്തതുകൊണ്ടാണ് കുറ്റമുക്തനാക്കിയതെന്നും വിധിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ പി മോഹനൻ ഇപ്പോൾ കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്. ടിപിയുടെ ചരമവാർഷികം സോഷ്യൽ മീഡിയയും ഓർമ്മപ്പെടുത്തുന്നുണ്. പ്രമുഖ കാർ ബ്രാൻഡായ ഇന്നോവ സോഷ്യൽ മീഡിയയിൽ ഒരു മെമ്മായി മാറി. സിപിഎമ്മിനെ വിമർശിക്കുന്നവരെ കാത്ത് ഇന്നോവ എത്തും എന്ന് ഭയപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ കളിയാക്കൽ രൂപത്തിൽചെയ്യുന്നത്.

ഗുണ്ടകൾക്ക് സഞ്ചരിക്കാൻ ഇന്നോവ ഒരുക്കി നൽകിയതു കൊണ്ടാണ് ഇന്നോവാ ബ്രാൻഡിന് തന്നെ ചീത്തപ്പേരായി. ഈ ഇന്നോവയിൽ ടിപിയെ കൊലപ്പെടുത്തിയത് മറ്റുള്ളവരാണെന്ന് വരുത്തി തീർക്കാൻ വേണ്ടി മാഷാ അള്ളാ സ്റ്റിക്കറും പതിച്ചിരുന്നു. ഇത് സിപിഎം രാഷ്ട്രീയശൈലിയുടെ കുരുട്ടുബുദ്ധിയുടെ ഇമേജായി മാറിയിരുന്നു. കൊന്ന ശേഷം ഉത്തരവാദിത്തം മറ്റുള്ളവരിൽ കെട്ടിവെക്കാൻ വേണ്ടിയായിരുന്നു ഈ ശ്രമം. അതേസമയം കൊലയാളികൾക്ക് ഇപ്പോഴും രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നത് സിപിഎം തന്നെയാണ്. ഇവർക്ക് ഇഷ്ടംപോലെ പരോൾ അനുവദിക്കുകയാണ് സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ.

കാലങ്ങൾക്ക് ശേഷം നിയമസഭയിൽ ടിപിയുടെ കൊലയാളികൾ സിപിഎമ്മുകാരാനാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു സമ്മതിക്കുന്ന കാഴ്‌ച്ചയും കേരളം കണ്ടു. കിർമാണി മനോജിന്റെയും ഷാഫിയുടെയും കല്യാണവും പാർട്ടി തന്നെ നടത്തിക്കൊടുത്തു. എന്തായാലും കേരള സമൂഹം ഇപ്പോഴും ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്നാണ് ടി പി ചന്ദ്രശേഖരൻ വധക്കേസ്. ടിപി കേസിന് എട്ടു പതിറ്റാണ് തികയുന്ന സാഹചര്യത്തിൽ ഇതേക്കുറിച്ച് മാധ്യമപ്രവർത്തകൻ റോയ് മാത്യു എഴുതിയത് ചുവടേ ചേർക്കുന്നു:

ഇന്നോവയ്ക്കു സ്തുതിയായിരിക്കട്ടെ!

ആ കൂലം കുത്തിയെ തേടി ഇന്നോവ വന്ന് കറങ്ങിപ്പോയതിന്റെ എട്ടാം വാർഷിക ദിനമാണിന്ന്. കുലം കുത്തിയെ കാലപുരിക്ക് വിടാൻ സകല ഏർപ്പാടും ചെയ്ത മഹത്തായ പ്രസ്ഥാനം അക്കാലത്ത് പറഞ്ഞത് അഭിപ്രായ വ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്നത് പാർട്ടിയുടെ നയമല്ലെന്ന് .- എത്ര നല്ല പാർട്ടി. - ഈ കൊലപാതകവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല - കുലം കുത്തിയുടെ കൊലയുമായി പരിശുദ്ധന്മാരെ വെറുതെ തെറ്റിദ്ധരിച്ചവർ മാപ്പു പറയണം -

ഇന്നോവ വന്നു തിരിഞ്ഞു പോയ കാലത്ത് പരിശുദ്ധ പ്രസ്ഥാനത്തിന്റെ തമ്പുരാക്കന്മാരുടെ കേന്ദ്രത്തിൽ നിന്ന് താഴെ പറയും പ്രകാരമിറക്കിയ തിരുവചനങ്ങൾ വായിച്ച് തൃപ്തരാകുവിൻ

' ഈ പശ്ചാത്തലത്തിലാണ് സിപിഎംനെതിരായ ഗൂഢാലോചന അരങ്ങേറുന്നത്. ടി.പി ചന്ദ്രശേഖരന്റെ അതിനിഷ്ഠൂരമായ കൊല, ഈ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിച്ചാൽ തെറ്റില്ല. കൊല നടന്ന ഉടൻ മന്ത്രിമാരും കോൺഗ്രസ് നേതാക്കന്മാരും സിപിഎംനെ പ്രതിസ്ഥാനത്ത് നിർത്താൻ വ്യഗ്രത കാട്ടിയത് ഈ സംശയം വർദ്ധിപ്പിക്കുന്നു.

അതിദാരുണമായ ഈ വധം നീചവും നികൃഷ്ടവും ദുഃഖകരവുമാണ്. ഈ കൊലപാതകത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിക്കുകയും പാർട്ടിയുടെ കടുത്ത പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. കൊലപാതകികളെ കണ്ടുപിടിക്കുന്നതിന് ജാഗ്രതയ്യാർന്ന അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു. പാർട്ടി ശത്രുക്കൾ പ്രചരിപ്പിക്കുന്നതുപോലെ ഈ കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും പാർട്ടി അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. കൊലയാളികളെയും അവരെ കൊലയ്ക്ക് പ്രേരിപ്പിച്ചവരെയും എത്രയും വേഗം കണ്ടുപിടിച്ച് നീതിന്യായ സംവിധാനത്തിനു മുന്നിൽ ഹാജരാക്കി അർഹിക്കുന്ന ശിക്ഷ ലഭ്യമാക്കുവാൻ അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കേണ്ടതുണ്ട്.
അഭിപ്രായവ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലായ്മ ചെയ്യൽ പാർട്ടിയുടെ നയമല്ല. രാഷ്ട്രീയ കാരണങ്ങളാലോ, സംഘടനാപരമായ കാരണങ്ങളാലോ, പാർട്ടി വിട്ടുപോയ ഒരാളെപ്പോലും കൊലപ്പെടുത്താൻ പാർട്ടി തുനിഞ്ഞിട്ടില്ല. ഈ സത്യങ്ങളെയെല്ലാം മൂടിവച്ചാണ് പാർട്ടിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് '

കുലം കുത്തിയെ ഭിത്തിയിലെ പടമാക്കിയതിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന് പറഞ്ഞവർ , കൃത്യം ആറ് കൊല്ലം കഴിഞ്ഞപ്പോൾ- ദാ ഇങ്ങനേം പറഞ്ഞിട്ടുണ്ട്. - ഇന്നോവയിലെ യാത്രക്കാർ എല്ലാം ഞങ്ങടെ പ്രസ്ഥാനത്തിലെ തീർത്ഥാടകരും ത്യാഗികളുമായിരുന്നു....
എത്ര നല്ല പ്രസ്ഥാനം ! എന്തൊരു കരുതൽ ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP