Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

77 ബാറുകൾ ഞായറാഴ്ച മുതൽ മദ്യം വിളമ്പിത്തുടങ്ങും; സുപ്രീംകോടതി വിധിയും സർക്കാരിന്റെ കർശന നയവും കൂടുതൽ ബാറുകൾ തുറക്കുന്നതിന് തടയിടും; കൂടുതൽ അപേക്ഷ എത്തിയാലും പൂട്ടിയതിന്റെ പകുതിപോലും തുറക്കില്ലെന്ന് ഉറപ്പിച്ച് സർക്കാർ; 21 ബാറുമായി എറണാകുളം മുന്നിൽ

77 ബാറുകൾ ഞായറാഴ്ച മുതൽ മദ്യം വിളമ്പിത്തുടങ്ങും; സുപ്രീംകോടതി വിധിയും സർക്കാരിന്റെ കർശന നയവും കൂടുതൽ ബാറുകൾ തുറക്കുന്നതിന് തടയിടും; കൂടുതൽ അപേക്ഷ എത്തിയാലും പൂട്ടിയതിന്റെ പകുതിപോലും തുറക്കില്ലെന്ന് ഉറപ്പിച്ച് സർക്കാർ; 21 ബാറുമായി എറണാകുളം മുന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യ വിൽപനയ്ക്ക് ഇതുവരെ അനുമതി ലഭിച്ച 77 ബാറുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ഏറ്റവും കൂടുതൽ ബാറുകൾ തുറക്കുന്നത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. ഇതുവരെ 81 അപേക്ഷകളാണ് വിവിധ ജില്ലകളിൽ ബാർ ലൈസൻസിനായി എക്‌സൈസ് വകുപ്പിന് ലഭിച്ചത്. ത്രീസ്റ്റാർ, ഫോർസ്റ്റാർ നിലവാരം ഉറപ്പുവരുത്തിയാണ് അപേക്ഷകൾ പരിഗണിച്ച് ബാറുകൾ തുറക്കാൻ അനുമതി നൽകുന്നത്. ഇന്ന് ഡ്രൈ ഡേ ആയതിനാൽ ഞായറാഴ്ച മുതൽ ബാറുകളിൽ മദ്യവിൽപന തുടങ്ങും.

അതേസമയം, കുടുതൽ ബാറുകൾ തുറക്കുന്നതിനായി നിർമ്മാണ പ്രവൃത്തികൾ ഉൾപ്പെടെ നടത്തി നിലവാരം മെച്ചപ്പെടുത്തുന്ന തിരക്കിലാണ്. ദേശീയ, സംസ്ഥാന പാതകളിൽ നിന്നുള്ള ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതി നിബന്ധന പ്രകാരവും പ്രവർത്തിക്കാൻ കഴിയാത്ത ബാറുകളുണ്ട്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ നിഷ്‌കർഷകൾ ഉറപ്പുവരുത്തി കൂടുതൽ അപേക്ഷകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ് അധികൃതർ.

ഇതിനകം എറണാകുളത്ത് 21ഉം തിരുവനന്തപുരത്ത് പതിമൂന്നും ത്രീ സ്റ്റാർ ബാറുകൾക്ക് പ്രവർത്തന അനുമതി ലഭിച്ചിട്ടുണ്ട്. കണ്ണൂരിൽ എട്ടും തൃശൂരിൽ ഒമ്പതും കോട്ടയത്തും ഏഴും പാലക്കാട്ട് ആറും ബാറുകൾ നാളെ തുറക്കും. ഇതുവരെ അനുമതി നൽകാത്ത അപേക്ഷകളിൽ പരിശോധന തുടരുകയാണ്.

ഇടുക്കി ഒന്ന് , ആലപ്പുഴയും വയനാട്ടിലും രണ്ട്, കൊല്ലത്ത് മൂന്ന്, മലപ്പുറവും കോഴിക്കോട്ടും നാലുവീതം, എന്നിങ്ങനെയാണ് പ്രവർത്തനാനുമതി ലഭിച്ച മറ്റു ജില്ലകളിലെ ബാറുകളുടെ എണ്ണം. സർക്കാർ പ്രഖ്യാപിച്ച പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ കള്ളും ബാറുകളിൽ ലഭ്യമാകുമെന്നാണ് സൂചനകൾ.

സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 753 ബാറുകളിൽ നിലവാരമില്ലാത്ത 418 ബാറുകൾക്ക് 2014 ഏപ്രിൽ 13ന് യുഡിഎഫ് സർക്കാർ പ്രവർത്തനാനുമതി നിഷേധിച്ചതോടെയാണ് ബാറുകളിൽ മദ്യവിൽപന ആശങ്കയിലായത്. 2014 ഓഗസ്റ്റ് 21നു ചേർന്ന യുഡിഎഫ് യോഗം പഞ്ചനക്ഷത്രം ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാൻ തീരുമാനിച്ചു. ഇതോടെ 730 ബാറുകൾ ഇല്ലാതായി.

എൽഡിഫ് സർക്കാർ അധികാരത്തിൽ വന്നാൽ യുഡിഎഫിന്റെ മദ്യനയം പൊളിച്ചെഴുതുമെന്നും മദ്യനിരോധനമല്ല, മറിച്ച് മദ്യവർജനമാണ് നയമെന്നും ആണ് പ്രഖ്യാപിച്ചത്. പിണറായി സർക്കാർ അധികാരത്തിലെത്തി ഒരു വർഷം പിന്നിട്ട ശേഷമാണ് പുതിയ മദ്യനയത്തിന് രൂപം നൽകുന്നതും സംസ്ഥാനത്തിന്റെ ടൂറിസം താൽപര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ച് ത്രീസ്റ്റാർ മുതലുള്ള ബാറുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ചതും.

പുതിയ നയത്തിനെതിരെ വൻ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും നേരത്തേ ഉണ്ടായിരുന്നത്രയും ബാറുകൾ സംസ്ഥാനത്ത് തുറക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. സുപ്രീംകോടതി വിധിയും ത്രീ സ്റ്റാറിന് മുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നവയ്‌ക്കേ അനുമതി നൽകൂ എന്ന സർക്കാർ നയവും കർശനമാകുമ്പോൾ മുമ്പുണ്ടായിരുന്നതിന്റെ പകുതിയിൽ താഴെപ്പോലും ബാറുകൾ സംസ്ഥാനത്ത് ഉണ്ടാവില്ല. ഇതിനാൽ തന്നെ ഇപ്പോൾ പ്രതിപക്ഷ കക്ഷികളും മദ്യവിരുദ്ധ സംഘടനകളും മറ്റും പ്രതിഷേധം ഉയർത്തുന്നുണ്ടെങ്കിലും അതിനെ ബാറുകളുടെ എണ്ണം ചൂണ്ടിക്കാട്ടി ചെറുക്കാമെന്ന നിലപാടിലാണ് സർക്കാർ.

2016 ഏപ്രിൽ ഒന്നിന് 29 ബാർഹോട്ടലും 814 ബീയർ-വൈൻ പാർലറും 270 ബവ്റിജസ് ഔട്ട്ലറ്റുകളുമാണ് സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യശാല വേണ്ടെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ പാതകളുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിച്ചിരുന്ന 137 റീട്ടെയിൽ ഔട്ട്ലറ്റുകളും 8 ബാർഹോട്ടലുകളും 18 ക്ലബ്ബുകളും 9 മിലിട്ടറി കാന്റീനുകളും 532 ബീയർ-വൈൻ പാർലറുകളും ഒരു ബീയർ റീട്ടെയിൽ ഔട്ട്ലറ്റും 1092 കള്ളുഷാപ്പുകളും അടച്ചുപൂട്ടി.

പുതിയ മദ്യനയം അനുസരിച്ച് പൂട്ടിയ പല ബാറുകളും നിലവാരം മെച്ചപ്പെടുത്തി തുറക്കാനുള്ള നീക്കം സജീവമാണ്. കോടതി വിധിപ്രകാരം അടച്ചുപൂട്ടിയവ ഒഴികെ മറ്റു കേന്ദ്രങ്ങളിൽ നിർമ്മാണങ്ങളും നിലവാരം മെച്ചപ്പെടുത്തലും ജീവനക്കാർക്കുള്ള പരിശീലനവും എല്ലാം നടക്കുന്നു.

2014 മാർച്ച് 31ന് പ്രവർത്തിച്ചിരുന്ന, അബ്കാരിനയം കാരണം ബാർപദവി നഷ്ടപ്പെട്ട, ഇപ്പോൾ മൂന്ന്, നാല്, അഞ്ച് നക്ഷത്രപദവിയുള്ളവർക്കാണു ലൈസൻസിന് അപേക്ഷിക്കാൻ കഴിയുന്നത്. സുപ്രീംകോടതി വിധി അനുസരിച്ചും, എക്സൈസ് നിയമങ്ങൾ ലംഘിക്കാതെയും പ്രവർത്തിക്കുമെന്നു പരിശോധനയിൽ ബോധ്യമായാൽ ലൈസൻസ് അനുവദിക്കും. 28 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. കൗണ്ടറുകൾ കൂടുതൽ വേണമെങ്കിൽ ഫീസ് 30.5 ലക്ഷംവരെ ഉയരാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP