Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമേരിക്കയിൽ നിന്നും വാങ്ങിയ മോസ്റ്റ് മോഡേൺ എം 777 എടു ഹൊവിസ്റ്റർ പീരങ്കി.. ടി 90 യുദ്ധടാങ്ക്.. ആണവായുധ ശേഷിയുള്ള പ്രാദേശിക നിർമ്മിത മിസൈലുകൾ..; സംസ്ഥാനങ്ങളുടെയും കേന്ദ്ര സ്ഥാപനങ്ങളുടെയും ഭംഗീയാർന്ന 22 നിശ്ചലദൃശ്യങ്ങൾ; ആട്ടവും പാട്ടുമായി കലാകാരന്മാരും അഭ്യാസങ്ങളുമായി സൈനികരും: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ കരുത്തും ഒരുമയിൽ ചാലിച്ച വർണഭംഗിയും ഒരുപോലെ ലോകത്തിന് മുമ്പിൽ കാട്ടിക്കൊടുത്ത ആ സുന്ദര നിമിഷങ്ങൾ ഇങ്ങനെ

അമേരിക്കയിൽ നിന്നും വാങ്ങിയ മോസ്റ്റ് മോഡേൺ എം 777 എടു ഹൊവിസ്റ്റർ പീരങ്കി.. ടി 90 യുദ്ധടാങ്ക്.. ആണവായുധ ശേഷിയുള്ള പ്രാദേശിക നിർമ്മിത മിസൈലുകൾ..; സംസ്ഥാനങ്ങളുടെയും കേന്ദ്ര സ്ഥാപനങ്ങളുടെയും ഭംഗീയാർന്ന 22 നിശ്ചലദൃശ്യങ്ങൾ; ആട്ടവും പാട്ടുമായി കലാകാരന്മാരും അഭ്യാസങ്ങളുമായി സൈനികരും: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ കരുത്തും ഒരുമയിൽ ചാലിച്ച വർണഭംഗിയും ഒരുപോലെ ലോകത്തിന് മുമ്പിൽ കാട്ടിക്കൊടുത്ത ആ സുന്ദര നിമിഷങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകത്തിന് മുമ്പിൽ ഇന്ത്യൻ സൈനിക ശക്തിയുടെ കരുത്തു വിളിച്ചോതുന്നതാിയരുന്നു ഇന്നലെ ഡൽഹിയിൽ നടന്ന എഴുപതാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. ലോക രാജ്യങ്ങളിൽ അസൂയ ഉണ്ടാക്കും വിധം രാജ്യത്തിന്റെ സൈനിക കരുത്ത് വിളിച്ചോതുന്നതായിരുന്നു പരേഡ്. അത്യാധുനിക മിസൈലുകളും ആണവ പോർമുന വഹിക്കുന്ന മിസൈലുകളും ഒരു വശത്ത് അണിനിരന്നപ്പോൾ ഇന്ത്യയുടെ കർമ്മഭടന്മാരായ ധീരസൈനികർ ആഭ്യാസപ്രകടനങ്ങളുമായും രംഗത്തെത്തി. ഇതോടൊപ്പം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം അണിനിരന്നുള്ള നിശ്ചലദൃശ്യങ്ങളും കലാപ്രകടനങ്ങളും അരങ്ങേറി. ഇന്ത്യൻ സാംസ്സ്‌കാരിക വൈവിധ്യം വീക്ഷിക്കാൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസയാണ് മുഖ്യാതിഥിയായി ഉണ്ടായത്.

വിവിധ സേനാവിഭാങ്ങളുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു പരേഡ്. പരേഡിൽ വ്യോമസേനയെ നയിച്ച നാല് പേരിൽ ഒരാൾ കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനായിരുന്നു. ഇന്ത്യയുടെ സുപ്രധാന ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിച്ചു. അമേരിക്കയിൽ നിന്ന് അടുത്തിടെ വാങ്ങിയ എം 777 എടു ഹൊവിസ്റ്റർ പീരങ്കിയടക്കം ഇതിലുണ്ടായിരുന്നു. ആണവായുധ മിസൈലുകളു ടി 90 യുദ്ധടാങ്കുകളും അത്യാധുനിക യുദ്ധവിമാനങ്ങളുടെ പരേഡും ഉണ്ടായിരുന്നു.

90 മിനിറ്റ് പരേഡിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യങ്ങളാണ് അണിനിരന്നത്. സിക്കിമിന്റെ നിശ്ചല ദൃശ്യമാണ് ആദ്യമെത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ടുള്ള നിശ്ചല ദൃശ്യങ്ങൾ മാത്രമെ പാടുള്ളുവെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ നിർദേശമുണ്ടായിരുന്നു. ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്.



നവോത്ഥാനം പ്രമേയമായിക്കിയുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പരേഡിൽ ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല. അസം റൈഫിൾസിന്റെ വനിതാ ബറ്റാലിയൻ ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ പരേഡിന്റെ പ്രത്യേകത. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിച്ചു. ഇതിന് മുമ്പായി ലാൻസ് നായിക് നസീർ അഹമ്മദ് വാനിയുടെ കുടുംബത്തിന് അശോക ചക്ര പുരസ്‌കാരം രാഷ്ട്രപതി കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, പ്രതിരോധ മന്ത്രി നിർമലാ സീതാരാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. അമർ ജവാൻ ജ്യോതിയിലെത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരമർപ്പിച്ചു.

കേരളത്തിലു വിപുലമായ ആഘോഷങ്ങൾ

സംസ്ഥാനത്തും പതിവ്പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷം നടന്നു. തലസ്ഥാനത്ത് ഗവർണർ പി.സദാശിവം പതാക ഉയർത്തി. സേനാ വിഭാഗങ്ങളുടെ പരേഡിൽ ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി. റിപ്പബ്ലിക് ദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ചു ഗവർണർ പി.സദാശിവം രംഗത്തെത്തിയതും ശ്രദ്ധേയമാണ്. മോദിയുടെ ഭരണം സാമ്പത്തിക പുരോഗതിയുണ്ടാക്കി. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ ഗുണം ചെയ്തു. മുഖ്യമന്ത്രി അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധചെലുത്തിയെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനസന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിന്റെ പുനർനിർമ്മിതി അടിയന്തരപ്രധാന്യം അർഹിക്കുന്നതായി ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. പ്രളയ പുനർനിർമ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം. അനാവശ്യ വിവാദം ഒഴിവാക്കണം. സങ്കുചിത രാഷ്ട്രീയ ചിന്ത തടസ്സമാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവം ദേശീയ പതാക ഉയർത്തിയതോടെയാണ് സംസ്ഥാനത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കു തുടക്കമായത്. പ്രളയരക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മൽസ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ഗവർണർ പ്രശംസിച്ചു. പരേഡിൽ ഗവർണറും മുഖ്യമന്ത്രിയും അഭിവാദ്യം സ്വീകരിച്ചു.

ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിച്ചു. കൊല്ലത്ത് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും പത്തനംതിട്ടയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ മന്ത്രി ജി.സുധാകരനും കോട്ടയത്ത് മന്ത്രി കെ.കൃഷ്ണൻകുട്ടിയും പതാക ഉയർത്തി.

ഇടുക്കി ചെറുതോണിയിൽ മന്ത്രി എം.എം.മണി സല്യൂട്ട് സ്വീകരിച്ചു. ജില്ലായുടെ നാൽപ്പത്തിയേഴാമത് ജന്മദിനംകൂടിയാണിന്ന്. കൊച്ചിയിൽ മന്ത്രി എ.സി.മൊയ്തീൻ അഭിവാദ്യം സ്വീകരിച്ചു. ദക്ഷിണനാവികാസ്ഥാനത്തും റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പരേഡ് നടന്നു . ദക്ഷിണനാവിക കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ അനിൽകുമാർ ചവ്്‌ല പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. തൃശൂരിൽ മന്ത്രി വി എസ്.സുനിൽകുമാറും പാലക്കാട് മന്ത്രി എ.കെ.ബാലനും അഭിവാദ്യം സ്വീകരിച്ചു. പാലക്കാട് റെയിൽവേ മൈതാനത്ത് ഡിവിഷനൽ റെയിൽവേ മാനേജർ പ്രതാപ് സിങ്് ഷാമി ദേശീയപതാക ഉയർത്തി.

മലപ്പുറം എം.എസ്‌പി ഗ്രൗണ്ടിലെ പരേഡിൽ മന്ത്രി കെ.ടി.ജലീൽ അഭിവാദ്യം സ്വീകരിച്ചു. കോഴിക്കോട് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിക്രം മൈതാനിയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ പതാക ഉയർത്തി. ചിൽഡ്രൻസ് ഹോമിലെ കുട്ടികളും പരേഡിൽ പങ്കെടുത്തു. വയനാട് എസ്.കെ .എം. ജെ സ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിവാദ്യം സ്വീകരിച്ചു. കണ്ണൂരിൽ മന്ത്രി ഇ.പി.ജയരാജനും കാസർകോട്ട് മന്ത്രി ഇ.ചന്ദ്രശേഖരനും പതാകയുയർത്തി.

ആഘോഷിച്ച് പ്രവാസി ഇന്ത്യക്കാരും

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ഇന്നലെ വിദേശ ഇന്ത്യക്കാരും ആഘോഷിച്ചു. നിരവധി പരിപാടികളോടെ വർണ്ണാഭമായാണ് ഒമാൻ, ജിദ്ദ, യു.എ.ഇ എന്നിവിടങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷം അരങ്ങേറിയത്. ഇന്ത്യ - യു.എ.ഇ ബന്ധത്തിന്റെ പ്രതീകമായി അബൂദബിയിലെയും ദുബൈയിലെയും പ്രധാന കെട്ടിടങ്ങൾ രാത്രി ഇന്ത്യൻ ദേശീയപതാകയുടെ ത്രിവർണത്തിലായി. എല്ലായിടത്തും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.

ഒമാനിൽ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ നടന്ന ചടങ്ങിൽ രാവിലെ എട്ടരക്ക് ഇന്ത്യൻ സ്ഥാനപതി മുനു മഹാവേർ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം അദ്ദേഹം വായിച്ചു. സ്ത്രീ ശാക്തീകരണം, പ്രവാസി വോട്ട്, സ്വച്ച് ഭാരത്, ശാസ്ത്ര സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടം എന്നിങ്ങനെ നേട്ടങ്ങൾ എണ്ണി പറഞ്ഞാണ് രാഷ്ട്രപതിയുടെ പ്രസംഗം. ദുബൈയിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും, ദുബൈ ഫ്രെയിമിലും ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണം നിറച്ചാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. അബൂദബി നഗരത്തിലെ ഗ്ലോബൽ മാർക്കറ്റ്, എമിറേറ്റ്‌സ് പാലസ്, ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് എന്നിവയും രാത്രി ത്രിവർണമണിഞ്ഞു. വിവിധ സ്‌കൂളിലെ കുട്ടികൾ കലാപരിപാടികൾ അവതിരിപ്പിച്ചു.

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ദേശീയ പതാകയുയർത്തി. ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന ആഘോഷ പരിപാടികൾ ഏറെ ആകർഷണീയമായിരുന്നു. സമാധാനത്തിന്റെ പ്രതീകമായി കോൺസുൽ ജനറൽ പത്‌നി ഡോ. നസ്നീൻ റഹ്മാൻ 2 വെള്ളരിപ്രാവുകളെ വാനിലേക്ക് പറത്തിവിട്ടു.

സൗദിയിലെ ഇന്ത്യൻ എംബസിയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സൗദിയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിലും ആഘോഷം സംഘടിപ്പിച്ചിരുന്നു. അംബാസഡർ അഹമ്മദ് ജാവേദ് ദേശീയ പതാക ഉയർത്തിയതോടെയാണ് റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തു ആഘോഷ പരിപാടി തുടങ്ങിയത്. ചടങ്ങിൽ രാഷ്ട്രപതിയുടെ റിപബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

സൗദിയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിലും എഴുപതാം റിപ്പബ്ലിക്ക് ദിനം വിപുലമായാണ് ആഘോഷിച്ചത്. ദമ്മാം ഇന്ത്യൻ സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്‌കൂൾ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദ് പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

വിപുലമായ പരിപാടികളോട് കൂടി തന്നെയാണ് മസ്‌കറ്റിലെ ഇന്ത്യൻ സമൂഹവും ഭാരതത്തിന്റെ എഴുപതാമത് റിപ്പബ്ലിക്ക് ദിനം കൊണ്ടാടിയത്. മസ്‌കറ്റ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ടേ ആയിരുന്നു മുഖ്യാതിഥി. തലസ്ഥാന നഗരിയിലുള്ള വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും ആയിരത്തിലധികം വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

മസ്‌കറ്റ് ഇന്ത്യൻ സ്‌കൂൾ സ്റ്റേഡിയത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ സ്ഥാനപതി മൂന്ന് മഹാവീർ സലൂട്ട് സ്വീകരിച്ചു. ദാർസൈത്, ഗുബ്ര , സീബ്, മ്‌ബെല , വാദികബീർ , മസ്‌കറ്റ് എന്നി ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ആയിരുന്നു പങ്കെടുത്തത്. മസ്‌കറ്റ് ഇന്ത്യൻ എംബസ്സിയിൽ ഒരുക്കിയിരുന്ന പരിപാടിയിൽ സ്ഥാനപതി ഇന്ത്യൻ ദേശിയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. ഒമാന്റെ ഉൾപ്രദേശങ്ങളായ സലാല , സൂർ , സൊഹാർ ഇബ്രി എന്നിവടങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹവും റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP