Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്തെ കൊവിഡ് കെയർ സെന്ററുകളിൽ നിന്നും പുറംതള്ളുന്നത് പ്രതിദിനം 2 ടൺ ബയോമെഡിക്കൽ മാലിന്യങ്ങൾ; അതീവ സുരക്ഷയോടെ സംസ്‌കരിക്കേണ്ട മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഐഎംഎ നിർദ്ദേശങ്ങൾക്കനുസൃതമായി; പാലക്കാട്ടെ സംസ്‌കരണ ശാലയിൽ 60 ജീവനക്കാർ കൊവിഡ് മാലിന്യങ്ങളുമായി മല്ലിടുമ്പോൾ

ജാസിം മൊയ്ദിൻ

കോഴിക്കോട്; കൊവിഡ് കാലത്ത് സംസ്ഥാനത്തെ ആശുപത്രികളിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയിരുന്നത് മാലിന്യ സംസ്‌കരണമായിരുന്നു. സാധാരണ നിലയിലുള്ള ആശുപത്രി മാലിന്യങ്ങൾക്ക് പുറമെ കൊവിഡ് രോഗികളും അവരെ പരിചരിച്ചവരും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മാലിന്യങ്ങളും കൂടിയാകുന്നതോടെ ഭീഷണി വലുതായിരുന്നു. അതീവ സുരക്ഷയോട് കൂടി കൈകാര്യം ചെയ്യേണ്ട ഈ മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിച്ചുകൊണ്ടിരിക്കുകയാണ് ഐഎംഎക്ക് കീഴിലുള്ള ഇമേജ് എന്ന സ്ഥാപനം. പാലക്കാട് കഞ്ചിക്കോട്ടാണ് ഇവരുടെ സംസ്‌കരണ കേന്ദ്രമുള്ളത്. ആശുപത്രികളിൽ നിന്നുള്ള മാലിന്യം പാലക്കാടെത്തിച്ചാണ് സംസ്‌കരിക്കുന്നത്.

104 കൊവിഡ് കെയർ സെന്ററുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

ഇവിടങ്ങളിൽ നീരീക്ഷണത്തിൽ കഴിയുന്നവരും രോഗം സ്ഥിരീകരിച്ചവരും അവരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരുമെല്ലാം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മാലിന്യങ്ങളാണ് കൊവിഡ് ബയോമെഡിക്കൽ മാലിന്യത്തിൽ ഉൾപ്പെടുന്നത്. ഇമേജിന്റെ നിലവിലെ കണക്ക് പ്രകാരം പ്രതിദിനം ഒന്നര മുതൽ രണ്ട് ടൺ വരെ മാലിന്യങ്ങളാണ് ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ ഉണ്ടാകുന്നത്. ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന പിപിഇ കിറ്റുകൾ, മാസ്‌ക്, ഗ്ലൗസ്, സിറിഞ്ച്, സൂചി, കോട്ടൺ തുടങ്ങിയവയാണ് മെഡിക്കൽബയോ മാലിന്യത്തിൽ ഉൾപ്പെടുന്നത്. ഇവ പ്രത്യേകം കാറ്റഗറികളായി തരം തിരിച്ചിട്ടുമുണ്ട്. ആശുപത്രികളിൽ തന്നെ ഇവ ഓരോന്നും തരംതിരിച്ച് ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഓരോ ആശുപത്രികൽ നിന്നുമുള്ള മാലിന്യങ്ങൾ പ്രത്യേകം സജ്ജമാക്കിയ വാഹനങ്ങളിൽ പാലക്കാട് കഞ്ചിക്കോട്ടെ സംസ്‌കരണ ശാലയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.

ഇതിനായി പ്രത്യേകം സജ്ജമാക്കിയ 8 വാഹനങ്ങളാണ് സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്നത്. ഇവ സംസ്‌കരിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് കഞ്ചിക്കോട്ടെ മാന്തുരുത്തിയിലുള്ള ഇമേജിന്റെ സംസ്‌കരണ ശാലയിലുള്ളത്. അഞ്ച് ഇൻസിനിറേറ്ററുകളും ഖരമാലിന്യങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള ഓട്ടോക്ലൈവ് സൗകര്യങ്ങളും ഇതിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. 60 ജീവനക്കാരാണ് ഇവിടെ തൊഴിലെടുക്കുന്നത്. എല്ലാവിധ മുൻകരുതലുകളുമെടുത്ത് അതീവ സുരക്ഷയോടുകൂടിയാണ് ഇവർ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് 59000 കിലോ കൊവിഡ് ബയോമെഡിക്കൽ മാലിന്യങ്ങളാണ് ഇതുവരെയും കേരളത്തിൽ നിന്നുള്ള ആശുപത്രികളിൽ നിന്ന് ശേഖരിച്ച് ഇവിടെ സംസ്‌കരിച്ചത്.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിരീക്ഷണത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇമേജ്. നിലവിൽ കൊവിഡ് ബയോമെഡിക്കൽ മാലിന്യങ്ങൾക്ക് പുറമെ സംസ്ഥാനത്തെ 1700ൽ അധികം സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്‌കരിക്കുന്നത് ഇവിടെയാണ്. ആശുപത്രികളാണ് ഇവയിൽ കൂടുതലും. സംസ്‌കരണത്തിന് ചെലവാകുന്ന തുകമാത്രമാണ് സ്ഥാപനങ്ങളിൽ നിന്നും ഈടാക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ 2003 ഡിസംബർ 14നാണ് ഇമേജ് അഥവാ ഐഎംഎ ഗോസ് ഇക്കോ ഫ്രണ്ടലി എന്ന സംരംഭം ആരംഭിക്കുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP